Image

‘യോങ്കേഴ്സിന്റെ അഫോർഡബിലിറ്റി, വിദ്യാഭ്യാസം, പൊതുസുരക്ഷ എന്നിവയ്ക്കാണ് മുൻഗണന’: ജോൺ ഐസക്

– മീട്ടു റഹ്മത്ത് കലാം Published on 22 September, 2026
‘യോങ്കേഴ്സിന്റെ അഫോർഡബിലിറ്റി, വിദ്യാഭ്യാസം, പൊതുസുരക്ഷ എന്നിവയ്ക്കാണ് മുൻഗണന’: ജോൺ ഐസക്

ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ഡിസ്ട്രിക്ട് 90-ലേക്ക് വീണ്ടും മത്സരിക്കുന്ന അമേരിക്കൻ മലയാളി ജോൺ ഐസക്കുമായി നടത്തിയ അഭിമുഖം

19-ാം വയസ്സിൽ കേരളത്തിൽ നിന്ന് അമേരിക്കയിലെത്തിയ ജോൺ ഐസക് മൂന്ന് പതിറ്റാണ്ടിലേറെയായി ഫിനാൻഷ്യൽ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. മെറിൽ ലിഞ്ച്, മെറ്റ്ലൈഫ് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പോൾ ഫോറസ്റ്റ് ഹിൽസ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റാണ്. ദീർഘകാലമായി യോങ്കേഴ്സിൽ താമസിക്കുന്ന ഐസക് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ഡിസ്ട്രിക്ട് 90-ലേക്ക് വീണ്ടും മത്സരിക്കുകയാണ്. 2026 നവംബർ 3-നാണ് പൊതുതിരഞ്ഞെടുപ്പ്.

കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്ന ‘അഫോർഡബിലിറ്റി’, വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും,പൊതുസുരക്ഷ  എന്നിവയാണ് അദ്ദേഹത്തിന്റെ പ്രചാരണത്തിലെ പ്രധാന വിഷയങ്ങൾ. യോങ്കേഴ്സിന് അർഹമായ സ്കൂൾ ഫണ്ടിംഗ്, നികുതി നിയന്ത്രണം, ചെറുകിട ബിസിനസുകൾക്ക് പിന്തുണ, നിയമപാലകർക്ക് ആവശ്യമായ വിഭവങ്ങൾ, ബെയിൽ റിഫോം നിയമത്തിലെ മാറ്റങ്ങൾ, പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചുള്ള വികസനം എന്നിവയും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു...

രണ്ടാം തവണയാണ് അസംബ്ലിയിലേക്ക് മത്സരിക്കുന്നത്. 2024-ലെ അനുഭവത്തിൽ നിന്ന് താങ്കൾ ഉൾക്കൊണ്ട പ്രധാന പടങ്ങൾ എന്തൊക്കെയാണ്?

2024-ൽ മത്സരിച്ച വ്യക്തിയെന്ന നിലയിൽ അമേരിക്കൻ രാഷ്ട്രീയത്തിന്റെ പല അടിസ്ഥാന പാഠങ്ങളും പഠിക്കാൻ കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, വോട്ടർമാരിലേക്ക് എങ്ങനെ എത്തണം, വിവിധ സമൂഹങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ എങ്ങനെ മനസ്സിലാക്കണം തുടങ്ങിയ കാര്യങ്ങളിൽ വലിയ അനുഭവം ലഭിച്ചു.

ഇത്തവണ സാഹചര്യം കുറച്ച് വ്യത്യസ്തമാണ്. നിലവിലെ പ്രതിനിധി വീണ്ടും മത്സരിക്കാത്തതിനാൽ ,ഈ തിരഞ്ഞെടുപ്പിൽ സാഹചര്യം എനിക്ക് അനുകൂലമാണെന്ന് കരുതുന്നു. 2024-ൽ മത്സരിച്ച വ്യക്തിയെന്ന നിലയിൽ എനിക്ക് ഒരു പരിധിവരെ ‘നെയിം റെക്കഗ്നിഷൻ’ ഉണ്ട്.
           
എന്നാൽ, അനുകൂല സാഹചര്യങ്ങൾ ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ലഭിക്കുന്ന അവസരങ്ങളെ പ്രായോഗികമായി എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

താങ്കളുടെ പ്രചാരണത്തിലെ പ്രധാന വിഷയങ്ങൾ ഏവയാണ്?
          
യോങ്കേഴ്സിലെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് ഞാൻ മുൻഗണന നൽകുന്നത്.

ഒന്നാമത്തേത് അഫോർഡബിലിറ്റിയാണ്. കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുക, നികുതി ഭാരത്തെക്കുറിച്ച് ശ്രദ്ധിക്കുക, സാധാരണ കുടുംബങ്ങൾക്ക് യോങ്കേഴ്സിൽ തന്നെ ജീവിക്കാനും ജോലി ചെയ്യാനും കഴിയുന്ന സാഹചര്യം ഉറപ്പാക്കുക എന്നിവയാണ് ഇതിന്റെ ഭാഗം.

രണ്ടാമത്തേത് വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളുമാണ്. നമ്മുടെ കുട്ടികൾക്ക് ഇന്നത്തെ തൊഴിൽമേഖലയ്ക്കും ഭാവിയിലെ സാങ്കേതിക ലോകത്തിനും അനുയോജ്യമായ വിദ്യാഭ്യാസം ലഭിക്കണം. വിദ്യാഭ്യാസം തൊഴിൽ സാധ്യതകളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
          
മൂന്നാമത്തേത് പൊതുസുരക്ഷയാണ്. കുടുംബങ്ങൾക്ക് സുരക്ഷിതമായി വീട്ടിലും പരിസരത്തും സമാധാനത്തോടെ ജീവിക്കാൻ കഴിയണം. അതിന് പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ പൊതുസുരക്ഷാ സംവിധാനങ്ങൾക്ക് ആവശ്യമായ പിന്തുണയും സൗകര്യങ്ങളും  നൽകണം.
           
അതോടൊപ്പം യോങ്കേഴ്സിന് സംസ്ഥാന ഫണ്ടിംഗിൽ അർഹമായ വിഹിതം ലഭിക്കണം. പ്രത്യേകിച്ച് സ്കൂൾ ഫണ്ടിംഗിൽ നീതിയുള്ള പങ്ക് ഉറപ്പാക്കേണ്ടതുണ്ട്.

‘Give Yonkers its fair share of school funding’ എന്നത് താങ്കളുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണല്ലോ?
          
യോങ്കേഴ്സ് ന്യൂയോർക്ക് സ്റ്റേറ്റിലെ പ്രധാന നഗരങ്ങളിലൊന്നാണ്. ഇവിടെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തേക്ക് നൽകുന്ന നികുതി വരുമാനത്തിനും തിരികെ ലഭിക്കുന്ന ഫണ്ടിംഗിനും ഇടയിൽ കൂടുതൽ നീതിയുള്ള ബാലൻസ് വേണം.
        
ഒരു കുട്ടി 12-ാം ക്ലാസ് പൂർത്തിയാക്കുമ്പോൾ കോളജിലേക്കോ തൊഴിൽ മേഖലയിലേക്കോ പ്രവേശിക്കാൻ ആവശ്യമായ കഴിവുകൾ അവർക്കുണ്ടാകണം.
           
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. അതിനനുസരിച്ച് വിദ്യാഭ്യാസ സംവിധാനവും മാറണം.
           
ജീവിതച്ചെലവുകൾ കുറയ്ക്കാൻ പ്രായോഗികമായി എന്തൊക്കെ ചെയ്യാനാകുമെന്നാണ് താങ്കൾ കരുതുന്നത്?
          
ന്യൂയോർക്ക് സംസ്ഥാനത്തെ ഇൻകം ടാക്സ്, പ്രോപ്പർട്ടി ടാക്സ്, സെയിൽസ് ടാക്സ് തുടങ്ങിയവ കുടുംബങ്ങളുടെ ജീവിതച്ചെലവിനെ ബാധിക്കുന്നു.
     
ഞാൻ മൂന്ന് പതിറ്റാണ്ടിലേറെയായി ഫിനാൻഷ്യൽ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്. കുടുംബങ്ങളുടെ വരുമാനത്തെയും ചെലവിനെയും സാമ്പത്തിക തീരുമാനങ്ങൾ എങ്ങനെ ബാധിക്കുന്നു എന്നത് എനിക്ക് അടുത്തറിയാം.

അനാവശ്യ ചെലവുകൾ നിയന്ത്രിക്കുകയും നികുതിപ്പണം കൂടുതൽ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുകയും വേണം. കുടുംബങ്ങളുടെ യഥാർത്ഥ ചെലവ് കുറയ്ക്കുന്ന നടപടികളാണ് ആവശ്യമായത്.

 ചെറുകിട ബിസിനസുകൾക്കുവേണ്ടി എന്താണ് താങ്കളുടെ പദ്ധതി?
   
‘Small business’ എന്നതിനേക്കാൾ ഞാൻ പലപ്പോഴും ‘closely held business’ എന്നാണ് പറയുന്നത്. 10, 20, 30 പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ പല കുടുംബങ്ങളുടെയും ജീവിതമാണ്.

അനാവശ്യ നികുതികളും ഫീസുകളും കുറയ്ക്കണം. വൈദ്യുതി നിരക്കുകൾ, ഗതാഗതച്ചെലവ്, ടോൾ തുടങ്ങിയവ ബിസിനസുകളുടെ ബോട്ടം ലൈനിനെ ബാധിക്കുന്നു.

ഒറ്റയടിക്ക് എല്ലാം മാറ്റുമെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഒന്നോ രണ്ടോ മൂന്നോ കാര്യങ്ങളിൽ പോലും മാറ്റം വരുത്താൻ കഴിഞ്ഞാൽ അത് പ്രാധാന്യമുള്ളതാണ്.
           
പൊതുസുരക്ഷ സംബന്ധിച്ച് താങ്കൾ നിയമപാലകരെ ശക്തമായി പിന്തുണയ്ക്കുമെന്ന് പറയുന്നു. എന്താണ് അതിനുള്ള മാർഗം?

പൊതുസുരക്ഷ ഉറപ്പാക്കുക സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണ്. പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ പൊതുസുരക്ഷാ സംവിധാനങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ നൽകണം.

അതോടൊപ്പം നിലവിലുള്ള നിയമങ്ങൾ ജനങ്ങളുടെ സുരക്ഷയെ എത്രത്തോളം സംരക്ഷിക്കുന്നു എന്നതും പരിശോധിക്കണം. ബെയിൽ റിഫോം നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നാണ് എന്റെ നിലപാട്.
          
സബർബൻ സോണിങ് സംരക്ഷിക്കണമെന്നതും താങ്കളുടെ പ്രചാരണത്തിലെ വിഷയമാണല്ലോ?

വികസനം വേണം. പക്ഷേ അത് പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ ശേഷിയും കണക്കിലെടുത്തായിരിക്കണം.

യോങ്കേഴ്സിലും വെസ്റ്റ്‌ചെസ്റ്ററിലും കുടുംബങ്ങൾക്ക് താമസിക്കാനും കുട്ടികളെ വളർത്താനും കഴിയുന്ന സുസ്ഥിരമായ സമൂഹം നിലനിർത്തണം.
           
അഫോർഡബിലിറ്റിയെക്കുറിച്ചുള്ള താങ്കളുടെ സമീപനം എന്താണ്?

അഫോർഡബിലിറ്റി എന്നത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വാക്കാണ്. പക്ഷേ അതിന്റെ പ്രായോഗിക വശമാണ് പ്രധാനപ്പെട്ടത്.

ഉയർന്ന നികുതി ചുമത്തിയാൽ ഉയർന്ന വരുമാനമുള്ള ആളുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. എന്നാൽ മിഡിൽ ക്ലാസ് കുടുംബങ്ങൾക്ക് അത്ര എളുപ്പത്തിൽ മാറാൻ കഴിയണമെന്നില്ല.

അതുകൊണ്ട് വാക്കുകളിൽ മാത്രം അഫോർഡബിലിറ്റി പറയുന്നതിനു പകരം കുടുംബങ്ങളുടെ യഥാർത്ഥ ചെലവ് കുറയ്ക്കുന്ന നയങ്ങളാണ് ആവശ്യം.
           
ട്രംപ് ഭരണകൂടത്തിന്റെ നികുതി നടപടികളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ടിപ്പിലൂടെ വരുമാനം നേടുന്ന തൊഴിലാളികൾക്കും ഓവർടൈം ചെയ്യുന്ന തൊഴിലാളികൾക്കും സീനിയേഴ്സിനും നികുതി ഇളവ് നൽകുന്ന നടപടികൾ കയ്യടി അർഹിക്കുന്നു.

എന്റെ നിലപാട് വ്യക്തമാണ് — നികുതി ഇളവുകൾ ആരെയാണ് യഥാർത്ഥത്തിൽ സഹായിക്കുന്നത് എന്ന് പരിശോധിക്കണം. ലോവർ-ഇൻകം തൊഴിലാളികൾ, മിഡിൽ ക്ലാസ്, സീനിയേഴ്സ് തുടങ്ങിയ വിഭാഗങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന നയങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്.
           
ഡൗ ജോൺസ് ഉൾപ്പെടെയുള്ള ഓഹരി വിപണിയിലെ നേട്ടങ്ങളെ താങ്കൾ എങ്ങനെ കാണുന്നു?

അമേരിക്കയിലെ നിരവധി ആളുകളുടെ പെൻഷൻ, ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകൾ ഓഹരി വിപണിയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് സ്റ്റോക്ക് മാർക്കറ്റിലെ മാറ്റങ്ങൾ സാധാരണ അമേരിക്കൻ കുടുംബങ്ങളെയും ബാധിക്കുന്നു.
           
കഴിഞ്ഞ കാലയളവിൽ ഡൗ ജോൺസ് ഉൾപ്പെടെയുള്ള വിപണികളിൽ ഉണ്ടായ വളർച്ച പല നിക്ഷേപകർക്കും പ്രയോജനം നൽകിയിട്ടുണ്ട്. ഈ നേട്ടങ്ങളെ നിലവിലെ ഭരണനയങ്ങളുമായി ബന്ധിപ്പിച്ചാണ് ഞാൻ കാണുന്നത്.

അതേസമയം, പാർട്ടി വ്യത്യാസമില്ലാതെ 401(k) പോലുള്ള നിക്ഷേപ അക്കൗണ്ടുകളുള്ള നിരവധി ആളുകൾക്ക് വിപണിയിലെ വളർച്ചയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.
           
19-ാം വയസ്സിൽ കേരളത്തിൽ നിന്ന് അമേരിക്കയിലെത്തിയ താങ്കൾക്ക് അസംബ്ലിയിലേക്ക് മത്സരിക്കുന്നത് വ്യക്തിപരമായി എന്താണ് അർത്ഥമാക്കുന്നത്?

അമേരിക്ക എനിക്ക് വലിയ അവസരങ്ങൾ നൽകി. 19-ാം വയസ്സിൽ ഇവിടെ എത്തിയ ഞാൻ വിദ്യാഭ്യാസവും പ്രൊഫഷണൽ ജീവിതവും കുടുംബജീവിതവും കെട്ടിപ്പടുക്കാൻ സാധിച്ചു.

ഇപ്പോൾ എനിക്ക് സമൂഹത്തിന് തിരികെ നൽകണമെന്ന ആഗ്രഹമാണ്. എന്റെ രണ്ടു മക്കളും പ്രായപൂർത്തിയായവരാണ്. അതുകൊണ്ട് പൊതുസേവനത്തിനായി സമയം മാറ്റിവയ്ക്കാൻ കഴിയുന്ന സാഹചര്യത്തിലാണ് ഞാൻ.
           
ഇത് എനിക്ക് ഒരു രാഷ്ട്രീയ സ്ഥാനത്തിനായുള്ള മത്സരം മാത്രമല്ല. ഞാൻ ജീവിക്കുകയും വളരുകയും ചെയ്ത സമൂഹത്തിന് തിരികെ നൽകാനുള്ള അവസരമാണ്.
           
താങ്കളുടെ കുടുംബത്തെക്കുറിച്ച് പറയാമോ?
           
ഞാൻ എന്റെ ഭാര്യ ഷെൽബിയോടൊപ്പം യോങ്കേഴ്സിലാണ് താമസിക്കുന്നത്. ഞങ്ങൾക്ക് രണ്ടുമക്കളാണ് — അലിഷയും ജോഷും. മരുമകൻ: കൃഷ്ണ പട്ടേൽ.

കുടുംബത്തിന്റെ പിന്തുണയാണ് പൊതുസേവനത്തിലേക്ക് കടക്കുമ്പോഴും ഏറ്റവും പ്രധാനപ്പെട്ടത്.
           
ഇന്ത്യൻ, പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ പങ്കാളിത്തത്തെ എങ്ങനെ കാണുന്നു?

അമേരിക്കയിലെ ഇന്ത്യൻ സമൂഹം പല മേഖലകളിലും വിജയകരമായ നേട്ടങ്ങൾ കൈവരിച്ചുകഴിഞ്ഞു. മെഡിക്കൽ, ഐടി, വിദ്യാഭ്യാസം, ബിസിനസ്, കൂടാതെ സിറ്റി, സ്റ്റേറ്റ്, ഫെഡറൽ തലങ്ങളിലെ വിവിധ ജോലികളിലും നമ്മുടെ ആളുകൾ വലിയ സംഭാവനകൾ നൽകുന്നു.

രാഷ്ട്രീയ പങ്കാളിത്തത്തിന്റെ കാര്യത്തിൽ നമുക്ക് കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ട്.

പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മാത്രം വോട്ട് ചെയ്യുന്നതിന് പകരം സംസ്ഥാന, പ്രാദേശിക തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യണം. പ്രോപ്പർട്ടി ടാക്സ്, വിദ്യാഭ്യാസം, പൊതുസുരക്ഷ, ഗതാഗതം, ബിസിനസ് നിയന്ത്രണങ്ങൾ തുടങ്ങിയ പല കാര്യങ്ങളും തീരുമാനിക്കുന്നത് സ്റ്റേറ്റ്, ലോക്കൽ തലത്തിലാണ്.
           
ഡിസ്ട്രിക്റ്റ് 90-ലെ വിവിധ സമൂഹങ്ങളുമായി എങ്ങനെ ബന്ധപ്പെടാനാണ് താങ്കളുടെ ശ്രമം?

ഡിസ്ട്രിക്റ്റ് 90 വളരെ വൈവിധ്യമാർന്ന സമൂഹമാണ്. അതുകൊണ്ട് ഒരു പ്രത്യേക സമൂഹത്തെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണമല്ല വേണ്ടത്.

വലിയ രീതിയിൽ നോക്കുമ്പോൾ ഇവിടെ മെയിൻസ്ട്രീം അമേരിക്കൻ സമൂഹം — പ്രത്യേകിച്ച് വൈറ്റ്/കോകേഷ്യൻ വിഭാഗം, ആഫ്രിക്കൻ അമേരിക്കൻ സമൂഹം, ലാറ്റിനോ വിഭാഗം, ഹിസ്പാനിക് സമൂഹം, ഏഷ്യൻ- അമേരിക്കൻ സമൂഹം എന്നീ വിവിധ വിഭാഗങ്ങളുണ്ട്. ലഭ്യമായ ജനസംഖ്യാ കണക്കുകളിൽ,യോങ്കേഴ്സിലെ ഹിസ്പാനിക് വിഭാഗം ശ്രദ്ധേയമായൊരു വിഹിതമാണ്.

അതുകൊണ്ട് ഓരോ സമൂഹത്തിന്റെയും ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കണം. ഞാൻ ആരെ പ്രതിനിധീകരിക്കാനാണ് പോകുന്നതെന്ന് മനസ്സിലാക്കണമെങ്കിൽ, ആ സമൂഹത്തിന്റെ വൈവിധ്യവും അതിന്റെ ആവശ്യങ്ങളും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

ഫൊക്കാന പോലുള്ള സംഘടനകളിൽ പ്രവർത്തിച്ച അനുഭവം ഈ തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രയോജനപ്പെടുന്നു?

സംഘടനാ രംഗത്തെ അനുഭവം വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട്. 2004-06 കാലയളവിൽ ഫൊക്കാനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ആ മത്സരങ്ങളിലും പ്രവർത്തനങ്ങളിലുമാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് പഠിക്കാൻ സാധിച്ചത്.

വോട്ടർമാരെ വ്യക്തിപരമായി സമീപിക്കുക, കുടുംബങ്ങളിലൂടെയും സമൂഹങ്ങളിലൂടെയും ആശയവിനിമയം നടത്തുക തുടങ്ങിയ കാര്യങ്ങൾ അന്ന് പഠിച്ചു.

എന്നാൽ ഇന്ന് സാഹചര്യം മാറിയിട്ടുണ്ട്. ഇപ്പോൾ പല ഇന്ത്യൻ വംശജരും പാർട്ടിക്ക് അതീതമായി സ്ഥാനാർത്ഥിയുടെ നിലപാടുകളും വ്യക്തിപരമായ യോഗ്യതകളും പരിഗണിച്ച് വോട്ട് ചെയ്യാൻ തയ്യാറാണ്.
           
ഇത്തവണ വോട്ടർമാരെ സമീപിക്കുന്നതിൽ പ്രധാന പ്രചാരണ തന്ത്രം എന്താണ്?

തിരഞ്ഞെടുപ്പ് ദിവസത്തെ വോട്ടെടുപ്പിൽ മാത്രം ആശ്രയിക്കാതെ ഏർലി വോട്ടിംഗിനെക്കുറിച്ചും നിയമപരമായി ലഭ്യമായ മെയിൽ/ആബ്സൻറീ വോട്ടിംഗ് മാർഗങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

2026-ലെ ന്യൂയോർക്ക് പൊതുതിരഞ്ഞെടുപ്പിൽ ഏർലി വോട്ടിംഗ് ഒക്ടോബർ 24 മുതൽ നവംബർ 1 വരെയാണ്. പൊതുതിരഞ്ഞെടുപ്പ് നവംബർ 3-നാണ്.

കാലാവസ്ഥയോ മറ്റ് സാഹചര്യങ്ങളോ കാരണം ഒരാൾക്ക് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ കഴിയാതെ വരരുത്. അതുകൊണ്ട് നിയമപരമായി ലഭ്യമായ വോട്ടിംഗ് മാർഗങ്ങളെക്കുറിച്ച് വോട്ടർമാരെ നേരത്തെ തന്നെ ബോധവൽക്കരിക്കണം.

യുവാക്കളെയും പ്രത്യേകമായി സമീപിക്കണം. വോട്ടർ രജിസ്ട്രേഷൻ പൂർത്തിയാക്കി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണം. പതിനെട്ട് വയസ്സായ ഒരാൾ പോലും അർഹനാണെങ്കിൽ രജിസ്റ്റർ ചെയ്യാതെ ഇരിക്കരുത്. വോട്ടിംഗുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും ഞങ്ങളുടെ ടീമിന്റെ വോളന്റിയർമാർ സന്നദ്ധരാണ്. 9143500590 എന്ന നമ്പറിൽ വിളിച്ചാൽ ഏർളി വോട്ടിങ്ങിന് ആവശ്യമായ സഹായങ്ങൾ ചെയ്തുതരുന്നതാണ്.  
           
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ എന്താണ് പ്രധാനമായി ചെയ്യുന്നത്?

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ വളരെ നിർണായകമാണ്. വിവിധ മതസ്ഥാപനങ്ങളിലൂടെയും സാമൂഹിക ബന്ധങ്ങളിലൂടെയും വോട്ടർമാരിലേക്ക് എത്തുകയാണ്.

മലയാളി സംഘടനകളിൽ അംഗങ്ങളായവരിൽ മാത്രം ഒതുങ്ങാതെ സംഘടനകൾക്ക് പുറത്തുള്ള സമൂഹത്തിലും എത്തണം. ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം, ജൂത  സമൂഹങ്ങളിലെ വിവിധ ആരാധനാലയങ്ങളുമായി ബന്ധപ്പെടുകയാണ്.
വിവിധ പരിപാടികളിലും സമൂഹങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കങ്ങളിലും സജീവമായി പങ്കെടുക്കാനാണ് ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ വോട്ടർമാരോടുള്ള താങ്കളുടെ അഭ്യർത്ഥന എന്താണ്?

എനിക്ക് രണ്ട് അഭ്യർത്ഥനകളാണുള്ളത്.

ഒന്നാമത്തേത് — നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ ഓർക്കണം. ഈ ദൗത്യം ആരോഗ്യത്തോടെയും ഊർജത്തോടെയും പൂർത്തിയാക്കാനുള്ള ശക്തി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. മറ്റുള്ളവരുടെ പ്രാർത്ഥനകൾക്ക് വലിയ വില കൽപ്പിക്കുന്ന വ്യക്തിയാണ് ഞാൻ.

രണ്ടാമത്തേത് — ഡിസ്ട്രിക്ട് 90-ലെ നിങ്ങളുടെ സുഹൃത്തുക്കളോടും പരിചയക്കാരോടും ജോൺ ഐസക്കിനെക്കുറിച്ച് സംസാരിക്കുക. എന്നെ  അറിയാത്തവരുണ്ടെങ്കിൽ, എന്റെ  ആശയങ്ങളും പദ്ധതികളും അവരിലേക്ക് എത്തിക്കുക.

എന്റെ കാഴ്ചപ്പാടുകളും പ്രവർത്തനപരിപാടികളും മനസ്സിലാക്കിക്കൊണ്ട്  നവംബർ 3-ന് വോട്ട് രേഖപ്പെടുത്തുക.

ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ഓരോ വോട്ടറും സ്വതന്ത്രമായി തീരുമാനിക്കണം. പക്ഷേ വോട്ട് ചെയ്യാതിരിക്കരുത് എന്നതാണ് എന്റെ അഭ്യർത്ഥന.

ഈ തിരഞ്ഞെടുപ്പ് എനിക്ക് മാത്രമുള്ള ഒരു ദൗത്യമല്ല. യോങ്കേഴ്സിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു തീരുമാനമാണ്. സമൂഹത്തിൽ നിന്ന് എനിക്ക് ലഭിച്ച അവസരങ്ങളിൽ നിന്ന് തിരികെ നൽകാനുള്ള സമയമാണിത്.ഒരിക്കൽക്കൂടി നിങ്ങൾ ഏവരോടും എന്റെ വിജയത്തിനായി ഒപ്പം നിൽക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

 

‘യോങ്കേഴ്സിന്റെ അഫോർഡബിലിറ്റി, വിദ്യാഭ്യാസം, പൊതുസുരക്ഷ എന്നിവയ്ക്കാണ് മുൻഗണന’: ജോൺ ഐസക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക