
കോഴിക്കോട്: മുതിർന്ന നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതയായി കിടപ്പിലായിരുന്നു സാവിത്രി ശ്രീധരൻ. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന അവർ കോഴിക്കോട് മാങ്കാവിലെ വീട്ടിൽ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. നാല് പതിറ്റാണ്ടിൽ അധികമായി നാടകരംഗത്ത് സജീവ സാന്നിധ്യമായിരുന്നു സാവിത്രി ശ്രീധരൻ.
വളരെ വൈകിയാണ് സിനിമയിലേക്ക് പ്രവേശിച്ചത്. സക്കറിയ സംവിധാനം ചെയ്‌ത 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിൽ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സാവിത്രി ശ്രീധരൻ മലയാളികളുടെ മനസിലേക്ക് ഇറങ്ങി ചെന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഒപ്പം ആ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു.
നാലു പ്രമുഖ പ്രഫഷണൽ നാടകട്രൂപ്പിലെ തിരക്കുള്ള നടിയായിരുന്നു സാവിത്രി. എന്നാൽ പിൽക്കാലത്ത് പ്രഫഷണൽ നാടക ട്രൂപ്പുകളുടെ സുവർണകാലം കഴിഞ്ഞതോടെ വേദിയോട് വിട പറയേണ്ടി വരികയായിരുന്നു. അങ്ങനെയാണ് 2018ൽ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവരുന്നത്. 1991ൽ കടവ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് 19 വർഷത്തോളം അവർ സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു.
2010ൽ വലിയങ്ങാടി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് തിരിച്ചുവന്നത്. 2013ൽ ബ്രേക്ക്ഫാസ്‌റ്റ്, ഓൾഡ് ട്രെയിൻ പാസഞ്ചർ എന്നീ ഹ്രസ്വചിത്രങ്ങളിലും 2015ൽ ദ മാംഗോ പീപ്പിൾ എന്ന ഹ്രസ്വചിത്രത്തിലും ഭാഗമായി. 2018ൽ സുഡാനി ഫ്രം നൈജീരിയ, ഡാകിനി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2019ൽ മേരാ നാം ഷാജി, വൈറസ്, മൊഹബ്ബത്തിന്റെ കുഞ്ഞബ്‌ദുള്ള, ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈന, ഒരു കടത്ത് കഥ എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. 2020ൽ ഉർമിള എന്ന സംഗീത ആൽബത്തിലും 2021ൽ ഐസ് ഒറത്തി എന്ന ചിത്രത്തിലും അഭിനയിച്ചു.
2022ൽ പട, മടപ്പള്ളി യുണൈറ്റഡ്, മാഹി, പാപ്പൻ, ബിയോണ്ട് സെവൻ സീസ്, മേയ് ഹൂം മൂസ എന്നീ ചിത്രങ്ങളുടെ ഭാഗമായി. 2023ൽ ക്രിസ്‌റ്റി എന്ന ചിത്രത്തിലും അഭിനയിച്ചു. അതിന് ശേഷം ആരോഗ്യ സ്ഥിതി മോശമായതോടെയുമാണ് സാവിത്രി ശ്രീധരൻ സിനിമയിൽ നിന്ന് വിട്ടുനിന്നത്.