Image

ല (ആന)യും സർഗ്ഗോത്സവും (സെപ്റ്റംബർ 25-27) - വീക്ഷണം: സുധീർ പണിക്കവീട്ടിൽ

Published on 23 September, 2026
ല (ആന)യും സർഗ്ഗോത്സവും (സെപ്റ്റംബർ 25-27) - വീക്ഷണം: സുധീർ പണിക്കവീട്ടിൽ

പണ്ടൊരിക്കൽ ഒരു നായാട്ടുകാരൻ വെടിയിറച്ചി തിന്നാനുള്ള കൊതിമൂത്ത് ഭൃത്യനെയും കൂട്ടി കാട്ടിലേക്ക് പോയി. അവിടെ എത്തി മാനിനെയോ മറ്റോ വെടി വച്ച് കൊന്നു. അതിന്റെ ഇറച്ചി വേവിച്ച് തന്റെ നാട്ടുകാരൻ  ചട്ടുകാലൻ വർക്കി ഒറ്റക്കാലിൽ നിന്ന് വാറ്റിയ റാക്കും കൂട്ടി അടിച്ച് പൂസായിരുന്നപ്പോൾ അയാൾക്ക് അനിയന്ത്രിതമായ ആഹ്ളാദവും എന്തെങ്കിലും ചെയ്യാനുള്ള അമിതാവേശവും ഉണ്ടായി. ഭൂലോകം ഒരു കളിപ്പന്തായി അയാളുടെ കാൽക്കീഴിൽ കിടന്നു ഉരുളുന്ന അനുഭവമുണ്ടായി. തൊട്ടകലെ ഭൃത്യൻ കിറുങ്ങി കിടപ്പുണ്ടായിരുന്നു. അയാൾക്കൊരു ഗോളടിക്കാതെ ഇരിക്കപ്പൊറുതിയില്ലാതായി.അയാൾ മലയാളി സ്റ്റയിലിൽ ഒന്ന് കൂവി. കുറച്ചു ദൂരെ പുലിമടയിൽ വിശന്നു കിടന്നിരുന്ന ഒരു പുലി അതുകേട്ട് പുഞ്ചിരിതൂകി വന്നു അയാളെ പൊക്കിയെടുത്തുകൊണ്ടുപോയി ശാപ്പിട്ടു. ഈ കഥ ഇപ്പോൾ ഓർക്കാൻ കാരണം വാഷിങ്ടൺ ഡി സി യിൽ അരങ്ങേറുന്ന ലാനയുടെ സാഹിത്യസമ്മേളനത്തെപ്പറ്റി കേട്ടതുകൊണ്ടാണ്.

മലയാളികൾ അമേരിക്കയിൽ വന്നു  അദ്ധ്വാനിച്ച് സമ്പന്നതയും സുരക്ഷിതത്വവും നേടിയപ്പോൾ എന്നാൽ ഒന്ന് എഴുതിക്കളയാമെന്നു (കൂവികളയാമെന്നു) മോഹിച്ച് എഴുതി തുടങ്ങുകയാണെങ്കിൽ അവരെ പുലിപിടിച്ച് തിന്നുമെന്നതിൽ സംശയമില്ല. സർഗ്ഗശക്തി ഒരു വരദാനമാണ്. ജന്മസിദ്ധമായി അത് ലഭിക്കാത്തവർ ആ കർമ്മത്തിനു തുനിയരുത്. വല്ലവനും എഴുതുന്നത് നോക്കി അതേപോലെ എഴുതാൻ ശ്രമിക്കുന്നതും ലജ്ജാവഹം. നൈസർഗികമായ സർഗ്ഗശക്തിയുള്ളവർ അഹന്ത വെടിഞ്ഞു വിനയത്തോടെ മഹാകവി കാളിദാസന്റെ 'രഘുവംശം' മഹാകാവ്യത്തിന്റെ (ഒന്നാം സർഗ്ഗം, മൂന്നാം ശ്ലോകം) തുടക്കത്തിലുള്ള വരികളിൽ പറഞ്ഞപോലെ വിനയമുള്ളവരാകണം.

മന്ദഃ കവിയശഃപ്രാർത്ഥീ ഗമിഷ്യാമ്യുപഹാസ്യതാം ।
പ്രാംശുലഭ്യേ ഫലേ ലോഭാദുദ്ബാഹുരിവ വാമനഃ ॥

(പരിഭാഷ= ഉയരമുള്ള മരത്തിൽ നിന്ന് പഴുത്ത പഴം പറിക്കാൻ കുള്ളനായ വാമനൻ കൈനീട്ടുന്നതുപോലെ, അയോഗ്യനായ താൻ കവികീർത്തിക്കായി ആഗ്രഹിക്കുന്നത് പരിഹാസ്യമാകുമെന്നാണ് കാളിദാസൻ ഈ ശ്ലോകത്തിലൂടെ എളിമയോടെ പ്രസ്താവിക്കുന്നത്.) ഇവിടെ എഴുതുന്നവരെ എഴുത്തുകാർ തന്നെ അവഹേളിക്കുകയോ, അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതുകൊണ്ടാർക്കും ഒരു പ്രയോജനവുമില്ല. മറിച്ച് അത് അമേരിക്കൻ മലയാള സാഹിത്യത്തിന്റെ (അങ്ങനെയൊന്നു വേണമെന്ന് ഇവിടെ ആർക്കും താൽപര്യമില്ലെന്നും ഓർക്കുക) വികാസത്തിനും പുരോഗതിക്കും വിലങ്ങുതടി ആകാൻ കാരണമാകും.



പുസ്തകങ്ങൾ ജനിക്കുകയും, ഉടനെ മരിക്കുകയും അപ്പോൾ തന്നെ മറവു ചെയ്യപ്പെടുകയും ചെയ്യുന്ന ശ്മശാനമാണ് അമേരിക്കൻ മലയാളസാഹിത്യ രംഗം. ആ ശ്മശാനഭൂവിലെ പ്രേതങ്ങളിൽ ചിലരെ  ആവാഹിച്ച് കുടിയിരുത്തി തിലഹോമം നടത്താൻ ശ്രമിക്കയാണ് സാഹിത്യ സംഘടനകൾ. ഇത് വിജയിക്കുകയില്ല കാരണം അമേരിക്കൻ മലയാള സാഹിത്യം എന്നൊന്നില്ല ഞങ്ങൾക്ക് നാട്ടിൽ പോയി പറ വച്ച് അവിടെയുള്ള വിഗ്രഹങ്ങളെ തൊഴണം എന്നാണ് ഭൂരിഭാഗം എഴുത്തുകാരും കരുതുന്നത്. അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ വളർച്ച എന്നോ നിന്നുപോയി. എഴുത്തുകാരിൽ പരസ്പര സ്പർദ്ധ ആരംഭിച്ചപ്പോൾ പലരും പലരുടെ കാല്കീഴില് കിടന്നു സ്വന്തം അഭിപ്രായമില്ലാതെ അടിമകളായപ്പോൾ ഇവിടെ സാഹിത്യം മരിച്ചുപോയി.  ഇപ്പോൾ അത് ഊർദ്ധശ്വാസം വലിക്കയാണ്. ചിലരൊക്കെ വായു ഗുളിക വാങ്ങാൻ  ഓടുന്ന ശബ്ദം ഇടക്കിടെ കേൾക്കാം. ചിലർ വൈദ്യന്മാരെ കൊണ്ടുവരാൻ നാട്ടിലേക്ക് പായുന്നു.  വൈദ്യന്മാർക്ക് അറിയാം അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന്. എന്നാലും അമേരിക്കയിലേക്ക് വിളിക്കുമ്പോൾ അവർക്ക് ക്ഷണം നിരസിക്കാൻ കഴിയുന്നില്ല. ആശാൻ പാടിയപോലെ "കരപറ്റിനിന്നു വീണ്ടും കുണുങ്ങി-ത്തൻ കുളത്തിലേക്കരയന്നപ്പിടപോലെ നടന്നുപോയ" അരയന്നത്തെപ്പോലെ അവർ  വരുന്നു. പണ്ട് ബ്രാഹ്മണർക്ക് ഊട്ട് നടത്തി പുണ്യം നേടുന്ന ആചാരം ഓർത്തുകൊണ്ട് പാവം എഴുത്തുകാർ വൈദ്യന്മാർ രോഗവിവരം കേട്ട് ചാർത്ത് എഴുതി തരുന്നതിനായി കൈ നീട്ടി നിൽക്കുന്നു. അതിനെയൊന്നും  നമ്മൾ വിമർശിക്കരുത്. അതൊക്കെ ഓരോരുത്തരുടെ വിശ്വാസവും അവകാശവുമാണ്. സ്വന്തം കീശയിലെ പണം ചിലവാക്കി ചിലർ അങ്ങനെ ചെയ്യുന്നതിൽ അവരെ അനുമോദിക്കുക. പക്ഷെ അത് ഇവിടെ സാഹിത്യം വളർത്താൻ സഹായിക്കില്ലെന്നു പറയേണ്ടിവരുന്നു എന്ന് മാത്രം. മാറ്റങ്ങളെ മനസ്സിലാക്കാനും സ്വീകരിക്കാനും സമൂഹം തയ്യാറാകുമ്പോൾ വിജയം നാമ്പിടുന്നു. കുമാരൻ ആശാൻ ഇങ്ങനെ പാടിയത് ഓർക്കുക. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽമാറ്റുമതുകളീ നിങ്ങളെത്താൻ."

അമേരിക്കൻ മലയാളി സാഹിത്യ സംഘടനയായ "ല ആന"പഴത്തിനുപകരം സൂചികൊണ്ട് കുത്തിയ തയ്യൽക്കാരന്റെ തലയിൽ വെള്ളമൊഴിക്കാൻ പോകാതെ എഴുന്നെള്ളിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സർഗ്ഗോത്സവങ്ങളുടെ  ധാരാളം കൊടിയേറ്റങ്ങളും, പൂരവും, വേലയും കണ്ടു നടക്കണം. കരിമ്പ് തിന്നു, കാടിളക്കി, മുതലയ്ക്ക് പിടി കൊടുക്കാതെ ഗജവീരനായി നടന്നു കാണികളെ വിസ്മയിപ്പിക്കണം. അതിനു പാപ്പാന്മാർ തമ്മിൽ ഐക്യം പ്രഖ്യാപിക്കണം. കണ്ടു നിൽക്കുന്ന കാണികളിലും മൈത്രി ഉണ്ടാകണം. അതുണ്ടാകാൻ പ്രാർത്ഥിക്കാം.

പൂരം പൊടിപൊടിക്കാൻ ആശംസകൾ നേരുന്നു. അറിയുക, അറിയിക്കുക, അറിയാൻ ശ്രമിക്കുക. പാരയും, കുതന്ത്രങ്ങളുമില്ലാതെ സർഗ്ഗ സങ്കൽപ്പങ്ങളുടെ മുഗ്ദ്ധമായ ഒരു വേദിയിൽ ഒന്നിച്ചണിനിരക്കുക. പ്രകടനങ്ങളുടെ പ്രഭാവം കൊണ്ട് അഴകിന്റെ മഴവിൽ വിടർത്തി മലയാളഭാഷയെ കോരിത്തരിപ്പിക്കുക. അവിടെ നിങ്ങൾ കൊളുത്തുന്ന തിരിനാളങ്ങൾ ജ്വലിച്ചു നിൽക്കട്ടെ.

ലാനയുടെ യോഗത്തിൽ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാർക്കും അഭ്യുദയകാംക്ഷികൾക്കും സമ്മേളനത്തിൽ പങ്കുകൊള്ളാൻ കേരളത്തിൽ നിന്നും എത്തുന്ന എഴുത്തുകാർക്കും ഹാർദ്ദമായ വിജയാശംസകൾ നേരുന്നു.  
ശുഭം
 

Join WhatsApp News
പ്രിൻസ് തോപ്രാംകുടി 2026-09-23 10:43:05
വിമർശനങ്ങൾ ഒരു പരിധിവരെ അതിശയോക്തി കലർന്നതും നിരാശാജനകവുമാണെന്നു പറയാതെ വയ്യ. അമേരിക്കൻ മലയാള സാഹിത്യത്തെ "ശ്മശാനം" എന്നും അതിലെ എഴുത്തുകാരെ "പ്രേതങ്ങൾ" എന്നും വിശേഷിപ്പിക്കുന്നത് അനാവശ്യമായ പുച്ഛമാണ്. പ്രവാസലോകത്ത് ജോലിത്തിരക്കിനിടയിലും സ്വന്തം ഭാഷയോടുള്ള സ്നേഹം കൊണ്ട് എഴുതാൻ ധൈര്യപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്, അല്ലാതെ അവരുടെ ശ്രമങ്ങളെ പുലി പിടിച്ചു തിന്നുന്ന കഥ പറഞ്ഞു നിരുത്സാഹപ്പെടുത്തുകയല്ല. സർഗ്ഗശക്തി ജന്മസിദ്ധമായി മാത്രമേ ലഭിക്കൂ എന്നും, അല്ലാത്തവർ എഴുതാൻ പാടില്ല എന്നുമുള്ള നിലപാട് സാഹിത്യത്തിന്റെ ജനാധിപത്യസ്വഭാവത്തെത്തന്നെ നിഷേധിക്കുന്നതാണ്; എഴുത്ത് പരിശീലനത്തിലൂടെയും അനുഭവത്തിലൂടെയും വളരുന്ന ഒരു കലയാണ്, അതിന് ജന്മസിദ്ധിയുടെ കുത്തകാവകാശം മാത്രം പോരാ. നിങ്ങളുടെ വാദം ശരിയെങ്കിൽ ബെന്യാമിൻ എന്ന എഴുത്തുകാരൻ മലയാളത്തിന് ലഭിക്കുമായിരുന്നില്ല .ലാനയെപ്പോലുള്ള സംഘടനകൾ നടത്തുന്ന സമ്മേളനങ്ങൾ എഴുത്തുകാർക്ക് പരസ്പരം കാണാനും ആശയവിനിമയം നടത്താനും പുതിയ എഴുത്തുകാരെ കണ്ടെത്താനുമുള്ള വേദികളാണ്; അതിനെ വെറും "എഴുന്നെള്ളിപ്പ്" എന്നു പരിഹസിക്കുന്നത് അതിന്റെ യഥാർത്ഥ സാമൂഹിക മൂല്യത്തെ കാണാതെ പോകലാണ്. മാറ്റങ്ങൾ വേണമെന്ന് ലേഖകൻ തന്നെ ആശാന്റെ വരികളുദ്ധരിച്ച് പറയുന്നുണ്ടെങ്കിലും, ലേഖനത്തിന്റെ പൊതുസ്വരം അതിനെ പിന്തുണയ്ക്കുന്നതിനു പകരം എല്ലാവരെയും കൂട്ടത്തോടെ അപഹസിക്കുന്നതായാണ് അനുഭവപ്പെടുന്നത്. വിമർശനം ക്രിയാത്മകമായിരിക്കണം; അല്ലാതെ എഴുതാൻ ധൈര്യപ്പെടുന്നവരെ തുടക്കത്തിലേ നിരുത്സാഹപ്പെടുത്തുന്ന തരത്തിലാകരുത്, കാരണം അതാണ് യഥാർത്ഥത്തിൽ പ്രവാസ മലയാള സാഹിത്യത്തിന്റെ വളർച്ചയ്ക്ക് ഏറ്റവും വലിയ തടസ്സം സൃഷ്ടിക്കുന്നത്. പ്രിൻസ് തോപ്രാംകുടി
K.G. Rajasekharan 2026-09-23 16:31:03
എഴുത്തുകാർ തമ്മിൽ സ്പർദ്ധ ഉണ്ടോ? അമേരിക്കൻ മലയാളി എഴുതുകരുടെ പുസ്തകങ്ങൾ ശ്മശാനത്തിലാണോ അതോ വായനക്കാരുടെ കയ്യിലാണോ? അമേരിക്കയിൽ നിന്നും പ്രതിവർഷം ചുരുങ്ങിയത് അമ്പത് മലയാളം പുസ്തകങ്ങൾ പുറത്തിറങ്ങുന്നു. അമേരിക്കയിൽ തന്നെയുള്ള മലയാളികളിൽ എത്ര പേർക്ക് അറിയാം.? കണക്കുകൾ ഉത്സാഹജനകമല്ല.ഈ വിഷയത്തിൽ ലാനക്ക് അന്വേഷണം നടത്താം. ചിന്ത അധികം ഉള്ളവർക്ക് ഒരു വാഴക്കുലയും തിന്നു ഒരു ഡോക്ടറേറ്റ് നേടാം.വയലിനടുത്ത പള്ളിയിൽ പോയി കുല തെറ്റി പോയി എന്ന് കുമ്പസാരിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക