Image

വിശ്വാസപരിശീലന ഞായര്‍ രൂപതാതല ഉത്ഘാടനം: 'വിശ്വാസം സ്വീകരിക്കുക, ജീവിക്കുക, പങ്കുവയ്ക്കുക': മാര്‍ ജോയ് ആലപ്പാട്ട്

ജോസ് മാളേയ്ക്കല്‍ Published on 23 September, 2026
വിശ്വാസപരിശീലന ഞായര്‍ രൂപതാതല ഉത്ഘാടനം: 'വിശ്വാസം സ്വീകരിക്കുക, ജീവിക്കുക, പങ്കുവയ്ക്കുക': മാര്‍ ജോയ് ആലപ്പാട്ട്

ചിക്കാഗോ / ഫിലാഡല്‍ഫിയ: കത്തോലിക്കാ സഭയുടെ വിശ്വാസപരിശീലന ശുശ്രൂഷയ്ക്ക്  നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതിനും, അധ്യാപകര്‍ എന്നരീതിയില്‍ അവര്‍ നിര്‍വഹിക്കുന്ന മഹത്തായ സേവനങ്ങള്‍ വിലമതിച്ചാദരിക്കുന്നതിനും, പുതുതലമുറയില്‍പെട്ട കുട്ടികളില്‍ വിശ്വാസവിത്തുകള്‍ വിതയ്ക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കുന്നതിനുംവേണ്ടി യു. എസിലെ കത്തോലിക്കാ മെത്രാന്‍സമിതിയും (USCCB), ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതയും സംയുക്തമായി ആഹ്വാനംചെയ്യുന്ന വിശ്വാസപരിശീലന ഞായറാഴ്ച്ചയുടെ (Catechetical Sunday) രൂപതാതല ഉത്ഘാടനം അഭിവന്ദ്യ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു.

ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫൊറോനാദേവാലയത്തില്‍ സെപ്റ്റംബര്‍ 20 ഞായറാഴ്ച്ച ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനായും, രൂപതാ മതബോധന ഡയറക്ടറും, ഇടവകവികാരിയുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍, അസിസ്റ്റന്റ് പാസ്റ്റര്‍ റവ. ഫാ. മാത്യു പള്ളിവാതുക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായും അര്‍പ്പിക്കപ്പെട്ട ദിവ്യബലിയ്ക്കുശേഷം വിശ്വാസപരിശീലന അദ്ധ്യാപകരെയും, കുട്ടികളെയും, വിശ്വാസിസമൂഹത്തെയും സാക്ഷിയാക്കി മാര്‍ ജോയ് ആലപ്പാട്ട് ഭദ്രദീപം തെളിച്ച് രൂപതാതല ഉത്ഘാടനം നിര്‍വഹിച്ചു.

രൂപതയില്‍ കുട്ടികളുടെ വിശ്വാസപരിശീലനക്ലാസുകള്‍ ആരംഭിക്കുന്ന സെപ്റ്റംബര്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ് അമേരിക്കയിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളും വിശ്വാസപരിശീലനദിനമായി ആചരിക്കുന്നത്.

2026 ചിക്കാഗൊ രൂപതയെ സംബന്ധിച്ച് മറ്റൊരു നാഴികക്കല്ലുകൂടിയാണ്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും സമയബന്ധിതമായി അവതരണശൈലിയിലും, പ്രതിപാദനരീതിയിലും, ഭാഷാശൈലിയിലും അമേരിക്കന്‍ നിലവാരത്തിലേയ്ക്ക് നവീകരിക്കുന്ന ജോലി രൂപതയുടെ മതബോധന ഡയറക്ടറായ റവ. ഡോ. ജോര്‍ജ് ദാനവേലിലിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. നവീകരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും തദവസരത്തില്‍ അഭിവന്ദ്യ ആലപ്പാട്ടു പിതാവു നിര്‍വഹിക്കുകയുണ്ടായി. ഇനിമുതല്‍ എല്ലാ വര്‍ഷങ്ങളിലും ഒന്നുമുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍ പുതുക്കിയ പാഠപുസ്തകങ്ങളാവും പഠിപ്പിക്കുന്നത്. രൂപതാതലത്തില്‍ നടത്തിവരുന്ന ദൈവവചനബൈബിള്‍ ക്വിസ് 2027 ന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫും ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു.
കുട്ടികളുടെ വിശ്വാസപരിശീലനത്തിനായി രൂപതാതലത്തില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപകരെ ഔദ്യോഗികമായി കമ്മീഷന്‍ ചെയ്യുന്നു എന്നതിനുപരി, മാമ്മോദീസാ സ്വീകരിച്ച എല്ലാ വ്യക്തികളും തങ്ങള്‍ക്ക് ലഭിച്ച ക്രൈസ്തവവിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ ബാധ്യസ്ഥരാണെന്നുള്ള മഹത്തായ ദൗത്യം ഉത്‌ബോധിപ്പിക്കാനും വിശ്വാസപരിശീലനഞായര്‍ ആചരണത്തിലൂടെ സഭ ലക്ഷ്യമിടുന്നു.

വചനം മാംസമായി നമ്മള്‍ക്കിടയില്‍ ജീവിച്ച യേശുക്രിസ്തുവിന്റെ സ്‌നേഹവും, സത്യവും വരുംതലമുറകള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന വലിയ ദൗത്യത്തെക്കുറിച്ച് സഭ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ദിവസമാണിത്. കേവലം ഒരു ഔദ്യോഗിക ചടങ്ങിനപ്പുറം ഓരോ ക്രിസ്ത്യാനിയുടെയും ആത്മീയ ഉത്തരവാദിത്വത്തെ ജ്വലിപ്പിക്കുന്ന ഒരു ആഹ്വാനമാണീ ദിനം നല്‍ക്കുന്നത്. വിശ്വാസപരിശീലനം എന്നാല്‍ കേവലം പാഠപുസ്തകങ്ങളിലെ അറിവുകള്‍ മന:പാഠമാക്കലല്ല; മറിച്ച് അത് ജീവിക്കുന്ന ദൈവവുമായുള്ള വ്യക്തിപരമായ ഒരു ബന്ധത്തിലേക്ക് കുട്ടികളെ നയിക്കലാണ്. കൊടുംകാറ്റില്‍ ഉലയാത്ത ആത്മീയ കോട്ടയായി വളരാന്‍ അവരെ പ്രാപ്തരാക്കുന്നത് ദൈവവചനമാണ്. ''കുട്ടി നടക്കേണ്ട വഴിയില്‍ അവനെ പരിശീലിപ്പിക്കുക, പ്രായമാക്കുമ്പോഴും അവന്‍ അതില്‍നിന്നു വ്യതിചലിക്കുകയില്ല'' (സുഭാഷിതങ്ങള്‍ 22:6) എന്ന ദൈവവചനം ഇവിടെ അര്‍ത്ഥപൂര്‍ണമാവുണ്.

രൂപതയുടെ വിശാസപരിശീലന ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിട്ടുള്ള അദ്ധ്യാപകനും, അനദ്ധ്യാപകനും സഭയുടെ വലിയൊര സമ്പത്താണ്. തങ്ങളുടെ സമയവും, കഴിവുകളും പ്രതിഫലേച്ഛകൂടാതെ ദൈവവേലക്കായി സമര്‍പ്പിക്കുന്നവരാണവര്‍. ക്ലാസ് മുറികളില്‍ അവര്‍ വെറും ആധ്യാപകരല്ല, മറിച്ച് ക്രിസ്തുവിന്റെ സാക്ഷികളാണ്. സ്വന്തം ജീവിതമാതൃകകൊണ്ട് കുട്ടികള്‍ക്ക് വഴികാട്ടികളാകുന്ന ഈ ദൈവവിളിയെ സഭ നന്ദിയോടെ സ്മരിക്കുകയും, അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും വേണം.

വിശാസപരിശീലനം ഞായറാഴ്ച്ചകളിലെ ഏതാനും മണിക്കൂറുകളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. കൊച്ചുകുട്ടികളെ സംബന്ധിച്ച് അവരുടെ മാതാപിതാക്കളാണ് പ്രാഥമിക അദ്ധ്യാപകര്‍. ഗാര്‍ഹിക സഭ എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വന്തം ഭവനം ആദ്യത്തെ ക്ലാസ്മുറിയും.  മാതാപിതാക്കള്‍ ജീവിക്കുന്ന വിശ്വാസസാക്ഷ്യമാണ് മക്കള്‍ കണ്ടു പഠിക്കുന്നത്. മാതാപിതാക്കളുടെ പ്രര്‍ത്ഥനാജീവിതവും, പരസ്പര സ്‌നേഹവും കണ്ടുവളരുന്ന കുട്ടികളില്‍ വിശ്വാസം സ്വാഭാവികമായിത്തന്നെ ആഴപ്പെടും. സ്വന്തം ഭവനത്തില്‍ ലഭിക്കുന്ന വിശ്വാസപരിശീലനത്തിന്റെ തുടര്‍ച്ചയായാണ് മതബോധനസ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ വിശ്വാസപരിശീലന യാത്രയിലെ മറ്റൊരുഘട്ടം എന്നു മാത്രമേ മതബോധനസ്‌കൂളുകളെ വിശേഷിപ്പിക്കാനാവൂ. വീട്ടില്‍ മാതാപിതാക്കളില്‍നിന്നും, സഹോദരങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രാര്‍ത്ഥനാചൈതന്യത്തെയും, വിശ്വാസതീക്ഷ്ണതയെയും അരക്കിട്ടുറപ്പിക്കുക മാത്രമേ ആഴ്ച്ചയിലൊരിക്കല്‍ മാത്രമുള്ള സി.സി.ഡി ക്ലാസുകളും, വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും മറ്റും ചെയ്യുന്നുള്ളു.

അതിനാല്‍ വിശ്വാസപരിശീലന ഞായര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ''നമ്മുടെ ജീവിതം തന്നെയാണ് ഏറ്റവും ശക്തമായ പാഠപുസ്തകം'' എന്നതാണ്. ഇടവക സമൂഹം ഈ പ്രക്രിയക്ക് കരുത്തും, തണലുമേകണം. ഒരു കുട്ടി ക്രിസ്തുവില്‍ വളരുന്നത് ആ ഇടവകയുടെ ആത്മീയ ചൈതന്യത്തിന്റെ പ്രതിഫലനമാണ്.

ഈ വര്‍ഷത്തെ വിശ്വാസപരിശീലന ഞായര്‍ ആചരണത്തിന്റെ ചിന്താവിഷയം ലൂക്കായുടെ സുവിശേഷം 4:18 'കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്നെന്നെ അഭിഷേകം ചെയ്തിരിക്കുന്നു' എന്ന വാക്യമാണ്. ഈ ദിവസം സഭ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ''വിശ്വാസം വെറും അറിവല്ല, ജീവിതമാണ'' എന്ന സത്യമാണ്. കുട്ടികള്‍ക്ക് വിശ്വാസപരിശീലനം നല്‍കുന്നവരായ വൈദികര്‍, സന്യസ്തര്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവര്‍ എല്ലാവരും ക്രിസ്തുവിന്റെ സ്‌നേഹവും, സത്യവും ജീവിതത്തിലൂടെ പ്രകടിപ്പിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുന്നു

ചുരുക്കിപറഞ്ഞാല്‍ വിശ്വാസപരിശീലന ഞായര്‍, വെറും ഒരു ആഘോഷദിനമല്ല. അത് വിശ്വാസത്തിന്റെ വിത്തുകള്‍ വിതക്കാനും, വളര്‍ത്താനും നമ്മെ വിളിക്കുന്ന ദിനമാണ്. ക്രിസ്തുവിന്റെ സ്‌നേഹം നമ്മുടെ ഹൃദയത്തില്‍ നിറഞ്ഞാല്‍, അതു സ്വാഭാവികമായി മറ്റുള്ളവരുടെ ജീവിതത്തിലും പ്രകാശിക്കും. നമ്മുടെ കുട്ടികളെ വെറും ഭൗതിക വിജയങ്ങള്‍ നേടുന്നവരായി മാത്രമല്ല, ആത്മീയവെളിച്ചമുള്ളവരും, സമൂഹത്തിന് തണലാകുന്നവരുമായി വളര്‍ത്താം.

 

Join WhatsApp News
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-23 18:10:29
💥🔥വിശ്വസിക്കാൻ പരിശീലിക്കണോ???? അങ്ങ് വിശ്വസിച്ചാൽ പോരേ???ഇതെന്താ ഇവന്റെയൊക്കെ കിളി പോയോ???? ✳️Rejice ജോൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക