
കൊച്ചി: മലയാള സിനിമയുടെ ക്ലാസിക് മുഖങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ.കെ. ലോഹിതദാസിന്റെ തിരക്കഥയിൽ 1987-ൽ പുറത്തിറങ്ങിയ 'തനിയാവർത്തനം' നാടക ആവിഷ്കാരമായി അരങ്ങിലെത്തി. സെപ്റ്റംബർ 20 ഞായറാഴ്ച്ച 'ദി റിക്കറിംഗ് റിഥം (തനിയാവർത്തനം)' എന്ന പേരിൽ മസാച്യുസെറ്റ്സിലെ വാട്ടർടൗൺ മോസേസിയൻ സെന്റർ ഫോർ ദ ആർട്സിൽ (Mosesian Center for the Arts, Watertown, MA) അരങ്ങേറിയ ആദ്യ ഷോ വൻവിജയമായി .

മലയാളത്തിലൊരുക്കിയ ഈ നാടകം ഇംഗ്ലീഷ് സൂപ്പർടൈറ്റിലുകളോടെയാണ് അവതരിപ്പിച്ചത്. 50 മിനിറ്റായിരുന്നു സമയദൈർഘ്യം . 1980-കളിലെ കേരളത്തിലെ ഒരു പരമ്പരാഗത കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. പഴയകാല വിശ്വാസങ്ങളെയും ആചാരങ്ങളെയും തലമുറകളായി മുറുകെപ്പിടിക്കുന്ന ഒരു സമൂഹത്തിന്റെ കഥയാണിത്.

പഴമയെ അംഗീകരിക്കുമ്പോഴും മാറിവരുന്ന കാലത്തിന്റെ മാറ്റങ്ങൾ തിരിച്ചറിയുകയും എന്നാൽ കുടുംബത്തോടുള്ള സ്നേഹം കൊണ്ടോ പഴയ വ്യവസ്ഥയെ നേരിടാനുള്ള ധൈര്യമില്ലായ്മ കൊണ്ടോ അതിനെ ചോദ്യം ചെയ്യാൻ കഴിയാതെ പോകുകയും ചെയ്യുന്ന ഒരു സ്കൂൾ അധ്യാപകനാണ് ബാലൻ. കുടുംബത്തിന്മേൽ വന്നുചേരുന്ന ഒരു അന്ധവിശ്വാസത്തിന്റെ പേരിൽ നിസ്സഹായനായി മാറുന്ന ബാലന്റെ ജീവിതമാണ് നാടകത്തിന്റെ പ്രമേയം.

കുടുംബത്തിന്റെ നന്മ ആഗ്രഹിക്കുമ്പോഴും പാരമ്പര്യമായി പിന്തുടരുന്ന വിശ്വാസം സംരക്ഷിക്കേണ്ടത് തന്റെ കടമയായി കാണുന്ന കുടുംബനാഥയായ വലിയമ്മയും, വ്യവസ്ഥിതിയുടെ അപകടങ്ങൾ വ്യക്തമായി കാണുന്ന എന്നാൽ കുടുംബത്തോടുള്ള ഉത്തരവാദിത്തം കാരണം അതിൽ നിന്ന് പൂർണ്ണമായി മോചിതനാകാൻ കഴിയാത്ത ബാലന്റെ ഇളയ സഹോദരൻ ഗോപിയും കഥയിൽ പ്രധാന കഥാപാത്രങ്ങളാണ് . വലിയമ്മ കുടുംബത്തെ നിസ്വാർത്ഥം സ്നേഹിക്കുന്നു എങ്കിലും, തനിക്ക് ലഭിച്ച വിശ്വാസത്തെ സംരക്ഷിക്കുന്നതും അടുത്ത തലമുറയ്ക്ക് പകർന്നുനൽകുന്നതുമാണ് തന്റെ പ്രധാന ചുമതലയായി അവർ കാണുന്നത്. അവർ ഉറച്ച വിശ്വാസത്തോടെ ആ വ്യവസ്ഥിതിയെ മുന്നോട്ട് നയിക്കുന്നതിന് മുൻഗണന നൽകുന്നു .

പരസ്പരമുള്ള സ്നേഹവും കടമയും ഒപ്പം ഭയവും ചേർന്നൊരുക്കുന്ന ചുഴിയിൽ പെട്ടുപോകുന്ന ഒരു കുടുംബത്തിന്റെ നേർക്കാഴ്ചയാണ് ഈ നാടകം. വിശ്വാസങ്ങളുടെയും ഭയത്തിന്റെയും കൂട്ടിലകപ്പെട്ട്, സ്വന്തം നിലനിൽപ്പിനായി പൊരുതേണ്ടി വരുന്ന മനുഷ്യരുടെ ദയനീയ അവസ്ഥയാണ് കഥ വരച്ചുകാട്ടുന്നത്.

അണിയറപ്രവർത്തകരും അഭിനേതാക്കളും: സംവിധാനം: ധീരജ് പ്രസാദ്, സ്റ്റേജ് അഡാപ്റ്റേഷൻ/ അസിസ്റ്റന്റ് ഡയറക്ടർ : സിനി മുരളി, ഫ്ലൂട്ട് ട്രാക്ക്: സചിത് കുറുപ്പ്.
അഭിനേതാക്കൾ: ധീരജ് പ്രസാദ്, ശ്വേത നായർ, പാർവതി മേനോൻ, മനോജ് പിള്ള, രതീഷ് നായർ, രാജേഷ് ചന്ദ്രൻ, നിവ്യ മേനോൻ, ബിനിൽ ബാലകൃഷ്ണൻ, ശ്രീനി കുറുപ്പ്, നിഷ നമ്പ്യാർ, രവി നാരായണൻ, സമീഷ് മേനോൻ, ഉപമന്യു നമ്പ്യാർ.

അണിയറ പ്രവർത്തകർ: സന്ദീപ് വേണു, സംഗീത വാര്യത്ത്, അശോക് കുമാർ, വിനീത മനോജ്, അശ്വതി കുമാർ.
ടിക്കറ്റുകൾക്ക് : www.saathfest.com
