Image

ഡാഫോഡില്‍സ് പൂക്കും കാലം (കഥാസമാഹാരം- ഉമ) പുസ്തക പരിചയം - 40 : ബാജി ഓടംവേലി, ഡാലസ്

തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ് Published on 23 September, 2026
ഡാഫോഡില്‍സ് പൂക്കും കാലം (കഥാസമാഹാരം- ഉമ) പുസ്തക പരിചയം - 40 :  ബാജി ഓടംവേലി, ഡാലസ്

ഡാഫോഡില്‍സ് (Daffodils) പൂക്കുന്നത് സാധാരണയായി വസന്തകാലത്താണ് (Spring Season). കടുത്ത തണുപ്പുകാലം കഴിഞ്ഞ് അന്തരീക്ഷത്തില്‍ നേരിയ ചൂട് അനുഭവപ്പെട്ടു തുടങ്ങുമ്പോള്‍ ഈ ചെടി മണ്ണില്‍ നിന്ന് മുളച്ചുപൊന്തി പൂവിടുന്നു. ഈ പ്രണയകഥകളും തണുപ്പുകാലത്തിനു ശേഷം ചൂടുതട്ടി മുളച്ചതാണ്. ഒരു ഡാഫോഡില്‍ ചെടിയില്‍ വിരിയുന്ന പൂക്കള്‍ അനുകൂല കാലാവസ്ഥയാണെങ്കില്‍ ഏതാനും ആഴ്ചകള്‍ വരെ കൊഴിയാതെ നില്‍ക്കും. പക്ഷേ മനസ്സിലെ പ്രണയങ്ങളൊന്നും ഒരിക്കലും പൊയിയുകയില്ല.

പ്രണയമാണ് ഈ പുസ്തകത്തിലെ എല്ലാ കഥകളിലെയും മുഖ്യവിഷയം. കഥാപാത്രങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് കഥാകാരി നമ്മെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ പ്രണയത്തിന്റെ പല തലങ്ങളും വായനക്കാര്‍ക്ക് അനുഭവിച്ചറിയാനാവും. തീര്‍ത്തും സ്ത്രീ മനസ്സിലെ ആകുലതകളില്‍ നിന്നും ബലഹീനതകളില്‍ നിന്നും ഉയിര്‍കൊണ്ടവയാണ് ഓരോകഥയിലേയും കഥാപാത്രങ്ങള്‍. അവ കഥാ സന്ദര്‍ഭങ്ങളുമായി ഇഴകോര്‍ത്ത്, അഖ്യാനത്തിന്റെ പരുക്കന്‍ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍ കരുത്തുറ്റ വ്യക്തിത്വങ്ങളായി മാറുന്നു.  അങ്ങനെ കഥകള്‍ക്കും സവിശേഷമായ ഊര്‍ജ്ജം കൈവരുന്നതായി കാണാം.

നിയതമായ ചട്ടക്കൂടുകളില്‍ വറുത്തെടുക്കാവുന്ന ഒന്നല്ല സാഹിത്യം. ഘടനയിലും ആഖ്യാനത്തിലും ഇത്രമാത്രം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന, നിരന്തരം പരിഷ്‌ക്കരിക്കപ്പെടുന്ന സാഹിത്യരൂപവും കഥയല്ലാതെ മറ്റൊന്നല്ല. 
വായനക്കാര്‍ എങ്ങനെ കൃതിയെ വായിക്കണം എന്നൊരു മുന്‍ധാരണ രചയിതാവിന് വച്ചുപുലര്‍ത്താമെന്നല്ലാതെ, അതേ മട്ടില്‍ത്തന്നെ വായിക്കണം എന്ന് നിര്‍ബ്ബന്ധം പിടിക്കുവാനാവില്ല. അതുപോലെ എഴുത്തുകാര്‍ ഇന്ന രീതിയിലെ എഴുതാന്‍ പാടുള്ളൂ എന്നു നിഷ്‌ക്കര്‍ഷിക്കാനും കഴിയില്ല. വൈവിധ്യങ്ങളാണ് ഏതൊരു വ്യവഹാരത്തിന്റെയും സ്വീകാര്യതയ്ക്ക് കാരണമായ സുപ്രധാനമായ ഘടകം. 

'ഉയിര്‍ത്തെഴുന്നേല്‍പ്പ് ' എന്ന കഥയുടെ ശീര്‍ഷകത്തില്‍ തന്നെ കഥാകാരിയുടെ സ്വത്വ പ്രതിസന്ധികളുടെ അടയാളങ്ങളുണ്ട്. കഥയിലെ നായികയ്ക്ക് ഒരിക്കല്‍ സ്വന്തമായി പേരുപോലും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് ജീര്‍ണ്ണിച്ച സമൂഹത്തിനു നേരെ വെല്ലുവിളിക്കാനുള്ള ആര്‍ജ്ജവം കഥാനായിക നന്ദന പ്രകടിപ്പിക്കുന്നുണ്ട്.

ദാമ്പത്യത്തിന്റെ കെട്ടുപാടുകള്‍ പ്രണയത്തിന് തടസ്സമാവുകയും ആ മുള്‍വേലിയും കടന്ന് പ്രണയത്തിന്റെ ആകാശത്തിലേക്ക് ചിറകടിച്ചുയരാനുള്ള മനസ്സുമായി നടക്കുന്ന നായികയെ നമുക്ക് കാണാനാവും. ദാമ്പത്യം ഒരു വലിയ കുരുക്കാണെന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിലെ കഥാപാത്രങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. പുരുഷാധികാരത്തെ പ്രതിരോധിച്ചു കൊണ്ട് ജീവിതം കാണിച്ചു കൊടുത്ത അമ്മ തൊട്ടുമുന്നില്‍ നില്‍ക്കുമ്പോഴും, അതിനാവാതെ ഒരു സാധാരണ ദാമ്പത്യഭീരുവായി തീര്‍ന്ന സ്ത്രീയായി മാറേണ്ടിവന്ന നായിക സ്വയം തീര്‍ത്ത ഏകാന്തതയുടെ മാളത്തില്‍ ഒളിക്കാനാണ് ഇഷ്ടപ്പെടുന്നത്. 

ഒരര്‍ത്ഥത്തില്‍ ഈ ആദ്യകഥയിലെ നന്ദനയാണ് മറ്റു കഥകളിലെ പ്രണയാന്വേഷികള്‍. നന്ദന അനുഭവിച്ച വേദനാജനകമായ ഗാര്‍ഹിക ജീവിതമാണ് ഓരോ കഥയിലേയും നായികമാരുടെ ജൈവിക അടിത്തറ. അതുകൊണ്ടു തന്നെയാണ് അതില്‍ നിന്നുള്ള മോചനം അവര്‍ കാംക്ഷിക്കുന്നതും.

'പ്രണയം പൂക്കുന്ന ഹരിദ്വാര്‍' എന്ന കഥയുടെ പശ്ചാത്തലം പ്രണയാന്വേഷണത്തിന് ഒരു ആത്മീയഭാവം നല്‍കുന്നുണ്ട്. പുരുഷകേന്ദ്രീകൃതമായ സമൂഹം സ്ത്രീകളുടെ മേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച ഒന്നല്ലേ ഈ ചാരിത്രശുദ്ധി? പുരാണങ്ങളും ഇതിഹാസങ്ങളും തൊട്ട്, ഭാഷയിലെ കഥകളും കവിതകളുമൊക്കെ ഈ വ്യവസ്ഥയെ വളമിട്ടും പരിചരിക്കുന്നു. ചാരിത്ര്യ സങ്കലപത്തെ ചോദ്യം ചെയ്യാന്‍ മാത്രം സമൂഹം വളര്‍ന്നില്ല എന്ന യാഥാര്‍ത്ഥത്തെ ശിവഗംഗയിലൂടെ എഴുത്തുകാരി വെളിപ്പെടുത്തുന്നു. 
തന്റെ പ്രണയം അന്വേഷിച്ച് ഹരിദ്വാറിലും ഋഷികേശിലും അലഞ്ഞു നടക്കുന്ന ശിവഗംഗയും, വിവാഹിതയെങ്കിലും സംതൃപ്തയല്ലാത്ത ആമി എന്ന അമലയും സ്ത്രി ശക്തിയുടെ പ്രതീകങ്ങളാണ്. വിവാഹ നിശ്ചയ ദിവസം, 'എനിക്കയാളെ വേണ്ട' എന്നു പറയാനുള്ള കരുത്ത് ശിവഗംഗയ്ക്കുണ്ടായിരുന്നെങ്കിലും ആമിയുടെ വഴി വ്യത്യസ്ഥമായിരുന്നു. 

 

എന്നിരുന്നാലും ഉമയുടെ കഥകള്‍ സ്ത്രീപക്ഷത്തോട് മാത്രം ചേര്‍ന്നു നില്‍ക്കുന്നവയല്ല എന്ന് 'സ്വപ്നങ്ങളുടെ കാവല്‍ക്കാരന്‍' എന്ന കഥയിലെ ശേഖര്‍, 'പ്രണയ നക്ഷത്രങ്ങള്‍ എന്ന കഥയിലെ അലക്‌സാണ്ടര്‍  എന്നീ കഥാപാത്രങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. നന്മ നിറഞ്ഞ ഏതു മനുഷ്യഹൃദയത്തെയും ചേര്‍ത്തു പിടിക്കാനുള്ള കഥകാരിയുടെ പരിശ്രമമാണ് ഈ കഥകള്‍ക്ക് ജീവന്‍ നല്‍കുന്നത്. അലക്‌സാണ്ടറുടെയും ഓള്‍ഗയുടെയും പ്രണയം ഹൃദയസ്പര്‍ശിയാണ്. ട്രാജഡികള്‍ നിറഞ്ഞതാണ് അവരുടെ ജീവിതമെങ്കിലും മരണത്തിനു പോലും കീഴടക്കാന്‍ കഴിയാത്തതാണ് അവരുടെ പ്രണയം. 

'നിഴലറിയാതെ' യിലെ അനിതയും ഗാര്‍ഹിക ചങ്ങലയിലെ കണ്ണികളില്‍ കുടുങ്ങി കിടക്കുന്നവളാണ്. 'ഒറ്റമരം പറഞ്ഞ കഥ' യിലെ നായികയാവട്ടെ സ്വപ്നത്തില്‍ കണ്ട ഒറ്റമരം തേടിയുള്ള യാത്രയിലാണ്. ഒറ്റമരം പ്രണയത്തിന്റെ സൂചകമാണ്.
'ഉയിര്‍ത്തെഴുന്നേല്‍പ്പ് ' എന്ന ആദ്യകഥയിലെ നന്ദനയില്‍ നിന്ന് 'ചക്രവാളം' എന്ന അവസാന കഥയിലെ ശ്യാമയിലെത്തുമ്പോഴേക്കും സ്ത്രീ മനസ്സിന്റെ പല അടരുകളിലൂടെ മനസ്സ് തുറന്ന് യാത്ര ചെയ്ത അനുഭവമാകും വാനക്കാര്‍ക്ക് ആസ്വസിക്കാനാവുക. സാധാരണ വിഷയങ്ങളെ അസാധാരണമായ വാക്ചാതുര്യം കൊണ്ട് കഥാകാരി മനോഹരമാക്കിയിട്ടുണ്ട്.

എഴുത്തുകാരിയുടെ വായനാ എഴുത്ത് ജീവിതത്തെക്കുറിച്ച് ആമുഖക്കുറിപ്പില്‍ നന്നായി പറഞ്ഞിട്ടുണ്ട്. വായനയുടെ ലോകത്തേക്ക് എങ്ങനെ വന്നു, ആറാം ക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി  എഴുതിയ കുട്ടിക്കഥ, കോളേജ് മാഗസിനില്‍ അച്ചടിമഷി പുരണ്ട ആദ്യ കഥ,  പിന്നെ എഴുത്തു നിലച്ചത്, പിന്നീട് ആദ്യമായി കവിത പിറന്ന ആസ്സാമിലെ ജോര്‍ഹട്ടിലെ പച്ചപ്പുകളെക്കുറിച്ചും, എഴുതി വെച്ചതെല്ലാം എവിടെയോ നഷ്ടമായതും, ന്യൂയോര്‍ക്കിലെ മാറിവന്ന ഓരോ ഋതുവും എഴുത്തുകാരിക്ക് പുനര്‍ജീവന്‍ നല്‍കിയതുമൊക്കെ, ഈ ആമുഖക്കുറിപ്പില്‍ നമുക്ക് വായിക്കാനാവും,
പ്രണയമെന്നാല്‍ സൗന്ദര്യത്തിന് ആകര്‍ഷണീയത മാത്രമാകണമെന്നില്ല. അതുകൊണ്ടുമാത്രം സ്‌നേഹ പാരസ്പര്യമുണ്ടാവില്ല. ആശാന്റെ നളിനിയുടെ പ്രണയാന്വേഷണത്തിന് തുല്യമായ മാനസികാവസ്ഥ പേറുന്ന കഥാപാത്രങ്ങളാണ് ഇക്കഥകളിലെ നായികമാരെന്ന് പഠനക്കുറിപ്പില്‍ ഡോ. രാജേഷ് മോന്‍ജി നിരീക്ഷിച്ചിരിക്കുന്നു.

'പ്രണയത്തിലേക്കുള്ള കഥാന്വേഷണങ്ങള്‍' എന്ന പേരില്‍ ഡോ. രാജേഷ് മോന്‍ജി തയ്യാറാക്കിയ കഥാപഠനം ആമുഖമായി ചേര്‍ത്തിട്ടുണ്ട്. ആഖ്യാനശൈലിയും ഭാഷാസൗന്ദര്യവും നിറഞ്ഞുതുളുമ്പുന്ന ഉമയുടെ 9 കഥകളുടെ ഈ ആദ്യസമാഹാരം കോഴിക്കോട് നിന്നുള്ള മുദ്ര ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 110 പേജുകളുള്ള ഈ പുസ്തകത്തിന്റെ വില 130 രൂപയാണ്.  


ഉമ (ഉമ രവീന്ദ്രന്‍) 
കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിലെ ഈലിയോട് ഗ്രാമത്തില്‍ ജി രവീന്ദ്രന്റെയും സി. കെ. തങ്കമ്മയുടെയും മകളായി ജനിച്ചു. കൊട്ടാരക്കര മാര്‍ത്തോമ്മാ ഗേള്‍സ് ഹൈസ്‌കൂള്‍, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ്, ചേര്‍ത്തല എസ്. എന്‍. കോളേജ്, പത്തനാപുരം മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളേജ്, ടൂറോ യൂണിവേഴ്‌സിറ്റി യു. എസ്. എ. എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 
ഡാഫോഡില്‍സ് പൂക്കും കാലം (കഥാസമാഹാരം), ഒറ്റ നക്ഷത്രം (കവിത) എന്നിവ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഈ കഥാസമാഹാരത്തിന് 2022 ലെ ഫൊക്കാന പത്മരാജന്‍ പുരസ്‌കാരം ലഭിച്ചു. മറ്റ് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആനുകാലിലങ്ങളില്‍ കഥയും കവിതയും എഴുതുന്നു. ലാനയിലും മറ്റ് സാഹിത്യ സംഘടനകളിലും സജീവമാണ്.
ന്യൂയോര്‍ക്കില്‍ കുടുംബ സമേതം താമസിക്കുന്നു.
ഭര്‍ത്താവ് :- സജി കുഞ്ഞുകൃഷ്ണന്‍, മകന്‍ :- ഗൗതം കൃഷ്ണ സജി
email :- umasaji1965@gmail.com
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക