Image

ആ ദിവസം എന്റെ പേരും പേടിച്ചു: ഒരു ഡോക്ടറുടെ ഓർമ്മക്കുറിപ്പ്… (ഡോ. ഷാ വർമ്മ)

Published on 25 September, 2026
ആ ദിവസം എന്റെ പേരും പേടിച്ചു: ഒരു ഡോക്ടറുടെ ഓർമ്മക്കുറിപ്പ്… (ഡോ. ഷാ വർമ്മ)


                             ‘ഷവർമ്മ’ 😀

“What’s your management plan for the impending cardiac arrest?” 😀

ഡോ. ഷാ വർമ്മ

കുറച്ഛ്  വർഷങ്ങൾക്ക് മുമ്പ് ഞാൻ ഡൽഹിയിലുണ്ടായിരുന്നു കാലം. രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, അല്പം അസ്വസ്ഥത നിറഞ്ഞ ഒരു കാലമായിരുന്നു അത്. പശുവിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങളും cow vigilantism-വും നിരന്തരം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. മതവും രാഷ്ട്രീയവും വ്യക്തിയുടെ പേരും സ്വത്വവുമൊക്കെ പലപ്പോഴും ചർച്ചകളുടെയും സംഘർഷങ്ങളുടെയും ഭാഗമായിരുന്ന സമയം.
അത്തരം വാർത്തകൾ ദിവസവും കേട്ടുകേട്ട്, അറിയാതെ തന്നെ അതിൽ കുറച്ചൊക്കെ നമ്മുടെ മനസ്സിലും കയറിയിരുന്നിരിക്കണം.
ഒരു ദിവസം ഒരു സുഹൃത്ത് വിളിച്ചിട്ടു , “ഷാ, നാളെ ഒരു community medical camp ഉണ്ട്. വരാമോ? വരാമെന്ന് പറഞ്ഞിരുന്ന ഒരു ഡോക്ടർക്ക് പെട്ടെന്ന് എന്തോ അസൗകര്യം വന്നു.”
ഞാൻ കുറച്ചു കാര്യങ്ങൾ ചോദിച്ചു.
“നീ ഒന്നും നോക്കേണ്ട,” അവൻ പറഞ്ഞു.
“രാവിലെ coordinator വിളിക്കും. വണ്ടി വന്ന് pick ചെയ്യും. Breakfast, lunch എല്ലാം അവർ നോക്കിക്കോളും.”
ഞാൻ സമ്മതിച്ചു.
ക്യാമ്പ് എവിടെയാണ്? എന്ന് ഞാൻ എന്തിന് ചോദിച്ചു എന്ന് ഇന്നും എനിക്ക് ഒരു പിടിയും ഇല്ല 
അറിഞ്ഞിട്ടും വലിയ കാര്യമൊന്നു ഉണ്ടായിരുന്നില്ല കാരണം  ഡൽഹിയിലെ ഭൂമിശാസ്ത്രത്തെക്കുറിച്ച് എനിക്ക് വലിയ പിടിയൊന്നുമില്ലായിരുന്നു . തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് — വണ്ടിയിൽ കയറ്റിവിട്ടാൽ നാലു ദിക്കിലും ഒരുപോലെ വഴിതെറ്റുന്ന അവസ്ഥ!
പറഞ്ഞതുപോലെ രാവിലെ വണ്ടിയെത്തി, വഴിയിൽ നിന്നും  breakfast കഴിച്ചു.
സ്ഥലത്തെത്തിയപ്പോഴാണ് ഇത് UP ആണെന്നും ഇതൊരു ചെറിയ പരിപാടിയല്ലെന്ന് മനസ്സിലായത്.
നാല് ഡോക്ടർമാർ. Nurses, ECG technician, Lab technician, Coordinators, മറ്റു supporting staff കൾ. 
ഒരു താൽക്കാലിക clinic ഒരുക്കാൻ വേണ്ടതെല്ലാം അവർ കൊണ്ടുവന്നിരുന്നു.
ടേബിളുകൾ നിരന്നു, ഉപകരണങ്ങൾ എടുത്ത് അടുക്കി . ഓരോ വിഭാഗവും തയ്യാറായി.
പിന്നെ ആളുകൾ എത്തിത്തുടങ്ങി.
നല്ല തിരക്ക്.
ഓരോ ഡോക്ടറുടെയും മുന്നിൽ നീണ്ട നിര.
ഞാനും പതിവ് rhythm-ത്തിലേക്ക് കയറി.
History കേൾക്കുക. പഴയ reports പരിശോധിക്കുക. മരുന്നുകൾ നോക്കുക. ഇപ്പോഴത്തെ complaints ചോദിക്കുക. മുമ്പത്തെ management-ൽ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കുക. തുടർന്നുള്ള treatment-നും follow-up-നും ആവശ്യമായ നിർദേശങ്ങൾ നൽകുക.
രോഗികളെ കണ്ടുതുടങ്ങിയാൽ ചുറ്റുമുള്ള ലോകം പലപ്പോഴും മറന്നുപോകും.ഉച്ചയായപ്പോഴേക്കും ഞാൻ എവിടെയാണെന്ന കാര്യം പോലും ഏതാണ്ട് മറന്നിരുന്നു. Lunch അടുത്തുള്ള മറ്റൊരു കെട്ടിടത്തിലായിരുന്നു.
കൈ കഴുകാൻ അവിടേക്ക് പോയപ്പോഴാണ് ആ കെട്ടിടം ശ്രദ്ധിച്ചത്. വളരെ പഴയതും മനോഹരവുമായ architecture.
Dining area-യിലേക്ക് പോകുന്നതിനുമുമ്പ്, കൗതുകം കൊണ്ട് ഞാൻ അകത്തേക്ക് ഒന്ന് നടന്നു.
ഒരു ഭാഗം കണ്ടു,പിന്നെ മറ്റൊന്ന്.
അപ്പോഴേക്കും പിന്നിൽ നിന്ന് ആരോ വിളിച്ചു:
“Doctor ji… aaiye… jaldi aao… time ho raha hai!”
ഞാൻ പെട്ടെന്ന് dining hall-ലേക്ക് നടന്നു.
അകത്തേക്ക് കയറാൻ പോകുമ്പോൾ ഒരാൾ എന്നെ തടഞ്ഞു.
“Sir…”
അയാൾ എന്റെ കാലിലേക്ക് നോക്കി.


“Please take off your shoes. This is a temple.”
ഒരു നിമിഷം…
എന്റെ ചങ്കിൽ ഒരു വെള്ളിടി വീണതുപോലെ തോന്നി....
അമ്പലമോ?!
ഞാൻ എന്റെ ഷൂസിലേക്ക് നോക്കി. പിന്നെ ഞാൻ വന്ന വഴിയിലേക്ക് നോക്കി.ഞാൻ ഇത്രയും നേരം കൗതുകത്തോടെ കയറിയിറങ്ങി നടന്നത്…
ഷൂസിട്ടുകൊണ്ട് ഒരു ക്ഷേത്രത്തിനുള്ളിലായിരുന്നോ എന്ന് ഞാൻ സംശയിച്ചു.
ആരും എന്നോട് പറഞ്ഞിരുന്നില്ല. എനിക്ക് മനസ്സിലായിരുന്നുമില്ല.
അതിലും പ്രധാനമായി — ഞാൻ അറിയാതെ ചെയ്ത പോയത് ആരെങ്കിലും കണ്ടിണ്ടുണ്ടാവുമോ? എന്ന് ഞാൻ ഉള്ളിൽ ശങ്കിച്ചു.
ഒന്നും സംഭവിക്കാത്തതുപോലെ വളരെ ശാന്തനായി ഷൂസ് ഊരി അകത്തേക്ക് കയറി.
Lunch പൂർണമായും vegetarian ആയിരുന്നു.
ഓർമ്മ ശരിയാണെങ്കിൽ, ഉരുളക്കിഴങ്ങിനെ മനുഷ്യരാശിക്ക് സാധ്യമായ എല്ലാ രൂപത്തിലും അവിടെ അവതരിപ്പിച്ചിരുന്നു.
'Aloo' കൊണ്ട്  ഒരു നീരാട്ടും പട്ടാഭിഷേകവും ആയിരുന്നു അവിടെ! സാധാരണയായിരുന്നെങ്കിൽ ഞാൻ നന്നായി കഴിച്ചേനെ.
പക്ഷേ അന്ന് എനിക്കും ആലൂവിനും തമ്മിൽ ഒരു emotional connection ഉണ്ടാകുന്നില്ല. മനസ്സിൽ മുഴുവൻ മറ്റൊന്നായിരുന്നു.
ഞാൻ എവിടെയൊക്കെയാണ് ഷൂസിട്ട് നടന്നത്? ആരെങ്കിലും കണ്ടോ? കൂടുതൽ പവിത്രമായി കരുതുന്ന ഏതെങ്കിലും സ്ഥലത്തേക്ക് ഞാൻ കയറിയോ? എന്നൊക്കെ ഉള്ള ചിന്തയായിരുന്നു...
രണ്ടുമൂന്ന് കഷണം വേഗത്തിൽ കഴിച്ച് ഞാൻ വീണ്ടും എന്റെ medical desk-ലേക്ക് ഓടി.
അവിടെ രോഗികൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു, ഭാഗ്യത്തിന്, medicine വീണ്ടും എന്നെ രക്ഷിച്ചു.
Reports.
BP.
Diabetes.
ECG.
Old prescriptions.
New complaints.
Lunch കഴിഞ്ഞ് മറ്റുള്ളവരും തിരിച്ചെത്തി. ക്യാമ്പ് വീണ്ടും തിരക്കിലായി.
രോഗികളിലേക്ക് ശ്രദ്ധ മാറിയതോടെ ക്ഷേത്രത്തിലെ സംഭവം പതിയെ മനസ്സിൽ നിന്ന് മാഞ്ഞുതുടങ്ങി.
വൈകുന്നേരമായി.
Camp അവസാനിപ്പിക്കാനുള്ള സമയം.
Equipment എല്ലാം pack ചെയ്തുതുടങ്ങി.
മറ്റു ഡോക്ടർമാരെല്ലാം തീർത്ത് വണ്ടിയിലേക്ക് പോയി. ഒടുവിൽ ബാക്കിയുണ്ടായിരുന്നത് എന്റെ desk, എന്റെ nurse, പിന്നെ കുറച്ച് patients.
Coordinator ദൂരെ നിന്ന് കൈകൊണ്ട് ആംഗ്യം കാണിക്കുന്നു.
“Sir… everyone is waiting… please make it fast.”
പക്ഷേ അവസാനത്തെ രോഗികളാണല്ലോ.
Consultation കഴിഞ്ഞാലും സംശയങ്ങൾ തീരില്ല.
പ്രായമായ രോഗികൾക്കൊപ്പം മക്കളും കൊച്ചുമക്കളും ആയിട്ട് അവിടെ അവർ രസം പങ്കിടുകയായിരുന്നു...
Medical questions തീർന്നപ്പോൾ പതിയെ non-medical questions തുടങ്ങി.
എന്റെ Hindi കേട്ടാൽ തന്നെ ഞാൻ ഡൽഹിക്കാരനല്ലെന്ന് വ്യക്തം.
Accent വേറെ. അതിന് പുറമെ  desk-മുകളിൽ എന്റെ പേര് വലിയ വെണ്ടയ്ക്ക-അക്ഷരത്തിൽ: Dr.SHA.
ഒരു രോഗിയുടെ കൂടെ വന്ന ചെറുപ്പക്കാരി കുറച്ചുനേരമായി എന്റെ ചുറ്റും കൗതുകത്തോടെ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
എന്തോ ചോദിക്കാനുണ്ട്, എന്തോ ചോദിക്കാൻ വരുന്നുണ്ട് എന്ന് എനിക്ക് തോന്നി തുടങ്ങി, അപ്പോഴാണ്  ഉച്ചയ്ക്ക് നടന്ന സംഭവം പെട്ടെന്ന് വീണ്ടും മനസ്സിലേക്ക് വന്നത്.
ക്ഷേത്രം.
ഷൂസ്.
അന്നത്തെ രാഷ്ട്രീയ അന്തരീക്ഷം.
Cow vigilantism.
മതം.
എന്റെ പേര്.
ഹൃദയമിടിപ്പ് കൂടിത്തുടങ്ങി.
എന്റെ കയ്യിൽ മറ്റൊരാളുടെ ECG ആയിരുന്നെങ്കിലും ,അതിലേക്ക് നോക്കി interpretation ചെയ്യാൻ ശ്രമിക്കുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ സ്വന്തം ഹൃദയത്തിലേക്ക് ആയിരുന്നു! ആ ECGയിൽ എന്റെ താളം തെറ്റുന്നതായിട്ടു എനിക്ക് തോന്നി തുടങ്ങി...
Sinus tachycardia…യിൽ നിന്നും ഒരു stable VT തന്നെ, ഇടയ്ക്കിടയ്ക്ക് PVC , ഇനി കുറച്ചുകൂടി പോയാൽ ! unstable V-tach പിന്നെ Cradiac  Arrest, ആപ്പോൾ എന്റെ മനസ്സിൽ ആ തമാശ ഓടി വന്നു "“What’s your management plan for the impending cardiac arrest?” 😀 എന്തിനാണ് ആ സമയത്തു ഈ വൃത്തികെട്ട തമാശ ഓടി വന്നത് എന്ന് എനിക്ക് പിടിയില്ല.
Coordinator ഇപ്പോഴും ദൂരെ നിന്ന് വേഗം കൂട്ടാൻ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
Doctor… വേഗം!
അപ്പോഴാണ് ഞാൻ പ്രതീക്ഷിച്ചിരുന്ന ചോദ്യം വന്നത്.
“Doctor, what is your name?”
“Sha.”
പുള്ളികാരത്തിക്കു അത് പോരാ!
അതാ വന്നു.“Full name?”
എന്റെ തലച്ചോറിനുള്ളിൽ പെട്ടെന്ന് രണ്ട് emergency committees യോഗം ചേർന്നു.
ഒന്ന് പറഞ്ഞു: “നിന്റെ പേര് തന്നെ പറയെടാ!”
മറ്റേ committee-യുടെ agenda:
BJP – RSS – പശു – ക്ഷേത്രം – ഷൂസ് – മതം – വാർത്തകൾ – ആൾക്കൂട്ടം…
ആരെങ്കിലും എന്നെ ഷൂസിട്ട് അകത്ത് നടന്നത് കണ്ടിട്ടുണ്ടെങ്കിലോ? എന്റെ പേര് കേൾക്കുമ്പോൾ അതിന് മറ്റൊരു അർത്ഥം കൊടുത്താലോ?
അവൾ വീണ്ടും ചോദിച്ചു:
“Surname? Where are you from?”
“Kerala,” ഞാൻ പറഞ്ഞു.
ഒരു ചെറിയ pause.
പിന്നെ…
എന്റെ തലച്ചോറിലെ ഏതോ ഇതുവരെ കണ്ടെത്താത്ത survival circuit പ്രവർത്തിച്ചു.
ഞാൻ പറഞ്ഞു:
“Sha Varma.”
അവൾ വീണ്ടും ഉറപ്പിച്ചു.
“Sha… Varma?”
“അതെ.”
Consultation തീർന്നു.
അസാധാരണമായ കാര്യക്ഷമതയോടെ ഞാൻ എന്റെ സാധനങ്ങളെല്ലാം pack ചെയ്തു.
Neurological examination നടത്തിയിരുന്നെങ്കിൽ steady gait എന്ന് ആരും എഴുതാൻ സാധ്യതയില്ലാത്ത രീതിയിൽ വണ്ടിയിലേക്ക് നടന്നു.
Front seat-ലേക്ക് ചാടിക്കയറി. Driver-നോട് പറഞ്ഞു:
“Chalo… jaldi chalo!”
വണ്ടി നീങ്ങി.
കെട്ടിടങ്ങൾ പിന്നിലേക്ക് പോയി, എന്റെ pulse പതിയെ physiological range-ലേക്ക് തിരിച്ചെത്തി. കുറച്ചുദൂരം പോയപ്പോൾ ഞാൻ പറഞ്ഞ പേര് വീണ്ടും മനസ്സിൽ വന്നു- Sha Varma.
ഷാ… വർമ്മ.
ഷാവർമ…
ഷവർമ്മ!
ഒരു ഹിന്ദു ക്ഷേത്രത്തിനകത്ത്, സ്വന്തം identity മറയ്ക്കാനുള്ള വ്യഗ്രതയിൽ എന്റെ തലച്ചോർ കണ്ടുപിടിച്ച പുതിയ പേര്…
ഒരു അറേബ്യൻ dish ! ഞാൻ windshield-ലേക്ക് നോക്കിയിരുന്നു.
പിന്നെ എനിക്ക് തന്നെ ചിരി വന്നു.
പക്ഷേ വർഷങ്ങൾക്കുശേഷം…
ഇന്ന് ആ സംഭവത്തെക്കുറിച്ച് ഓർക്കുമ്പോൾ, എന്നെ ഏറ്റവും കൂടുതൽ ചിന്തിപ്പിക്കുന്നത് “ഷവർമ്മ” എന്ന തമാശയല്ല.
ഞാൻ എന്തിനാണ് അത്ര പേടിച്ചത് എന്നതാണ്.
അന്ന് അവിടെയുണ്ടായിരുന്ന ഒരാളും എന്നെ ഭീഷണിപ്പെടുത്തിയില്ല, ആരും എന്നെ അപമാനിച്ചില്ല, ആരും എന്റെ മതം ചോദിച്ചില്ല.
ക്ഷേത്രത്തിലുണ്ടായിരുന്ന ആ മനുഷ്യൻ വളരെ മാന്യമായി പറഞ്ഞത് ഒറ്റ കാര്യം മാത്രം:
“Sir, please remove your shoes.”
അത്ര മാത്രം.
ദിവസം മുഴുവൻ അവിടെയുള്ളവർ അവരുടെ ആരോഗ്യത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. എന്നെ വിശ്വസിച്ചു.
ആ പെൺകുട്ടി എന്റെ മുഴുവൻ പേര് ചോദിച്ചതും ഒരുപക്ഷേ വെറും കൗതുകം കൊണ്ടായിരിക്കാം.
പക്ഷേ…
വാർത്തകളും രാഷ്ട്രീയവും ആൾക്കൂട്ട ആക്രമണങ്ങളുടെ കഥകളും എന്റെ സ്വന്തം അബദ്ധവും എല്ലാം കൂടി ചേർന്ന്,
അവിടെ ആരും സൃഷ്ടിക്കാത്ത ഒരു അപകടം എന്റെ മനസ്സ് തന്നെ സൃഷ്ടിച്ചിരുന്നു.
ഒരുപക്ഷേ communal fear ഒരു സമൂഹത്തിൽ ഉണ്ടാക്കുന്ന ഏറ്റവും നിശ്ശബ്ദമായ മുറിവുകളിൽ ഒന്നാണത്.
അക്രമം അതിന്റെ നേരിട്ടുള്ള ഇരയെ മുറിവേൽപ്പിക്കും.
പക്ഷേ…
അക്രമത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ഭയം അതിനേക്കാൾ വളരെ ദൂരം സഞ്ചരിക്കും.
അത് ഒരു സാധാരണ medical camp-ലേക്ക് കടന്നുവരാം, ECG വായിക്കുന്ന ഒരു ഡോക്ടറുടെ അടുത്ത് ഇരിക്കാം.
വളരെ സാധാരണമായ ഒരു ചോദ്യം—
“Doctor, what's your full name?”
—എന്നതിനെപ്പോലും identity-യും safety-യും കണക്കുകൂട്ടേണ്ട ഒരു ചോദ്യമാക്കി മാറ്റാം.
എന്നാൽ അന്ന് മറ്റൊരു യാഥാർഥ്യവും അവിടെ ഉണ്ടായിരുന്നു.
നാല് ഡോക്ടർമാർ.
Nurses.
Technicians.
Volunteers.
നൂറുകണക്കിന് നാട്ടുകാർ.
എല്ലാവരും ഒന്നിച്ചുകൂടിയത് വളരെ സാധാരണമായ, എന്നാൽ അതിമനോഹരമായ ഒരു കാര്യത്തിനായിരുന്നു: പരസ്പരം അറിയാത്ത മനുഷ്യരെ പരിചരിക്കാൻ, ആ ദിവസത്തിന്റെ ഭൂരിഭാഗവും ആരുടെയും മതത്തിന് ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല.
രോഗി — രോഗിയായിരുന്നു.
Nurse — nurse ആയിരുന്നു.
Doctor — doctor ആയിരുന്നു.
ഒരുപക്ഷേ, ഈ കഥയിൽ ഏറ്റവും കൂടുതൽ ഓർക്കേണ്ടതും അതുതന്നെയായിരിക്കാം.
പിന്നെ…
ഡൽഹിയിലെവിടെയെങ്കിലും ആ പെൺകുട്ടി ഇന്നും അന്നത്തെ കേരളത്തിൽ നിന്നുവന്ന, അല്പം പരിഭ്രമിച്ച ആ ഡോക്ടറെ ഓർക്കുന്നുണ്ടെങ്കിൽ…
അവൾ ഇപ്പോഴും കരുതുന്നുണ്ടാവും അയാളുടെ പേര്—
ഡോ. ഷാ വർമ്മ.
അവൾ ഒരിക്കലും അറിയാതിരിക്കട്ടെ…
അത് യഥാർത്ഥത്തിൽ,
ഷവർമ്മ ആയിരുന്നെന്ന്! 😄

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക