
കലാ സംഘാടകനും നാടക രചയിതാവും സാംസ്കാരികപ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കവെയാണ് അന്ത്യം. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനും സംഗീത നാടക അക്കാദമി മുൻ അധ്യക്ഷനുമാണ്.
മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍റ് സൗണ്ട് ഷോയുടെ ശിൽപിയാണ് അദ്ദേഹം. ലിംക ബുക്ക് ഓഫ്‍ റെക്കോര്‍ഡ്സിലെത്തിയ സാംസ്കാരികോത്സവം - സൂര്യ മേളയുടെ അമരക്കാരനാണ്, 50 വര്‍ഷത്തോളമായി അദ്ദേഹം .
പാരമ്പര്യത്തിന്റെ മിഴിവുകൾ നഷ്ടപ്പെടുത്താതെ ശബ്ദവും വെളിച്ചവും കൊണ്ടു കാവ്യാത്മകമാകുന്ന അരങ്ങ് ആകർഷകമാക്കുന്നതിൽ അദ്ദേഹം മികവു പ്രകടിപ്പിക്കുന്നു. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സീനിയർ സയന്റിസ്റ് ആയാണ് വിരമിച്ചത്. പിന്നീട് കലാരംഗത്തോടുള്ള താൽപര്യം പിന്തുടർന്ന് സാംസ്കാരിക പ്രവർത്തനത്തിലേക്ക് പൂർണമായി തിരിയുകയായിരുന്നു.ശാസ്ത്രലോകത്തുനിന്ന് കേരളത്തിന്റെ കലാവേദികളിലേക്കുള്ള ഈ മാറ്റം അദ്ദേഹത്തിന്റെ ജീവിതത്തിലെ ശ്രദ്ധേയ അധ്യായമായി.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രചനയും സംവിധാനവും നിർവഹിച്ച 'മേൽവിലാസം' എന്ന നാടകം നാനൂറിലേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. മേൽവിലാസം പിന്നീട് ചലച്ചിത്രമായപ്പോൾ തിരക്കഥ രചിച്ചതും സൂര്യ കൃഷ്ണമൂർത്തി തന്നെയാണ്. ഇരുപതിൽപ്പരം രംഗാവതരണങ്ങളുടെ ശിൽപിയായിരുന്നു. മേൽവിലാസം, എന്റെ രക്ഷകൻ, ചായക്കടക്കഥകൾ (ആറ് നാടകങ്ങൾ അടങ്ങിയ പരമ്പര) എന്നിവയാണ് അദ്ദേഹം രചിച്ച മറ്റ് നാടകങ്ങൾ. ഇതിൽ ചായക്കടക്കഥകൾ ദൂരദർശനുവേണ്ടി ടെലിഫിലിമുകളാക്കി സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം.
1951 ഏപ്രിൽ 11ന് കോട്ടയത്തായിരുന്നു ജനനം. പിതാവ് പരേതനായ പി നടരാജപിള്ള, മാതാവ് പരേതയായ സി സരസ്വതി അമ്മ.