
കൊച്ചി: കാലിഫോര്‍ണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന ഹരിയുടെ മൃതദേഹം തൃശൂര്‍ വിലങ്ങന്നൂരിലെ ഭര്‍തൃവീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകുന്നേരത്തോടെ മൃതദേഹം മണ്ണുത്തിയിലെ സ്വന്തം വീട്ടിലെത്തിച്ചു. അവിടെയാണ് സംസ്‌കാര ചടങ്ങുകള്‍. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. അതേസമയം, കോട്ടയത്ത് എത്തിച്ച ആന്‍ മേരി മാത്യുവിന്റെ ഭൗതിക ശരീരം കോട്ടയത്തെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ (സെപ്റ്റംബര്‍ 22) രാവിലെ 11 മണിക്ക് ഭര്‍ത്താവ് ജേക്കബിന്റെ (മിഥുന്‍) നാടായ കുറിച്ചി പള്ളത്തറ കുടുംബത്തിന്റെ ഇടവകപ്പള്ളിയായ പള്ളം ബുക്കാന സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയിലാണ് സംസ്‌കാരം നടക്കുക.

കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ എത്തിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ വിതുമ്പലോടെ ഏറ്റുവാങ്ങി. സാന്‍ ഫ്രാന്‍സിസ്‌കോയില്‍നിന്ന് ലോസ് ആഞ്ചലസ്, ദുബായ് വഴിയുള്ള വിമാന സര്‍വീസിലാണ് മൃതദേഹങ്ങള്‍ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. പോസ്റ്റ് മോര്‍ട്ടം, എംബാം ചെയ്യല്‍, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷന്‍ നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് എത്തിച്ചത്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആന്‍ മേരി മാത്യുവിന്റെ (35), മൃതദേഹം വിമാനത്താവളത്തില്‍നിന്ന് കോട്ടയത്തേയ്ക്കാണ് കൊണ്ടുപോയത്. അഞ്ജനയുടെ (35),മൃതദേഹം തൃശൂരുലേയ്ക്കും. അമേരിക്കയില്‍ ഉപരിപഠനത്തിനും തൊഴിലിനുമായി പോയ പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗം ഇരു കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

കാലിഫോര്‍ണിയയിലെ നിയമനടപടികളും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സങ്കീര്‍ണമായ നയതന്ത്ര പ്രക്രിയകളും പൂര്‍ത്തിയാക്കേണ്ടി വന്നതിനാലാണ് ഭൗതികശരീരങ്ങള്‍ എത്തിക്കാന്‍ ഇത്രയും വൈകിയത്. പ്രവാസി സംഘടനകളുടെയും സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സജീവമായ ഇടപെടലുകള്‍ക്കൊടുവിലാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടുകിട്ടിയത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ആശയവിനിമയം നടത്തിയതും നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നോര്‍ക്ക റൂട്ട്‌സും കാര്യമായ ഇടപെടലുകള്‍ നടത്തിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് കാലിഫോര്‍ണിയയിലെ മില്‍പിറ്റസിലും സാനോസെയിലുമായി നാടിനെ നടുക്കിയ ഈ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. കൊല്ലപ്പെട്ട യുവതികളുടെ അടുത്ത സുഹൃത്തും കോട്ടയം മൂന്നിലവ് സ്വദേശിനിയുമായ അനില ബേബിയാണ് (32) ഇരുവരെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ആന്‍ മേരിയെ സാനോസെയിലെ സ്വന്തം വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ ശേഷം, ഒന്നര മണിക്കൂറോളം കഴിഞ്ഞ് അഞ്ജനയെ ഫോണില്‍ വിളിച്ചുവരുത്തി വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് യു.എസ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കൃത്യം നടത്തിയ ഉടന്‍തന്നെ കാലിഫോര്‍ണിയ പൊലീസ് അനിലയെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സാന്താക്ലാര കൗണ്ടി മെയിന്‍ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി. സുഹൃത്തുക്കളായ യുവതികളെ അടുത്തടുത്ത മണിക്കൂറുകളില്‍ അരുംകൊല ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ച കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മില്‍പിറ്റസ് പൊലീസ്. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തപ്പെട്ട പ്രതിക്കെതിരെ അമേരിക്കന്‍ കോടതിയില്‍നിന്ന് കടുത്ത ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും പ്രവാസി സമൂഹവും. അമേരിക്കയിലെ മലയാളി സമൂഹത്തെയാകെ നടുക്കിയ സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് വിവിധ പ്രവാസി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.