
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 25ന് ലോങ്ങ് ഐലന്‍ഡിലെ നോര്‍ത്ത് ഹെംപ്സ്റ്റെഡ് ബീച്ച് പാര്‍ക്കില്‍ അരങ്ങേറുന്ന മലയാളി ബോട്ട് റേസിന്റെ ഒരുക്കങ്ങള്‍ക്ക് ആവേശത്തുടക്കം. മത്സരത്തിന്റെ ആദ്യ ഔപചാരിക കമ്മിറ്റി യോഗം സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ചേര്‍ന്ന് ബോട്ട് റേസിന്റെ നടത്തിപ്പ്, പങ്കെടുക്കുന്ന ടീമുകള്‍, വിവിധ സംഘാടക ക്രമീകരണങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് സെപ്റ്റംബര്‍ 20ന് ലോങ്ങ് ഐലന്‍ഡിലെ സന്തൂര്‍ റെസ്റ്റോറന്റില്‍ ചേര്‍ന്ന രണ്ടാമത്തെ കമ്മിറ്റി യോഗത്തില്‍ ബോട്ട് റേസ് കൂടുതല്‍ മികവോടെയും വിപുലമായും സംഘടിപ്പിക്കുന്നതിനും മത്സരത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി ആഘോഷത്തിന് കൂടുതല്‍ നിറം പകരുന്നതിനും തീരുമാനമായി. മലയാളി ബോട്ട് റേസ് മാമാങ്കത്തിന്റെ മുഖ്യാതിഥിയായി (Chief Guest) Town Clerk of North Hempstead, Ragini Srivastava പങ്കെടുക്കും.

നിലവില്‍ ആറ് ടീമുകള്‍ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് ടീമുകള്‍ കൂടി മത്സരത്തില്‍ അണിനിരക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മത്സരം വീറുറ്റതും വിജയകരവുമാക്കാന്‍ സ്‌പോണ്‍സര്‍മാരുടെ നിസീമമായ സഹകരണവും പിന്തുണയും കമ്മിറ്റി അഭ്യര്‍ഥിച്ചു. ന്യൂയോര്‍ക്കിലെ വള്ളംകളി പ്രേമികള്‍ക്കിടയിലും അഭ്യുദയകാംക്ഷികളിലും ആസ്വാദകരിലും നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. വള്ളംകളി പ്രേമികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി ഉടന്‍ രൂപീകരിച്ച് തുടര്‍യോഗം ചേരുമെന്നും അവര്‍ വ്യക്തമാക്കി.