
സ്റ്റാന്റിംഗ് കോണ്‍ഫറന്‍സ് ഓഫ് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് (SCOOCH) പ്രസിഡന്റായി യാക്കോബായ സുറിയാനി സഭയിലെ അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തയും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത തെരഞ്ഞെടുക്കപ്പെട്ടു.
വിശ്വാസാചാരാനുഷ്ഠാനങ്ങളിലും, ആരാധനാ ക്രമങ്ങളിലും ഓര്‍ത്തഡോക്‌സ് വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലും സമാന സ്വഭാവം പുലര്‍ത്തിവരുന്ന വിവിധ സഭകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന അവസരങ്ങളുണ്ടാക്കുക, അതുവഴി സഭകളുടെ ഐക്യത്തിനും, ആത്മീയ പരിപോഷണത്തിനും, ഉന്നമനത്തിനും, യുവജന ക്ഷേമത്തിനും വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത് 1973-ല്‍ വടക്കേ അമേരിക്കയില്‍ പ്രവര്‍ത്തനമാരംഭിച്ച, വിവിധ സഭകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു അത്മായ കൂട്ടായ്മയാണ് 'സ്റ്റാന്റിംഗ് കോണ്‍ഫറന്‍സ് ഓഫ് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്'.
അമേരിക്കയിലെ വിവിധ സഭകളില്‍പ്പെട്ട യുവജനങ്ങള്‍ക്ക് ഓര്‍ത്തഡോക്‌സ് വിശ്വാസം പരിപോഷിപ്പിക്കുന്നതിനും, അവരുടെ ആത്മീയ ഉന്നമനത്തിനും ക്രൈസ്തവ ദര്‍ശനം ഉള്‍ക്കൊണ്ട് സഭയ്ക്കും സമൂഹത്തിനുമുതകുന്ന സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് അവര്‍ക്ക് പ്രചോദനമേകുന്നതിനുമായി. കൂട്ടായ ബലിയര്‍പ്പണം, റിട്രീറ്റുകള്‍, മറ്റു പഠന ക്ലാസുകള്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തന പരിപാടികള്‍ ഈ ആത്മീയ കൂട്ടായ്മ വഴിയായി നടപ്പാക്കിവരുന്നു.
2026 സെപ്റ്റംബര്‍ 15-ന് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ ബിഷപ്പ് H.G Bishop David (Diocese of Newyork, New England) ന്റെ ആതിഥേയത്വത്തില്‍ St. Mary & Pope St. Kyrillos VI Monastery & Retreat Centre, West Park, Newyork-ല്‍ വെച്ച് SCOOCH -ല്‍ അംഗങ്ങളായ വിവിധ സഭാ മേലദ്ധ്യക്ഷന്മാര്‍ ഒത്തുചേര്‍ന്ന യോഗത്തില്‍ അടുത്ത 3 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. കാലാവധി പൂര്‍ത്തീകരിച്ച മുന്‍ പ്രസിഡന്റ് H.G. Bishop David -ന്റെ സ്തുത്യര്‍ഹമായ സേവനത്തെ യോഗം അഭിനന്ദിച്ചു.
H.G Bishop Makarios, The Entreu (General Bishop of the Coptic Orthodox Church), H.E Arch Bishop Mor Dionysios John Kawak (Syriac Orthodox Church), H.E. Arch Bishop Mor Silvanos Ayub (knanaya Syriac Orthodox Church), H.G Bishop Sinoda (Eritrean Orhodox Tewaldo Church North American Diocese) എന്നീ സഭാ പിതാക്കന്മാര്‍ക്ക് പുറമെ, വിവിധ സഭകളില്‍പ്പെട്ട വൈദീകരും, ശെമ്മാശന്മാരും യോഗത്തില്‍ സംബന്ധിച്ചു.
വരുംദിവസങ്ങളില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളിലായി Scooch-ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രോഗ്രാമുകളെ കുറിച്ചും അവയുടെ നടത്തിപ്പ് സംബന്ധിച്ചും യോഗം വിശകലനം ചെയ്തു.
കോളജ് കാമ്പസുകളിലെ ഓര്‍ത്തഡോക്‌സ് കൂട്ടായ്മകല്‍ (OCCM) ശക്തമാക്കുന്നതിനെ കുറിച്ചും റോമന്‍ കത്തോലിക്കാ സഭയുമായിട്ടുള്ള വാര്‍ഷിക ചര്‍ച്ചകളെക്കുറിച്ചും, ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ സഹകരണം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
ഈവര്‍ഷത്തെ സംയുക്ത ബലി നവംബര്‍ ഏഴാം തീയതി ന്യൂജേഴ്‌സിയിലെ മാര്‍ ഗബ്രിയേല്‍ സിറിയന്‍ ദേവാലയത്തില്‍ വെച്ച് എല്ലാ മെത്രാപ്പോലീത്തമാരുടേയും നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്.
വാര്‍ത്ത അയച്ചത്: ജോര്‍ജ് കറുത്തേടത്ത്