Image

ചലച്ചിത്ര അക്കാദമി ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്രൻ ആരാണ് ? (Rahul Humble Sanal)

Published on 27 September, 2026
ചലച്ചിത്ര അക്കാദമി ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്രൻ ആരാണ് ? (Rahul Humble Sanal)

മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയിൽ സൂപ്പർതാരങ്ങളായി വളരുന്നതിനും മുൻപേ സിനിമയിൽ സ്വന്തമായൊരു ഇടംവെട്ടിപ്പിടിച്ച താരമാണ് രവീന്ദ്രൻ!

എൺപതുകളിൽ ദക്ഷിണേന്ത്യൻ സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പേരായ അദ്ദേഹം, തനതായ ശൈലിയും അപാരമായ ഡാൻസ് മൂവുകളും കൊണ്ട് ഒരു തലമുറയെ മുഴുവൻ ഹരം കൊള്ളിച്ച ബഹുമുഖ പ്രതിഭയാണ്.

1979-ൽ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ (ഇപ്പോഴത്തെ എം.ജി.ആർ. ഗവൺമെന്റ് ഫിലിം ആൻഡ് ടെലിവിഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) നിന്ന് അഭിനയത്തിൽ പ്രത്യേക പരിശീലനം നേടിയാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്.

1980-ൽ ബോക്സ് ഓഫീസ് തരംഗമായ 'ഒരു തലൈ രാഗം' എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം തുടർന്ന് മലയാളത്തിലും തമിഴിലുമായി 140-ലധികം ചിത്രങ്ങളിൽ വേഷമിട്ടു.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻ ലാലിൻ്റെ വേഷം ആദ്യം രവീന്ദ്രന് നൽകാനായിരുന്നു ആലോചിച്ചത്.

T രാജേന്ദറിൻ്റെ 365 ദിവസം ഓടിയ ഒരു തലൈ രാഗത്തിലെ നായകൻമാരായ ശങ്കറിനെയും രവീന്ദ്രനെയും മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പ്രധാന കഥാപാത്രങ്ങൾ ആക്കാൻ തീരുമാനിച്ചു എങ്കിലും രവിന്ദ്രൻ തമിഴിൽ മറ്റു സിനിമകളിൽ തിരക്കായത് കൊണ്ട് പിൻമാറി!

മോഹൻലാൽ സഹനടനായെത്തിയ 'മദ്രാസിലെ മോൻ' എന്ന ചിത്രത്തിൽ പ്രധാന നായകവേഷത്തിൽ അഭിനയിച്ചത് രവീന്ദ്രൻ ആയിരുന്നു.

​തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളായ കമൽഹാസൻ, രജനീകാന്ത് എന്നിവർക്കൊപ്പം 'സകലകലാ വല്ലഭൻ', 'പേർ സൊല്ലും പിള്ളൈ', 'റാം ലക്ഷ്മൺ', 'രംഗ', 'തങ്കമകൻ', 'പോക്കിരി രാജ' തുടങ്ങിയ ഹിറ്റ് സിനിമകളിൽ സെക്കൻഡ് ലീഡ് വേഷങ്ങളിൽ അദ്ദേഹം തിളങ്ങി.

കൂടാതെ 'എച്ചിൽ ഇരവുകൾ', 'പൊയ്ക്കാൽ കുതിരൈ', 'എൻ പ്രിയമേ', 'കുറ്റവാളികൾ' തുടങ്ങിയ ചിത്രങ്ങളിലും തമിഴിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തനതായ നൃത്തച്ചുവടുകൾ കൊണ്ട് 'ഡിസ്കോ രവീന്ദ്രൻ' എന്ന് പരക്കെ അറിയപ്പെട്ട അദ്ദേഹം മലയാളത്തിൽ ഐ.വി. ശശിയുടെ സിനിമകളിലൂടെയാണ് കൂടുതൽ ശ്രദ്ധേയനായത്.

'അശ്വരഥം', 'ഈ നാട്', 'ജോൺ ജാഫർ ജനാര്ദ്ദനൻ', 'ഇന്നല്ലെങ്കിൽ നാളെ', 'സിന്ദൂര സന്ധ്യയ്ക്ക് മൗനം', 'ഇനിയെങ്കിലും', 'അതിരത്രം', 'ഇടനിലങ്ങൾ', 'കരിമ്പിൻപൂവിനക്കരെ', 'രംഗം', 'അഭയം തേടി' തുടങ്ങി നിരവധിയേറെ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

സിനിമയിൽ ചെറിയ ഇടവേളക്ക് ശേഷം പപ്പയുടെ സ്വന്തം അപ്പൂസിലെ വില്ലൻ വേഷത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് വന്നു.

​ആക്ഷൻ, റൊമാന്റിക്, കോമഡി എന്നീ വിഭാഗങ്ങളിലായി വില്ലൻ വേഷങ്ങളിലടക്കം വേറിട്ട പ്രകടനങ്ങൾ കാഴ്ചവെച്ച അദ്ദേഹം, തന്റെ കരിയറിന്റെ ഉച്ചസ്ഥായിയിൽ ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന ജനപ്രീതി നേടി. കെ. ബാലചന്ദർ, എസ്.പി. മുത്തുരാമൻ, ഐ.വി. ശശി, ഹരിഹരൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിലും എ.വി.എം, നവോദയ, ദേവർ ഫിലിംസ്, സത്യ മൂവീസ്, ദ്വാരകേഷ് തുടങ്ങിയ വൻകിട നിർമ്മാണ കമ്പനികളുടെ ബാനറുകളിലും അദ്ദേഹം പ്രവർത്തിച്ചു.

അഭിനയരംഗത്തുനിന്ന് താത്കാലികമായി വിട്ടുനിന്ന അദ്ദേഹം 2013 വരെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ സജീവമായി തുടരുകയും, തുടർന്ന് വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത 'കിളി പോയി', ആഷിഖ് അബുവിന്റെ 'ഇടുക്കി ഗോൾഡ്' എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു.

ഏറ്റവും ഒടുവിൽ വാഴ 2 ലെ വേഷവും ഹിറ്റ് ആയി .

​സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് കഥയെഴുതി രചനാ രംഗത്തേക്ക് കടന്ന അദ്ദേഹം നിലവിൽ 'കൊച്ചി മെട്രോ (മലയാളം) ഷോർട്ട് ഫിലിം ഫെസ്റ്റ്' ഫെസ്റ്റിവൽ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു.

കൂടാതെ മികച്ചൊരു ഇന്റീരിയർ ഡിസൈനർ കൂടിയായ അദ്ദേഹം യു.സി. കോളേജ് സ്റ്റേഡിയം, ഗൾഫാർ കൺവെൻഷൻ സെന്റർ, കൊച്ചിയിലെ കണ്ണമാലി, കൊത്താട് പള്ളികൾ, തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പെട്രോൾ പമ്പ് എന്നിവയുടെ നൂതനമായ സ്റ്റീൽ സ്ട്രക്ചറൽ നിർമ്മാണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
​നടനിൽ ഉപരി എഴുത്തുകാരനായും, ഇന്റീരിയർ ഡിസൈനറായും, ചലച്ചിത്ര സംഘാടകനായും ബഹുമുഖ പ്രതിഭ തെളിയിച്ച പ്രിയ നടൻ രവീന്ദ്രൻ ഇനി ചലച്ചിത അക്കാദമി ചെയർമാൻ ആയി പ്രവർത്തിക്കും.

Rahul Humble Sanal 
#Raveendran

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക