Image

മതപരിവർത്തനം ആരോപിച്ച് ക്രൈസ്‌തവ വൈദികരെയും കന്യാസ്ത്രീകളെയും പാസ്റ്റർമാരെയും മാത്രമാണ് അറസ്റ്റ് ചെയ്യുന്നത്: നിയമം ഉന്നം വയ്ക്കുന്നത് ക്രൈസ്‌തവരെ ; മാർ തോമസ് തറയിൽ

Published on 25 September, 2026
മതപരിവർത്തനം ആരോപിച്ച് ക്രൈസ്‌തവ  വൈദികരെയും കന്യാസ്ത്രീകളെയും പാസ്റ്റർമാരെയും മാത്രമാണ് അറസ്റ്റ് ചെയ്യുന്നത്:  നിയമം ഉന്നം വയ്ക്കുന്നത്  ക്രൈസ്‌തവരെ  ; മാർ തോമസ് തറയിൽ

കോട്ടയം: രാജ്യത്ത് കൊണ്ടുവരുന്ന മതപരിവർത്തന നിരോധന നിയമം ക്രൈസ്‌തവസമൂഹത്തെ മാത്രം ഉന്നം വച്ചുള്ളതാണെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ. എല്ലാ മതങ്ങളിലേക്കും മതപരിവർത്തനം നടക്കുന്നുണ്ടെന്നും ക്രൈസ്‌തവ നാമധാരികളായ നിരവധി വിദേശികൾ ഇന്ത്യയിലെത്തി ഹൈന്ദവ ആശ്രമങ്ങളിൽ വച്ച് ഹിന്ദു മതം സ്വീകരിക്കുന്നുണ്ടെന്നും അതിനെതിരെ ആരും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ വിമർശിച്ചു. കോട്ടയം സി എസ് ഐ റിട്രീറ്റ് സെൻ്ററിൽ സംഘടിപ്പിച്ച സി എസ് ഐ കേരള റീജിയനൽ വൈദിക സംഗമം 'കൊയ്നോണിയ 2026' ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതപരിവർത്തനം ആരോപിച്ച് ക്രൈസ്‌തവ സഭയിലെ വൈദികരെയും കന്യാസ്ത്രീകളെയും പാസ്റ്റർമാരെയും മാത്രമാണ് രാജ്യത്ത് കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നത്. ഇവിടെയാണ് ഈ നിയമത്തിന് പിന്നിലെ യഥാർഥ ലക്ഷ്യത്തെക്കുറിച്ച് വലിയ സംശയം ഉയരുന്നതെന്നും അതിനാൽ സഭകൾ വലിയ ജാഗ്രത പുലർത്തണമെന്നും മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.

"ഹൈന്ദവ മതമുൾപ്പെടെ എല്ലാ മതങ്ങളിലേക്കും മതപരിവർത്തനം നടക്കുന്നുണ്ട്. എത്രയോ ക്രൈസ്‌തവ നാമധാരികളായ വിദേശികൾ ഇന്ത്യയിൽ വന്ന് പല ഹൈന്ദവ ആശ്രമങ്ങളിലും ഹൈന്ദവരായി മാറുന്നു. അതിനെതിരെ നമ്മൾ ആരും എതിർപ്പ് പ്രകടിപ്പിക്കുന്നില്ലല്ലോ. എന്നാൽ കേസുകൾ വരുമ്പോൾ അത് ക്രൈസ്‌തവർക്ക് എതിരെ മാത്രമായി മാറുന്നത് എന്തുകൊണ്ടാണ്?" മാർ തോമസ് തറയിൽ ചോദ്യമുനയിച്ച് പറഞ്ഞു.

ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റി ആളുകളെ കേട്ടുകൊണ്ടിരിക്കുകയാണെന്നും കണക്കുകൾ നൽകുന്നതിൽ സഭയ്ക്ക് ഒരു തടസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ എഫ് സി ആർ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളും സ്ഥാപനങ്ങളും ഏറ്റെടുക്കാനുള്ള നീക്കങ്ങളോട് പൂർണ്ണമായും എതിർപ്പാണ്. 

അതോടൊപ്പം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തന്നെ പ്രതികൂട്ടിലാകുന്ന തരത്തിലുള്ള വലിയ ക്രമക്കേടുകളാണ് രാജ്യത്ത് പുറത്തുവരുന്നത്.ജനാധിപത്യം അപകടത്തിലാകുമ്പോൾ ജനങ്ങളുടെ സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത്. ജനാധിപത്യം എന്നത് ഒരു ക്രൈസ്‌തവ സംസ്കാരത്തിൻ്റെ ഫലം കൂടിയാണ്. ജനാധിപത്യം നേരിടുന്ന ഈ വെല്ലുവിളികളെ തിരിച്ചറിയുന്ന ഒരു ജനവിഭാഗം വളർന്നുവരുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിതി ലോല മേഖല (ഇഎസ്എ) വിഷയം വിവിധ സർക്കാരുകളുടെ കാലത്ത് തുടരുന്നതാണെങ്കിലും ഇനിയും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. നിലവിലെ മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ട് കർഷകരുടെ ആശങ്ക അകറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് വാക്കുകളിൽ പറഞ്ഞാൽ മാത്രം പോരാ, അത് ജനങ്ങൾക്ക് ബോധ്യപ്പെടണം. ആവശ്യമാണെങ്കിൽ ഈ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിഎസ്ഐ. ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് വിഎസ് ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗുജറാത്ത് സെൻട്രൽ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ ഷിജു സാം വർഗീസ് വിഷയാവതരണം നടത്തി. മതേതരത്വം നേരിടുന്ന പ്രതിസന്ധികളും ക്രൈസ്‌തവ സാക്ഷ്യവും, സമകാലിക കേരളത്തിലെ സഭാ ശുശ്രൂഷയെക്കുറിച്ചൊരു പുനരാലോചന എന്നീ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്‌തു.

ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ, ബിഷപ്പ് ഡോ റോയിസ് മനോജ് വിക്‌ടർ, ബിഷപ്പ് കുര്യൻ പീറ്റർ, ബിഷപ്പ് ജോസ് ജോർജ്, ബിഷപ്പ് ഡോ പ്രിൻസ്റ്റൺ ബെൻ എന്നിവർ നേതൃത്വം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക