Image

ജേക്കബിന്റെ പൊന്നുമകൾ (ചെറുകഥ: അനിൽകുമാർ സി. പി.)

Published on 22 September, 2026
ജേക്കബിന്റെ പൊന്നുമകൾ (ചെറുകഥ: അനിൽകുമാർ സി. പി.)

പോക്കുവെയിലിൻ്റെ കാഠിന്യം കുറഞ്ഞശേഷമാണ് വീട്ടിലേക്ക് നടന്നു തുടങ്ങിയത്. എന്നിട്ടും
കിതപ്പ് കൂടിക്കൂടി വരുന്നു. ഇതിപ്പോൾ പതിവാണ്. കടുത്ത കിതപ്പ്, നെഞ്ചിൻകൂടു പിളർന്ന് ഹൃദയം  കൈയിലിരുന്ന് മിടിക്കുന്നതുപോലെയാണ്. വിയർക്കും, പിന്നെ തളർച്ചയിൽ
അടുത്ത ചുവടു വെച്ചാൽ കുഴഞ്ഞുവീഴും. വീഴട്ടെ. വീണാൽ എല്ലാം അവസാനിക്കണം. അല്ലാതെ തുടരരുതെന്നു മാത്രം. ആ ചിന്തയിൽ ഒന്നു നിന്ന് കിതപ്പാറ്റി അടുത്ത ചുവടുവെച്ചു. ഇല്ല, ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ കിടന്നുപോയാൽ സലോമി കൂടുതൽ ദുരിതത്തിലാകും. കർത്താവേ.... വേണ്ട. നീ സഹിച്ചതോളം ഇതായിട്ടില്ല. ഞാൻ പേറിക്കോളാം. ഒടുവിലെ ശ്വാസം വരെ. ഞാൻ മെല്ലെ അടുത്ത ചുവടുവെച്ചു നിന്നു കിതച്ചു.

റോഡിൽ നിന്നും ചെമ്മൺ പാതയിലൂടെ നടന്ന് പിന്നേം ഒരു കയറ്റം കയറി വേണം വീട്ടിലെത്താൻ. നെഞ്ചുവേദനയാണ്. അരിച്ചരിച്ച് കൈവിരൽ വരെ മരവിപ്പിക്കുന്ന വേദന. ആരോടും പറയാൻ വയ്യ. പറഞ്ഞാൽ ചോദിക്കും, മിഷനാശുപത്രി വരെ ഒന്നുപോയി ആ തോമസ് ഡോക്ടറെ കണ്ടൂടേ എന്ന്. പോകുന്നേന് ഒന്നുമില്ല. ചിലപ്പോൾ ഫീസും വാങ്ങില്ല. പക്ഷേ മരുന്ന്.... അതിന് കാശിന് എവിടെപ്പോകും?
ഞാൻ ഒരുവിധം മുറ്റത്തു കയറി. വീട് മുൻഭാഗം മാത്രമേ ചെത്തി തേച്ചിട്ടുള്ളൂ. അകത്ത് പലയിടത്തും പായൽ കെട്ടിത്തുടങ്ങി. അല്ല, അതൊക്കെ ഇപ്പോൾ പറഞ്ഞിട്ടെന്തിനാ...
വയ്യ, ഒന്നിരിക്കട്ടെ.

"സലോമീ..... " അകത്തേക്കു നോക്കി നീട്ടി വിളിച്ചു.
ഒന്നു കണ്ണടച്ചു ശ്വാസമെടുത്തു.

"ദാ, കട്ടൻ. പഞ്ചാരയില്ല. തത്കാലം ഇതു കുടിക്ക്." വിളിച്ചത് എന്തിനെന്നു തിരിച്ചറിഞ്ഞ്
സലോമി നീട്ടിയ കട്ടൻ, ചൂട് നോക്കാതെ വലിച്ചുകുടിച്ചു. ഒരാശ്വാസം.

"എന്തായി?" സലോമിയുടെ കണ്ണിലെ ആകുലത കണ്ടറിയാനുണ്ട്.
"ഒന്നുമായില്ല.. കുറച്ച് ഒപ്പിച്ച് അയച്ചു. ബാക്കി......അറിയില്ല..."
"ഉം..."

സലോമി മറ്റൊന്നും മിണ്ടാതെ ഗ്ലാസുമായി അകത്തേക്ക് പോയി. മുന്നിൽ സൂര്യൻ അവശേഷിപ്പിച്ച നാട്ടുവെളിച്ചവും മങ്ങുകയാണ്, പ്രതീക്ഷകളും.
പെട്ടെന്ന് സ്ക്രീൻ  പൊട്ടിയ പഴയ സാംസങ് ഫോണിൽ വാട്ട്സ്ആപ്പ് മെസേജ് ഒരു മിന്നൽ അയച്ചു.
അവളുടെതാവും. നോക്കി..
"അപ്പാ, ഞാൻ പറഞ്ഞതല്ലേ ജൂണിൽ കാശ് വേണമെന്ന്...
എനിക്ക് കാശ് കിട്ടണം. കിട്ടിയേ പറ്റൂ...."

മറുപടി കൊടുക്കേണ്ട. കഴിഞ്ഞ പതിനാറ് മാസങ്ങളിലും ആകെ സംസാരം ഇതൊന്നു മാത്രം. കാശ്, പിന്നെ അതിൻ്റെ അവസാന തീയതി. അത്രമാത്രം.


അപ്പനു വല്ലാത്ത നെഞ്ചുവേദനയാടീ എന്നു പറഞ്ഞതിന്, രോഗം വന്നാൽ ഹോസ്പിറ്റലിൽ പോകണം എന്ന തീർത്തും ഉദാസീന മറുപടിക്കുശേഷം, കുശലപ്രശ്നങ്ങൾ പോലും അവസാനിച്ചിരുന്നല്ലോ, അതും എന്നായിരുന്നു എന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല എന്നു മാത്രം!

അവൾ എൻ്റെ, അല്ല ഞങ്ങളുടെ ഏക മകൾ, അവൾക്കു ശാലിനി എന്ന പേരിട്ടത്, പഴയ ആ ഹിമശൈല സൈകത ഭൂമിയിൽ എന്ന പാട്ടു കേട്ടുകേട്ട്, അതിനടിപ്പെട്ട്, 'റബേക്ക' എന്ന സലോമി പറഞ്ഞ പേര് നിഷ്കരുണം തള്ളിക്കളഞ്ഞിട്ടാണ്. റബേക്ക എന്ന പേര് ഇഷ്ടമല്ലാഞ്ഞിട്ടല്ല, അതിലും അല്പം കൂടുതലിഷ്ടം ശാലിനി എന്ന പേരിനോടു തോന്നിയിരുന്നതുകൊണ്ടാണ്. ഒറ്റക്കുഞ്ഞു മതി എന്ന തീരുമാനം അത്ര എളുപ്പമായിരുന്നില്ല. പുര നിറയെ പിള്ളേര് എന്ന സലോമിയുടെ തീരുമാനം മാറ്റിമറിക്കാൻ പെട്ട പാടും ചില്ലറ ആയിരുന്നില്ല.
എത്രയോ രാത്രികളിൽ നെഞ്ചിലെ മുടിയിഴകളിൽ വിരലോടിച്ച് സലോമി കൊഞ്ചിയിട്ടുണ്ട്,
"ദേ, ഇന്നും അമ്മച്ചി ചോദിച്ചു, എന്താ ഉദ്ദേശ്യമെന്ന്, കൊച്ചിനു പ്രായം അഞ്ചായി. ഇനിയും എന്തു പറയും. അവൾ സ്കൂളിലേക്ക് പോയിത്തുടങ്ങുകയായി. ഇനിയും എങ്ങനാ, പറ ജേക്കബേ..."

അവളുടെ ജേക്കബ്ബേ വിളിയിൽ അലിയാതെ, പൂണ്ടടക്കം ഒരു ഉമ്മയും കൊടുത്ത് മലർന്നുകിടന്ന് മച്ചിലെ കറങ്ങുന്ന ഫാൻ നോക്കി കിടക്കുമ്പോഴും ഉള്ളിലെ നിശ്ചയം ഉറച്ചതായിരുന്നു. ഒറ്റ കുഞ്ഞുമതി.അതിപ്പോൾ ആണായാലും പെണ്ണായാലും.

രണ്ടു മൂന്ന് പശുവും, വീട്ടിനു ചുറ്റുമുള്ള പത്തുനൂറു റബ്ബറും ഒക്കെയായി കഴിയുന്നതിനിടയിൽ പെണ്ണ് എന്ന ചിന്തയൊന്നും കടന്നു വന്നിട്ടേ ഇല്ല. അമ്പലക്കുളത്തിൽ കരണം മറിഞ്ഞ് ചാടിക്കുളിക്കുമ്പോൾ പോലും മറുത്തൊരു ചിന്ത ആരെക്കുറിച്ചും കടന്നു വന്നിട്ടില്ല. തുറന്നു പറഞ്ഞാൽ പെണ്ണുകെട്ടാൻ നിശ്ചയിച്ച് കാത്തിരുന്നു കെട്ടിയതൊന്നുമല്ല സലോമിയെ. റബ്ബറുവെട്ടും വാഴകൃഷിയും ഒക്കെയായി നടക്കുമ്പോൾ മൂത്തമ്മച്ചിയാണ് എല്ലാറ്റിനും തുടക്കമിട്ടത്.

ഒരു രഹസ്യം പറയാം, സലോമി എന്നേക്കാൾ ഒരു വയസു മൂത്തതാണ്. പെണ്ണിനിത്തിരി മൂപ്പ് കൂടുന്നതാ നല്ലതെന്ന മൂത്തമ്മച്ചിയുടെ കല്പനയിലാണ് സലോമിയെ ഞാൻ ഒരു ഞായറാഴ്ച കുർബാന സമയത്ത് ആദ്യമായി കാണുന്നതും, നോക്കുന്നതും പിന്നെ അവളെത്തന്നെ നെഞ്ചിൻ കൂടിനുള്ളിൽ പ്രതിഷ്ഠിച്ചതും.
പ്രായമൊന്നും പറയാനും വിശദീകരിക്കാനും ആരും മെനക്കെട്ടുമില്ല. എന്തുപണിക്കും അവൾ കൂടെ നിൽക്കും. റബ്ബറിനും തെങ്ങിനും വാഴകൾക്കും, തൊഴുത്തിനും അടുക്കളക്കുമിടയിൽ പറന്നു നടക്കുമ്പോഴും മുറ്റത്തെ കോഴികളിൽ അവളുടെ കണ്ണെത്തിയിരുന്നു. അവൾ അങ്ങനെ നിന്നതുകൊണ്ടു മാത്രമാണ് നാലു മുറി വീടും രണ്ടേക്കർ റബ്ബറും ഒന്നരയേക്കർ കണ്ടവും ഒക്കെ വാങ്ങിയിട്ടതും ഒരു ചെറിയ വളക്കട തുടങ്ങിയതും ഒക്കെ. അവളാകട്ടെ ഞാൻ ജനിച്ചപ്പോൾ മുതൽ എനിക്കൊപ്പം ഉണ്ടെന്ന പോലാണ് അന്നുതൊട്ടിന്നു വരെ കൂടെ ജീവിക്കുന്നതും. പിന്നെ താലികെട്ടി കൃത്യം പത്താം മാസം
ഒറ്റ മകൾ, ശാലിനി പിറന്നതോടെ എല്ലാം അവളിലേക്കായി. കൈ വളരുന്നോ കാൽ വളരുന്നോ എന്നു നോക്കി, കാച്ചെണ്ണ തേപ്പിച്ചും താളി പതച്ചു മെഴുക്കിളക്കിയും തോളേൽ വെച്ചു വളർത്തി. ദോഷം പറയരുത്, കൊച്ചും അങ്ങനായിരുന്നു. അപ്പാ എന്നു തികച്ചും വിളിക്കില്ല. ഒരു പെൻസിൽ വേണമെങ്കിൽപ്പോലും ചോദിക്കും,
"അമ്മച്ചീ, അപ്പൻ്റെ കൈയിൽ കാശു കാണുമോ? എനിക്കൊരു പെൻസിൽ വാങ്ങിത്തരുമോ" എന്ന്.

സത്യത്തിൽ പലപ്പോഴും സലോമി എന്നോടു പറഞ്ഞിട്ടുണ്ട്, "ഏതോ ജന്മത്തെ പുണ്യമാ ജേക്കബേ, നമ്മുടെ പൊന്നുമോൾ. അവൾ അപ്പൻ്റെ കൈയിലെ കാശ് നോക്കി മാത്രമേ പെൻസിൽ പോലും വാങ്ങിത്തരാൻ പറയൂ. ഇന്ന് അവളുടെ കൈയിലെ തേഞ്ഞ പെൻസിൽ കണ്ട് കഷ്ടം തോന്നിയിട്ടാണ് അപ്പയോടു പറയ് എന്നു ഞാൻ അവളോടു പറഞ്ഞത്. എന്നിട്ടും അവളാദ്യം ചോദിച്ചതെന്താ അപ്പൻ്റെ കൈയിൽ കാശുണ്ടോ എന്നല്ലേ."

"അതെ സലോമീ, അതല്ലേ  ഇനി ഒരു കൊച്ചും കൂടി വേണ്ട, ഒളള ഒന്നിനേ നന്നായി വളർത്താം എന്ന് ഞാൻ എപ്പഴും പറയുന്നത്?"

എൻ്റെ ആ പറച്ചിൽ കേട്ട് സലോമി ഒന്നുകൂടി എൻ്റെ അടുത്തേക്ക് ചേർന്നുകിടന്നു. മകരത്തണുപ്പിൽ സുഖകരമായ ചൂട് ഞങ്ങൾ രണ്ടാൾക്കും തോന്നി, ഉള്ളിലും പുറത്തും ഒരു പുഞ്ചിരി സ്വയമറിയാതെ നിറഞ്ഞു.

"അതേ, ചിന്തിച്ചു തീർന്നെങ്കിൽ ഒന്ന് അടുക്കളപ്പുറത്തേക്ക് വരാമോ? ഇരുട്ടു വീഴുന്നു. വേഗം ആ തേങ്ങ ഒന്ന് പൊതിച്ചു തരണം. എൻ്റെ കൈ അപ്പടി നീരാണ്."

സലോമിയുടെ ഇടത്തേ കൈ തോളു മുതൽ താഴേക്ക് നീരാണ്. നീരുവന്ന് വീർത്തിട്ടുണ്ട്. ഇപ്പോൾ നീര് കല്ലിച്ച മട്ടാണ്. ആശുപത്രിയിൽ പോകണം, അതെ പോകണം, പക്ഷേ പോകാൻ കാശും വേണം.
ഞാൻ അടുക്കളയിലെത്തി ഒതുക്കു കല്ലു ചവിട്ടി മുറ്റത്തേക്കിറങ്ങി.
അപ്പടി ചളിയാണ് മുറ്റത്ത്.

"ചെരുപ്പിട്ടിട്ടുണ്ടോ? ചളിയിൽ ചവിട്ടി വളം കടി ഉണ്ടാക്കി വെക്കരുത്." സലോമി വലതുകൈയിലെ പൊതിക്കാനുള്ള തേങ്ങ നെഞ്ചത്തോട്ടു ചേർത്തുപിടിച്ചു പുറത്തുവന്ന് മുറ്റത്തേക്ക് ഇട്ടുതന്നു. തേങ്ങ പൊതിച്ചെടുക്കുമ്പോൾ മുഴുവൻ സലോമിയുടെ കൈയിലെ നീരും ആശുപത്രിയും ചികിത്സാ ചെലവും ശാലിനിയുടെ മെസേജും എൻ്റെ തലയിൽ ഏണിയും പാമ്പും കളി നടത്തി.

പൊതിച്ചെടുത്ത തേങ്ങ പൊട്ടിച്ച് അതിലെ വെള്ളവും വായിലേക്ക് ഒഴിച്ച് അകത്തു കയറിയപ്പോൾ സലാമിയുടെ ചോദ്യം പിന്നാലെ എത്തി.
"എന്തു ചെയ്യും ജേക്കബേ നമ്മൾ?"
"പൊട്ടിച്ച തേങ്ങ ചിരകിത്തരാം, അതു പോരേ സലോമി'  എന്നു പറഞ്ഞു ഞാൻ വെറുതേ ഒന്നു ചിരിച്ചു.
"ഒന്നു പോയേ, പെണ്ണിൻ്റെ മെസേജ് ഞാൻ കണ്ടു. ഇനി എന്തുണ്ട് വിൽക്കാൻ? അതാ ഞാൻ...."

'ജനിപ്പിച്ചപ്പോ ഓർത്തില്ലേ' എന്ന ചോദ്യം കൂടി അവൾ ചോദിച്ചിരുന്നുവെന്നും മക്കളെ വളർത്തുക മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും കാശു ചോദിക്കുമ്പോൾ 'പെറ്റ കഥയും തിന്നാൻ തന്ന കഥയും കിടക്കാൻ ബെഡ് സ്പേസ് തന്ന കഥയുമല്ല പറയേണ്ടത്' എന്നുശാസിക്കുന്ന അവളുടെ മെസേജ് സലോമി കാണാതിരിക്കാൻ അപ്പോൾത്തന്നെ ഡിലീറ്റ് ചെയ്തതാണെന്നും പറയാൻ നിന്നില്ല.

ചിരകിത്തീർന്ന ചിരട്ട, സൂക്ഷ്മതയോടെ അടുക്കളമൂലയിലെ ചാക്കിൽ എടുത്തിട്ട്,  ചിരകിയത് സലോമിക്കും കൊടുത്ത് ഞാൻ ഷർട്ടും പാൻ്റും അഴിച്ച് ലുങ്കിയും ചുറ്റി കട്ടിലിൽ മലർന്നു കിടന്നു.

എന്തിനു ജനിപ്പിച്ചു? വളർത്താൻ പാങ്ങില്ലങ്കിൽ അതിനു നിൽക്കരുത്. ഇപ്പോൾ എനിക്കാവശ്യമുള്ള കാശ് തന്നേ പറ്റൂ എന്നു പറയുന്നത് സ്വന്തം മകളാണ്! ഇരുപത്തിയാറ് വയസ്സും കടന്ന മകൾ!
അവൾ പഠിക്കുന്നത് വിദേശരാജ്യത്ത്. ഉള്ള സ്വത്തിൽ വീടും പറമ്പും വിറ്റാണ് അതിനുള്ള വഴി കണ്ടെത്തിയത്. പക്ഷേ ആദ്യത്തെ ഒരു വർഷത്തിനുള്ളിൽ തന്നെ പലവട്ടം കാശു ചോദിച്ചു വിളി വന്നു തുടങ്ങിയിരുന്നു. എങ്ങനെ കൊടുക്കാനാണ്?

കടയുടെ കാര്യം കഷ്ടത്തിലാണ്. പശുവും കോഴിയും, അത്യാവശ്യം നട്ടുനനച്ചുണ്ടാക്കുന്നതും ഒക്കെ ചേർത്താണ് കാര്യങ്ങൾ കൊണ്ടുപോയിരുന്നത്. ഇപ്പോൾ പശുവും, പറമ്പും വീടും വിറ്റ് ഒരു കൊച്ചു തേയ്ക്കാത്ത വീട്ടിലേക്ക് താമസം മാറ്റിക്കഴിഞ്ഞു. ഇനി എന്താണ് മാർഗം. പേഴ്സണൽ ലോൺ ചോദിച്ച് ബാങ്കിൽ ചെന്നപ്പോൾ കിട്ടിയത് ഉപദേശം. സുഹൃത്താണ് ബാങ്ക് മാനേജർ. അതിനാൽത്തന്നെ എൻ്റെ ജീവിതത്തിൻ്റെ കയറ്റിറക്കങ്ങൾ നന്നായി അറിയാം. അവൻ പറഞ്ഞത് സത്യമാണ്. തുടക്കത്തിൽ പറഞ്ഞ ഇരുപത്തഞ്ച് ലക്ഷം ഇപ്പോൾ അമ്പതു കടന്നിരിക്കുന്നു. പണയം വെക്കാവുന്നതൊക്കെ പണയത്തിലാണ്. ഒരിഞ്ചുപോലും ഇനി മുന്നോട്ടു പോകാനില്ല. ഒരു വർഷം പഠനം ഒപ്പം ജോലിയും. അപ്പോൾ തുടർപഠനം ബാധ്യതയാകില്ല. എന്നിട്ടോ? തുടർപഠനം മാത്രമല്ല തുടർ ജീവിതവും അപ്പൻ്റെ തലയിൽ ഇട്ടുതന്നിട്ട് മകൾ പറയുന്നു, ഇതൊക്കെ അപ്പൻ്റെ ഉത്തരവാദിത്തമല്ലേ എന്ന്.
അപ്പനെ സ്നേഹിച്ച,  അപ്പൻ്റെ ആ മകൾ മരിച്ചതോ ഈ മകൾ?

"മതി ചിന്തിച്ചുകൂട്ടിയത്. വന്ന് കഴിക്ക് വല്ലതും."

സലോമി വിളിച്ചാൽ ഇനി കിടക്കാൻ പറ്റില്ല. നിലത്ത് പലകയിട്ടിരുന്നു. വിഭവങ്ങൾ ഒന്നുമില്ല. കഞ്ഞിയും ഇത്തിരി തേങ്ങാചമ്മന്തിയും മുരിങ്ങയില തോരനും. മുരിങ്ങയുണ്ട് അതിരു നിറയെ. ചോറിനുള്ള അരിയുണ്ടേൽ മുരിങ്ങ ഒരു കറിക്കുള്ളത് നിത്യവും തരുന്നുണ്ട്. ഭാഗ്യം.

കഞ്ഞി കുടിക്കുമ്പോൾ സലോമിയോട് ബാങ്ക് മാനേജർ പറഞ്ഞ കാര്യം പറഞ്ഞു. "സലോമീ, അവൻ പറഞ്ഞത് എന്താണെന്ന് അറിയുമോ? ജേക്കബേ എടാ, നിങ്ങൾ 26 വർഷം നിക്ഷേപിച്ച ബാങ്ക് എട്ടു നിലയിൽ പൊട്ടിപ്പാളീസായിരിക്കുന്നു. അത് അംഗീകരിച്ചേ പറ്റൂ. യാഥാർത്ഥ്യം അതാണ്."

"പക്ഷേ, സലോമീ നമ്മൾ നിക്ഷേപിച്ചിരുന്നത് പണമായിരുന്നില്ല, സ്നേഹവും കരുതലുമായിരുന്നു. പിൽക്കാലത്ത് പലിശ ചേർത്ത് തിരിച്ചെടുക്കാം എന്ന വ്യാമോഹത്തിൽ നിക്ഷേപിച്ചത് സ്വന്തം മകളിൽ ആയിരുന്നുവെന്നു മാത്രം."

"നിങ്ങളെന്താണീ പറയുന്നത്? നിക്ഷേപമോ? മകളിലോ? ശാലു നമ്മുടെ മോളാണ് ജേക്കബേ, അവളുടെ കൈവളരുന്നോ കാൽ വളരുന്നോ എന്നു നോക്കിയത് നിക്ഷേപമെന്നാണോ പറയുന്നത്?അതെന്തൊരുപറച്ചിലാ?"

"അതെ, സലോമീ ഞാൻ ചിന്തിച്ചു. അവൻ പറഞ്ഞത് സത്യമല്ലേ, നമ്മൾ അവളെ സ്നേഹിക്കുമ്പോൾ അത് തിരിച്ചുകിട്ടും എന്ന് ഉറപ്പിച്ചുതന്നല്ലേ സ്നേഹിച്ചത്? എന്തിന് നിഷേധിക്കണം. ഞാൻ സ്വപ്നം കണ്ടിരുന്നു. അവൾ തിരിച്ചു നൽകുന്ന സ്നേഹം, പൊട്ടിപ്പോയി സലോമീ നമ്മുടെ ബാങ്ക് പൊട്ടിപ്പോയി."
അത്രയും പറഞ്ഞപ്പോഴേക്കും എൻ്റെ തൊണ്ട അടഞ്ഞു. സങ്കടം കുരുങ്ങി. കണ്ണു നിറഞ്ഞു.

നിറഞ്ഞ കണ്ണ് ഒഴുകട്ടെ. ഒന്നും മറയ്ക്കാനില്ല. സലോമിയും കരയുകയാണ്. കരയട്ടെ. ബാങ്ക് തകർന്നാൽ കരയണം. സ്നേഹത്തിൻ്റ ബാങ്ക് ആകുമ്പോൾ പൊട്ടിക്കരഞ്ഞാലും തരക്കേടില്ല.
കണ്ണുനീരു വീണു കലങ്ങിയിട്ടോ കഞ്ഞിയിൽ ഉപ്പു കൂടി. രണ്ടു സ്പൂൺ കൂടി വലിച്ചുകുടിച്ച് അവശേഷിച്ച വറ്റും വെള്ളവും അടുക്കളക്കതകു തുറന്നു പുറത്തേക്കു വീശിയൊഴിച്ചു. വായ കഴുകി അകത്തേക്കു നടക്കുമ്പോൾ മനസ് ശൂന്യമായി.

ഇനി എന്താണ് ബാക്കി?
ഒരു കൂരയുണ്ട്. അതു ഭാഗ്യം. രണ്ടു മനുഷ്യരുണ്ട്, കുറേ രോഗങ്ങൾ കൂട്ടുണ്ട്. എത്ര കാലം, അതും കൂടി അറിയാനാകുമായിരുന്നെങ്കിൽ എത്ര നന്നായേനെ.

ഞാൻ കണ്ണടച്ചു കിടന്നു.
ഉണർന്നത് ഒരു തീരുമാനമെടുത്തിട്ടാണ്. സമയം നാലു മണി ആയിട്ടേ ഉള്ളൂ. ഉറക്കം അല്ല. ആധി വിങ്ങി ഒരു മയക്കം. വീണ്ടുമൊരു ആധിയിൽ ഉണരൽ. ഫോൺ എടുത്തു നോക്കി.
അപ്പാ കാശ്..... വീണ്ടും, വീണ്ടും, വീണ്ടും....!

"മോളേ ഇനി അപ്പന് കഴിയില്ല. നാട്ടിൽ തിരിച്ചുവരാമെങ്കിൽ  ഏതെങ്കിലും സൂപ്പർ മാർക്കറ്റിലോ തുണിക്കടയിലോ ഒരു ജോലി തരപ്പെടുത്തിത്തരാൻ അപ്പന് കഴിയും. അതാവും ഇനി നല്ലത്. കഴിഞ്ഞത് കഴിഞ്ഞു. അപ്പൻ ഇന്ന് അയച്ച കാശുകൊണ്ട് തിരികെ വരാൻ ടിക്കറ്റ് എടുക്കുക. അതേ അപ്പന് ഇനി ചെയ്യാനുള്ളൂ. കാശിനായി വിളിക്കേണ്ട. ഇവിടൊരു അപ്പനും അമ്മച്ചിയും ഉണ്ടെന്നു തോന്നിയാൽ മാത്രം വിളിക്കുക. നീ നന്നായി ജീവിക്കുക."

മറുപടി അയച്ചുകഴിഞ്ഞ് മുറ്റത്തേക്കിറങ്ങി. നെഞ്ചിലെ പിടുത്തം ഇപ്പോൾ ഇല്ല. നന്നായി ശ്വാസമെടുക്കാൻ പറ്റുന്നുണ്ട്.

ദിവസങ്ങൾ കടന്നുപോകുന്നത് ഞാനും സലോമിയും അറിയുന്നുണ്ട്. ഇന്ന് പതിനഞ്ചു നാൾ കഴിഞ്ഞു, ഇന്ന് മുപ്പതുനാൾ കഴിഞ്ഞു എന്നൊക്കെ സലോമി പറയുന്നതു ഞാൻ കേൾക്കാറുണ്ട്. വേറൊന്നുമല്ല. ശാലു വിളിച്ചിട്ട് ദിനങ്ങൾ കൊഴിഞ്ഞുപോകുന്ന കണക്കെടുക്കുകയാണവൾ. പാവം.ഞാൻ അതു ശ്രദ്ധിക്കാറില്ല. ഇനി എവിടേം ഒന്നും നിക്ഷേപിക്കാൻ കൈവശം ഇല്ല. പണവും സ്നേഹവും സ്വന്തം ആവശ്യത്തിനുള്ളതേ ഉള്ളൂ.

ഇതിനിടയിൽ ഞാൻ വീടിനടുത്ത് പുതുതായി തുടങ്ങിയ സൂപ്പർ മാർക്കെറ്റിൽ പണിക്കു കയറി. ജീവിക്കണം, ഭക്ഷണം മാത്രമല്ല മരുന്നും വേണം. അതിന് എന്തു പണിയും ചെയ്യും എന്നതിനാൽ കുഴപ്പമില്ല. ശമ്പളം വന്നു തുടങ്ങിയതുകൊണ്ട് അമ്പതിനായിരം രൂപ ലോൺ തരാം എന്നും ബാങ്ക് ഏറ്റിട്ടുണ്ട്. വീട് കുറച്ചു ഭാഗം ചെത്തിത്തേക്കണം. ആർക്കുവേണ്ടി എന്നാണോ? ഞങ്ങൾക്കു വേണ്ടി.

വൈകുന്നേരം വീട്ടിലേക്കു നടക്കുമ്പോൾ കവലയിൽ നിന്നും അയൽവക്കത്തെ ജെറിമോൻ നീട്ടി വിളിച്ചു.
"അച്ചായോ ഒന്നു നിന്നേ...."
"എന്നാടാ?"
"അച്ചായൻ പറഞ്ഞപോലൊന്നും അല്ലല്ലോ, നമ്മടെ ശാലിനി നല്ല നിലയിൽ ആയല്ലോ. ഇനിയിപ്പം ആ പഴയ വീടും സ്ഥലവും മാമച്ചൻ്റെ കൈയ്യേന്ന് തിരിച്ചു മേടിക്കാം അല്ലേ? ഇച്ചിരെ കൂടുതൽ കൊടുത്താലും നഷ്ടമാകത്തില്ലല്ലോ. നിങ്ങടെ വിയർപ്പു വീണ മണ്ണല്ലേ അത്?"

"നിനക്കെന്താ ജെറീ പ്രാന്തായോ? വിളിച്ചു നിർത്തി പ്രാന്ത് പറയുന്നോ?"

"എന്ത് പ്രാന്ത്! ദേ നോക്ക് ശാലു പോർച്ചുഗല്ലേലും സ്പെയിനിലും ഒക്കെ വെക്കേഷനിലാ. എന്തോരം ഫോട്ടോകളാ... നിങ്ങൾ ഇതൊന്നും കണ്ടില്ലേ?"

ശാലുവിൻ്റെ ഒരു മെസേജോ വിളിയോ വന്നിട്ട് കാലം എത്രയായി. ഒരു വർഷം എന്തായാലും കടന്നിരിക്കുന്നു.
അപ്പോ അവൾ യു കെയിൽ അല്ലേ ഇപ്പോൾ?

ഹാ, അറിഞ്ഞിട്ടെന്തിനാ? ജീവിക്കട്ടെ, നല്ല ജീവിതം കിട്ടട്ടെ. മകളാണ്, കർത്താവ് കാക്കട്ടെ.
ജെറി നീട്ടിയ ഫോണിലെ ചിത്രങ്ങൾ കാണാൻ നിന്നില്ല.

വീട്ടിലേക്ക് കയറുമ്പോൾ വീണ്ടും അതേ നെഞ്ചെരിപ്പ്. കുറേനാളിനു ശേഷമാണിത്. തിണ്ണയിലേക്ക് ഇരുന്നതിനൊപ്പം അറിയാതെ കരഞ്ഞുപോയി. ആ ശബ്ദം പുറത്തേക്ക് തെറിച്ചിരിക്കണം. സലോമി ഓടിയെത്തി.

എന്തു പറയണം?
കണ്ണു തുടച്ച് അകത്തേക്ക് കയറി.

"അന്നേ പറഞ്ഞതാണ് ഒന്നുകൂടി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ വേദനിക്കണോ?"
"എൻ്റെ സലോമീ, ഇപ്പോൾ കേറിക്കിടക്കാൻ ഒരു കൂരയുണ്ട്. അതും വേണ്ടന്നായോ നിനക്ക്? ഞാൻ ചിലത് തീരുമാനിച്ചിട്ടുണ്ട്. നീ അടങ്ങ്."
"ഞാൻ അടങ്ങാത്തതല്ലല്ലോ. ഇപ്പോൾ മാക്കുമാക്കാന്നു കരഞ്ഞത് ജേക്കബല്ലേ? ഇതു നല്ല കൂത്ത്."

സലോമി അരിശത്തിൽ തല വെട്ടിച്ച് അടുക്കളയിലേക്കു കടന്നു.
തീരുമാനം എടുത്തു കഴിഞ്ഞതാണ്. ഇനി വൈകണ്ട.
ഫോൺ എടുത്ത് നമ്പർ തപ്പിയെടുത്തു.

"മോളേ.... നീ നാളെ രാവിലെ തന്നെ ഇങ്ങു പോരണം."

ഞാനതു പറഞ്ഞ് ഫോൺ കട്ടു ചെയ്തു.

ഞാൻ പറഞ്ഞത് സലോമി കേട്ടു എന്ന് ഉറപ്പാണ്. അവളുടെ മുഖത്ത് കാർമേഘമൊഴിഞ്ഞ ആകാശത്തിൻ്റെ സമാധാനം കാണുന്നുണ്ട്. രാത്രി കഞ്ഞിക്കൊപ്പം ഒരു ചാള വറുത്തതും കൂടുതൽ കിട്ടി.

നേരം വെളുത്തു. സലോമി മുറ്റത്ത് വെണ്ടച്ചെടിയിൽ കുരുടിപ്പ് പരിശോധിക്കുമ്പോഴാണ് അവൾ വന്നത്.

കൈയിൽ ഒരു സഞ്ചിയും ഒരു ബാക്ക്പാക്കുമുണ്ട്. ചുവന്ന ചുരിദാറിൽ വിളറിയ അവളുടെ മുഖം ഒന്നു തിളങ്ങിയ പോലെ തോന്നി.
സലോമി തിരിഞ്ഞു നിന്ന് അവളെ നോക്കി. സംശയത്താൽ ഉയർന്ന സലോമിയുടെ പുരികക്കൊടികൾക്കിടയിൽ ഒരുമ്മ കൊടുക്കാനാണ് എനിക്കപ്പോൾ തോന്നിയത്.

"ജേക്കബേ, ഇതാ പള്ളിടെ തെക്കേതിലെ വണ്ടിയിടിച്ചു മരിച്ച കുഞ്ഞപ്പൻ്റെ മോൾ ആനി അല്ലേ?"

"അതെ. സലോമി അവൾ തന്നെ. കുഞ്ഞപ്പൻ പോയേപ്പിന്നെ ജോമിക്ക് മൂന്നു മക്കളെ പോറ്റാൻ വഴിയൊന്നും ഇല്ല. ഒന്നാമത് അവളുടെ വയ്യായ്ക. അപ്പോ ഞാനാ പറഞ്ഞത് ആനിക്കൊച്ചിനെ ഞാൻ കൂടെ നിർത്തി പഠിപ്പിച്ചോളാമെന്ന്. നീ അവളെ അകത്തേക്ക് വിളിക്ക്."

ഒന്നു സംശയിച്ചു നിന്ന്, ആനിക്കൊച്ച് അകത്തേക്കു കടന്നപ്പോൾ  സലോമി എന്നെ പിന്നിലേക്കു വലിച്ചിട്ടു ചോദിച്ചു,
"വീണ്ടും നിക്ഷേപം തുടങ്ങുവാണോ? ഈ ബാങ്കും പൊട്ടിയാലോ? എന്തു വിശ്വാസത്തിലാ?"

"പൊട്ടുന്നേൽ പൊട്ടെട്ടെടീ, പിന്നെ, കർത്താവിൻ്റെ ബാങ്ക് പൊട്ടത്തില്ല. അതെനിക്ക് ഒറപ്പാ. ഇപ്പോ നമുക്ക് സ്നേഹിക്കാൻ ഒന്നിനെ വേണം. നമുക്ക് മുന്നോട്ടു ജീവിക്കാനും. അവൾക്കു വേണ്ടിയല്ല. നമുക്ക് വേണ്ടി. ഇനിയിപ്പം ഇവൾ നമ്മളെ സ്നേഹിച്ചില്ലേലും തള്ളിപ്പറഞ്ഞാലും കുഴപ്പമില്ല."

ഞാനാ തിണ്ണയിൽ അമർന്നിരുന്നു.

യേശു ചിരിച്ചതുപോലെ പൊടുന്നനെ ആകാശത്തുനിന്നും വീണു ചിതറിയ വെള്ളത്തുള്ളികൾ എൻ്റെ മുഖത്തു തണുപ്പു പടർത്തി.

ഇല്ല, ഇപ്പോഴാ നെഞ്ചുവേദന തീരെയില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക