Image

കള്ളനുമുണ്ട് ഒരു ദൈവം; അക്ഷരത്തിനുമുണ്ട് ശക്തി: വി.ജെ. ജെയിംസ്

Published on 25 September, 2026
കള്ളനുമുണ്ട് ഒരു ദൈവം;  അക്ഷരത്തിനുമുണ്ട് ശക്തി: വി.ജെ. ജെയിംസ്

ഒ.വി. വിജയന് ശേഷം തത്വചിന്തയുടെ ഗഹനത ജനകീയ നോവലാക്കുന്ന അപൂർവ സിദ്ധിയുള്ള എഴുത്തുകാരനാണ് വി.ജെ. ജെയിംസ്. ആഴമായ ചിന്താസരണിയെ  നിത്യജീവിതവുമായി ബന്ധിപ്പിക്കുകയും പുതിയ അർത്ഥതലങ്ങൾ നൽകുകയും ചെയ്യുന്ന എഴുത്തുകാരൻ. മതത്തിനും വിശ്വാസങ്ങൾക്കും അപ്പുറമുള്ള അന്വേഷി....

അക്ഷരത്തിനു ശക്‌തിയുണ്ടെന്നു ജെയിംസ് പറയുന്നു. താൻ എഴുതിയ കൃതികളൊക്കെ സ്വന്തം കാലിൽ സഞ്ചരിച്ചവയാണ്. ആരും പൊക്കി വിടുകയോ പബ്ലിസിറ്റിയുടെയും അവാര്ഡുകളുടെയും ബലത്തിൽ ജനശ്രദ്ധ നേടുകയോ ചെയ്തവയല്ല. വാഷിങ്ങ്ടൺ ഡി.സി എന്ന കഥ  എഴുതിയിരുന്നു.  ഇപ്പോഴിതാ ഡിസിയിൽ എത്തിയിരിക്കുന്നു. ലൈക്ക എന്ന നോവൽ റഷ്യയെപ്പറ്റിയാണ്. പിന്നീടവിടെ പോയി. നല്ല കൃതികൾ ജനം വായിക്കുക തന്നെ ചെയ്യും

ക്രിയേറ്റിവിറ്റിക്ക് പ്രായം ഒരു പ്രശ്നമല്ലെന്ന് അദ്ദേഹത്തിന്റെ പക്ഷം. 

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) സമ്മേളനത്തിനെത്തിയ അദ്ദേഹവുമായി  Lana സെക്രട്ടറി നിർമ്മല  ജോസഫിന്റെ വസതിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്.

ചോദ്യം: ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനം ആണല്ലോ.    സങ്കല്പത്തിലുള്ള അമേരിക്കയും നേരിട്ട് കണ്ടപ്പോഴുള്ള അമേരിക്കയും തമ്മിലുള്ള വ്യത്യാസം എന്താണ്?

വന്നിട്ട് രണ്ടു മൂന്നു ദിവസം ആയുള്ളൂ.  ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഇറങ്ങുന്നത്. സത്യം പറഞ്ഞാല്‍  പുറത്തേക്ക് ഇറങ്ങിയപ്പോള്‍   നമ്മുടെ ഡല്‍ഹിയിലോ അല്ലെങ്കില്‍ മറ്റു സ്ഥലങ്ങളിലോ എത്തിയ ഫീല്‍ മാത്രമേ ആദ്യം കിട്ടിയുള്ളൂ.   കിട്ടിയ സമയം കൊണ്ട്   വേള്‍ഡ് ട്രേഡ് സെന്ററിലെത്തി.  അവിടെ നില്‍ക്കുമ്പോള്‍  ഒരുപാട് ചേതോ വികാരങ്ങള്‍ നമ്മളെ ബാധിക്കും.  ടിവിയിലൂടെ ഒക്കെ കാണുകയും വല്ലാതെ നമ്മളെ അലട്ടുകയും ചെയ്ത പ്രദേശം.  മെമ്മോറിയലിൽ   ബന്ധുക്കളാവണം  വന്ന് പുഷ്പങ്ങള്‍ വെച്ചു  മൗനമായി  നില്‍ക്കുന്നതൊക്കെ കാണുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഉണ്ടാകുന്ന വലിയ ഒരു വികാര തരംഗം തന്നെ.

എങ്ങനെ ഞാൻ  ഇവിടെ എത്തുന്നു എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം എല്ലാം അക്ഷരത്തിന്റെ പ്രവര്‍ത്തനമാണ്.  അക്ഷരമാണ് സൂക്ഷ്മമായിട്ട് ഈ പ്രവര്‍ത്തികള്‍ എല്ലാം നടത്തുന്നത്, എഴുതിക്കുന്നതും. ആ എഴുത്തിന്റെ ഫലമായിട്ടാണല്ലോ ഇവിടെ  എത്തിച്ചേരുന്നത്. അല്ലാതെ വേറെ  ഒന്നുമല്ല. മലയാളത്തിലാണ് എഴുതുന്നതെങ്കില്‍ പോലും അതിന്റെ സൂക്ഷ്മശക്തി ഒന്നാണ്.  സൂക്ഷ്മത്തില്‍ നിന്ന് സ്ഥൂലത്തിലേക്ക് വരുമ്പോഴാണ് വ്യത്യസ്ത ഭാഷകളായിട്ട് തോന്നുന്നത്.  ആ സൂക്ഷ്മ ശക്തി എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട്. അത് അമേരിക്കയിലും ഉണ്ട്.  ആ ഒരു സൂക്ഷ്മതയെയാണ് ഞാന്‍ ഇവിടെ തൊടുന്നതും.    

ചോദ്യം:  ഞങ്ങളൊക്കെ വന്നിട്ട്  മൂന്ന് പതിറ്റാണ്ട് ഒക്കെ കഴിഞ്ഞു. അതിനു ശേഷമാണ്  താങ്കളുടെ കൃതികൾ പ്രത്യക്ഷപ്പെടുന്നത്. അതിനാൽ  അര്‍ഹിക്കുന്ന പ്രചാരം താങ്കളുടെ കൃതികൾക്ക്  ഇവിടെ വന്നിട്ടില്ല.  നാട്ടിലെ  സ്ഥിതി എന്താണ്? നാട്ടിൽ ചില  എഴുത്തുകാർ ഹൈപ്പ് ഉണ്ടാക്കി  പബ്ലിസിറ്റി നേടുന്നുണ്ട് . അങ്ങനെ ഒരു പബ്ലിസിറ്റി താന്കളുടെ കാര്യത്തിൽ കാണുന്നില്ല.  ഇങ്ങനെ  ജനകീയത കിട്ടുന്നതില്‍ കാര്യമുണ്ടോ?

കാര്യമുണ്ടോ ഇല്ലയോ എന്നുള്ളത് എനിക്ക് അറിഞ്ഞൂടാ. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞതുപോലെ  എഴുത്തിന്  ശക്തി ഉണ്ടെങ്കില്‍ അത് സ്വയം സഞ്ചരിക്കും എന്നുള്ളതാണ്.  അതുകൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്.   പുതിയ കാലഘട്ടത്തില്‍ സ്വയം പ്രൊജക്ട് ചെയ്യാന്‍ നിന്നു കൊടുക്കുകയും അതിനുള്ള സാഹചര്യം  ഉണ്ടാക്കുകയും  ചെയ്താല്‍ മാത്രമേ പുസ്തകവും ആള്‍ക്കാരും കൂടുതലായി  ശ്രദ്ധിക്കുകയുള്ളൂ.  

ഒരു സംഘടനയോ അല്ലെങ്കില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന്റെ കൂട്ടത്തില്‍ നമ്മള്‍ ഒഴുകുകയാണെങ്കില്‍ നമുക്ക് ചിലപ്പോള്‍ കൂടുതലായി സപ്പോര്‍ട്ടു  കിട്ടി  ഒരു പ്രൊജക്ഷന്‍ വരും. പക്ഷെ എന്നെപ്പോലുള്ള ഒരു സാധാരണക്കാരന്‍ അത്തരത്തില്‍ ഒന്നിലും ഇടപെടാതെ നില്‍ക്കുന്നതിന്റെ പരിമിതികള്‍ ഉണ്ട്.  ഒരു കോളേജ് അധ്യാപകന്‍ വിളിച്ചിട്ട് പറഞ്ഞു ജെയിംസെ താങ്കൾ താറാവിനെ പോലെയാണ്   മുട്ട ഇട്ടിട്ട് എഴുന്നേറ്റു പോകും. പക്ഷെ കോഴിയെ പോലെ ആകണം.  കോഴിയെപ്പോലെ ഒരു മുട്ടയിട്ടിട്ട്   ഞാനിതാ ഒരു ഭൂലോകം പ്രസവിച്ചിരിക്കുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞാല്‍ മാത്രമേ ലോകശ്രദ്ധയില്‍ വരികയുള്ളൂ.  

അദ്ദേഹം പോസിറ്റീവ് ആയിട്ട് തന്നെയാണ് പറഞ്ഞത്.  അങ്ങനെ എല്ലാവരിലേക്കും പെട്ടെന്ന് ശ്രദ്ധ എത്തുന്ന   രീതി വന്നിട്ടില്ലെങ്കിലും ഈ പുസ്തകങ്ങള്‍ സ്വയം സഞ്ചരിച്ച് പോകുന്ന സ്ഥിതിയുണ്ട്.  സ്ലോ ലിറ്റററി സര്‍വൈവല്‍. അതായത്  ഒരു പുസ്തകത്തിന് കാമ്പുണ്ടെങ്കില്‍ അത് പതുക്കെ ആയിരിക്കും ആയിരിക്കും മൂവ് ചെയ്യുന്നത്. പക്ഷെ അതിങ്ങനെ പ്രോഗ്രസ്സ് ചെയ്തുകൊണ്ടേയിരിക്കും.  കാമ്പുള്ള പുസ്തകമാണെങ്കില്‍ ഒരു 10 വര്‍ഷം കഴിഞ്ഞാല്‍ അത് വീണ്ടും വിലയിരുത്തപ്പെടും. വീണ്ടും 10 വര്‍ഷം കഴിഞ്ഞാല്‍ അതിന് വീണ്ടും മാര്‍ക്കിടപ്പെടും. അങ്ങനെ ഒരു 25 വര്‍ഷം കഴിഞ്ഞാലും മാര്‍ക്കിടാന്‍ തക്കവണ്ണം ഉണ്ടെങ്കില്‍ മാത്രമേ ഇത് കടന്നു പോവുകയുള്ളൂ.  

ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പെന്‍ഗ്വിന്‍ ആണ് പുറത്തിറക്കുന്നത്. 25ാം   വര്‍ഷത്തിലാണ്  ഇത്  ഇംഗ്ലീഷില്‍ പബ്ലിഷ് ചെയ്തത് . അതുപോലെ   നിരീശ്വരന്റെ  27 ആം പതിപ്പ് ഇറങ്ങി.  യാതൊരു   ഒച്ചപ്പാടുകളോ   വിവാദങ്ങളോ  ഉണ്ടാവാതെ ഒരു പുസ്തകം സ്വയം  സഞ്ചരിച്ച് 27 പതിപ്പിലേക്ക് എത്തുന്നു. അതുപോലെ അഞ്ച് പുസ്തകങ്ങള്‍ പെന്‍ഗ്വിനിലൂടെ   ഇംഗ്ലീഷില്‍ വരുന്നു.    ഇംഗ്ലീഷിൽ  വരാന്‍ ഞാനായിട്ട് ഒരു എഫര്‍ട്ട് എടുത്തതല്ല. തേടി വന്നതാണ്.  അക്ഷരത്തിന്റെ ശക്തി  സ്വയം സഞ്ചരിച്ച് ഒരു പുസ്തകം  വായിക്കാന്‍ വിധിക്കപ്പെട്ട ആളില്‍ ചെന്നെത്തും.   ഒരു ധാന്യത്തില്‍ അത് കഴിക്കാന്‍ വിധിക്കപ്പെട്ടവന്റെ പേര് എഴുതി വെച്ചിട്ടുണ്ടെന്ന് പറയുന്നതുപോലെ ഒരു പുസ്തകം വായിക്കാന്‍ വിധിക്കപ്പെട്ട ആളില്‍ ചെന്നെത്തുകയും   അവർ  പറഞ്ഞു ഈ പുസ്തകം മറ്റ് ആളുകളിലേക്ക് എത്തുകായും ചെയ്യുന്നു.  കാലത്തിലേക്ക് സഞ്ചരിക്കാന്‍ വിധി ഉണ്ടെങ്കില്‍ അത് സഞ്ചരിക്കും.

ചോദ്യം:  സ്വയം സഞ്ചരിക്കുന്ന എത്ര പുസ്തകങ്ങള്‍ ഉണ്ട് മലയാളത്തില്‍?

കാമ്പുള്ള പുസ്തകങ്ങള്‍ സഞ്ചരിക്കും.   ചിലപ്പോള്‍ ചിലരെ സംബന്ധിച്ചിടത്തോളം ഇതൊരു മണ്ടന്‍ വിചാരമായിട്ട് തോന്നിയാലും മതി. എന്റെ പരിമിതി ആയിരിക്കാം. ഞാന്‍ വലിയ ബഹളങ്ങളിലേക്കൊന്നും ചെല്ലാനോ അല്ലെങ്കില്‍ അതിനു നിന്ന് കൊടുക്കാനോ  തയ്യാറല്ല. ഇത് സഞ്ചരിക്കുന്നിടത്തോളം സഞ്ചരിച്ചാല്‍ മതി,  അതാണ് അതിന്റെ ഒരു യാത്രാവഴി.

ചോദ്യം:  അങ്ങനെയുള്ള അങ്ങനെയുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ ഉണ്ടോ?

നിരീശ്വരന്   27 പതിപ്പുകള്‍ വന്നു.   50000 ത്തിനടുത്ത് കോപ്പികള്‍ ഈ പുസ്തകം ഒരു ബഹളവും ഉണ്ടാക്കാതെ ജനങ്ങളിലെത്തി.   തകഴിയുടെയോ ദേവിന്റെയോ അല്ലെങ്കില്‍  ക്ലാസിക്കുകള്‍ നമ്മളിലേക്ക് വന്നതും നിലനില്‍ക്കുന്നതും അതിന്റെ അതിജീവനശേഷി കൊണ്ട് തന്നെയാണല്ലോ. ആരും  പ്രത്യേകമായിട്ട് ഒരു പിആര്‍ വര്‍ക്ക് നടത്തിയിട്ടൊന്നുമില്ല.

ചോദ്യം: ഖസാക്ക് ഞാന്‍ എപ്പോ കണ്ടാലും വീണ്ടും വീണ്ടും വായിക്കും. അപ്പോഴൊക്കെ പുതിയ എന്തെങ്കിലും ഒരു അർഥം  കിട്ടുന്ന പോലെ തോന്നും . അങ്ങനെ ഒരു പുസ്തകം മലയാളത്തില്‍ പിന്നെ   കണ്ടിട്ടില്ല. എന്താണഭിപ്രായം?

എന്റെയും മാനസഗുരുവായിട്ട് ഞാന്‍ സ്വീകരിച്ചിരിക്കുന്നത്  ഒവി. വിജയനെ തന്നെയാണ്.   ഖസാക്ക് വായിച്ചു കഴിഞ്ഞപ്പോഴത്തേക്കും  അതുവരെയുള്ള എന്റെ വായനയുടെ സകല ധാരണകളും അട്ടിമറിക്കപ്പെട്ടു.  എന്‍ജിനീയറിങ് കഴിഞ്ഞതിനു ശേഷമാണ് ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നത്.   ഒരു പ്രീഡിഗ്രി കാലഘട്ടത്തില്‍ ഖസാക്ക് വായിച്ചാല്‍   എനിക്ക് ഈ ഒരു അനുഭവം കിട്ടില്ല.   ഇടിവെട്ടിയതുപോലെ ശരിക്കും ബാധിച്ച ഒരു പുസ്തകം.   എഴുതുകയാണെങ്കില്‍ ഒവി വിജയനെ പോലെ ആണ്  എഴുതേണ്ടത് എന്ന് പോലും   ആഗ്രഹം ഉണ്ടായിരുന്നു. ആ ഇടയ്ക്കാണ് ഗുരുസാഗരം ഇറങ്ങുന്നത്.    പിന്നെ എന്റെ എഴുത്തിന്റെ യാത്ര ആ ഒരു വഴിയിലായിരുന്നു. അതുകൊണ്ട് ഗുണവും ഉണ്ടായി ദോഷവുമുണ്ട്.

ദോഷം എന്ന് പറയുന്നത് മറ്റൊന്നുമല്ല നമ്മള്‍ എന്ത് എഴുതിയാലും വിജയൻ  എഴുതുന്ന പോലെ ആയി തോന്നുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.  പുറപ്പാടിന്റെ പുസ്തകം എന്ന  ആദ്യ നോവലിന്റെ മാനുസ്‌ക്രിപ്റ്റ്   ഒരു സുഹൃത്തിന് വായിക്കാന്‍ കൊടുത്തപ്പോള്‍ അദ്ദേഹം   പറഞ്ഞ മറുപടി ഇതാണ്.   ഇതിൽ  90% ഒവി വിജയനും 10% വി.ജെ ജെയിംസുമാണ് ഉള്ളത്.  ഒബ്‌സസ്ഡ് ആയി  എഴുതി വരുമ്പോള്‍ അതുപോലെ ആയി പോകുന്നു.  ഗുരുവായിട്ട് കൊണ്ടുനടന്ന ഒരാള്   ബാധയായി.   ഞാന്‍ വീണ്ടും ഞാന്‍ വെട്ടി തിരുത്തും. തിരുത്തി  മൊത്തം 12 വര്‍ഷം എടുത്തു എനിക്ക്  പുറപ്പാടിന്റെ പുസ്തകം പൂര്‍ത്തിയാക്കാന്‍.   വീണ്ടും ഇതേ സുഹൃത്തിനോട് വായിച്ചു നോക്കാൻ  പറഞ്ഞു.  അദ്ദേഹം പറഞ്ഞു, ഞാന്‍ ആ പെര്‍സെന്റേജ് തിരിച്ചിടും. ഇപ്പോള്‍ 90 ശതമാനം ജെയിംസും 10% വിജയനുമേ  ഉള്ളൂ എന്ന്. അപ്പോഴാണ്  എനിക്ക് സമാധാനമായത്. പിന്നെ ആ കാലഘട്ടത്തിനു ശേഷം  ഒ.വി വിജയനെ വായിച്ചതേ ഇല്ല.  ഇഷ്ടമില്ലാഞ്ഞിട്ടല്ല അത് എന്നെ സ്വാധീനിക്കരുത് എന്ന് വിചാരിച്ചു.

രണ്ടാമത്തെ നോവൽ 'ചോര ശാസ്ത്രം'  വരുമ്പോള്‍  പാടെ ഭാഷ  മാറി.  ഖസാക്ക്  വായിച്ചാല്‍ എന്ത് ഫ്രഷ്‌നെസ്സ് ആണ്. എത്ര കൃതികളെ നമുക്ക് അങ്ങനെ പറയാന്‍ പറ്റും. ഒരു കാലഘട്ടത്തിന് വേണ്ടി മാത്രമായി  എഴുതപ്പെടുന്ന ചില കൃതികളുണ്ട്. ഇന്നത്തെ ഒരു വിഷയം എടുത്ത് എഴുതുമ്പോൾ  പെട്ടെന്ന് ഒരു ഹൈപ്പ് ഉണ്ടാവാം. പക്ഷെ അത് ഒരു അഞ്ചു വര്‍ഷം കഴിഞ്ഞാല്‍  അത്  ഉണ്ടാവണമെന്നില്ല. അപ്പൊ ഒരു കൃതി എപ്പോഴും നിലനില്‍ക്കുന്നത് ഏത് കാലഘട്ടത്തിലെ മനുഷ്യനെയും അത് ബാധിക്കുന്ന ഒരു വിഷയമായിട്ട് മാറുമ്പോഴാണ്. ആ ഒരു ചിന്ത എനിക്ക് എപ്പോഴും  ഉണ്ട്.   50 വര്‍ഷം കഴിഞ്ഞ് ഒരു മനുഷ്യന്‍ വായിച്ചാലും അയാള്‍ക്ക്  ഇതില്‍ റിലേറ്റ് ചെയ്യാനായി  ഉണ്ടായാല്‍ മാത്രമേ   അത് ജീവിക്കുകയുള്ളൂ.

ചോദ്യം: താങ്കൾ  എഴുതിയ പുസ്തകങ്ങളില്‍ ഇപ്പൊ തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ടത്. അല്ലെങ്കില്‍  ഏറ്റവും കൂടുതല്‍ താല്പര്യം തോന്നിയ പുസ്തകം?

താല്പര്യം എന്ന് പറയാന്‍ പറ്റില്ല. കാരണം ഞാന്‍  എഴുതുമ്പോള്‍ എനിക്കൊരു ധാരണയുണ്ട് ഒരേ അച്ചിലിട്ട് വാര്‍ത്ത പുസ്തകങ്ങള്‍ ഉണ്ടാവരുത്. അത്  നിര്‍മ്മാണമായി പോകും. ഞാന്‍ എഞ്ചിനീയര്‍ ആണ് അടിസ്ഥാനപരമായി. ഐഎസ്ആര്‍ ഓയിൽ  ജോലി ചെയ്യുമ്പോള്‍   ബുദ്ധി ഉപയോഗിച്ച്  ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത്  നിര്‍മ്മിതിയാണ്. ക്രിയേറ്റിവിറ്റി അതിനകത്ത് ഉണ്ടെങ്കിലും   സയന്‍സിന്റെ നിയമങ്ങള്‍ ഉപയോഗിച്ചു  നമ്മള്‍ നിര്‍മ്മിച്ചെടുക്കുകയാണ്.   എഴുത്തിൽ   നിന്ന് കിട്ടുന്ന ആനന്ദം എന്താണെന്ന് വെച്ചാല്‍ ഇതുവരെ നമ്മള്‍ ഇടപെടാത്ത ഒരു മേഖലയിലൂടെ  അന്വേഷണം നടത്തി  നമ്മള്‍ തന്നെ കണ്ടെത്തുന്നതിന്റെ  ആനന്ദം. അപ്പൊ ഒന്ന് ഒന്നില്‍ നിന്ന് വ്യത്യസ്തമായിരിക്കണം എന്ന ആഗ്രഹം ഉണ്ടായിരിക്കും.

പുറപ്പാടിന്റെ പുസ്തകത്തില്‍ നിന്ന് പാടെ വ്യത്യസ്തമാണ് ചോരശാസ്ത്രം. ഒരുപാട് എനിക്ക് ഇഷ്ടമാണ്. അതുപോലെ ദത്താപഹാരം.  എഴുത്തുകാരന്‍ എന്ന നിലയില്‍   ഏറ്റവും വെല്ലുവിളിച്ച കൃതി ഏതാണെന്ന് ചോദിച്ചാല്‍ അത് ദത്താപഹാരമാണ്. അതിൽ  ഒരു ഫിലോസഫി ഉണ്ട്. പ്രകൃതിയുമായി ബന്ധപ്പെട്ടത്.   പരിസ്ഥിതിവാദം  നമ്മള്‍ കൂടുതലായി  ചര്‍ച്ച ചെയ്യപ്പെടുന്നത് മുന്‍പേ 2005 ലാണ് പുസ്തകം വരുന്നത്.  ആ ഫിലോസഫിയെ  ഫിക്ഷനിലൂടെ ചിത്രീകരിക്കാന്‍   നല്ല ചലഞ്ച് ആണ്.   ഫിലോസഫി വലിച്ചു കൊണ്ടുവന്ന് നിര്‍ബന്ധപൂര്‍വ്വം  ചേര്‍ക്കുകയാണെന്ന് തോന്നാത്ത വിധത്തില്‍ കഥാപാത്രങ്ങളിലൂടെ സഞ്ചാരത്തിലൂടെ കഥയിലൂടെ സ്വാഭാവികതയിലൂടെ അത് വരുന്നു. ഫിലോസഫി എന്ന് പറഞ്ഞാല്‍ വലിയ കട്ടി പിടിച്ച സാധനം എന്നുള്ള അര്‍ത്ഥത്തിലല്ല.   ഓ ഇങ്ങനെ ഒരെണ്ണം ഉണ്ടല്ലോ എന്ന് നമ്മളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണത്.  നമ്മള്‍ തന്നെയാണ് പ്രകൃതി എന്നും എന്റെ തന്നെ തുടര്‍ച്ചയാണ് പ്രകൃതി എന്നും ഉള്ള ഒരു അനുഭവതലത്തിലേക്ക്  എത്തുന്ന, സ്വയം ഒരു കാടായി മാറിയ ഒരു വ്യക്തിയുടെ കഥയാണത് .

ചോദ്യം:   ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്യുമ്പോഴും ഈ പുസ്തകങ്ങളുടെ എല്ലാം പേരുകള്‍ മലയാളത്തില്‍ തന്നെ.  നിരീശ്വരന്‍ എന്ന് തന്നെയാണ് ഇംഗ്ലീഷിലും. അത് നല്ലതാണോ ദോഷമാണോ?

നിരീശ്വരന്‍ വായിക്കുമ്പോള്‍ മലയാളത്തില്‍ ഉള്ളതിനെ ഓര്‍മ്മ വരിക.  പല പദങ്ങളും ഇന്ന് ഇംഗ്ലീഷുകാര്‍ അക്‌സെപ്റ്റ് ചെയ്യുന്നുണ്ട്.   അങ്ങനെ പത്തുപേരു നോക്കിയാല്‍  നിരീശ്വരന്‍ അക്‌സെപ്റ്റഡ് ആകും. പിന്നെ ചോരശാസ്ത്രം ചോരശാസ്ത്ര: ദി സബ്റ്റില്‍ സയന്‍സ് ഓഫ് തീവറി.  ചോരശാസ്ത്രം എന്ന് പറഞ്ഞാല്‍ കളവിന്റെ ശാസ്ത്രമാണ്. വെറുതെ ചോരശാസ്ത്ര എന്ന് പറഞ്ഞാല്‍ ഒരാള്‍ക്ക് എന്ത്  എന്ന സംശയം തോന്നും അതുകൊണ്ട് സബ്റ്റില്‍ സയന്‍സ് ഓ ഫ് തീവറി എന്ന് കൂട്ടിച്ചേർത്തു.    പുറപ്പാടിന്റെ പുസ്തകത്തിന് ദി ബുക്ക് ഓഫ് എക്‌സോഡസ്. ദത്താപഹാരത്തിനു ഇതേ പ്രശ്‌നം ഉണ്ട്, പക്ഷെ ആ പദം നമുക്ക് കളയാന്‍ ഒരു വിഷമം ഉള്ളതുകൊണ്ട് ദത്താപാഹാരം: കോള്‍ ഓഫ് ദി ഫോറസ്റ്റ്;  കാടിന്റെ വിളി.     നിരീശ്വരന്‍ ദ നോണ്‍ ഗോഡ് എന്ന് കൂടി കൊടുക്കാമായിരുന്നു എന്ന് പിന്നീട്  തോന്നി. അങ്ങനെയാണെങ്കില്‍ ആളുകള്‍ക്ക് പെട്ടെന്ന്  എന്താണെന്നു മനസിലാവുമായിരുന്നു..

ചോദ്യം: തത്വചിന്തയോടുള്ള  താല്പര്യം എങ്ങനെയാണ് വന്നത്.  തത്വചിന്ത നോവലില്‍   സമന്വയിപ്പിക്കാന്‍ ആദ്യം  തത്വചിന്തയോട്  താല്പര്യം വരണമല്ലോ. എങ്ങനെയാണ്  അതിന്റെ ഒരു തുടക്കം.

നമ്മുടെ വലിയ വായനയുടെ   ഒരു പ്രൊഗ്രഷന്‍ ഉണ്ട്.  ചെറുപ്പത്തില്‍  കാര്‍ട്ടൂണ്‍ ചെറിയ ചെറിയ ചിത്രകഥകള്‍.  അത് ഫസ്റ്റ് സ്റ്റെപ്പ് ആണ്.  കുറച്ചു കഴിഞ്ഞപ്പോള്‍ യാദൃശ്യമായി എന്റെ വായനയുടെ അടുത്ത തലം   കുറ്റാന്വേഷണ നോവലുകളായിരുന്നു.  കോട്ടയം പുഷ്പനാഥ്  പോലുള്ളവരുടെ  നോവലുകള്‍ വളരെ ആകാംക്ഷയോടെ വായിച്ചു.  നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ വായന ആരംഭിച്ചു.  സഹോദരനാണ് പുസ്തകം കൊണ്ട് വരുന്നത്.  ഒരു ദിവസം നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഒരു ഡിറ്റക്ടീവ് നോവൽ  ഇല്ല. പകരം ജനപ്രീയ നോവല്‍   വായിക്കാന്‍ തുടങ്ങി.   പിന്നെ എല്ലാ പുസ്തകങ്ങളും വായിക്കുന്നു.   ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് എടുത്ത് അവിടെ ഇരിക്കുന്ന എല്ലാ പുസ്തകങ്ങളും വായിക്കും.  എഴുത്തുകാരണന്റെ പേരില്‍ അല്ല പുസ്തകത്തിലായിരുന്നു താല്‍പര്യം. പെട്ടെന്ന് വായിക്കുന്നു തിരിച്ചു കൊടുക്കുന്നു. ഇങ്ങനെ ഇങ്ങനെ കടന്നുപോയി.

അപ്പൊ ഇതിനൊരു സീക്വന്‍സ് ഉണ്ട് ചിത്രകഥയില്‍ നിന്ന് അല്ലെങ്കില്‍ കാര്‍ട്ടൂണുകളില്‍ നിന്ന് നമ്മള്‍ കുറ്റാന്വേഷത്തിലേക്ക് എത്തുന്നു. ജനപ്രിയത്തിലേക്ക് എത്തിക്കുന്നു. പിന്നെ തകഴി, ദേവ് ഇങ്ങനെ കടന്നു പോയിട്ട് ആനന്ദ്, ഓ.വി. വിജയന്‍ അടുത്ത സീക്വന്‍സിലേക്ക് വരുന്നു. അപ്പൊ നമ്മളെ ഇവരെയൊക്കെ നമ്മള്‍ വായിച്ച് ഓ.വി.വിജയനെ ഒക്കെ നമ്മള്‍ വായിച്ച്  ആ വായനയുടെ ഒരു പുതിയ സംസ്‌കാര ലഹരി പ്രാപിച്ചുകഴിഞ്ഞാല്‍ പിന്നെ തിരിച്ചു വന്നുകൊണ്ട് മുട്ടത്തുവര്‍ക്കിയോ കാനത്തെയോ  വായിച്ച് നമുക്ക് ആസ്വദിക്കാന്‍ പറ്റത്തില്ല. കാരണം  ക്ലാസ് കഴിഞ്ഞു പോകുന്നതുപോലെ വായനയില്‍ ഒരു സഞ്ചാരമുണ്ട.്

തുടർന്ന് ആനന്ദിന്റെ പുസ്തകങ്ങളുടെ വായന.  അടുത്ത പടിയായിട്ടാണ് ഫിലോസഫിയിലെ വായന  സംഭവിക്കുന്നത്. അപ്പൊ നമുക്ക് അതുവരെ ആനന്ദം നല്‍കിയിരുന്നത്തിനു  അപ്പുറത്ത് നമ്മുടെ ഒരുപാട് ചോദ്യങ്ങള്‍  കണ്ടെത്തുന്നു.  അതുവരെ നമ്മളൊരു കണ്‍വെന്‍ഷണല്‍  രീതിയില്‍ ചര്‍ച്ചിലൊക്കെ പോയി വിശ്വാസത്തിന്റെ രീതിയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക്  അതിനെ നിഷേധിക്കുന്നതിനല്ല,  അതിനും അപ്പുറത്തേക്ക് കടന്നുള്ള പൊരുളിലേക്കുള്ള   ഒരു തുറവി കിട്ടുകയാണ് .

ചോദ്യങ്ങളുടെ ഉത്തരം എന്താണ് എന്ന അറിവിലാണ്  പിന്നെ നമുക്ക് ആനന്ദം കിട്ടു. പിന്നെ നമുക്ക് താഴേക്ക് വന്നിട്ട്  കുറ്റാന്വേഷണത്തില്‍ ഇതേ ലഹരി ഒരിക്കലും കിട്ടില്ല. എങ്കിലും ബ്രാം  സ്റ്റോക്കറുടെ  ഡ്രാക്കുള  വീണ്ടും അടുത്ത കാലത്ത് എടുത്ത് വായിച്ചപ്പോള്‍ അത്  എത്ര ക്ലാസിക് നോവല്‍ ആണെന്ന് മനസിലായി.   ആ കാലഘട്ടത്തിലെ ഏറ്റവും വലിയ സയന്‍സ് എല്ലാം അതിനകത്ത് കടന്നുവന്ന് മനോഹരമായ ഒരു ക്ലാസിക്.   പക്ഷെ   കോട്ടയം പുഷ്പനാഥില്‍ നിന്ന് ഒരു  ക്ലാസിക്   വായിക്കാന്‍ പറ്റില്ല.

യാത്രകളുടെ എത്തിച്ചേരാവുന്ന ഏറ്റവും മീതെയുള്ള  സ്റ്റെപ്പാണ് ഫിലോസഫി.  അവിടെ എത്തിക്കഴിയുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഈ പൊരുളിന്റെ സത്യത്തെ ചെന്ന് തൊടുന്ന അവസ്ഥയിലേക്ക് എത്തുന്നത്.   സയന്‍സ് ആണ് നമ്മുടെ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. സയന്‍സ് ആണ്  എന്റെ ഇഷ്ട വിഷയം. ആദ്യ കാലത്ത്   ഫിലോസഫിയും സയന്‍സും രണ്ട് വ്യത്യസ്ത സ്ട്രീംസ് ആയി തോന്നും.  രണ്ടിലൂടെ നമ്മള്‍ ഡീപ്പ് ആയി  കൂട യാത്ര ചെയ്യുമ്പോൾ അവ തമ്മിലുള്ള അകലം  കുറയുന്നു.  സയന്‍സും സത്യത്തെയാണ്  തേടുന്നത്.

രണ്ടുകൂട്ടരും  പൊരുളിനെ തേടി ചെന്ന് കൂട്ടിമുട്ടുന്ന ഒരു പോയിന്റ് ഉണ്ടെന്ന് നമുക്ക് ബോധ്യപ്പെടുന്ന ഒരു മൊമെന്റ് ഉണ്ട്.   അത്തരം മൊമെന്റുകളിലാണ് ഈ കൃതികള്‍ സംഭവിക്കുന്നത്.   സയന്‍സും ഫിലോസഫിയും നോവലിൽ വാരി വലിച്ചു ഇടുകയല്ല. ഈ ആന്റി ക്ലോക്ക് എന്നത് ഒരു ശവപ്പെട്ടി കടക്കാരന്റെ ജീവിതമാണ്.   ജീവിതത്തിന്റെ ദാര്‍ശനികതയെ എന്താണ് സമയം എന്നതിനെ നമ്മുടെ ചിന്തകള്‍ ജനന മരണം തുടങ്ങിയവയെ കുറിച്ചുള്ള നമ്മുടെ ധരണകൾ വളരെ നാച്ചുറല്‍ ആയി ആവിഷ്കരിക്കുന്നു.

എന്നെ ഏറ്റവും   ആകര്‍ഷിക്കുന്നത്   ക്വാണ്ടം ഫിസിക്‌സ് അല്ലെങ്കില്‍ ക്വാണ്ടം മെക്കാനിസത്തിലെ അതീതമായ തലങ്ങളിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം. ഈ ഫിലോസഫിയും ഇതു രണ്ടുകൂടി കൂട്ടിമുട്ടുമ്പോള്‍ അനുഭവിക്കുന്ന തരത്തിലുള്ള ഒരു സന്തോഷം.

ഒരാളോട് സ്‌നേഹം ഉണ്ടെങ്കില്‍ അത് നമ്മള്‍ ഉള്ളില്‍ അനുഭവിക്കുകയല്ലേ ചെയ്യുന്നത്. അത് വാക്കുകൊണ്ട് പറയുന്നതല്ല. എന്ന് പറഞ്ഞതുപോലെ ഒരു അനുഭവതലം ഫിലോസഫിയിലുണ്ട്.  സയന്‍സ് തേടുന്നതും ഇതാണ്.   ആ അന്വേഷണത്തിലാണ് എന്നെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങള്‍ ഉണ്ടാകുന്നത് .

ചോദ്യം:  മതവിശ്വാസവുമായി  ഈ ചിന്താഗതി   എങ്ങനെയാണ് പൊരുത്തപ്പെടുന്നത് മതവിശ്വാസം മതവിശ്വാസം ഈശ്വരവിശ്വാസം  ഇതൊക്കെ താങ്കൾക്ക്  ഉണ്ടോ?  വിശ്വാസിയാണോ?

തീര്‍ച്ചയായിട്ടും. നമ്മള്‍ ജനിച്ചു വളരുന്ന സാഹചര്യം അതായിരിക്കും. നമ്മള്‍ പലരും ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ജനിക്കുന്ന വളരുന്നു.   എഞ്ചിനീയറിങ് കഴിയുമ്പോഴും ഞാന്‍  ചിന്തിച്ചിരുന്നത് ഞങ്ങള്‍ റോമന്‍ കത്തോലിക്കര്‍  മാത്രമേ സ്വര്‍ഗ്ഗത്തില്‍ പോകത്തുള്ളൂ എന്നാണ്.  ദാര്‍ശനികതയുടെ റൂട്ടിലൂടെ നമ്മള്‍ സഞ്ചരിക്കുമ്പോള്‍ ഈ വിശ്വാസത്തെ ചവിട്ടി പുറത്താക്കേണ്ടതില്ല .   നാലാം ക്ലാസ്സില്‍ പഠിച്ചത്  പത്താം ക്ലാസ്സില്‍  വെച്ച് നമ്മള്‍ നിഷേധിക്കുകയില്ല.   അതിനപ്പുറത്ത് ഉന്നത ബിരുദങ്ങളുണ്ട്.  

മതം ഈ യാത്രയുടെ ആദ്യത്തെ ഏതോ പടികളില്‍ മാത്രമേ നില്‍ക്കുന്നുള്ളൂ.  ഇപ്പോൊ സംഭവിക്കുന്നത്   മതത്തിന്റെ പേരില്‍  ആചരണങ്ങളെയും അതിനെക്കുറിച്ചുള്ള അഭിമാനങ്ങളെയും ഒക്കെ പെരുപ്പിച്ചു പറയുകയാണ്.  അനുഭവത്തിന്റെ തലത്തില്‍ ചെന്നെത്താന്‍ ആവാത്ത വിധത്തില്‍ താഴെ എവിടെയോ മനുഷ്യരെ  പിടിച്ചിരിക്കുകയാണ് ഇപ്പോള്‍ മതം  ചെയ്യുന്നത്. സാധനവല്‍ക്കരിക്കപ്പെട്ട് പോകുന്നതോടുകൂടി യഥാര്‍ത്ഥത്തിലുള്ള പൊരുളിനെ തൊട്ടറിയാത്ത ചിലര്‍ ഇത് കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ ഇതിനെ ചുരുക്കി ഒരു സ്ഥാപനമാക്കി മാറ്റുകയും ആ സ്ഥാപനത്തിലെ കുറെ അംഗങ്ങളാക്കി ഇവരെ എപ്പോഴും പിടിച്ചു വെക്കുകായും ചെയ്യുന്നു .

അതുപോലെ വേറൊരു മതമായിട്ട് രാഷ്ട്രീയവും മാറുന്നുണ്ട്. മതത്തെ  നിഷേധിക്കുകയല്ല ഇതിനെ അതിജീവിക്കാന്‍ കഴിയണം.  നിഷേധവും അതിജീവനവും രണ്ടും രണ്ടാണ്. ഞാന്‍ നേരത്തെ പറഞ്ഞു പത്താം ക്ലാസ്സില്‍ കടന്നു പോകുന്നത് നാലാം  ക്ലാസ്സിനെ നിഷേധിക്കലല്ല.

ചോദ്യം: ചോരശാസ്ത്രത്തിന്റെ ദേവത  സുബ്രഹ്‌മണ്യന്‍ ആണെന്ന് പറയുന്നു.  ആ അറിവ്  അത് ഒരു നോവലാക്കി മാറ്റാംഎന്ന ചിന്തയിലേക്ക്  എത്തുന്നത് എങ്ങനെയാണ്.

ചോരശാസ്ത്രം യാദൃശ്യമായി  സംഭവിച്ചതാണ്. ആ സമയത്ത്  ഞാന്‍ രണ്ടാമത് വേറെ ഒരു നോവല്‍ എഴുതാന്‍ തുടങ്ങിയിരുന്നു. ഒരു ആറേഴ് അധ്യായം എഴുതി. ഇങ്ങനെ ഇരിക്കെ  എഴുത്തുകാരന്‍ സേതു അദ്ദേഹം എന്നോട് പറഞ്ഞു. എന്റെ പുറപ്പാടിന്റെ പുസ്തകത്തിന്  മലയാറ്റൂര്‍ പ്രൈസ് കിട്ടി.   അദ്ദേഹം എന്നോട് പറഞ്ഞു ജെയിംസേ   നമ്മള്‍ രണ്ടാമത് എഴുതുന്ന കൃതിയായിരിക്കും  നമ്മളെ പരീക്ഷിക്കുന്ന കൃതി. ഒന്നാമത്തെ കൃതി  എഴുതാന്‍ പറ്റും.

ഇത് ഇനി എന്റെ ഉള്ളില്‍ ആഞ്ഞു തറച്ചു. ഞാന്‍ അതുവരെ എഴുതിയിരുന്ന ആ ഏഴ് അധ്യായങ്ങൾ  മാറ്റി വച്ചു. ഇന്നും അത് ഞാന്‍ പൂര്‍ത്തിയാക്കിയിട്ടില്ല.   ഇങ്ങനെ ഇരിക്കുന്ന സമയത്ത് യാദൃശ്ചികമായിട്ട് ഞാന്‍ വിഎസ്എസ്സി  ലൈബ്രറിയിലെ    റെഫറന്‍സ് ഗ്രന്ഥങ്ങൾ മറിച്ചു നോക്കുമ്പോള്‍   കണ്ടതാണ്.  പുരാതന ഇന്ത്യയില് ചോരശാസ്ത്രം എന്ന് പറഞ്ഞ ഒരു ശാസ്ത്രം ഉണ്ടായിരുന്നു എന്നും കനകശക്തി എന്ന ആചാര്യനാണ് അത് എഴുതിയത് എന്നും സുബ്രഹ്‌മണ്യനാണ് അതിന്റെ ദേവന്‍ എന്നും . അധികം ഡീറ്റെയില്‍സ് ഒന്നുമില്ല.

കളവിന്റെ ശാസ്ത്രം ഉണ്ടോ എന്ന് കൗതുകം. ഇത് വെച്ച് ഒരു നോവല്‍ എഴുതണമെന്നോ കഥ എഴുതണമെന്നോ കരുതിയില്ല.  ആ സമയത്ത്   ഒറ്റക്ക്  വാടക വീട്ടില്‍. ഒരു വെളുപ്പാന്‍ കാലത്ത്  ആരോ  കതക് തുറക്കുന്നത് പോലെ ഒരു ശബ്ദം കേട്ട് ഞാന്‍ ഉണര്‍ന്നു.  പതുക്കെ നടന്നു ചെന്നിട്ട്   വാതിലിലേക്ക് ടോര്‍ച്ച് അടിച്ചു. ടോര്‍ച്ചിന്റെ വെട്ടവും നടുക്ക്  താക്കോൽ  ദ്വാരവും   കാണുന്നു.  ഇത് കണ്ട സമയത്ത് പെട്ടെന്ന് എന്റെ ഉള്ളിലേക്ക് വന്ന് വീണതാണ് നോട്ടം കൊണ്ട് പൂട്ട് തുറക്കുന്ന വിദ്യ.  അതുവരെ എന്റെ മനസ്സിന് വന്നിട്ടില്ലാത്ത ഒന്ന്  ഫ്‌ലാഷ് പോലെ അടിക്കുന്നു.   ഞാന്‍ ലൈറ്റ് ഇട്ടു.  പുറത്ത് ആരുമില്ല.

ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ വിളിച്ചുണര്‍ത്തി ചോരശാസ്ത്രത്തിന്റെ വഴി നടത്തിയ അദൃശ്യകാരുണ്യത്തിന് വിനീത പ്രണാമം. ആദ്യത്തെ വരി എഴുതി. തുടര്‍ന്ന് കുറച്ച് വരികള്‍ വരുന്നു ഇത് കുറച്ചുകൂടി.  അപ്പൊ എനിക്ക് ഒരു കാര്യം മനസ്സിലാക്കി. ഇത് ഞാനല്ല വാസ്തവത്തില്‍ എന്നെ വിളിച്ചു ഉണര്‍ത്തിയതാണ്. അങ്ങനെയാണെങ്കില്‍ വിളിച്ചുണര്‍ത്തി ഇട്ടുതന്ന ആ ശക്തി തന്നെയാണ് എന്നെക്കൊണ്ട് എഴുതിക്കുന്നത്.  പുറത്തു നിന്ന് ആരോ വന്ന അര്‍ത്ഥത്തിലല്ല ഞാന്‍ പറയുന്നത്.

സുബ്രഹ്‌മണ്യന്‍ ജ്ഞാനത്തിന്റെ ദേവതയാണ്.    ജ്ഞാനത്തിന്റെ ദേവന്‍ എങ്ങനെ ഒരു അധര്‍മ്മ കർമ്മത്തിനു  ദേവനാകും എന്ന ചിന്ത എന്റെ ഉള്ളില്‍  നിറഞ്ഞു. തുടർന്ന്  എല്ലാ ദിവസവും ഈ സമയത്ത് തന്നെ എഴുന്നേല്‍ക്കുന്നു.    ജ്ഞാനദേവത എന്തുകൊണ്ട് ഒരു ധർമ്മ  കർമ്മത്തിനു  ദേവനായിരിക്കും എന്നതിന്റെ  ഉത്തരം എനിക്ക് കിട്ടണം

എല്ലാ ഉത്തരങ്ങളും മഹാശാസ്ത്രന്മാര്‍ക്ക്    ഉള്ളില്‍ നിന്ന് യാദൃശ്ചികമായിട്ട് വരികയാണ്.  എന്ന് പറഞ്ഞ പോലെ എന്റെ ചോദ്യത്തിന്റെ  ഉത്തരം   കിട്ടുന്നതോടുകൂടിയാണ് ചോരശാസ്ത്ര നോവല്‍ പൂര്‍ണ്ണമാകുന്നത്.

ഓരോ എഴുത്തുകാരനും തന്റെ സ്വന്തം കൃതിയിൽ  അഹങ്കരിക്കാന്‍ ഒന്നുമില്ല. അവന്‍ തന്റെ ഉള്ളിലെ സ്ര്‍ഗ്ഗ ദേവതയുടെ സാക്ഷാത്കാരമാണ് സാധിക്കുന്നത്.  എഴുത്തുകാരന്‍ എന്ന് ഭാവിച്ച്   വലിയൊരു ബലൂണ്‍ പോലെ സ്വയം വീര്‍പ്പിച്ചു വെച്ചിരിക്കുന്ന ഒരു ഞാന്‍ ഉണ്ടെങ്കില്‍ പറയാം, അയാള്‍ അല്ല എഴുതിയത്!    ചോരശാസ്ത്രത്തിലെ കള്ളനും ആത്മീയതയുടെ  ഒരു കുഴിയില്‍ ചെന്ന് വീഴുന്നു.   അവസാനം ആ കള്ളന് മനസ്സിലാകുന്നത് ഇതൊന്നും തന്റെതല്ല.  എല്ലാവരും എന്റേതാണെന്ന് സ്വയം  അഭിമാനിച്ചതുപോലെ ഞാനും അഭിമാനിച്ചു എന്ന് തിരിച്ചറിയുന്ന നിമിഷം

പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് കള്ളന്‍ അതില്‍ മരിച്ചുപോയി എന്ന് . കള്ളന്‍ ശരിക്കും മരിക്കുന്നില്ല ഏറ്റവും അവസാനം അത് പറയുന്നുണ്ട്. പത്താം വാതില്‍ തുറന്നു കിട്ടിയവന്‍ ഒന്‍പത് വാതിലുകളെയും അതിശയിക്കുന്ന കാഴ്ചകള്‍. ആ    വാതില്‍ തുറന്നു അവന്‍ രക്ഷപ്പെടുകയാണ്.   എന്നിട്ട് ആരുടെയും ഒന്നും ഇനി മോഷ്ടിക്കാന്‍ ഇല്ലാത്തവന്റെ മനോലാഖവത്തോടെ കള്ളന്‍ മടങ്ങുന്നു.

ഇനി അവൻ  മോഷ്ടാവില്ല. ആരുടെയും ഒന്നും മോഷ്ടിക്കാനില്ല എന്ന് തിരിച്ചറിവോട് കൂടി ഈ  ജ്ഞാനദേവതയായ സുബ്രഹ്‌മണ്യനെ  പ്രാര്‍ത്ഥിക്കുന്നു.  ജ്ഞാനം അവന് കിട്ടുകയാണ്.   ഇവിടെയാണ്  സുബ്രഹ്‌മണ്യന്‍ ഈ ചോരശാസ്ത്രത്തിന്റെ അധിദേവത ആയതിന്റെ രഹസ്യം. സുബ്രഹ്‌മണ്യന്റെ പേര് സ്‌കന്ദന്‍ എന്നാണ്. സ്‌കന്ദന്‍ എന്ന് പറഞ്ഞാല്‍ കവരുന്നവന്‍ കവരുന്നത് എന്താണ്. ശരിക്കും  കവരുന്നത്  ഞാന്‍ എന്ന ഭാവമാണ്. ഞാന്‍ എന്ന കള്ളന്‍ ഞാന്‍ എന്ന എഴുത്തുകാരൻ  ഞാന്‍ എന്ന എഞ്ചിനീയര്‍ എന്നൊക്കെ പറഞ്ഞ് ഇങ്ങനെ   നില്‍ക്കുന്ന  ഭാഗത്തെ     കവര്‍ന്നു കഴിഞ്ഞാല്‍ കിട്ടുന്ന എന്താണോ അതാണ് യഥാര്‍ത്ഥത്തിലുള്ള ഞാന്‍.

സ്പിരിച്വാലിറ്റിയിലൂടെയോ  അല്ലെങ്കില്‍ ഫിലോസഫിയിലൂടെയോ  സയന്‍സിലൂടെ ചെല്ലുമ്പോള്‍ എത്തുന്ന അള്‍ട്ടിമേറ്റ് അവസ്ഥ. ആ അവസ്ഥയിലാണ് കള്ളനെ സുബ്രഹ്‌മണ്യന്‍ കൊണ്ടെത്തിക്കുന്നത്.

ചോദ്യം:  ഇത്രയും ഈ ദാര്‍ശനിക ചിന്തകളൊക്കെ ഉള്‍ക്കൊള്ളാനുള്ള  കഴിവ് മലയാളിക്ക് ഉണ്ടോ?

എത്രയൊ പേര്  ഉണ്ട്.  എങ്ങനെയാണ് 27 പതിപ്പുകളായി  നിരീശ്വരന്‍ വായിച്ചുകൊണ്ടിരിക്കുന്നത്.  ചോരശാസ്ത്രം വായിച്ചിട്ട്  ഓങ്കോളജിസ്റ്റ് ഡോക്ടര്‍ കുസുമം  ഫോണ്‍ വിളിച്ചിരുന്നു. എന്നോട് പറഞ്ഞത് ചോര ശാസ്ത്രം വായിച്ച് അതിന്റെ പൊരുള്‍ മനസ്സിലാക്കിയ ഒരാള്‍ പണ്ടേ വായന നിര്‍ത്തിയ ആളായിരിക്കും.  

എങ്കിലും ഇത് കഥയാണ്. രസിച്ച് വായിച്ചപ്പൊ   ആദ്യത്തെ ലെയറില്‍ കിടക്കുന്നത് കള്ളന്റെ കഥയാണ്.  കള്ളന്റെ വിക്രിയകളും എല്ലാം രസിച്ച് എല്ലാവരും കള്ളനെ ഇഷ്ടപ്പെട്ട് വായിച്ചു പോയിട്ടുണ്ട് ഫസ്റ്റ് ലെയര്‍. സെക്കന്‍ഡ് ലെയര്‍ അതില്‍ മാനുഷിക ഭാവങ്ങള്‍ ഭൗതിക ഭാവങ്ങളിലേക്ക് കടക്കുന്നു.  മൂന്നാമത്തെ ലെയറില്‍ സൂക്ഷ്മമായിട്ട് കിടക്കുന്നതാണ് ഞാന്‍ ഇപ്പോള്‍ പറഞ്ഞത് ഈ മൂന്നാമത്തെ ലെയര്‍ വായിക്കുന്നവര്‍ ഒരുപാട് പേരെന്ന് കണ്ടെന്ന് വരില്ല.  പക്ഷേ അവര്‍ക്കും ഒന്നാമത്തെയോ രണ്ടാമത്തെയോ ലെയറില്‍ നിന്നുകൊണ്ട് വായിക്കും.

ആഴത്തിലേക്ക് കടക്കുന്ന ചില ആള്‍ക്കാരുണ്ട്. അവര്‍ എന്നെ വിളിക്കും. വിളിച്ചിട്ട് ഞങ്ങള്‍ സംസാരിക്കുന്ന വേറൊരു തരത്തില്‍ ആയിരിക്കും. ദത്താപഹാരം 20 ഏറെ തവണ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കോഴിക്കോട് നിന്ന് വിഷ്ണു എന്നെ ഇടക്കിടക്ക് വിളിക്കാറുണ്ട്.

നമ്മള്‍ വിചാരിക്കുന്നതുപോലെ അല്ല പ്രത്യക്ഷത്തില്‍ കാണുന്ന പല ആള്‍ക്കാരും ഉള്ളില്‍. കാരണം എല്ലാവരും അടിസ്ഥാന സത്യത്തെ അന്വേഷിക്കുന്നവരാണ്.  എല്ലാവര്ക്കും  വേണ്ടത് സത്യത്തെയാണ്. . അവിടെ എത്താതെ പരിസരത്ത് നില്‍ക്കുന്ന ഒരാള്‍ ഈ പുസ്തകം വായിക്കുമ്പോള്‍  പല സംശയങ്ങൾ ഒഴിഞ്ഞു പോയി എന്ന് വരും.

യുക്തിവാദത്തെ കുറിച്ച് സ്ഥിരമായി  ക്ലാസ് എടുക്കാന്‍ പോകുന്ന ഒരാള്‍ തന്റെ പുസ്തകങ്ങൾ  വായിച്ച ശേഷം    ക്ലാസ് എടുക്കാന്‍ പോകുന്നത്  നിര്‍ത്തിയെന്ന്  പറഞ്ഞു .   ഞാന്‍ ആരും തെറ്റാണെന്നോ ശരിയാണെന്നോ പറയാനില്ല.   ഒന്നിനെയും  നിഷേധിക്കുന്നില്ല നിരീശ്വരന്‍.  അവനവന്  ചിന്തിച്ച്   ബോധ്യപ്പെട്ട് തീരുമാനം എടുക്കാനുള്ള വഴിയിലാണ് അത് നിര്‍ത്തിയിരിക്കുന്നത്. തെറ്റാണെന്ന് തോന്നിയാല്‍ ഉപേക്ഷിക്കുക. പക്ഷെ ശരിയാണെന്ന് തോന്നിയാല്‍ നമുക്ക് അക്‌സെപ്റ്റ് ചെയ്യാതിരിക്കാന്‍ പറ്റില്ല.

ചോദ്യം:  ഈ ഒരുപാട് ഫിലോസഫി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ?  ഏത് രീതിയിലാണ് ഈ ഫിലോസഫിയുമായി  ഒരു ബന്ധം.

ഫിലോസഫി ആയിട്ട് ബന്ധപ്പെട്ട പുസ്തകങ്ങള്‍ - ഓഷോയുടെ ഒക്കെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്.  

ഞാന്‍ പലപ്പോഴും പറയുന്നത്  എഴുതാതിരിക്കാനുള്ള ശ്രമങ്ങളുടെ പരാജയമാണ് എഴുത്ത്. കഴിയുന്നതും  എഴുതാതിരിക്കുക, എഴുത്തു  വരുമ്പോള്‍ എഴുതുക.  

ഇന്ന് നമ്മള്‍ സയന്‍സിലൂടെ കണ്ടെത്തുന്ന എല്ലാ കാര്യങ്ങളും  പ്രകൃതി  എന്നും  നടപ്പാക്കി വെച്ചിരിക്കുന്നു.  നമ്മള്‍ വളരെ വൈകി അത് കണ്ടുപിടിക്കുകയാണ്.

നമ്മുടെ ശരീരത്തിലെ ഒരു സെല്ലിനോട് നമ്മള്‍ എന്തെങ്കിലും പറഞ്ഞിട്ടാണ് അത് പ്രവര്‍ത്തിക്കുന്നത്. എത്രയാ  ട്രില്ല്യണ്‍   സെല്‍സ് ഒരേ സമയം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ ശരീരത്തില്‍.  നമ്മള്‍ ആരും ഒന്നും പറയുന്നില്ല. എന്താണ് സെല്ലിനെ പ്രവര്‍ത്തിപ്പിക്കാന്‍ ആയി  പ്രേരിപ്പിക്കുന്ന ചേതോവികാരം?. നമ്മള്‍ ചിന്തിക്കുന്നില്ല നമുക്ക് ചിന്തിക്കേണ്ട കാര്യമില്ല.   ഉള്ളില്‍ തന്നെ ഇരുന്നിട്ടും എനിക്ക് തിരിച്ചറിയാന്‍ ആവാത്ത എന്നെ തേടി അത് അനുഭവിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സ്പിരിച്വാലിറ്റി എന്ന് പറയുന്നത്.
അതിന് ഉതകുമെങ്കില്‍ മാത്രമേ മതം കൊണ്ട് പ്രയോജനം ഉള്ളൂ. 
ഒരു ആറേഴ് മാസം മുന്‍പ് എന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ഒറ്റ സെല്ല് പോലും ഇപ്പോള്‍ എന്റെ ശരീരത്തിലില്ല. അതെല്ലാം മാറി പുതിയത് വന്ന് വന്നുകൊണ്ടിരിക്കും അപ്പൊ ഏഴ് മാസം മുമ്പുള്ള ജെയിംസ് അല്ലേ ഇപ്പോൾ . ജനിച്ചപ്പോഴുള്ള ജയിംസ് അല്ല ഇപ്പോൾ.

ശരീരം നിരന്തരം മാറിക്കൊണ്ടിരിക്കുമ്പോഴും. ജനിച്ചപ്പോള്‍ മുതല്‍ എന്നില്‍ ഉണ്ടായിരുന്ന മാറാത്ത എന്തോ ഒന്നുണ്ട്.  അത് മാറുന്നില്ല. മാറ്റത്തിന് വിധേയമാകാതിരുന്നുകൊണ്ട് എന്നെ അന്ന് മുതല്‍ പ്രചോദിപ്പിച്ചുകൊണ്ടിരുന്ന അതിനെ അനുഭവിക്കലാണ് സ്പിരിച്വാലിറ്റി.

ചോദ്യം: ജോലിയും എഴുത്തും  ഫാമിലിയും. ഇതെല്ലാം കൂടെ ഒരുമിച്ച് കൊണ്ടുപോകാനായി  എങ്ങനെ കഴിയുന്നു?.

ചിന്തിക്കുക എന്ന് പറഞ്ഞാല്‍ നമ്മള്‍ ഭാരപ്പെട്ട ഒന്നും ചെയ്യുന്നില്ല.  സാധാരണ മനുഷ്യനായിട്ട് ജീവിക്കുന്നു.  സത്യത്തില്‍ ഞാന്‍ എന്താ എഴുതുന്നതെന്ന്  ഭാര്യക്ക്  അറിയില്ല. ഞാനും അടുക്കളയിൽ  വൈഫിന്റെ കൂടെ സഹായങ്ങള്‍ ചെയ്യുന്നു. കുട്ടികളുടെ കാര്യങ്ങളും നോക്കുന്നു.   ഇപ്പോൊ നമ്മളീ പറഞ്ഞ സാധമൊന്നും തലയില്‍ ഇങ്ങനെ ചുമന്നുകൊണ്ട് നടക്കുന്ന ഒരാളല്ല ഞാൻ.  നമ്മുടെ ഉള്ളില്‍ തന്നെ ഒരേ സമയം  ഭര്‍ത്താവ് അച്ഛന്‍ മകന്‍ ഒരു സമൂഹജീവി ഒക്കെ ഉണ്ട്.  

എഴുത്തിന്   ഒരുപാട് കോംപ്രമൈസുകള്‍  വേണ്ടി വരും.  മറ്റുള്ളവൾ  ആഘോഷമാക്കുന്ന   കാര്യങ്ങളില്‍ നിന്ന് എനിക്ക് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്.  പകരം  വായനയിലേക്കും എഴുത്തിലേക്കും മാറേണ്ടി വരുന്നു.  എന്റെ ലഹരി വായനയും  എഴുത്തുമായിരിക്കും അവര്‍ക്ക്  മറ്റൊന്നാകും. അത് ശരി ഇത് തെറ്റെന്നും പറയുന്നില്ല.  

ചോദ്യം:  ഇതുവരെ ഇറങ്ങിയ ഇറങ്ങിയ പുസ്തകങ്ങളാണോ ഇനി വരാന്‍ പോകുന്ന പുസ്തകങ്ങളാണോ കൂടുതൽ മികച്ചതാകുക?

എല്ലാം പുസ്തകങ്ങളും  എനിക്ക് തീര്‍ച്ചയായിട്ടും ഇഷ്ടമായിരിക്കും.  ഇനി ഇറങ്ങാന്‍ പോകുന്നത്  വ്യത്യസ്തമായിരിക്കണം എന്നുള്ള  ആഗ്രഹം മനസ്സിലുണ്ട് . അതിനു  ഞാന്‍ തീര്‍ച്ചയായിട്ടും ശ്രമം നടത്തും

ഇനി വരുന്നതാണ് നല്ലതെന്നൊക്കെ പറയുന്നത് ഒരു ഈഗോയുടെ പ്രകാശനം മാത്രമായിരിക്കും.  അത് വായനക്കാരന്‍ തീരുമാനിക്കും.  ചില ഥകള്‍ വായിക്കുമ്പോള്‍ ഇത് കുറച്ചുനാള്‍ എഴുത്തുകാരൻ വെച്ചുകൊണ്ടിരുന്നെങ്കില്‍ മെച്ചമായേനെ എന്ന്  തോന്നിയിട്ടുണ്ട്.

ചോദ്യം:  എത്ര വയസ്സു വരെ എഴുതാന്‍ കഴിയും?

ഒന്നും പറയാന്‍ പറ്റില്ല.  എനിക്ക്  യാതൊരു പ്ലാനും ഇല്ല.  നമ്മുടെ  കൂടെ നടന്ന ഭയങ്കര മിടുക്കന്മാരായിട്ടിരുന്ന ചിലർ പെട്ടെന്ന് അപ്രത്യക്ഷരാകുന്നു.    അത്തരത്തില്‍ ക്ലെയിംസ് ഒന്നും   മനസ്സില്‍ കൊണ്ടുനടക്കുന്നതേ ഇല്ല. സംഭവിക്കുന്ന പോലെ സംഭവിക്കട്ടെ എന്ന് പറഞ്ഞ് വിടുന്നു.

ഒവി വിജയന്‍ അവസാന കാലം വരെ എഴുതുകയുണ്ടായി. പ്രായമായിട്ടും  നന്നായി  എഴുതുന്ന എത്രയോ നല്ല നല്ല എഴുത്തുകാരുണ്ട്.  പ്രായവും എഴുത്തുമായി ബന്ധം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ക്രിയേറ്റിവിറ്റി ഉള്ള കാലത്ത് എഴുതാന്‍ ശേഷിയുള്ള കാലത്ത് നല്ല കൃതികള്‍ എഴുതാനായി  ആള്‍ക്കാര്‍ക്ക് പറ്റണം, പറ്റുമെന്നാണ് എന്റെ ഒരു തോന്നല്‍.

ചോദ്യം: ഒരു എഴുത്തുകാരനായി എന്നൊരു ബോധ്യം  എന്നാണ്  വരുന്നത്.

എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുന്ന സമയത്ത്    സംഘം ചേര്‍ന്നവരുടെ സങ്കീര്‍ത്തനം എന്ന  കഥ അവതരിപ്പിച്ചു. അധ്യാപകരടക്കം നല്ല അഭിപ്രായങ്ങൾ പറഞ്ഞു.

പുറപ്പാട് നോവല്‍ എഴുതാന്‍ തുടങ്ങി ട്ട് 10 -12 വര്‍ഷത്തിന് ശേഷം  പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ആദ്യം  എം ടിക്ക് ആണ് അയച്ചു കൊടുക്കാന്‍ ആയി  ഒരു കത്ത് എഴുതി. അദ്ദേഹം മാതൃഭൂമി  എഡിറ്റര്‍ ആയിരുന്നു. അദ്ദേഹം എനിക്ക് മറുപടി എഴുതി ജെയിംസേ അയച്ചു തരൂ ഞാന്‍ വായിച്ചു നോക്കാം എന്നു പറഞ്ഞു.  വായിച്ചു നോക്കിയാല്‍ തീര്‍ച്ചയായിട്ടും പ്രസിദ്ധീകരിക്കും എന്ന്  ഉറപ്പായിരുന്നു.   പക്ഷേ ആ സമയത്ത് എംടി  രാജി വച്ച് പോയി.   പിന്നെ  കലാകൗമുദിയിൽ  നേരെ  ചെന്ന് എന്‍ആര്‍ ബാബുവിനു  മാനുസ്‌ക്രിപ്റ്റ്  കൊടുത്തു.

ഒരാഴ്ച കഴിഞ്ഞ് പുള്ളി എന്നെ വിളിച്ചു. ഉടനെ പ്രസിദ്ധീകരിക്കാം എന്നറിയിച്ചു . കലാകൗമുദി  കത്തി നില്‍ക്കുന്ന കാലമാണ് .  എനിക്ക് ഭയങ്കര സന്തോഷം എല്ലാവരോടും പറഞ്ഞു.  പക്ഷെ ആ സമയത്ത് കലാകൗമുദിക്ക്   മാധവക്കുട്ടിയുടെ 'കവാടം' എന്ന നോവല്‍ കിട്ടി.   പ്രശസ്തയായ എഴുത്തുകാരി, സ്വാഭാവികമായി ആദ്യം കൊടുക്കും.  അതുകഴിഞ്ഞിട്ട് പിന്നെ ഒരു നോവല്‍ കെ മോഹന്റെ നോവൽ.

പുതിയ എഴുത്തുകാരന്‍ ആയതുകൊണ്ട് പേരില്‍ മാത്രം എനിക്ക് എന്‍ട്രി കിട്ടാതെ വന്നു.   സര്‍വ്വ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് യാദൃശ്ചികമായി  ട്രെയിന്‍ യാത്രക്കിടയിൽ   ആരോ വായിച്ചിട്ട് ഇട്ടിട്ട് പോയ ഒരു പത്രം   മറിച്ച് നോഖ്യാതി.  ഡിസി ബുക്‌സ് രജത ജൂബിലി പ്രമാണിച്ചു  നോവല്‍ മത്സരം നടക്കുന്നു. 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വേണ്ടി.  അങ്ങനെ ഞാന്‍ ഇത് അയച്ചു കൊടുത്തു. അതിനു സമ്മാനം ലഭിച്ചു.

അരുന്ധതി  റോയി ആണ്  അവാര്‍ഡ് തരുന്നത്. എന്റെ മാനസ ഗുരുവായിരുന്ന ഒവി  വിജയന്‍ രൂപകലപന ചെയ്ത ശില്പമാണ്   കിട്ടിയത് .  വേദിയിൽ  മലയാളത്തിലെ എല്ലാ പ്രശസ്തരായ എഴുത്തുകാരും ഉണ്ട്.

അക്ഷരത്തിന്റെ  കരുത്തുകൊണ്ട് സ്വയം സംഭവിക്കട്ടെ എന്ന് വിചാരിച്ചതുപോലെ തന്നെ ഈ അക്ഷരം എന്നെ ഉയരത്തിലേക്ക്  എടുത്ത് എടുക്കുകയാണ്.  അപ്പോഴാണ്  എഴുത്തുകാരനായി മാറി എന്നുള്ളത് നമ്മള്‍ അറിയുന്നത്

മാതൃഭൂമിയില്‍ പത്രത്തിന്റെ  ഫ്രണ്ട് പേജില്‍  അവാര്‍ഡ് നല്‍കുന്ന ഫോട്ടോ വന്നു .   അതുവരെയുള്ള തിരസ്‌കാരങ്ങളും   പ്രയത്‌നങ്ങളും ഫലപ്രദമായി.  അന്ന് എനിക്കൊരു കാര്യം മനസ്സിലായി. അക്ഷരം പ്രവര്‍ത്തിക്കും. അക്ഷരത്തിന് അത് വിട്ടു കൊടുത്തേക്കുക. അക്ഷരത്തിന് ശക്തിയുണ്ടെങ്കില്‍ അത് സ്വയം തീരുമാനിക്കുകയും  സഞ്ചരിക്കുകയും ചെയ്യും. ഇത്  മൂഢവിശ്വാസം എന്ന ചിലർ പറയുമായിരിക്കും.

ചോദ്യം:    ഇവിടെ   മലയാളത്തില്‍ അല്ലാതെ എഴുതുന്ന മലയാളികളുണ്ട്.  പ്രത്യേകിച്ച്   ഡോക്ടര്‍ എബ്രഹാം വര്‍ഗീസ്.    മലയാള ഭാഷയില്‍ എഴുതിയാല്‍ മാത്രമേ മലയാള സാഹിത്യം ആകുകയുള്ളോ,  അതൊ മലയാളി എഴുതിയാല്‍ മതിയോ.

എനിക്ക് തോന്നുന്നു ഇനിയുള്ള കാലത്ത് നമുക്ക് ഇങ്ങനെ മലയാള സാഹിത്യം, ഇംഗ്ലീഷ് സാഹിത്യം എന്നൊന്നും പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.   മലയാളത്തില്‍ എത്രയോ ഇംഗ്ലീഷ് പദങ്ങളും അത്രയും കാര്യങ്ങളും ആ സാഹചര്യങ്ങളും ഒക്കെ വന്നു കഴിഞ്ഞു.  

മലയാളത്തില്‍ എഴുതുന്നത് തന്നെയാണ് മലയാളം എഴുത്ത് എന്ന് നമുക്ക് നിര്‍ബന്ധം പിടിക്കേണ്ടത് ഇല്ല. ഇനി ഉള്ള കാലം നടക്കുകയുമില്ല. കാരണം  ഇവിടെ പുതിയ തലമുറയിലെ കുട്ടികള്‍ എല്ലാം സംസാരിക്കുന്നത്  ഇംഗ്ലീഷിലാണ്. പക്ഷെ വീട്ടില്‍ മലയാളം സംസാരിക്കുന്നുണ്ടാവും.  പക്ഷെ എഴുതാനായിട്ട് അവര്‍ക്ക് സാധിച്ചെന്നു വരില്ല.  അതിനെ നമ്മള്‍ മലയാളം എഴുത്തല്ലെന്ന് എങ്ങനെ പറയാന്‍ പറ്റും. അങ്ങനത്തെ വിഭജനങ്ങള്‍ ഒക്കെ അസ്തമിച്ചു പോകുമെന്ന് എനിക്ക് തോന്നുന്നു. മറ്റു ഭാഷകളെയും മലയാളം അംഗീകരിക്കേണ്ടി വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക