
കൊച്ചി: പ്ലസ്ടു വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ സസ്പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പിന്തുണയുമായി ഡിസിസി ജനറല്‍ സെക്രട്ടറി ഷെറിന്‍ വര്‍ഗീസ്. തന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ കണ്ടക്ടര്‍ നിരപരാധിയാണെന്നും സാക്ഷികള്‍ ഉണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
പരാതിക്കാരി എസ്എഫ്ഐ സംഘടനയുടെ പിന്‍ബലമുള്ളയാളാണ്. സര്‍ക്കാര്‍ ചെയ്തത് എളുപ്പം എടുക്കാന്‍ പറ്റുന്ന നടപടിയാണ്. മുടി പറ്റെ വെട്ടാനും, ജെന്‍ഡര്‍ ന്യൂട്രല്‍ വേഷം ധരിക്കാനും അവകാശമുള്ള കേരളത്തില്‍ സര്‍ക്കാര്‍ ഒരു കാര്യം ചെയ്യണം. യാത്രാനുകൂല്യമുള്ള യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആവശ്യമെങ്കില്‍ പരിശോധിക്കാനുള്ള അനുവാദം കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് നല്‍കണമെന്നും ഷെറിന്‍ ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസില്‍ വച്ച് പ്ലസ് ടു വിദ്യാര്‍ഥിനിയോട് കണ്ടക്ടര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്.
കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കറുടെ നിര്‍ദേശപ്രകാരമാണ് സസ്പെന്‍ഷന്‍. കണ്ടക്ടര്‍ക്ക് പുറമെ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് യാത്രക്കാര്‍ക്കെതിരെയും പറവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.