
ചെന്നൈ: സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക. തന്നെ വഞ്ചിച്ചത് സഹോദരിയാണെന്നും 50 സെന്റ് ഭൂമിയും സ്വര്‍ണവുമടക്കം തട്ടിയെടുത്തെന്നും അംബിക പറഞ്ഞു. തന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തര്‍ക്കപരിഹാരത്തിനായി രാധ ചെക്കുകള്‍ കൈമാറിയെന്നും ഇത് മറച്ചുവെച്ചാണ് തനിക്കെതിരായ വ്യാജ ആരോപണമെന്നും അംബിക പറഞ്ഞു.
അംബികയ്ക്കെതിരേ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരിയും നടിയുമായ രാധ രംഗത്തെത്തിയിരുന്നു. അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുന കുഞ്ഞന്‍ നായര്‍ക്കുമെതിരേയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ നേരിട്ടെത്തി രാധ പരാതി നല്‍കിയത്. അംബികയും സഹോദരനും ചേര്‍ന്ന് തന്റെ ചെക്കുകള്‍ ദുരുപയോഗം ചെയ്ത് അക്കൗണ്ടില്‍നിന്ന് 46 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
താന്‍ വീട്ടില്‍ സൂക്ഷിച്ച ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ കൈവശപ്പെടുത്തിയാണ് പണം പിന്‍വലിക്കാന്‍ ശ്രമിച്ചത്. സ്റ്റുഡിയോ നടത്തിപ്പുകള്‍ക്കായുള്ള ദൈനംദിന ചെലവുകള്‍ക്കായാണ് ചെക്കുകള്‍ ഒപ്പിട്ടു വെച്ചിരുന്നത്. 46 കോടി രൂപ പിന്‍വലിക്കാനായിരുന്നു ശ്രമം. എന്നാല്‍, ബാങ്കില്‍നിന്ന് എസ്.എം.എസ്. സന്ദേശം ലഭിച്ച ഉടന്‍ ഇടപാടു നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. അംബികയും സഹോദരനും ചേര്‍ന്ന് ഗൂഢാലോചനയിലൂടെ പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്നും രാധ ആരോപിച്ചു. 'എ.ആര്‍.എസ്. ഗാര്‍ഡന്‍' എന്ന തന്റെ സ്റ്റുഡിയോയുടെ പേരിലുള്ള ചെക്കാണ് തട്ടിയെടുത്തത്.