Image

ആരോഗ്യരംഗത്തെ പ്രതിനിധികൾക്ക് ആർട്ട് 4 ഓൾ ഫൗണ്ടേഷന്റെ ആദരം ; നഴ്സിംഗ് നേതൃത്വത്തിലെ മികവിന് ഡോ. താര ഷാജന് വിശിഷ്ട അംഗീകാരം

Published on 24 September, 2026
ആരോഗ്യരംഗത്തെ  പ്രതിനിധികൾക്ക്  ആർട്ട് 4 ഓൾ ഫൗണ്ടേഷന്റെ ആദരം ;  നഴ്സിംഗ് നേതൃത്വത്തിലെ മികവിന് ഡോ. താര ഷാജന് വിശിഷ്ട അംഗീകാരം

 

 

ആരോഗ്യരംഗത്തും  സമൂഹത്തിലും മാതൃകാപരമായ സ്വാധീനം ചെലുത്തിയ പ്രമുഖ ഡോക്ടർമാരെയും ആരോഗ്യമേഖലയിലെ പ്രതിനിധികളെയും ആദരിക്കുന്നതിനായി 'ആർട്ട് 4 ഓൾ ഫൗണ്ടേഷൻ' (Art 4 All Foundation) സംഘടിപ്പിച്ച പ്രത്യേക അനുമോദന ചടങ്ങ്  ശ്രദ്ധേയമായി. ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികൾ  പങ്കെടുത്ത ചടങ്ങിൽ വിവിധ മെഡിക്കൽ മേഖലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാരെയും ആരോഗ്യരംഗത്തെ പ്രമുഖ നേതാക്കളെയും ആദരിച്ചു.

വിവിധ വൈദ്യശാസ്ത്ര ശാഖകളിൽ നിന്നുള്ള പ്രഗത്ഭരായ ഡോക്ടർമാർക്കൊപ്പം, മികച്ച   നേതൃപാടവത്തിനും മാതൃകാപരമായ സേവനത്തിനും രോഗി കേന്ദ്രീകൃത പരിചരണം മെച്ചപ്പെടുത്തുന്നതിലെ ആത്മസമർപ്പണത്തിനും  അംഗീകാരമായി ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് മെന്റൽ ഹെൽത്ത് / KPC-യിൽ ചീഫ് നഴ്സിംഗ് ഓഫീസർ ആയ ഡോ. താര ഷാജനും  പ്രത്യേകമായി  ആദരിക്കപ്പെട്ടു. 

വിവിധ മെഡിക്കൽ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള ഡോക്ടർമാർക്കിടയിൽ ഈ അംഗീകാരം ലഭിച്ച ഏക നഴ്സ് ഡോ. താര ഷാജൻ ആണെന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ് . വിവിധ മെഡിക്കൽ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള പ്രമുഖ ഡോക്ടർമാർക്കൊപ്പമാണ് നഴ്സിംഗ് നേതൃത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഈ അംഗീകാരം ഡോ. താര ഷാജൻ ഏറ്റുവാങ്ങിയത്.

സമൂഹത്തിനും ആരോഗ്യമേഖലയ്ക്കും നൽകിയ വിലയേറിയ സംഭാവനകളെ മാനിച്ച്, ന്യൂയോർക്ക് സ്റ്റേറ്റ് കംപ്ട്രോളർ തോമസ് പി. ഡിനാപോളിയുടെ പ്രശംസാപത്രവും  കോൺഗ്രസ് അംഗം തോമസ് സുവോസിയുടെ പ്രത്യേക അംഗീകാരവും  യു.എസ് പ്രതിനിധി ലോറ ഗില്ലന്റെ  പ്രത്യേക കോൺഗ്രസ് അംഗീകാരവും  (Special Congressional Recognition) ഡോ. താര ഷാജന് സമ്മാനിച്ചു.

ഡോ. താര ഷാജന്റെ ഔദ്യോഗിക ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുകയാണ്  ഈ അംഗീകാരം. ഡോ. താര ഷാജന്റെ  വ്യക്തിഗത നേട്ടങ്ങളെ മാത്രമല്ല  മറിച്ച് ആരോഗ്യമേഖലയെ രൂപപ്പെടുത്തുന്നതിലും രോഗികൾക്കുവേണ്ടി നിലകൊള്ളുന്നതിലും  നഴ്സിംഗ് നേതൃത്വത്തിന്റെ ശക്തമായ പങ്കിനെയും കൂടിയാണ് ഈ അംഗീകാരം  അടയാളപ്പെടുത്തുന്നത്. സമൂഹത്തെ ശക്തിപ്പെടുത്തുന്നതിലും ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം എല്ലാവർക്കും ലഭ്യമാക്കുന്നതിലും നഴ്സുമാർ നൽകുന്ന സംഭാവനകൾക്കുള്ള  അഭിമാനകരമായ അംഗീകാരമായി ഈ ചടങ്ങ്.

ഡോ. താര ഷാജൻ നിലവിൽ ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് മെന്റൽ ഹെൽത്ത് / KPC-യിൽ ചീഫ് നഴ്സിംഗ് ഓഫീസർ ആയി സേവനമനുഷ്ഠിക്കുന്നു. കൂടാതെ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റായും, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കിന്റെ അഡ്വൈസറി ബോർഡ് അംഗമായും പ്രവർത്തിക്കുന്നു.
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക