
ഇന്ത്യയിലെ ഇലക്ഷന്‍ സംവിധാനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച ചോദ്യങ്ങള്‍ വീണ്ടും ശക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ (ഇ.സി.ഐ) വിവാദത്തില്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണര്‍മാര്‍ കഴിഞ്ഞ പത്ത് മാസത്തിനിടെ വിവിധ തീരുമാനങ്ങളില്‍ കുറഞ്ഞത് 14 തവണ രേഖാമൂലം എതിര്‍പ്പ് പ്രകടിപ്പിച്ചതായുള്ള ദി ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ടാണ് പുതിയ വിവാദത്തിന് വഴിവച്ചത്.
ഗ്യാനേഷ് കുമാറിനെതിരെ അഭിഭാഷകന്‍ ശൈലേന്ദ്ര മണി ഹര്‍ജി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ സമ്മതമില്ലാതെ എസ്.ഐ.ആര്‍ സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തീരുമാനമെടുക്കുന്നു എന്നാണ് ഹര്‍ജിയിലെ ആരോപണം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവനിധ പാര്‍ട്ടികള്‍ രാജ്യ വ്യാപകമായ പ്രക്ഷേഭം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം കേന്ദ്രസര്‍ക്കാരിന്റെ നെഞ്ചില്‍ തറയിക്കുന്ന കൂരമ്പുകളാണ് എന്നതാണ് ശ്രദ്ധേയം.
ഗ്യാനേഷ് കുമാറിനൊപ്പം സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയുമാണ് നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍. വോട്ടര്‍ പട്ടികയിലെ പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതും നീക്കം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍, പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ രീതി, തിരഞ്ഞെടുപ്പ് വിവരശേഖരത്തിന്റെ സുരക്ഷ, വോട്ടര്‍ ഡാറ്റാബേസിലേക്കുള്ള പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ടാണ് സന്ധുവും ജോഷിയും ആശങ്കകള്‍ ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചില നിര്‍ണായക തീരുമാനങ്ങള്‍ തങ്ങളുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് കൈക്കൊണ്ടതെന്നും ഇരുവരും രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് ഡാറ്റാബേസുമായി ബന്ധപ്പെട്ട ആശങ്കകള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ ശ്രദ്ധയിലും കൊണ്ടുവന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
രാജ്യവ്യാപകമായി നടക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) നടപടിയാണ് വിവാദത്തിന്റെ പ്രധാന പശ്ചാത്തലം. വോട്ടര്‍ പട്ടികയില്‍ നിന്ന് അര്‍ഹതയില്ലാത്തവരുടെ പേരുകള്‍ ഒഴിവാക്കുകയും മരിച്ചവര്‍, രാജ്യം വിട്ടവര്‍, ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ തിരുത്തുകയുമാണ് എസ്.ഐ.ആറിന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍ എസ്.ഐ.ആറിന്റെ ഭാഗമായി 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലധികം പേരുകള്‍ ഡ്രാഫ്റ്റ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ നിരവധി വോട്ടര്‍മാര്‍ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.
പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഫോം 6 മാറ്റിയതിലും സന്ധുവും ജോഷിയും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട പുതിയ ചോദ്യങ്ങള്‍ ഫോമില്‍ ഉള്‍പ്പെടുത്തിയത് നിയമഭേദഗതിയില്ലാതെ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്. ഈ മാറ്റം ''അനധികൃതവും നിയമവിരുദ്ധവുമാണ്...'' എന്നായിരുന്നു സന്ധുവിന്റെ രേഖാമൂലമുള്ള പരാമര്‍ശമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വോട്ടര്‍ പട്ടിക കൈകാര്യം ചെയ്യുന്ന ഡിജിറ്റല്‍ സംവിധാനമായ ഇ.സി.ഐ നെറ്റ് സംബന്ധിച്ചും രണ്ട് കമ്മീഷണര്‍മാര്‍ ആശങ്ക ഉന്നയിച്ചു. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിലും തിരുത്തുന്നതിലും സംസ്ഥാനതലത്തിലുള്ള നിയമപരമായ അധികാരികള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം ക്രമേണ കേന്ദ്രതലത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നുവെന്നായിരുന്നു പ്രധാന ആശങ്ക. ബന്ധപ്പെട്ട നിയമപരമായ അധികാരികള്‍ക്ക് മാത്രമേ വോട്ടര്‍ ഡാറ്റാബേസില്‍ മാറ്റം വരുത്താന്‍ കഴിയൂ എന്ന് ഉറപ്പാക്കുന്നതിനായി ഓഡിറ്റ് നടത്തണമെന്നും വിവേക് ജോഷി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമ ബംഗാളിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട നടപടികളിലും ചോദ്യങ്ങള്‍ ഉയര്‍ന്നു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ചില നടപടികള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ എസ്.ഐ.ആറിന്റെ ഭാഗമായി 27 ലക്ഷത്തിലധികം വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ 22 ലക്ഷത്തിലധികം പേര്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയതായും കമ്മീഷന്‍ വ്യക്തമാക്കി. ആകെ 38.31 ലക്ഷത്തോളം അപ്പീലുകള്‍ ലഭിച്ചതായാണ് കമ്മീഷന്റെ കണക്ക്. ഈ നടപടികളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയ രീതിയെക്കുറിച്ചും സുഖ്ബീര്‍ സിങ് സന്ധു ചോദ്യങ്ങള്‍ ഉന്നയിച്ചു. ആരുടെ അനുമതിയോടെയാണ് അപ്പീലുകള്‍ നല്‍കിയതെന്നും നടപടിക്ക് പിന്നിലെ അധികാരമെന്താണെന്നും അദ്ദേഹം ചോദിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, വിവാദത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണവുമായി രംഗത്തെത്തി. കമ്മീഷനിലെ അംഗങ്ങള്‍ക്കിടയിലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്ഥാപനത്തിന്റെ തീരുമാനമെടുക്കല്‍ പ്രക്രിയയുടെ സ്വാഭാവിക ഭാഗമാണെന്ന് ഇ.സി.ഐ വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്മീഷന്‍ കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നുവെന്നും ഏകദേശം 40 പുതിയ പദ്ധതികളും നിരവധി തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ചില ആഭ്യന്തര കുറിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും മാത്രം ഉയര്‍ത്തിക്കാട്ടുന്നത് മുഴുവന്‍ തീരുമാനപ്രക്രിയയുടെയും ചിത്രം നല്‍കുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ച ഓരോ വിഷയത്തിനും വിശദമായ മറുപടി നല്‍കിയിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഫോം 6-ലെ മാറ്റം ആരാണ് നടപ്പാക്കിയതെന്നും പശ്ചിമ ബംഗാളിലെ അപ്പീലുകള്‍ക്ക് അനുമതി നല്‍കിയത് ആരാണെന്നും ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനം ശക്തമാക്കി. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും എസ്.ഐ.ആറിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ക്കെതിരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ബി.ജെ.പി തള്ളി. തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നതിനാലാണ് പ്രതിപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം. കമ്മീഷനിലെ അഭിപ്രായവ്യത്യാസങ്ങള്‍ ജനാധിപത്യപരമായ ചര്‍ച്ചയുടെ ഭാഗമാണെന്നും ബി.ജെ.പി വാദിക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരമുള്ള ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവിലെ നിയമപ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും കമ്മീഷനിലെ അംഗങ്ങളാണ്. 2023-ലെ നിയമപ്രകാരം സാധ്യമായിടത്തോളം കമ്മീഷന്റെ കാര്യങ്ങള്‍ ഏകകണ്ഠമായി കൈകാര്യം ചെയ്യണമെന്നും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ഭൂരിപക്ഷാഭിപ്രായം അടിസ്ഥാനമാക്കി തീരുമാനം എടുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
അതുകൊണ്ടുതന്നെ, രണ്ട് കമ്മീഷണര്‍മാര്‍ തുടര്‍ച്ചയായി രേഖാമൂലം ഉന്നയിച്ച എതിര്‍പ്പുകളും അതിനുശേഷമുള്ള കമ്മീഷന്റെ വിശദീകരണവും ഇപ്പോഴത്തെ വിവാദത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുകയാണ്. വോട്ടര്‍ പട്ടികയുടെ വിശ്വാസ്യത, ഡിജിറ്റല്‍ സംവിധാനത്തിന്റെ നിയന്ത്രണം, പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, പേരുകള്‍ നീക്കം ചെയ്യുന്ന രീതി തുടങ്ങിയ വിഷയങ്ങളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്തേണ്ട സാഹചര്യമാണിപ്പോള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദം അവസാനിപ്പിക്കുമോ, അതോ ആഭ്യന്തരമായി രേഖപ്പെടുത്തിയ എതിര്‍പ്പുകളില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള ചര്‍ച്ചകള്‍ ശക്തമാകുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.