Image

'തുടക്കം': ഇത്രയും ബിൽഡ് അപ്പും കോടികളുടെ പി ആറും, മാർക്കറ്റിംഗും ആവശ്യമായിരുന്നില്ല (സിനിമ നിരൂപണം: ഏബ്രഹാം തോമസ്)

Published on 21 September, 2026
'തുടക്കം': ഇത്രയും ബിൽഡ് അപ്പും കോടികളുടെ പി ആറും, മാർക്കറ്റിംഗും ആവശ്യമായിരുന്നില്ല (സിനിമ നിരൂപണം: ഏബ്രഹാം തോമസ്)

ഒരു സിനിമയ്ക്കു വേണ്ടി പ്രത്യക്ഷമായും പരോക്ഷമായും കോടികളുടെ പരസ്യ ക്യാമ്പയ്‌നുകളും മാധ്യമ ലോകത്തെ സുഹൃദ് വലയത്തെ നിർലോഭം ഉപയോഗിക്കുകയും ചെയ്യുക വർഷങ്ങളായി നിലനിന്നു വരുന്ന പ്രവണതയാണ്. തന്റെ മകൾ വിസ്മയ സിനിമാ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുമ്പോൾ മലയാളത്തിന്റെ അതുല്യ നടൻ മോഹൻലാലും 'ഇത്രയുമേ' ചെയ്തുള്ളൂ. എന്നാൽ കോടികളുടെ ഈ പാഴ്ചിലവ് നടത്തുന്നുതിന് പകരം കണ്ടിരിക്കാവുന്ന ഒരു കഥയോ, പ്രേക്ഷക താല്പര്യം നിലനിർത്തുന്ന തിരക്കഥയോ, ചടുലമായ സംഭാഷണമോ സൃഷ്ടിക്കുവാൻ ലാലിൻറെ കൂട്ടുകെട്ടിന് കഴിഞ്ഞില്ല.

'തുടക്കം' ഒരു യുവതിയുടെ അതിജീവനത്തിന്റെ (മറ്റെന്താണ് ഇപ്പോൾ 'ഇൻ' ആയിട്ടുള്ളത്?) കഥയാണ്. കേരളത്തിലെ ഒരു മലമ്പ്രദേശത്തു മീനു എന്ന ചെറുപ്പക്കാരി ഒരു ചെറിയ മാർഷ്യൽ ആർട്സ് സ്കൂൾ നടത്തുന്നു. ശാരീരിക പരിമിതികൾ ഉള്ള അച്ഛന്റെ നിർബന്ധ പ്രകാരം ഒരു ജോലിക്കു വേണ്ടി ഇന്റർവ്യൂകൾക്കു പോകുന്നു. അങ്ങനെ ഒരു ഇന്റർവ്യൂവിന് പോയി മടങ്ങും വഴി രണ്ടു ചെറുപ്പക്കാരികളെ അവരുടെ വീട്ടിൽ എത്തിക്കുന്ന കർമ്മം ഏറ്റെടുക്കുന്നു. അവരുടെ ഈ സൽപ്രവർത്തി അവർക്കു തന്നെ വിനയാകുന്നു. ബസിൽ അവരെ ശല്യം ചെയ്യുന്ന ഒരു യുവാവ് (ആശിഷ് ജോ ആന്റണി - പരസ്യങ്ങളിലും മറ്റും ഇയാളെ അണ്ടെർപ്ലേ ചെയ്തിട്ടുണ്ട്) വീട്ടിലും എത്തി മീനുവിനെയും അച്ഛനെയും മർദ്ദിക്കുവാന് ഒരുമ്പെടുമ്പോൾ അവരുടെ രക്ഷക്കായി എത്തുന്നത് അവൾ പഠിച്ച മാർഷ്യൽ ആർട്സ് ആണ്.

കറന്റ് നഷ്ടമാകുന്ന രാത്രിയിലെ ഏറ്റുമുട്ടലിന്റെ ആദ്യ രംഗങ്ങൾ എഴുപതുകളുടെ ആദ്യം പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് 'വെയിറ്റ് അൺറ്റിൽ ഡാർക്കി'ന്റെ ചില രംഗങ്ങളെ ഓർമ്മിപ്പിക്കുന്നു. എന്നാൽ തുടർന്ന് നടക്കുന്ന മല്പിടുത്തങ്ങൾക്കു ഉദ്‌വേഗത നില നിർത്താൻ കഴിഞ്ഞില്ല. ഈയിടെ കാണാൻ ഇടയായ തമിഴ് നടൻ അർജുനിന്റെ ഒരു തമിഴ് ചിത്രത്തിൽ അർജുനും ഭാര്യയും മകളും മാർഷ്യൽ ആർട്സ് വിദഗ്ധരാണ്. അവർ വില്ലന്മാരുമായി ഏറ്റുമുട്ടുന്ന രംഗങ്ങൾക്ക് കുറേക്കൂടി മികവ് ഉണ്ടായിരുന്നു എന്ന് പറയാതെ വയ്യ. രംഗ സംവിധാനത്തിലും മീനുവിന്റെ വീടിനകത്തു നടക്കുന്ന ഏറ്റുമുട്ടലുകൾക്കും ഏറെ പിഴവുകൾ കാണാൻ കഴിഞ്ഞു.
തിരക്കഥ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് അനിൽ കൃഷ്ണയുടെയും ലിനീഷ് നെല്ലിക്കലിന്റെയും സഹായത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. തിരക്കഥ മൂന്നുപേരും കുറേക്കൂടി ഗൃഹപാഠം നടത്തി തയ്യാറാക്കേണ്ടതായിരുന്നു എന്ന് പറയാതെ വയ്യ. അഭിനേതാക്കളിൽ വിസ്മയയും ആശിഷ് ജോ ആന്റണിയും മികച്ച പ്രകടനമാണ് നൽകിയിരിക്കുന്നത്. വിസ്മയയുടെ കഴിവുകൾ മലയാള സിനിമയ്ക്കു ഒരു മുതൽക്കൂട്ടായി മാറും, അവർ അഭിനയം തുടരുകയാണെങ്കിൽ. ലാലിന് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന് അദ്ദേഹം തന്നെ ആലോചിക്കേണ്ടതാണ്. പ്രത്യേകിച്ച് സ്ഥിരം ശൈലിയിലുള്ള അഭിനയവും, സംഭാഷണവും ('ഇണ്ടായില്ല' എന്ന പ്രയോഗം, ഉണ്ടായില്ല എന്നതിന് പകരം, കേട്ട് മടുത്തതാണ്). സായികുമാർ, കോട്ടയം രമേശ്, ബോബി കുരിയൻ, ഗണേഷ് കുമാർ, മനോജ് കെ ജയൻ, ജിബിൻ ഗോപിനാഥ്, ജാഫർ ഇടുക്കി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഒരു ഇരുത്തം വന്ന സംവിധായകൻ ആകാൻ ഇനിയും ബഹു ദൂരം പോകേണ്ടിയിരിക്കുന്നു.

Read More: https://www.emalayalee.com/writer/260

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക