Image

മിന്നസോട്ടയിൽ ചരിത്രമെഴുതി MMAയുടെ ‘മലർ 2026’

Published on 22 September, 2026
മിന്നസോട്ടയിൽ ചരിത്രമെഴുതി MMAയുടെ ‘മലർ 2026’

മിന്നിയാപൊളിസ്: മിന്നസോട്ട മലയാളി അസോസിയേഷൻ (MMA) സംഘടിപ്പിച്ച ഓണാഘോഷം ‘മലർ – ദി MMA ഓണം 2026’ വൈവിധ്യമാർന്ന പരിപാടികളോടെ സെപ്റ്റംബർ 12-ന് ഹോപ്കിൻസ് ഹൈസ്കൂളിൽ അരങ്ങേറി. ‘Where Tradition Blossoms’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ആഘോഷം കേരളത്തിന്റെ പാരമ്പര്യവും കലാസാംസ്കാരിക സമൃദ്ധിയും മലയാളി സമൂഹത്തിന്റെ ഐക്യവും മനോഹരമായി വിളിച്ചോതി

പ്രശസ്ത ചലച്ചിത്രതാരവും മാർഷൽ ആർട്സ് വിദഗ്ധനുമായ ബാബു ആന്റണി മുഖ്യാതിഥിയായിരുന്നു. ബൈക്കുകൾ, ഹമ്മർ, തുറന്ന ജീപ്പുകൾ, മുത്തുക്കുടകൾ, ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ സംഘടിപ്പിച്ച പ്രൗഢമായ മാവേലി ഘോഷയാത്ര ആഘോഷത്തിന് വർണാഭമായ തുടക്കം കുറിച്ചു. മിന്നസോട്ടയുടെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ഇത്തരത്തിലുള്ള മലയാളി സാംസ്കാരിക ഘോഷയാത്ര സമൂഹത്തിന് വേറിട്ട അനുഭവമായി. MMA ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ, സ്പോൺസർമാർ, സമൂഹാംഗങ്ങൾ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു.

 

MMA പ്രസിഡന്റ് ആശ മാത്യു സ്വാഗതവും പ്രസിഡൻഷ്യൽ സന്ദേശവും നൽകി.  Dignitaries നിലവിളക്ക് തെളിയിച്ചുകൊണ്ട് ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മുഖ്യാതിഥി ബാബു ആന്റണി ഓണസന്ദേശം നൽകി. MMAയുടെ വിവിധ വിഭാഗങ്ങളിലെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

കേരളം – ഗ്രേസ്, ഗ്രിറ്റ് ആൻഡ് ഗ്ലോറി’ എന്ന പ്രമേയത്തിൽ അവതരിപ്പിച്ച ഗംഭീരമായ ഉദ്ഘാടന നൃത്താവിഷ്കാരം പരിപാടിയുടെ പ്രധാന ആകർഷണമായി. കേരളത്തിന്റെ സൗന്ദര്യം, അതിജീവനശക്തി, അഭിമാനം എന്നിവ നൃത്തം, സംഗീതം, ഫാഷൻ, കളരിപ്പയറ്റ്, രാജാ രവിവർമ്മ ചിത്രാവിഷ്കാരം, മുത്തുക്കുട, ആന, ചെണ്ട തുടങ്ങിയ ദൃശ്യഘടകങ്ങളിലൂടെ വേദിയിൽ അവതരിപ്പിച്ചു.

സിബു മാത്യുവും ആശ മാത്യുവും ആശയാവിഷ്‌കാരവും സംവിധാനവും നിർവഹിച്ച കലാവിരുന്നിന്റെ വിവിധ ഭാഗങ്ങൾക്ക് ആശ മാത്യു, ഡോ. എം.ടി. പദ്മം, നിതു ബാല, ജസ്റ്റിൻ ജെയിംസ്, അരുൺ ഒരപ്പാലശ്ശേരി എന്നിവർ നൃത്തസംവിധാനം നൽകി. മുത്തുക്കുട, രവിവർമ്മ ചിത്രാവിഷ്‌കാരങ്ങൾക്ക് സിബു മാത്യുവും ആശ മാത്യുവും നേതൃത്വം നൽകി. കലാകാരന്മാരെ പരിശീലിപ്പിച്ചത് ഡോ. എം.ടി. പദ്മവും നിതു ബാലയുമാണ്. ആർട്ട് ഡിസൈനർമാരായി ഗ്ലാഡ്‌വിൻ ഫ്രാൻസിസും ലാൽ പിള്ളയും പ്രവർത്തിച്ചു.

45-ലധികം കലാകാരന്മാർ അണിനിരന്ന അവതരണം സദസ്സിന്റെ നിറഞ്ഞ കൈയടി നേടി.  തുടർന്ന്, ഭരതനാട്യം, നൃത്തം, ഗാനമേള തുടങ്ങി കുട്ടികളും യുവാക്കളും മുതിർന്നവരും അണിനിരന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

 

പായസമത്സരം എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു. കേരളീയ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു. പരമ്പരാഗത രുചിയും സ്നേഹവിരുന്നിന്റെ ഊഷ്മളതയും നിറഞ്ഞ സദ്യ ആസ്വദിക്കാൻ നിരവധി കുടുംബങ്ങൾ എത്തിച്ചേർന്നു.

MMAയുടെ പ്ലാറ്റിനം പ്രീമിയം സ്പോൺസർമാരായ അബ്ദുൽ ഗഫൂർ ഹംസയെയും മിനു ജോണിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ആഘോഷത്തിന്റെ വിജയത്തിന് പിന്തുണ നൽകിയ എല്ലാ സ്പോൺസർമാർക്കും പങ്കാളികൾക്കും MMA നന്ദി അറിയിച്ചു.

MMA സെക്രട്ടറി രഞ്ജിനി ലാലും ജോയിന്റ് സെക്രട്ടറി നിമിത മുകുന്ദനും ചേർന്ന് നന്ദിപ്രകാശനം നടത്തി. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഓരോ വ്യക്തിയുടെയും സംഭാവനകളെ അവർ പ്രത്യേകം അനുസ്മരിച്ചു.

കേരളത്തിൽനിന്ന് അകലെയായിരിക്കുമ്പോഴും സ്വന്തം സംസ്കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും സമൂഹബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്ത ഹൃദയസ്പർശിയായ ആഘോഷമായി ‘മലർ – ദി MMA ഓണം 2026’ മാറി. സ്നേഹവും ഒരുമയും നിറഞ്ഞ ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് മിന്നസോട്ട മലയാളി സമൂഹത്തിന്റെ ശ്രദ്ധേയമായ ആഘോഷങ്ങളിലൊന്നായി ‘മലർ’ ചരിത്രത്തിൽ ഇടം നേടി.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക