
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സി.എം.ആർ.എൽ എക്സാലോജിക് പണമിടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ഡി.ജി.പിക്ക് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിർണായക തീരുമാനമെടുത്തത്. കൈക്കൂലി വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ആഭ്യന്തരമന്ത്രി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. വിഷയത്തിൽ ഇ.ഡി ആദ്യം കത്ത് നൽകിയത് ഡി.ജി.പിക്കാണ്. ഡി.ജി.പി ഈ കത്ത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
തുടർനടപടികൾ സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സർക്കാരിൻ്റെ നിർദേശം തേടിയതിനെ തുടർന്ന് ആഭ്യന്തരമന്ത്രി അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിനോട് നിയമോപദേശം ആവശ്യപ്പെടുകയായിരുന്നു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് എ.ജി സർക്കാരിന് നിയമോപദേശം കൈമാറിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കാൻ തീരുമാനിച്ചത്.
ഇത്തരമൊരു പരാതി നൽകാൻ ഇ.ഡിക്ക് നിയമപരമായ അവകാശമുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ലഭിക്കുന്ന വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ ഇ.ഡിക്ക് ചുമതലയുണ്ട്. സുപ്രീം കോടതിയുടെ വിജയ് മദൻലാൽ കേസിലെ വിധിന്യായവും ആഭ്യന്തരമന്ത്രി എടുത്തുകാട്ടി.
ഒരു അന്വേഷണ ഏജൻസി നൽകുന്ന കത്ത് അവഗണിക്കാൻ സർക്കാരിന് കഴിയില്ലെന്നും അതിൽ നിയമപരമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ഈ വിധിയിൽ വ്യക്തമാക്കുന്നുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിയും അദ്ദേഹം പരാമർശിച്ചു. അഴിമതി ഉൾപ്പെടെയുള്ള കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം അനിവാര്യമാണെന്ന് വിധിയിൽ പറയുന്നുണ്ട്. എന്നാൽ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത് പ്രാഥമിക അന്വേഷണമാണോ എന്ന ചോദ്യത്തിന് ഇതൊരു അന്വേഷണം തന്നെയാണെന്ന് ആഭ്യന്തരമന്ത്രി തറപ്പിച്ചു പറഞ്ഞു.
ഏത് ഏജൻസി അന്വേഷിക്കണം, ഏത് രീതിയിലുള്ള അന്വേഷണം വേണം എന്നീ കാര്യങ്ങൾ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തീരുമാനിക്കും. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസിന് പുറമെ പൊലീസിനും കേസ് അന്വേഷിക്കാൻ അധികാരമുണ്ടെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണച്ചുമതല ഡി.ജി.പിക്ക് നൽകിയിരിക്കുന്നത്.