
ഹ്യൂസ്റ്റൺ: ഈ വർഷം ഹ്യൂസ്റ്റനിൽ നടന്ന ഓണാഘോഷ പരിപാടികളിൽ ഏറെ മികച്ചതായിരുന്നു നൂപുര സ്കൂൾ ഓഫ് ഡാൻസ് സംഘടിപ്പിച്ച മേളിതം 2026 . അക്ഷരാർഥത്തിൽ വർണങ്ങൾ വാരിവിതറിയ ഒരാഘോഷം. നൂപുരയിലെ നാനൂറ്റി അൻപതില്പരം വരുന്ന വിദ്യാർഥികളും അവരുടെ മാതാപിതാക്കളും അടങ്ങുന്ന ഒരു വലിയ ജനാവലി പങ്കെടുത്ത ആഘോഷം സംഘടിപ്പിച്ചത് മിസ്സോറി സിറ്റിയിലെ ക്നാനായ സെന്ററിൽ ആയിരുന്നു.

രാജകീയ പ്രൗഡിയോടെ എഴുന്നെള്ളിയ മഹാബലിയെ താലപ്പൊലിയേന്തിയ തരുണീമണികളും ചെണ്ട മേളങ്ങളും ചേർന്ന് സ്വീകരിച്ചാനയിച്ചു. അതിമനോഹരമായ തിരുവാതിരയും മഹാബലിക്കു മുന്നിൽ അവതരിപ്പിക്കപ്പെട്ടു.
തുടർന്ന് മുഖ്യാതിഥിയായിരുന്ന ഫോർട്ട് ബെൻഡ് കൗണ്ടി പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ, മുഖ്യ സ്പോൺസറായിരുന്ന റോയൽ ട്രാവൽസ് ഉമ്മെൻ തോമസ്, ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി അനിൽ ആറന്മുള, ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡണ്ട് രാമദാസ് കണ്ടത്തിൽ, നൂപുര സി ഇ ഓ ഡോ. ശ്രീദേവി സുരേഷ്, ഡിറക്ടർ ഗീതു സുരേഷ്, രമ പിള്ള എന്നിവർ ഭദ്രദീപം കൊളുത്തി കലാപരിപാടികൾക്ക് തുടക്കമിട്ടു.

ഡോ. ശ്രീദേവി സുരേഷ് സ്വാഗതമാശംസിച്ചു. ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ ഓണ സന്ദേശം നൽകി. തുടർന്ന് നടന്ന കലാപരിപാടികൾ തീർത്തും വർണ വിസ്മയം തീർത്തവയായിരുന്നു. അനിൽ ജനാർദ്ദനന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാനമേള ഗൃഹാതുരത്വമുണർത്തുന്നതായിരുന്നു.
അതീവ സ്വാദിഷ്ടമായ ഓണസദ്യ വേറിട്ട അനുഭവമായി.