
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) ട്രസ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ നവീകരിച്ച ‘മംഗല്യസൂത്രം’ മാട്രിമോണിയൽ വെബ്സൈറ്റ് പ്രശസ്ത മലയാള സിനിമ-സീരിയൽ താരം ഷാജു ശ്രീധർ ഓൺലൈനിലൂടെ പ്രകാശനം ചെയ്തു. വിവാഹിതരാകാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും ലളിതമായും സൗകര്യപ്രദമായും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.
ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും അടിയുറച്ച മൂല്യാധിഷ്ഠിത കുടുംബബന്ധങ്ങൾ പ്രവാസ സമൂഹത്തിലും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെ.എച്ച്.എൻ.എ കഴിഞ്ഞ ഒരു ദശകമായി നടത്തിവരുന്ന സൗജന്യ സേവനമാണ് ‘മംഗല്യസൂത്രം’. 2016-ൽ ആരംഭിച്ച ഈ സംരംഭം കൂടുതൽ ഉപയോക്തൃസൗഹൃദമാക്കിയും വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയും സാങ്കേതികമായി നവീകരിച്ചാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഷാജു ശ്രീധർ ഉദ്ഘാടന സന്ദേശം നൽകിയത്. ജീവിതപങ്കാളിയെ സ്വയം കണ്ടെത്തുകയും ഇരു കുടുംബങ്ങളുടെയും ആശീർവാദത്തോടെ ആ ബന്ധം വിവാഹത്തിലേക്ക് നയിക്കുകയും ചെയ്ത തന്റെ അനുഭവം ഓർത്തെടുത്ത അദ്ദേഹം, പുതിയ തലമുറയ്ക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന കെ.എച്ച്.എൻ.എയുടെ ഈ സംരംഭത്തെ അഭിനന്ദിച്ചു.
പ്രശസ്ത മലയാള തിരക്കഥാകൃത്തും സാഹിത്യകാരനുമായ സുനീഷ് വാരനാട് മുഖ്യപ്രഭാഷണം നടത്തി. പ്രവാസ ജീവിതത്തിൽ കുടുംബങ്ങളും പുതിയ തലമുറയും നേരിടുന്ന സാംസ്കാരിക മാറ്റങ്ങളെക്കുറിച്ചും കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സ്ത്രീ-പുരുഷ സമന്വയത്തെ ഉയർത്തിക്കാട്ടുന്ന അർദ്ധനാരീശ്വര സങ്കൽപ്പമുൾപ്പെടെയുള്ള ഹൈന്ദവ ദാർശനിക ആശയങ്ങൾ കുടുംബത്തിനും സാമൂഹിക ജീവിതത്തിനും നൽകുന്ന സന്ദേശം പുതിയ തലമുറയിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.എച്ച്.എൻ.എയുടെ ദീർഘകാല പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ട്രസ്റ്റി ബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ അതിഥികളെയും പങ്കെടുത്തവരെയും സ്വാഗതം ചെയ്തു. കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ ഉന്നതപഠനം നടത്തുന്ന അർഹരായ നൂറോളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് സഹായം നൽകിയതിനു പിന്നാലെയാണ് ട്രസ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ നവീകരിച്ച മാട്രിമോണിയൽ സേവനവും സമൂഹത്തിന് സമർപ്പിക്കുന്നതെന്ന് അവർ പറഞ്ഞു.
ഹൈന്ദവ സംസ്കാര സംരക്ഷണം, വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കുടുംബ-യുവജന ശാക്തീകരണം തുടങ്ങിയ മേഖലകളിൽ അമേരിക്കയിലും കേരളത്തിലും കെ.എച്ച്.എൻ.എ കൂടുതൽ പുതിയ പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. മംഗല്യസൂത്രം ഒരു മാട്രിമോണിയൽ വെബ്സൈറ്റ് എന്നതിലുപരി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി ഹിന്ദു യുവതീയുവാക്കൾക്കും കുടുംബങ്ങൾക്കും പരസ്പരം പരിചയപ്പെടാൻ സഹായിക്കുന്ന വിശ്വസനീയമായ ഒരു സാമൂഹിക വേദിയായി വളരണമെന്നാണ് സംഘടനയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കെ.എച്ച്.എൻ.എയുടെ വരാനിരിക്കുന്ന പ്രധാന പരിപാടികളെക്കുറിച്ചും പ്രസിഡന്റ് വിശദീകരിച്ചു. ഒക്ടോബർ 24, 25 തീയതികളിൽ ആലപ്പുഴയിൽ വിപുലമായ കേരള കൺവെൻഷൻ സംഘടിപ്പിക്കുമെന്നും, കേരളത്തിലും പ്രവാസലോകത്തുമുള്ള കെ.എച്ച്.എൻ.എ കുടുംബങ്ങളെയും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരെയും ഒരേ വേദിയിൽ ബന്ധിപ്പിക്കുന്ന സംഗമമായി അതിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. അതോടൊപ്പം, 2027 നവംബർ 25 മുതൽ 28 വരെ Thanksgiving വാരാന്ത്യത്തിൽ ഒർലാണ്ടോയിലെ Renaissance Orlando at SeaWorld-ൽ നടക്കുന്ന കെ.എച്ച്.എൻ.എ ഗ്ലോബൽ കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി ഹിന്ദു കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന വലിയൊരു കുടുംബസംഗമമായി 2027 ഗ്ലോബൽ കൺവെൻഷനെ മാറ്റുകയാണ് ലക്ഷ്യമെന്നും ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
2016-ൽ ആരംഭിച്ച മാട്രിമോണിയൽ സേവനത്തിന്റെ നവീകരണത്തെ അഭിനന്ദിച്ചുകൊണ്ട് മുൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ, ജുഡീഷ്യൽ കൗൺസിൽ അംഗം ഡോ. രഞ്ജിനി പിള്ള, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, ബോർഡ് അംഗങ്ങളായ രമണി പിള്ള, രവീന്ദ്രൻ നായർ, ഗോപിനാഥക്കുറുപ്പ്, മുൻ ഭാരവാഹി രാജീവ് ഭാസ്കർ, വിശ്വനാഥൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിന്റെ സോപാന-കഥകളി സംഗീതരംഗത്ത് ശ്രദ്ധേയയായ യുവകലാകാരി കുമാരി കെ.എം.പി. ഭദ്ര അഷ്ടപദിയോടെയാണ് പരിപാടിക്ക് ഭക്തിനിർഭരമായ തുടക്കം കുറിച്ചത്. പരിപാടിയുടെ സമാപനത്തിൽ അവതരിപ്പിച്ച കഥകളിപ്പദവും ആലാപനമികവുകൊണ്ട് ശ്രദ്ധേയമായി.

രജിസ്ട്രേഷൻ മുതൽ തുടർനടപടികൾ വരെയുള്ള പ്രക്രിയ പരമാവധി ലളിതമാക്കുകയും ഉപയോക്താക്കൾക്ക് നേരിടാവുന്ന സാങ്കേതിക ബുദ്ധിമുട്ടുകളും സംശയങ്ങളും കുറയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് നവീകരിച്ച വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ട്രസ്റ്റി ബോർഡ് അംഗവും മാട്രിമോണിയൽ കമ്മിറ്റി ചെയർമാനുമായ സുരേഷ് നായർ (മിനസോട്ട), ട്രസ്റ്റി ബോർഡ് അംഗം ശ്രീജിത്ത് ശ്രീനിവാസൻ, നന്ദകുമാർ ചക്കിങ്ങൽ, ട്രസ്റ്റി ബോർഡ് അംഗം ഡോ. സുധീർ ദാസ് പ്രയാഗ എന്നിവർ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രജിസ്ട്രേഷൻ, തുടർനടപടികൾ, സ്വകാര്യത, സാങ്കേതിക സഹായം എന്നിവ സംബന്ധിച്ച സംശയങ്ങൾക്ക് കമ്മിറ്റി അംഗങ്ങളുടെ സഹായം തുടർന്നും ലഭ്യമാകുമെന്ന് സുരേഷ് നായർ അറിയിച്ചു.
ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ഓൺലൈൻ പരിപാടി പൂർണ്ണിമ സന്തോഷ് അവതരിപ്പിച്ചു. മാട്രിമോണിയൽ കമ്മിറ്റി ചെയർമാൻ സുരേഷ് നായർ നന്ദി രേഖപ്പെടുത്തി.
നവീകരിച്ച കെ.എച്ച്.എൻ.എ മംഗല്യസൂത്രം സേവനത്തെക്കുറിച്ചും രജിസ്ട്രേഷനെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് www.khnamatrimonial.com സന്ദർശിക്കാം.