Image

നീലവസന്തം തേടി മൂന്നാറിലേക്ക് (മിനി മോഹനൻ)

Published on 24 September, 2026
നീലവസന്തം തേടി മൂന്നാറിലേക്ക് (മിനി മോഹനൻ)

പന്ത്രണ്ടുവർഷത്തിലൊരിക്കൽ മാത്രം വിരുന്നെത്തുന്ന  നീലവസന്തം.
ആ വസന്തത്തെ വരവേൽക്കാൻ മലനാടൊരുങ്ങിയിരിക്കുന്നു. അതുകാണാൻ ലോകമാകെയും കാത്തുനിൽക്കുന്നു!

മൂന്നാർ മലനിരകളിലാണ് പ്രകൃതിയൊരുക്കിയ ഈ  അപൂർവ്വസുന്ദരമായ ദൃശ്യവിസ്മയം.    മൂന്നാറിലെത്തുമ്പോൾ ആദ്യം കണ്ണിൽപ്പെടുന്നത് പച്ചപ്പണിഞ്ഞ മലനിരകളാണ്. തേയിലക്കാടുകളുടെ ഹരിതകഞ്ചുകം മൂന്നാർഗിരിശൃംഗങ്ങളെ  സൗന്ദര്യത്തിന്റെ നിറകുടങ്ങളാക്കുന്നു. പർവ്വതപംക്തികളുടെ  ഈ മരതകവർണ്ണവും അവയ്ക്കു കുടവിരിക്കുന്ന ആകാശത്തിന്റെ വിശാലനീലിമയും നിമിഷംതോറും രൂപമാറ്റംവരുന്ന വെള്ളമേഘങ്ങളും താഴ്‌വരകളിൽ അവിടവിടെ  വീണുകിടക്കുന്ന കോടമഞ്ഞും എല്ലാംചേർന്ന, എത്രകണ്ടാലും മതിവരാത്ത  സ്വർഗ്ഗീയസുന്ദരമായ കാഴ്ച!    എന്നാൽ കുറിഞ്ഞിക്കാലമെത്തിയാൽ ആ കാഴ്ചയ്ക്ക് മറ്റൊരു നിറം കൈവരും. മലഞ്ചെരുവുകളിലാകെ ഇളംവയലറ്റ് പൂക്കൾ വിരിഞ്ഞുനിൽക്കുമ്പോൾ മൂന്നാർ ഒരു വലിയ നീലവസന്തത്തിന്റെ കേദാരമായി  മാറുന്നു.

പന്ത്രണ്ടുവർഷത്തിലൊരിക്കൽ മാത്രം വിരുന്നെത്തുന്ന ഈ അപൂർവ പുഷ്പവിസ്മയം ആയിരക്കണക്കിന് സഞ്ചാരികളെയാണ് ദിനംപ്രതി  മൂന്നാറിലേക്ക് ആകർഷിക്കുന്നത്. മലയാളികൾ മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽനിന്നെത്തിയവരും വിദേശികളും ഇക്കൂട്ടത്തിലുണ്ട്. ഇവർ എല്ലാവരും ഒരേ ശബ്ദത്തിൽ അംഗീകരിക്കുന്നൊരു കാര്യമുണ്ട് -  മലകൾക്ക് കുറിഞ്ഞിപ്പൂക്കൾ വിരിച്ചുനൽകുന്ന നീലകംബളത്തിന്റെ ഈ അപൂർവ കാഴ്ച ഒരിക്കൽ കണ്ടാൽ മറക്കാനാവാത്തതാണ് എന്ന സത്യം.

കഴിഞ്ഞുപോയ പ്രധാന നീലക്കുറിഞ്ഞിവസന്തം  2018-ലെ  പ്രളയകാലത്തായിരുന്നു. അതിനാൽ അതുകാണാൻ കാത്തിരുന്ന പലർക്കും നിരാശയായിരുന്നു ഫലം. പൊതുവെ കുറിഞ്ഞിച്ചെടികൾ പൂക്കുന്നത് ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മഴക്കാലമാസങ്ങളിലാണ്.  മഴ കൂടുതലാണെങ്കിൽ പൂക്കൾ വേഗം നശിച്ചുപോകും. ആ വസന്തകാലത്തിന്റെ തനിയാവർത്തനത്തിനായി 2030 വരെ  കാത്തിരിക്കണം. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിലൊക്കെ പല സ്ഥലങ്ങളിലും കുറിഞ്ഞി പൂത്തിരുന്നു. ഈ വർഷമാകട്ടെ പല മലനിരകളിലും   വളരെ കൂടുതലായി പൂത്തിരിക്കുന്നതിനാൽ സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്.
ചൊക്രമുടിയും മാട്ടുപ്പെട്ടി, കൊരണ്ടക്കാട് മലനിരകളുമാണ് കുറിഞ്ഞിപ്രേമികൾക്ക്  പ്രധാന ആകർഷണകേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. മറ്റു ദിനങ്ങളെ അപേക്ഷിച്ച്   അവധിദിനങ്ങളിൽ സഞ്ചാരികളുടെ അഭൂതപൂർവ്വമായ തിരക്കാണ് ഈ കേന്ദ്രങ്ങളിലൊക്കെ .  

‘നീലക്കുറിഞ്ഞി’ എന്നാണ് പേരെങ്കിലും പൂക്കൾക്ക് കടുംനീല നിറമല്ല. യഥാർത്ഥത്തിൽ അവയ്ക്ക് ഇളംവയലറ്റിനോടടുത്ത നിറമാണ്. ചിത്രങ്ങളിലും വീഡിയോകളിലും പലപ്പോഴും കാണുന്ന കടുത്ത നീലനിറം നേരിൽ കാണുമ്പോൾ പ്രതീക്ഷിക്കുന്നതുപോലെയായിരിക്കണമെന്നില്ല.  
പക്ഷേ അതുകൊണ്ട് കാഴ്ചയുടെ മനോഹാരിതയ്ക്ക് ഒട്ടും കുറവില്ല.
മലഞ്ചെരുവുകളിൽ കൂട്ടത്തോടെ വിരിഞ്ഞുനിൽക്കുന്ന എണ്ണമറ്റ  പൂക്കൾ ചേർന്നു സൃഷ്ടിക്കുന്ന  ആ നിറവിസ്മയമാണ് യഥാർത്ഥമായ അത്ഭുതം.

ചൊക്രമുടിയിലെ മലഞ്ചെരുവുകൾ നിറയെ   കുറിഞ്ഞിപ്പൂക്കളാണെങ്കിലും അങ്ങോട്ടേക്കുള്ള മലകയറ്റം ആയാസപൂർണ്ണമാണ്.


കുറിഞ്ഞിപ്പൂക്കൾ അടുത്തുകാണണമെന്ന ആഗ്രഹത്തിൽ മലമുകളിലേക്കു കയറിപ്പോകുന്നവർക്കു  മുന്നിൽ കാത്തിരിക്കുന്നത് കുത്തനെയുള്ള പാറക്കെട്ടുകളിലൂടെയുള്ള  സാഹസികത നിറഞ്ഞ യാത്രയായിരിക്കും.  ചിലയിടങ്ങളിൽ നേരിയ  അശ്രദ്ധപോലും വലിയ  അപകടത്തിനു കാരണമാകാം. അതുകൊണ്ടുതന്നെ വളരെ സൂക്ഷിക്കണമെന്ന് സന്ദർശകരെ ഓർമ്മിപ്പിച്ചുകൊണ്ടും പലപ്പോഴും നിരുത്സാഹപ്പെടുത്തിയും  ഗാർഡുകൾ  പലയിടങ്ങളിലായി നിൽക്കുന്നുണ്ടാകും. ഈയവസരത്തിൽ നമ്മളോർക്കേണ്ടതു കുറിഞ്ഞിപ്പൂക്കളെ കാണാനുള്ള ആവേശം എത്രയുണ്ടെങ്കിലും സാഹസത്തെക്കാൾ  സ്വന്തം സുരക്ഷയ്ക്ക് മുൻഗണന നൽകുകതന്നെയാണ് പ്രധാനം എന്നതാണ്.

കുറിഞ്ഞിവസന്തം കാണാൻ നിർബന്ധമായും മലകയറണമെന്നില്ല.
മാട്ടുപ്പെട്ടി–കൊരണ്ടക്കാട് മലനിരകളിലെ കുറിഞ്ഞിപ്പൂക്കാലം കുറച്ചുകൂടി സൗകര്യപ്രദമായി ആസ്വദിക്കാം. കണ്ണൻ ദേവൻ കമ്പനിയുടെ  കൊരണ്ടക്കാട് തേയിലത്തോട്ടത്തിലൂടെ ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരത്തിൽ സഞ്ചാരികൾക്കായി വഴിയൊരുക്കിയിട്ടുണ്ട്. ഇടയ്ക്കിടെ വിശ്രമിക്കാനും വെള്ളം കുടിക്കാനും സൗകര്യങ്ങളുണ്ട്.

ഒരു വശത്ത് തേയിലത്തോട്ടങ്ങളുടെ പച്ചപ്പ്. എവിടെയൊക്കെയോ വെള്ളിയുരുക്കിയൊഴിച്ചതുപോലെ താഴേക്കുപതിക്കുന്ന ജലപാതങ്ങൾ.  മറുവശത്ത് മലഞ്ചെരുവുകളിലാകെ വിരിഞ്ഞുനിൽക്കുന്ന ഇളംവയലറ്റ് പൂക്കൾ. അങ്ങുദൂരെ  മലനിരകൾക്കിടയിൽ വീണുറങ്ങുന്ന മേഘജാലം.
നടന്നുനീങ്ങുമ്പോൾ ഓരോ വളവിലും ഓരോ പുതിയ കാഴ്ച.
കുറിഞ്ഞിപ്പൂക്കളുടെ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കാനും വീഡിയോകൾ പകർത്താനും സഞ്ചാരികൾക്ക് അവസരമുണ്ട്. മൊബൈൽ ഫോൺ ക്യാമറകൾക്ക് വിശ്രമമില്ലാത്ത ദിവസങ്ങളാണ് ഇവിടം സമ്മാനിക്കുന്നത്!
എന്നാൽ ആ കാഴ്ചകൾ പകർത്തുന്നതിനേക്കാൾ മനോഹരമായ മറ്റൊരു കാര്യമുണ്ട് - കുറച്ചുനേരം ക്യാമറയ്ക്കും മൊബൈൽഫോണിനും അവധിനൽകി,  കുറുഞ്ഞിപ്പൂക്കളുടെ വിസ്മയദൃശ്യം  വെറുതെ കണ്ടുനിൽക്കുക.
പന്ത്രണ്ടുവർഷം കാത്തിരുന്ന് പൂത്ത ആ മലകളുടെ നിശ്ശബ്ദതയും സൗന്ദര്യവും കണ്ണുകൾകൊണ്ട് നേരിട്ട് അനുഭവിക്കുക. ആ മനോഹരനിമിഷങ്ങളെ എന്നെന്നേക്കുമായി ഹൃദയത്തിലാവാഹിക്കുക.

പോകാൻ ഒരുങ്ങുന്നവർ അറിയേണ്ടത്

പ്രവേശനകവാടങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റുകൾ ലഭിക്കും. നിങ്ങൾ യാത്ര തിരിക്കുന്ന ദിവസത്തെ നിരക്കുകളും ഓൺലൈൻ ബുക്കിങ് സംവിധാനവും ഔദ്യോഗികമായി പരിശോധിച്ച് മുൻകൂട്ടി ടിക്കറ്റ് എടുക്കുന്നതാണ് തിരക്ക് ഒഴിവാക്കാൻ നല്ലത്.

ചൊക്രമുടിയിലും കൊരണ്ടക്കാട്ടിലും പ്രവേശനനിരക്കുകളിൽ വ്യത്യാസമുണ്ട്. പ്രവേശനകവാടങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് ലഭിക്കും. ഇപ്പോഴത്തെ  നിരക്കുകൾ, ഒരാൾക്ക് ചോക്രമുടിയിൽ 200രൂപയും ( കുട്ടികൾക്ക് (10-18 വയസ്സ്) ₹100.),  കൊരണ്ടക്കാട് 250രൂപയും ആണ്. എപ്പോഴും ഒരേ നിരക്കായിരിക്കണമെന്നില്ല.   കുട്ടികൾക്കുള്ള നിരക്കും പ്രായപരിധിയും ഉൾപ്പെടെയുള്ള വിവരങ്ങൾ യാത്രയ്ക്കുമുമ്പ് പുതുക്കി പരിശോധിക്കുക.

പൂക്കളെ കാണാം… പറിക്കരുത്

കുറിഞ്ഞിപ്പൂക്കളുടെ മനോഹാരിത ആസ്വദിക്കുമ്പോൾ ഏറ്റവും പ്രധാനമായി ഓർക്കേണ്ടത് അവയുടെ സംരക്ഷണമാണ്.
നീലക്കുറിഞ്ഞി സംരക്ഷിതസസ്യവിഭാഗത്തിൽപ്പെട്ടതാണ്.
അതുകൊണ്ട് പൂക്കൾ പറിക്കുകയോ ചെടികൾ നശിപ്പിക്കുകയോ ചെയ്യരുത്. ഒരു പൂവോ ചെടിയോ  പറിച്ചെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനെക്കാൾ ആയിരക്കണക്കിന് പൂക്കൾ അടുത്തൊരു തലമുറയ്ക്കും കാണാൻ കഴിയുന്ന തരത്തിൽ അവയെ അവിടെത്തന്നെ വിടുന്നതാണ് യഥാർത്ഥ സ്നേഹം.
നമ്മൾ അവിടെ അതിഥികളാണ്. കുറിഞ്ഞിപ്പൂക്കൾ പൂക്കുന്ന മലകൾ അവയുടെ സ്വന്തം വീടും. namuk
പ്രകൃതി എല്ലാ വർഷവും ഒരേ സമ്മാനം തരുന്നില്ല. ചില കാഴ്ചകൾക്കായി വർഷങ്ങളോളം കാത്തിരിക്കണം. ചില പൂക്കൾ വീണ്ടും കാണാൻ ഒരു മനുഷ്യായുസ്സിന്റെ ചെറിയൊരു ഭാഗം തന്നെ കാത്തിരിക്കേണ്ടിവരും.
അത്തരമൊരു കാത്തിരിപ്പിനൊടുവിലാണ് മൂന്നാറിലെ മലകൾ ഇപ്പോൾ ഇളംവയലറ്റ് പൂക്കളണിഞ്ഞുനിൽക്കുന്നത്.
മൂന്നാറിലെ മലനിരകൾ കുറിഞ്ഞിപ്പൂക്കളെക്കൊണ്ട് നമ്മെ വിളിക്കുകയാണ്.
വരൂ…ഒരിക്കൽ കണ്ടാൽ വീണ്ടും കാണാൻ കാത്തിരിക്കേണ്ടി വരുന്ന
ഈ നീലവസന്തത്തെ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടുപോകൂ.
പക്ഷേ പൂക്കളെ അവിടെത്തന്നെ വിടൂ.
അടുത്തൊരു പന്ത്രണ്ടുവർഷത്തിനുശേഷം മറ്റൊരാൾക്കും ആ അത്ഭുതം കാണാൻ കഴിയട്ടെ.
.........................
മിനി മോഹനൻ 

Join WhatsApp News
Sudhir Panikkaveetil 2026-09-24 18:11:32
ഒരു പൂ വിരിയാൻ പന്ത്രണ്ടു വര്ഷം കാത്തിരിക്കേണ്ടി വരിക. കൂട്ടത്തോടെ പുഷ്പിക്കുന്ന അവയുടെ ഭംഗി കഴിയുമെങ്കിൽ ആസ്വദിക്കേണ്ടത് തന്നെ. ശാസ്ത്രം പറയുന്നത് ഈ ചെടി വളർന്നു വലുതാകാൻ പന്ത്രണ്ടു വര്ഷം എടുക്കുന്നുവെന്നു. ഭാരതത്തിൽ ആയതുകൊണ്ട് അതിന്റെ പുറകിലും കഥയുണ്ട്. പന്ത്രണ്ടു വര്ഷം കൂടുമ്പോൾ ദേവന്മാർ ഭൂമി ദേവിയെ സന്ദർശിക്കാൻ എത്തുന്നു. ഭൂമി അവർക്കായി നീലനീരാളം വിരിക്കുന്നു. ശ്രീമതി മിനി മോഹന്റെ വിവരണങ്ങൾ നീലവസന്തം കാണാൻ പ്രേരിപ്പിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക