Image

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു നല്ല തുടക്കം (സനില്‍ പി. തോമസ്)

Published on 21 September, 2026
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു നല്ല തുടക്കം (സനില്‍ പി. തോമസ്)

ഇരുപതാമത് ഏഷ്യന്‍ ഗെയിംസില്‍  ആദ്യ രണ്ടു ദിവസം പിന്നിടുമ്പോള്‍ ഇന്ത്യക്ക് നാലു വെള്ളി, രണ്ടു വെങ്കലം. നാലു വെള്ളിയും ഒരു വെങ്കലവും, ഷൂട്ടിങ്ങില്‍. രണ്ടാമത്തെ വെങ്കലം മിക്‌സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ സൂചിക തരിയല്‍ നേടിയത്. മിക്‌സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പോലെ ഏഷ്യന്‍ ഗെയിംസിലെ പുതിയ ഇനമായ ടെക്‌ബോളില്‍ വനിതാ സിംഗിള്‍സില്‍ ക്വിംസി ഡിസൂസയും മിക്‌സ്ഡ് വിഭാഗത്തില്‍ കിംസി-മുഹമ്മദ് അനസ് സഖ്യവും നാലാം സ്ഥാനത്തെത്തി.

ഞായറാഴ്ച ഷൂട്ടിങ് 10 മീ. എയര്‍ റൈഫിളില്‍ മലയാളി താരം വിദര്‍ശ കെ വിനോദ് (ഇളവേനില്‍ വാളരിവന്‍, സോനാ മസ്‌കര്‍ എന്നിവര്‍ക്കൊപ്പം) ടീം ഇനത്തില്‍ വെള്ളി നേടിയിരുന്നു. ഇളവേനില്‍ വ്യക്തിഗത ഇനത്തിലും വെള്ളി കരസ്ഥമാക്കി. തിങ്കളാഴ്ച പുരുഷന്മാരുടെ 10 മീ. എയര്‍ റൈഫിളില്‍ ടീമില്‍ ഹിമാന്‍ഷു ധില്ലന്‍, രുദ്രന്‍ഷ് പട്ടീല്‍, പാര്‍ഥ്  മാനെ എന്നിവര്‍ വെള്ളി നേടി. വ്യക്തിഗത വിഭാഗത്തില്‍ ഹിമന്‍ഷു വെള്ളിയും രുദ്രന്‍ഷ് വെങ്കലവും സ്വന്തമാക്കി.
ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഏറ്റവും അധികം സ്വര്‍ണ്ണ മെഡല്‍ ലഭിച്ചത് ഷൂട്ടിങ്ങില്‍ ആയിരുന്നു. ഏഴു സ്വര്‍ണ്ണം. ആകെ 22 മെഡല്‍ ആണ് ഷൂട്ടിങ്ങ് താരങ്ങള്‍ സമ്മാനിച്ചത്. പാരിസ് ഒളിംപിക്‌സില്‍ ഇരട്ട വെങ്കലം നേടിയ മനു ഭാക്കര്‍ ആണ് ഇക്കുറി ഏറ്റവും ശ്രദ്ധേയതാരം. ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ ദേശീയ പതാകയേന്തിയതില്‍ ഒരാള്‍ മനുവായിരുന്നു. പക്ഷേ, പാരിസില്‍ മനുവിനൊപ്പം 10 മീ. എയര്‍ പിസ്റ്റല്‍ മിക്‌സ്ഡ് വിഭാഗം വെങ്കലം നേടിയ സരബ്‌ജ്യോത് സിങ്ങും 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്‌നില്‍ കുശാലയും ഇത്തവണ ഇന്ത്യന്‍ സംഘത്തില്‍ ഇല്ല. അതുപോലെ ടീമിൽ ഇല്ലാതെപോയെ മറ്റൊരു സൂപ്പര്‍ താരം സിഫ്ത് കൗര്‍ ആണ്. ഹാങ്‌ചോയില്‍ ലോക റെക്കോര്‍ഡോടെ വ്യക്തിഗത സ്വര്‍ണ്ണം കരസ്ഥമാക്കിയ താരമാണ് സിഫ്ത്.
ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ മനുവിനൊപ്പം ദേശീയ പാതക പിടിക്കേണ്ടിയിരുന്നത് കഴിഞ്ഞ രണ്ട് ഏഷ്യന്‍ ഗെയിംസിലും ഷോട്ട് പുട്ടില്‍ സ്വര്‍ണ്ണം നേടിയ തേജീന്ദര്‍പാല്‍ സിങ് ടൂര്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജേഴ്‌സി എത്താന്‍ വൈകിയത്രെ. തുടര്‍ന്ന് കബഡി താരം പവന്‍ ഷെരാവത് പതാക പിടിച്ചു. ഏതാണ്ട് 500 കായികതാരങ്ങളെയുമായി ജപ്പാനില്‍ എത്തിയ ഇന്ത്യക്ക് തുടക്കത്തില്‍ സംഭവിച്ച പാളിച്ചകളില്‍ ഒന്നു മാത്രമായിരുന്നു അത്. താമസ സൗകര്യത്തില്‍ ഉണ്ടായ പ്രതിസന്ധികളായിരുന്നു മറ്റൊന്ന്.

താരങ്ങള്‍ ശരിയായ താമസ സൗകര്യം കിട്ടാതെ മണിക്കൂറുകള്‍ വിമാനത്താവളത്തിലും മറ്റും ചെലവിട്ടപ്പോള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെല്ലാം കൃത്യമായ താമസ സൗകര്യങ്ങള്‍ ലഭിച്ചിരുന്നെന്നാണ് അറിയുന്നത്. എന്നും പഞ്ച നക്ഷത്ര സൗകര്യം ആസ്വദിക്കുന്ന പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്കായി ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രത്യേക സൗകര്യം ഒരുക്കി. അത് ലറ്റിക് വില്ലേജ് എന്ന ആശയം ഒളിംപിക്‌സിലും ഏഷ്യന്‍ ഗെയിംസിലുമൊക്കെ നടപ്പിലാക്കിയതു തന്നെ താരങ്ങള്‍ക്കിടയില്‍ വിവേചനം ഉണ്ടാകാതിരിക്കാനാണ്. മുമ്പും ചില രാജ്യങ്ങള്‍ തങ്ങളുടെ താരങ്ങളെ വേറിട്ട് താമസിപ്പിച്ചിട്ടുണ്ട് എന്നത് സത്യം.

ഏഷ്യന്‍ ഗെയിംസ് മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഏതാണ്ട് 800 കോടി രൂപ ചെലവഴിച്ചെന്നാണ് സ്‌പോര്‍ട്‌സ് യുവജനകാര്യ മന്ത്രാലയം പറയുന്നത്. പക്ഷേ താമസ സൗകര്യത്തിലും ജേഴ്‌സിയും മറ്റും കൃത്യമായി ഒരുക്കുന്നതിലും ചില പാളിച്ചകള്‍ സംഭവിച്ചു. ചെലവു ചുരുക്കാന്‍ ജപ്പാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാ രാജ്യക്കാരെയും ബാധിച്ചിട്ടുണ്ട്. തുടക്കത്തിലെ പിഴവുകള്‍ പരിഹരിച്ച് മത്സരങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയമായി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക