Image

വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന ഫുൾട്ടൻ ഷീനെ അനുസ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ

Published on 25 September, 2026
വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന ഫുൾട്ടൻ ഷീനെ അനുസ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ

സുവിശേഷപ്രഘോഷണത്തിൽ മാധ്യമങ്ങളുടെ ഉപയോഗത്തിന് പ്രാധാന്യം കൊടുത്ത ബിഷപ് ഫുൾട്ടൻ ഷീന്റെ മാതൃക ഇന്നത്തെ യുവജനങ്ങൾക്കും പുതുതലമുറകൾക്കും മാതൃകയാക്കാവുന്നതാണെന്ന് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ 25-ന് ഫ്രാൻസിലേക്ക് നടത്താനിരിക്കുന്ന അപ്പസ്തോലിക യാത്രയ്ക്ക് മുൻപായി, സെപ്റ്റംബർ 23-ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെയാണ്, സുവിശേഷപ്രഘോഷണരംഗത്ത് ബിഷപ് ഷീന്റെ മാതൃകയെക്കുറിച്ച് പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞത്.

സാധാരണയായി റോമിന് പുറത്ത് നടത്തപ്പെടുന്ന വാഴ്ത്തപ്പെട്ടവരായുള്ള പ്രഖ്യാപന ചടങ്ങുകളുമായി ബന്ധപ്പെട്ട് പൊതുകൂടിക്കാഴ്ചമധ്യേയോ ത്രികാലജപപ്രാർത്ഥനാവേളയിലോ പരാമർശിക്കുന്നതിന്റെ ഭാഗമായാണ്, സെപ്റ്റംബർ 24-ന് അമേരിക്കയിലെ സെന്റ് ലൂയിസിൽ നടക്കുന്ന ഫുൾട്ടൺ ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട ചടങ്ങ് കഴിഞ്ഞ ദിവസം പാപ്പാ അനുസ്മരിച്ചത്.

“മാധ്യമങ്ങളിലൂടെ സുവിശേഷം പ്രചരിപ്പിച്ച ഈ മെത്രാന്റെ മാതൃകയും മാദ്ധ്യസ്ഥ്യവും സന്തോഷപൂർവ്വവും ആവേശത്തോടെയും സുവിശേഷസന്ദേശം പങ്കുവയ്ക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്താൻ അനേകർക്ക് പ്രചോദനമാകട്ടെ” എന്ന് പരിശുദ്ധ പിതാവ് ആശംസിച്ചു.

സെപ്റ്റംബർ 24 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മിസൗറിയിലെ സെന്റ് ലൂയിസിലുള്ള “ദി ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ” (The Dome at America’s Center in Saint Louis) ബിഷപ് ഫുൾട്ടൻ ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട തിരുക്കർമ്മങ്ങൾ നടക്കും. സുവിശേഷവത്കരണ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെയായിരിക്കും തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകുക.

48 അമേരിക്കൻ സംസ്ഥാനങ്ങളിൽനിന്നും 12 രാജ്യങ്ങളിൽനിന്നുമായി ഏകദേശം 45,000 തീർത്ഥാടകർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 80-ലേറെ മെത്രാന്മാരും നൂറുകണക്കിന് വൈദികരും പങ്കെടുക്കും.

1895-ൽ ജനിച്ച ഫുൾട്ടൺ ഷീൻ അമേരിക്കൻ ജനതയ്ക്ക് സുപരിചിതനായത് ‘ലൈഫ് ഈസ് വർത്ത് ലിവിങ്’ (Life Is Worth Living) എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ്. 1952 മുതൽ 1957 വരെ സംപ്രേഷണം ചെയ്യപ്പെട്ട ഈ പരിപാടി ദശലക്ഷക്കണക്കിന് പ്രേക്ഷകരെയാണ് ആകർഷിച്ചത്. 1953-ൽ മികച്ച ടെലിവിഷൻ വ്യക്തിത്വത്തിനുള്ള എമ്മി പുരസ്കാരവും അദ്ദേഹം നേടി.

1966-ൽ പോൾ ആറാമൻ മാർപാപ്പയാണ് ഫുൾട്ടൻ ഷീനെ ന്യൂയോർക്കിലെ റോച്ചസ്റ്റർ ബിഷപ്പായി നിയമിച്ചത്. 1979 ഡിസംബറിൽ തന്റെ ശുശ്രൂഷ തുടരുന്നതിനിടെയാണ് അദ്ദേഹം മരണമടഞ്ഞത്. 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-25 08:50:22
💥🔥ദേ, കത്തോലിക്കരുടെ അടുത്ത കാണിക്കവഞ്ചി...... "സ്ത്രീ പ്രസവിച്ച മനുഷ്യൻ എങ്ങനെ വിശുദ്ധനാകും" ??? "ഭൂമിയിൽ ആരെയും പരിശുദ്ധൻ എന്നോ, വാഴ്ത്തപ്പെട്ടവൻ എന്നോ വിളിക്കരുത് ". "ഒരാളത്രേ പരിശുദ്ധൻ, അത് പിതാവായ ദൈവം ഒരുവനത്രേ."... ന്താ കഥ??? 🤔. Text -ൽ ഇങ്ങനെയൊക്കെ വെണ്ടക്കയിൽ എഴുതിയിട്ടും...... ✳️Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക