Image

നമുക്ക് വിശ്വസിക്കാൻ നമ്മുടെ ദൈവത്തെ തെരുവിലേക്ക് ഇറക്കേണ്ടതില്ല; ജോസ്ന സാബു സെബാസ്റ്റ്യൻ, യുകെ

Published on 23 September, 2026
നമുക്ക് വിശ്വസിക്കാൻ നമ്മുടെ  ദൈവത്തെ  തെരുവിലേക്ക് ഇറക്കേണ്ടതില്ല; ജോസ്ന സാബു സെബാസ്റ്റ്യൻ, യുകെ


ഞാൻ യുകെയിൽ വന്നിട്ട് പത്തിരുപത് വർഷമായി.  വന്ന കാലത്ത്,  എങ്ങനെ പണമുണ്ടാക്കാം എന്ന ചിന്ത തന്നെ ആയിരുന്നു എനിക്ക്  . അതിനായി ഇവിടൊന്ന് പിടിച്ചു നിൽക്കാൻ പെടാ പാടുപെട്ടു. പക്ഷേ സമ്പന്നതയേക്കാൾ കൂടുതൽ എന്നെ ആകൃഷ്ടിച്ചത് ഇവിടുത്തെ മനുഷ്യരുടെ ശാന്തത ആയിരുന്നു…. ജാതി, മതം, രാഷ്ട്രീയം, മത്സരം  ഇവ മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ സമ്മതിക്കാത്ത ഒരിടത്തുനിന്ന് രക്ഷപ്പെട്ട് ഇവിടെത്തിയപ്പോൾ ഒരാശ്വാസമായിരുന്നു…കാരണം, ഒരു മനുഷ്യനായി ജീവിക്കണം എന്ന ആഗ്രഹം എന്നിൽ അത്രയേറെ ജീവിച്ചിരുന്നു…

അതെ ആദ്യകാലത്ത് ഞാൻ കണ്ടത് ചെറിയ ഇംഗ്ലീഷ് പള്ളികളാണ്. പഴമയുടെ ഭാഗമായി നിൽക്കുന്ന, ആരെയും നിർബന്ധിക്കാത്ത, ആർപ്പുവിളിക്കാത്ത പള്ളികൾ. അവിടെ കയറുമ്പോൾ എന്തൊരു ശാന്തത ആയിരുന്നെന്നോ…
ദൈവം ഒച്ചയില്ലെന്നും നിശ്ശബ്ദതയിലാണെന്നും ഞാൻ അവിടെ പഠിച്ചു….
വിശ്വാസം പ്രദർശനമല്ല, അനുഭവമാണെന്ന് ആ പള്ളികൾ എന്നെ പഠിപ്പിച്ചു.

പിന്നീട് ഇന്ത്യയിൽനിന്നുള്ള പള്ളികൾ ഇവിടെ വളർന്നു. രണ്ടു മണിക്കൂർ കുർബാന, ഒരു മണിക്കൂർ മതബോധനം, കുട്ടികളുടെയും ഇടവകകളുടെയും മത്സരം, പണം പിരിവ്…പദവിക്കായുള്ള കിതപ്പ്…തങ്ങളുടെ പെരുമ അറിയിക്കാനുള്ള പെടാപ്പാട്…കൂടാതെ ഇംഗ്ലീഷുകാരെ നോക്കി ഞങ്ങളെ കാണൂ, ഞങ്ങളുടെ വിശ്വാസം കാണൂ എന്നു പറയുന്ന മതം….
എന്നാൽ വിശ്വാസം കാണിച്ചുകൊടുക്കേണ്ടതല്ല. ദൈവം സത്യമാണെങ്കിൽ അവന് സ്പീക്കർ വേണ്ട. ആർപ്പുവിളി വേണ്ട. മത്സരം വേണ്ട എന്നവർ നമ്മളോട് പറയാതെ പറഞ്ഞു ഊറിച്ചിരിച്ച് കടന്നു പോയി….

ഈ ബഹളത്തിനിടയിലാണ് ഞാൻ ചില ഹിന്ദുക്കളെ നോക്കിത്തുടങ്ങിയത്. അവർ നിശ്ശബ്ദരാണ്. ഈ തിരക്കിൽ അവർ അവരുടെ വിശ്വാസം നിലനിർത്താൻ പാടുപെടുന്നു. എങ്കിലും അവർ ആരെയും നിർബന്ധിക്കുന്നില്ല….
ആ നിശ്ശബ്ദത എനിക്ക് പ്രിയമായി. പക്ഷേ ഇപ്പോൾ ലണ്ടനിലും തെരുവുകളിൽ അവരും പ്രദർശനങ്ങൾ തുടങ്ങിയിരിക്കുന്നു. ഏതു മതമായാലും അത് ആത്മീയതയല്ല, അഹങ്കാരമാണ്. എന്റെ ദൈവം നിന്റെ ദൈവത്തെക്കാൾ വലിയവൻ എന്നു തെളിയിക്കാൻ ഇറങ്ങുന്നത് ദൈവത്തിനുവേണ്ടിയല്ല, നമ്മുടെ അഹത്തിനുവേണ്ടിയാണ്.

ഇപ്പോൾ ബ്രിട്ടീഷുകാർ നമ്മളെ വൃത്തികെട്ടവർ, അഴുക്ക്, ദുർഗന്ധം എന്നു വിളിക്കുന്നു. ഇച്ചിരികൂടി അവരുടെ ഭാഷയിൽ പറഞ്ഞാൽ നാണം കെടും.. (Now some in Britain call us dirty, filthy, stinking and can smell the shit here)
നാം എന്തുകൊണ്ട് അവർക്ക് അതിനുള്ള വഴി കാണിച്ചുകൊടുക്കുന്നു?
അവർ സംസാരിക്കുന്ന അഴുക്ക് നമ്മുടെ ദേഹത്തിലെയല്ല..അത് നമ്മുടെ അഹങ്കാരത്തിലേയാണെന്ന് ഞാൻ വിശ്വസിക്കുന്നു…
നാം രക്ഷപ്പെട്ടത് ഒരു കൂട്ടിൽനിന്നാണ്. പുതിയ നാട്ടിൽ അതേ കൂട് പണിതു. ജാതി, മതം, രാഷ്ട്രീയം, മത്സരം ഇവിടെയും നമ്മൾ കൊണ്ടുവന്നു. നമ്മുടെ കുട്ടികൾ വളരുന്ന ജനക്കൂട്ടത്തിൽ അവിടെ അവരെ വൃത്തികെട്ടവർ എന്നു വിളിക്കുന്നു. വീട്ടിൽ അവർ കാണുന്നത് മതമത്സരവും ഇടവക അഹങ്കാരവും. ഇതിൽനിന്ന് എന്തു മനുഷ്യനാണ് ഉണ്ടാകുന്നത്?

സത്യത്തിൽ ഇന്ന് ലണ്ടനിൽ എല്ലാ വിശ്വാസങ്ങളുടെയും മുഖങ്ങളുണ്ട്. മുസ്ലിംകൾ, ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ, യഹൂദർ, ബുദ്ധർ, ജൈനർ, ദൈവവിശ്വാസമില്ലാത്തവർ. അത് ഒരു കുറ്റമല്ല. നഗരം ഒരു പൂന്തോട്ടമാണെങ്കിൽ വ്യത്യസ്ത പൂക്കൾ ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷേ കുറ്റം ഒരു പൂവ് മറ്റുള്ളവയെ അടിച്ചമർത്താൻ നോക്കുമ്പോഴാണ്. എന്റെ വിമർശനം മുസ്ലിംകൾക്കെതിരല്ല, ഹിന്ദുക്കൾക്കെതിരല്ല, ക്രിസ്ത്യാനികൾക്കെതിരല്ല. മതത്തെ മത്സരമാക്കുന്ന, വിശ്വാസത്തെ പ്രദർശനമാക്കുന്ന, ദൈവത്തെ അധികാരത്തിന്റെ ആയുധമാക്കുന്ന മനുഷ്യരോടാണ്.

ഞാൻ ഇപ്പോൾ വേറൊരിടം തേടുന്നു..
അവിടെ ശുദ്ധമായ മനുഷ്യനെ കാണാം. എന്നാൽ ആ ഇടം ഒരു രാജ്യമല്ല….ഹൃദയമാണ്. ജാതി ചോദിക്കാത്ത…മതം ചോദിക്കാത്ത..രാഷ്ട്രീയം ചോദിക്കാത്ത..മത്സരബുദ്ധി ഇല്ലാത്ത ഹൃദയം . അത് കേൾക്കുന്നത് ആർപ്പുവിളികളല്ല..നിശ്ശബ്ദമായ പ്രാർത്ഥനയാണ്.

കാരണം നമുക്ക് വിശ്വസിക്കാൻ നമ്മുടെ ദൈവത്തെ തെരുവിലേക്ക് ഇറക്കേണ്ടതില്ല. ദൈവം ആർപ്പുവിളിക്കുന്നവനല്ല. അവൻ നിശ്ശബ്ദതയിലാണ്. നമുക്ക് മനുഷ്യരാകാം. മനുഷ്യത്വത്തിന് ജാതിയില്ല, മതമില്ല, ദുർഗന്ധമില്ല. അതിന് ഒരേ ഒരു ഭാഷയേയുള്ളൂ ….സ്നേഹം.

(ആരുടെയും പ്രാർത്ഥന എനിക്കു വിഷയമല്ല. ആരെങ്കിലും അത് എന്റെ നേരെ തിരിക്കുമ്പോഴാണ് വിഷയം. ഞാൻ ആഗ്രഹിക്കുന്നത് ഒരു മതവും അപമാനിക്കപ്പെടാത്ത, ഒരു മനുഷ്യനും പുറത്താക്കപ്പെടാത്ത, നിശ്ശബ്ദമായ ഒരു ലോകമാണ്.)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക