Image

കാര്‍ടൂണ്‍ കാണുക .ചിന്തിക്കുക. രസിക്കുക (സെബാസ്റ്റ്യന്‍ പോള്‍)

Published on 22 September, 2026
കാര്‍ടൂണ്‍ കാണുക .ചിന്തിക്കുക. രസിക്കുക (സെബാസ്റ്റ്യന്‍ പോള്‍)

സമകാലിക സംഭവ വികാസങ്ങളെ നര്‍മ്മ രസത്തോടെ നോക്കി കാണുന്ന ജോഷി  ജോര്‍ജിന്‍റെ കാര്‍ട്ടൂണ്‍ പറമ്പര ചുവരെഴുത്തുകള്‍ ഇ മലയാളി മാസികയില്‍ സെപ്റ്റംബര്‍ ലക്കത്തില്‍ .

എഴുത്തുകാരനും പ്രഭാഷകനും കാര്‍ട്ടൂണിസ്റ്റുമാണ് ജോഷി ജോര്‍ജ് .

കാര്‍ടൂണ്‍ കാണുക  .ചിന്തിക്കുക .രസിക്കുക .

അദ്ദേഹത്തെ പറ്റി സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു .

ഏകദേശം നാല്‍പത്തിയഞ്ച് വര്‍ഷം മുമ്പാണ് ഞാന്‍ ജോഷി ജോര്‍ജിനെ പരിചയപ്പെടുന്നത്. ഞാന്‍ എഡിറ്ററായി പ്രസിദ്ധീകരണം ആരംഭിച്ച സിറ്റിസണ്‍ എന്ന മലയാളം വാര്‍ത്താവാരികയില്‍ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയിലായിരുന്നു ജോഷിയുടെ വരവ്. അക്കാലത്ത് പ്രശസ്തനായിരുന്ന നാഥന്‍ ആയിരുന്നു ഞങ്ങളുടെ ഔദ്യോഗിക കാര്‍ട്ടൂണിസ്റ്റ്. പക്ഷേ നവീനമായ ആശയങ്ങളും വ്യത്യസ്തമായ ആലേഖനശൈലിയുമായി ജോഷി സ്വന്തമായി ഒരിടം കണ്ടെത്തി അവിടെ ഇരിപ്പുറപ്പിച്ചു. നഗരവാസി അല്ലാതിരുന്നിട്ടും നഗരത്തിനുവേണ്ടിയുള്ള പ്രസിദ്ധീകരണത്തില്‍ നാഗരികവിഷയങ്ങളെ അടിസ്ഥാനമാക്കി കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിനുള്ള വൈഭവം ജോഷി പ്രകടിപ്പിച്ചു. നാല് ദശകങ്ങള്‍ക്കിപ്പുറം ജോഷിയെക്കുറിച്ചെഴുതുമ്പോള്‍ അദ്ദേഹത്തെ കാര്‍ട്ടൂണിസ്റ്റ് എന്നു മാത്രം വിശേഷിപ്പിക്കാനാവില്ല. അദ്ദേഹം പത്രാധിപരാണ്. കേരള ടൈംസിലെത്തി സത്യനാദം എന്ന ചരിത്രപരമായി പ്രാധാന്യമുള്ള പ്രസിദ്ധീകരണത്തിന്റെ പത്രാധിപത്യം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. അന്ന് ജോഷി നിര്‍ബന്ധപൂര്‍വം എന്നെക്കൊണ്ട് ഒരു പംക്തി എഴുതിക്കുമായിരുന്നു.

ഇപ്പോഴും ജോഷിക്കുവേണ്ടി ഒരു വാരികയിള്‍ കോളം എഴുതുന്നുണ്ട്. എന്നെ കോളമിസ്റ്റ് ആയി കാണാനായിരുന്നു ജോഷിക്കിഷ്ടം.
പത്രാധിപരും കാര്‍ട്ടൂണിസ്റ്റും എന്നു മാത്രം വിശേഷിപ്പിക്കാന്‍ കഴിയാത്ത രീതിയില്‍ ജോഷി പിന്നീട് പലതുമായി. സെലിബ്രിറ്റികളുടെ ജീവചരിത്രമെഴുതുന്ന ഗ്രന്ഥകാരനായി. മലയാളത്തിലെ ഫിലിം ജേണലിസം ഒട്ടും പ്രഫഷണലല്ലാത്ത കാലം. പബ്ലിക് റിലേഷസിന്റെ ഭാഗമായ വാര്‍ത്തകളും ഗോസിപ്പുമല്ലാതെ ജേണലിസം എന്ന വിഭാഗത്തില്‍ പെടാവുന്നതൊന്നും നമ്മുടെ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ സാധാരണ കാണാറില്ല. ഇതിന് അപവാദമായിരുന്നു 27 കൊല്ലം മുമ്പ് രാഷ്ട്രദീപിക സിനിമയില്‍ നടന്‍ ജയന്‍ മരിച്ച് 22 വര്‍ഷത്തിനു ശേഷം  ഗവേഷണ ബുദ്ധിയോടെ ജയന്റെ കഥ  52 അധ്യായങ്ങളിലായിജോഷി എഴുതി.

ഒടുവില്‍ നോവലിസ്റ്റാകുന്നതിനുള്ള ധൈര്യവും കാണിച്ചു. നോവലിന്റെ പശ്ചാത്തലം കിഴക്കമ്പലമല്ല; വാഷിങ്ടണ്‍ ആണ്. പത്രത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനവും പുലിറ്റ്സര്‍ പുരസ്‌കാരവുമാണ് അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍. ഷേക്സ്പിയര്‍ ഇംഗ്ളണ്ടിനു പുറത്ത് പോയിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നാടകങ്ങള്‍ റോമന്‍ പശ്ചാത്തലത്തിലുള്ളതാണ്. തകഴി സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും പോയിട്ടുണ്ട്. പക്ഷേ ഏണിപ്പടികള്‍ ഒഴികെ അദ്ദേഹത്തിന്റെ എല്ലാ നോവലുകളുടെയും ഇതിവൃത്തം കുട്ടനാട്ടില്‍ കുറ്റിയടിക്കപ്പെട്ടിരിക്കുന്നു.

ജോഷി ജോര്‍ജ് ഇപ്പോള്‍ ഓവര്‍സീസ് എഡിറ്ററാണ്. കിഴക്കമ്പലത്തിരുന്ന് അദ്ദേഹം എഡിറ്റ് ചെയ്യും. വായനക്കാര്‍ അമേരിക്കയിലും കനഡയിലുമാണ്.  വിശ്വാസികള്‍ക്കുവേണ്ടിയും അദ്ദേഹം എഡിറ്ററാകും. വിശ്വാസസംരക്ഷകന്‍ എന്നാണ് അദ്ദേഹം എഡിറ്റ് ചെയ്യുന്ന സഭാപ്രസിദ്ധീകരണത്തിന്റെ പേര്. സഭാപ്രസിദ്ധീകരണം എങ്ങനെ എഡിറ്റ് ചെയ്യണമെന്ന് മറ്റൊരു സഭയുടെ പ്രസിദ്ധീകരണം എഡിറ്റ് ചെയ്ത് അദ്ദേഹം പഠിച്ചിട്ടുണ്ട്. ഇതിനു പുറമേ ഒരു പോസിറ്റീവ് തിങ്കിംഗ് മാസികയുടെ ജനറല്‍ എഡിറ്ററുമാണ്.

ജയന്റേയും മോഹന്‍ലാലിന്റെയും കമലഹാസന്റെയും ബ്രൂസ് ലിയുടേയും   പാട്ടുകാരി ചിത്രയുടേയും  ജീവചരിത്രം ജോഷി എഴുതിയിട്ടുണ്ട്. അവരുമായി സഹവസിച്ചുകൊണ്ടുള്ള രചനാരീതിയല്ല ജോഷിയുടേത്. സുബ്ബുലക്ഷ്മിയുടെയും നര്‍ഗീസിന്റെയും ജീവചരിത്രം ടി ജെ എസ് ജോര്‍ജ് എഴുതിയിട്ടുണ്ട്. ഗ്രന്ഥരചനയെ ഗൗരവത്തോടെ കാണുന്ന ആ പത്രാധിപര്‍ ഗായികയുടെയും നടിയുടെയും പിന്നാലെ നടന്ന് വിവരശേഖരണം നടത്തിയെന്ന് വിശ്വസിക്കാനാവില്ല. അകന്നുനിന്ന് അവരെ മനസ്സിലാക്കിക്കൊണ്ടാണ് ജീവചരിതം എഴുതേണ്ടതെന്ന് ടി ജെ എസ് ജോര്‍ജ് പറഞ്ഞു. അപ്പോഴാണ് വസ്തുനിഷ്ഠമായും വിമര്‍ശനാത്മകമായും അടുപ്പത്തിന്റെ ബാധ്യത ഇല്ലാതെയും എഴുതാന്‍ കഴിയൂ. അകന്നു നില്‍ക്കുമ്പോഴാണ് ഹിമാലയത്തിന്റെ ഉത്തുംഗസൗന്ദര്യം ഗോചരമാകുന്നത്.  പ്രധാനപ്പെട്ട ജീവചരിത്രങ്ങള്‍ പലത് എഴുതിയിട്ടുള്ള എം കെ സാനുവിന്റെ രീതിയും ഇതുതന്നെയാണ്. മോഹന്‍ലാലിന്റെ പിന്നാലെ നടന്നിട്ടല്ല സാനുമാസ്റ്റര്‍ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയത്. പിന്നാലെ നടന്ന് ജീവചരിത്രം എഴുതി ഡോക്ടര്‍ ജോണ്‍സണെ ജനമനസുകളില്‍ ചിരപ്രതിഷ്ഠിതനാക്കിയ ആളാണ് ജെയിംസ് ബോസ്വെല്‍. ജോണ്‍സന്റെ സൃഹൃത്തും സന്തതസഹചാരിയുമായിരുന്നു ഈ സ്‌കോട്ടിഷ് അഭിഭാഷകന്‍. ജീവചരിത്രരചനയ്ക്ക് എക്കാലത്തെയും ഏറ്റവും മികച്ച മാതൃകയാണ് ബോസ്വെല്‍ 1791ല്‍ എഴുതിയ കൃതി .. ജീവചരിത്രരചനയില്‍ ബോസ്വെല്ലിന്റെ മാതൃകയല്ല ജോഷി പിന്തുടരുന്നത്. അതുകൊണ്ട് കഥാപുരുഷനെ വസ്തുനിഷ്ഠമായി മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനും ജോഷിക്ക് കഴിയുന്നു.

ഓര്‍മയുടെ കലവറയാണ് ജോഷി. പത്രങ്ങളും പത്രപ്രവര്‍ത്തകരും ജോഷിയുടെ സ്മൃതിമണ്ഡലത്തില്‍ നിത്യഹരിതമായി തെളിഞ്ഞുനില്‍ക്കുന്നു. കണ്‍വെന്‍ഷണല്‍ ചരിത്രകാരന്മാരുടെ ആഖ്യായികാവിവരണത്തില്‍ ഉള്‍പ്പെടാതെ പോകുന്ന നുറുങ്ങുകളും ലൊട്ടുലൊടുക്ക് കാര്യങ്ങളും ജോഷിയുടെ ശേഖരത്തിലുണ്ടാകും. മലയാളസിനിമയ്ക്ക് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എപ്രകാരമായിരുന്നുവോ അപ്രകാരമാണ് മലയാളപത്രങ്ങള്‍ക്ക് ജോഷി ജോര്‍ജ്.

വലിയ പത്രങ്ങള്‍ക്ക് സ്വന്തമായി വിപുലമായ രേഖാശേഖരമുണ്ടാകും. ആനുകാലികപ്രസിദ്ധീകരണങ്ങള്‍ക്ക് അങ്ങനെയൊരു മ്യൂസിയമില്ല. ആയുസ് കുറവാകയാല്‍ അവയുടെ സ്മരണ നിലനിര്‍ത്തുന്നതിന് മ്യൂസിയം ആവശ്യമുണ്ട്. വാഷിങ്ടണിലെ പെന്‍സില്‍വാനിയ അവന്യൂവില്‍ ന്യൂസിയം കണ്ടപ്പോഴാണ് ന്യൂസിന് ഒരു മ്യൂസിയം വേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എനിക്ക് ബോധമുണ്ടായത്.

ജോഷി ജോര്‍ജ് ഓര്‍മയിലും ലൈബ്രറിയിലുമായി പ്രസക്തമായ പലതും സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്നെക്കുറിച്ച് കേരള മീഡിയ അക്കാഡമിക്കുവേണ്ടി മധുപാല്‍ തയാറാക്കുന്ന ഡോക്യൂമെന്ററിക്കുവേണ്ടി പഴയ പത്രങ്ങളും ഓര്‍മകളും പങ്കുവച്ചത് ജോഷിയാണ്. എന്റെ ജീവചരിത്രത്തിലേക്കും ആവശ്യമായ ചില വിവരങ്ങളും സൂചനകളും നല്‍കാന്‍ ജോഷിക്ക് കഴിഞ്ഞു. എന്റെ ഓര്‍മയുടെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള ചില തിരുത്തുകളും ജോഷി നടത്തി. ഓര്‍മയുള്ളവര്‍ പിരിഞ്ഞില്ലാതാകുമ്പോള്‍ അവശേഷിക്കുന്നവരുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. എന്റെ അച്ചടിശാല യേശുദാസന്‍ വാങ്ങിയതിനുശേഷം അദ്ദേഹം ആരംഭിച്ച പ്രസിദ്ധീകരണത്തിന്റെ പേര് ഈയിടെ ജോഷി പറഞ്ഞുതന്നു. അര നൂറ്റാണ്ടിനപ്പുറത്തേക്ക് മെറ്റയുടെ വൈദഗ്ധ്യത്തോടെ മുങ്ങാംകുഴിയിട്ട് ആവശ്യമുള്ളതു ശേഖരിക്കാന്‍ ജോഷിക്ക് ഒരു പ്രയാസവുമില്ല.

എനിക്ക് ആത്മവിശ്വാസത്തോടെ വ്യാപരിക്കാന്‍  കഴിയാത്ത ഒരു മേഖലയില്‍ ജോഷി വിജയകരമായി പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി.  മനഃശക്തി പരിശീലകന്‍ എന്നതാണ് ജോഷി പതിനെട്ട് വര്‍ഷം മുമ്പ് കണ്ടെത്തിയ മേഖല. അന്തര്‍മുഖനായി കാര്‍ട്ടൂണ്‍ വരയ്ക്കുകയോ എഴുതുകയോ മാത്രം ചെയ്തിരുന്ന ജോഷി ഉന്മേഷത്തോടെ ഉണര്‍വില്‍ ചെയ്യേണ്ടതായ ഒരു കര്‍മപദ്ധതിക്ക് എങ്ങനെ സ്വയം സജ്ജനായി എന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. കാര്‍ട്ടൂണ്‍ വരച്ച് ശാന്തശീലനായി കഴിഞ്ഞിരുന്ന ബാല്‍ താക്കറേ എങ്ങനെയാണ് സംഹാരദംഷ്ട്രങ്ങളുള്ള പുലിയായത്? സാവൂളിന്റെ ജീവിതത്തിലെന്നപോലെ ഓരോരുത്തരുടെയും ജീവിതത്തില്‍ ദമാസ്‌കസിലേക്കുള്ള വഴി തുറക്കപ്പെടുന്ന നിമിഷമുണ്ടാകും. പുതുദര്‍ശനത്തിന് കാരണമാകുന്ന ആ നിമിഷത്തില്‍ അനനിയാസിനെപ്പോലെ സഹായിയാകുന്ന ദൗത്യമാണ് ജോഷി ഏറ്റെടുത്തിരിക്കുന്നത്. ശരീരത്തിന് പേശികളെ ഉത്തേജിപ്പിക്കുന്ന ഫിസിയോതെറാപ്പി പോലെയാണ് സക്സസ് പിരമിഡ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ജോഷിയുടെ മനോത്തേജക പരിപാടി. വിദ്യയ്ക്കു പകരം സ്‌കില്ലിന് പ്രാമുഖ്യം നല്‍കുന്ന ആധുനികകാലത്ത് സാധ്യതകളുടെ അപാരതയിലേക്കാണ് ജോഷിയുടെ പിരമിഡ് ഉയരുന്നത്. ഉയരുന്തോറും നേര്‍ത്ത് ഇടം കുറയുന്ന അനുഭവമാണ് പിരമിഡ് നല്‍കുന്നത്. ഉയരത്തിലെത്തുമ്പോള്‍ എണ്ണം കുറയുന്നതുകൊണ്ട് ഇടം പരിമിതമാകാം. സാഹസികരാണ് അവിടെയെത്തുന്നത്. സാഹസമെന്നത് മനസ്സിന്റെ അവസ്ഥയാണ്. അതിലേക്ക് മനസ്സിനെ പൊരുത്തപ്പെടുത്തുന്ന മനഃ ശക്തി പരിശീലകനാണ് ജോഷി ജോര്‍ജ്.

അലക്സാണ്ടറുടെ മുന്നില്‍ നിയന്ത്രണമില്ലാതെ നിന്ന കുതിരക്കുട്ടിയെപ്പോലെയാണ് മനുഷ്യന്റെ മനസ്സ്. സൂര്യാഭിമുഖം നിര്‍ത്തി നിഴല്‍ക്കാഴ്ച ഇല്ലാതാക്കിയപ്പോള്‍ കുട്ടിക്കുതിര ശാന്തനായി. ബ്യൂസിഫാലസ് എന്ന പേരില്‍ അലക്സാണ്ടറുടെ പ്രിയപ്പെട്ട കുതിരയായി. വിജിഗീഷുവിനെ സംവഹിച്ചുകൊണ്ട് അറിയപ്പെടാത്ത ഇടങ്ങളില്‍ കുളമ്പടിച്ചു. ഭയപ്പെടുത്തുന്ന നിഴലുകളില്‍ നിന്നുള്ള മോചനമാണ് എല്ലാം സാധ്യമാക്കിയത്. ജോഷി ജോര്‍ജ് ചെയ്യുന്നതും അതുതന്നെ. നിഴലുകള്‍ ഇല്ലാതാക്കി യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീഭവിക്കുന്നതിനുള്ള കര്‍മപദ്ധതിയാണ് അദ്ദേഹത്തിന്റെ സക്സസ് പിരമിഡ്.


എഴുത്തുകാരനും പ്രഭാഷകനും കാര്‍ട്ടൂണിസ്റ്റുമാണ് ജോഷി ജോര്‍ജ് .

കാര്‍ടൂണ്‍ കാണുക .ചിന്തിക്കുക. രസിക്കുക (സെബാസ്റ്റ്യന്‍ പോള്‍)
Join WhatsApp News
Jayan Varghese 2026-09-22 16:12:39
കോലോത്തെ തംപ്രാട്ടിയാടോ മാഷേ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക