
''അര്‍ജൂനാ, ധര്‍മത്തിനു തളര്‍ച്ചയും
അധര്‍മത്തിനു വളര്‍ച്ചയുമുണ്ടാകുമ്പോഴെല്ലാം
ഞാന്‍ അവതരിച്ചുകൊണ്ടിരിക്കുന്നു.''
(ഭഗവത്ഗീത)
കൂവള്ളൂര്‍ തറവാട്ടിലെ സന്താനമാണെങ്കിലും കെ.റ്റി. ജോസഫിന്റെയും മേരിയുടെയും ആദ്യജാതനായി തോമസ് ജനിച്ചത് മരങ്ങാട്ടുപിള്ളിയിലെ പാലയ്ക്കാട്ടുമലയുള്ള കുളങ്ങര എന്ന പ്രസിദ്ധമായ തറവാട്ടിലാണ്. മീനച്ചില്‍ താലൂക്കിലും പരിസരങ്ങളിലും പണ്ടേപുകഴ്‌പെറ്റ ഈ തറവാടിന്റെ പേര് പുറത്തേക്കും വ്യാപിച്ചത് രണ്ടു വ്യക്തികളിലൂടെയാണ് - ലേബര്‍ ഇന്ത്യ പബ്ലിക്കേഷന്‍സ് സ്ഥാപകന്‍ ജോര്‍ജ് കുളങ്ങരയും പുത്രന്‍, സഫാരി ടീവി ചാനല്‍ സ്ഥാപകന്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയും. പക്ഷേ, അവര്‍ ജനിച്ചത് ഈ തറവാട്ടിലായിരുന്നില്ല. എന്നാല്‍, നാട്ടുനടപ്പനുസരിച്ച്, അമ്മയുടെ ആദ്യപ്രസവം സ്വന്തം വീട്ടിലായതിനാല്‍ ഗുരു തോമസ് കൂവള്ളൂരിന്റെ ജനനം കുളങ്ങര തറവാട്ടിലായിരുന്നു. മാത്രമല്ല, മിക്കവാറും ബാല്യം കഴിച്ചുകൂട്ടിയതും അവിടെത്തന്നെ.

Josephchettan, Thazhathuvettathu.
കുളങ്ങരയിലെ വലിയ കാരണവരുടെ നാലാമത്തെ മകളാണ് മേരി. മേരിയുടെ സഹോദരന്റെ മകനാണ് ജോര്‍ജ് കുളങ്ങര. ഗുരു കൂവള്ളൂരിനേക്കാള്‍ നാലഞ്ചു വയസ്സ് മൂപ്പുകാണും ജോര്‍ജിന്. ബാല്യത്തിലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന ഇവര്‍ ഇരുവരും പില്‍ക്കാലത്ത് ഏറെ പ്രസിദ്ധരായി. 'ലേബര്‍ ഇന്ത്യ' എന്ന വിദ്യാര്‍ത്ഥി പ്രസിദ്ധീകരണവും സ്‌കൂളുകളും വഴി ജോര്‍ജ് കുളങ്ങര മലയാളികള്‍ ക്കിടയില്‍ അറിയപ്പെട്ടപ്പോള്‍, അനീതികള്‍ക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടം, ആദിവാസികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ മുതല്‍ അമേരിക്കയെ അത്ഭുതപ്പെടുത്തിയ ചരിത്രപ്രധാനമായ നിയമപോരാട്ടങ്ങളിലെ മിന്നുന്ന വിജയവും യോഗ എന്ന മഹത്തായ ശാസ്ത്രത്തിലൂടെ മാനവരാശിയുടെ മഹത്വം വര്‍ധിപ്പിക്കുന്ന സേവനങ്ങളും വഴി ഗുരു കൂവള്ളൂര്‍ ആഗോളതലത്തില്‍ത്തന്നെ അറിയപ്പെടുന്ന നേതാവായി ഉയര്‍ന്നു!
''യേശു മാനവചരിത്രത്തില്‍ നിര്‍വഹിച്ച റോളാണ് ഇന്നത്തെ സമൂഹത്തില്‍ എന്റെ അനുജന്‍ തോമസ് നിര്‍വഹിക്കുന്നത്,'' ജോര്‍ജ് കുളങ്ങരയുടെ വാക്കുകളില്‍ ഗുരുവിന്റെ കൃത്യമായ ചിത്രം നമുക്ക് ദര്‍ശിക്കാം. ''അനീതികള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് കൗമാരക്കാലം മുതല്‍ അവനെ വ്യത്യസ്തനാക്കുന്നത്. ആഢ്യത്യമുള്ള തറവാടുകളുടെ പാരമ്പര്യം പേറുന്നുണ്ടെങ്കിലും ജീര്‍ണവും പാവങ്ങള്‍ക്ക് എതിരുമായ തറവാടിത്തങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ തോമസിന് യാതൊരു മടിയുമില്ല,'' വിപുലമായ പ്ലാവു കൃഷിയും ചക്കസംസ്‌കരണ വ്യവസായസംരംഭങ്ങളുമായി 'ലേബര്‍ ഇന്ത്യ ഗുരുകുല'ത്തില്‍ കഴിയുന്ന ജോര്‍ജ് കുളങ്ങര സാക്ഷ്യപ്പെടുത്തുന്നു.

Moothedathu Kavu Palakkattumala .
ഭാര്യയുടെ മരണശേഷം തന്റെ പ്രസിദ്ധീകരണങ്ങളും സ്‌കൂളുകളും മക്കള്‍ക്ക് പങ്കുവെച്ചു കൊടുത്തു അദ്ദേഹം. ഗുരുകുലത്തിലിരുന്ന് തോമസ് കൂവള്ളൂരുമായുള്ള നിരവധി ബാല്യകാലസ്മരണകള്‍ അനുസ്മരിക്കുകയുണ്ടായി. ''അസാധാര ണമായ ധൈര്യമാണ് ചെറുപ്പംമുതലേ അവന്‍ കാണിച്ചിരുന്നത്. ഒരിക്കല്‍ തൊടിയില്‍ കാട്ടുമാക്കാന്‍ എന്ന ജീവി ഇറങ്ങിയെന്ന് പണിക്കാര്‍ പേടിയോടെ വന്നു പറഞ്ഞു. തോമസിന് പേടി തോന്നിയില്ല എന്നുമാത്രമല്ല, വലിയ ആഹ്ലാദമാണുണ്ടായത്. ഒരു വടിയുമെടുത്ത് അവന്‍ കാട്ടുമാക്കാന്റെ പിന്നാലെകൂടി, തന്ത്രപൂര്‍വം അതിനെ അടിച്ചിട്ടു! പോയി രണ്ട് മൂട് കപ്പയും പറിച്ച് പുഴുങ്ങി. അപ്പൊഴേക്കും കാട്ടുമാക്കാന്റെ ഇറച്ചിയും ചട്ടിയില്‍ വെന്തുകൊണ്ടിരുന്നു. പാകമായപ്പോള്‍ ഞങ്ങള്‍ എല്ലാവരുംകൂടി അതു മൃഷ്ടാന്നം ശാപ്പിട്ടു!''
മരങ്ങാട്ടുപിള്ളി
വൈക്കം - പാലാ സ്റ്റേറ്റ് ഹൈവേ, കുറുപ്പന്തറ ജംഗ്ഷനില്‍വെച്ച് എറണാകുളം - കോട്ടയം റോഡ് മുറിച്ച് കിഴക്കോട്ടു പോകും. ആ വഴിക്ക് ആദ്യം വരുന്നത് ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട്. പിന്നീടാണ് മരങ്ങാട്ടുപിള്ളി. വളരെ ഉയര്‍ന്ന കുന്നില്‍പുറങ്ങളും അവയ്ക്കിടയില്‍ വിശാലമായ വയലുകളുമായി മനോഹരമായൊരു പ്രദേശം. ഇവിടത്തെ വയലുകളില്‍ ശ്രദ്ധേയമായ ഒന്നാണ് ആണ്ടൂര്‍ പാടം. ''എന്റെ ചെറുപ്പത്തില്‍ ഈ പാടത്ത് ധാരാളം ഞവുണിക്ക ഉണ്ടായിരുന്നു - കക്കപോലെ തോടുള്ള ഒരുതരം ജലജീവി. കൂട്ടുകാരുമൊത്ത് ഇതു പെറുക്കി വല്ല്യമ്മയുടെപക്കല്‍ കൊണ്ടുപോയി കൊടുക്കും. അത് ഉപ്പിട്ടു പുഴുങ്ങി, അകത്തെ മാംസമെടുത്തു കഴിച്ചാല്‍ ഏറെ രുചികരമാണ്; വളരെ പോഷകസമൃദ്ധവും. ഇന്ന് ഞവുണിക്കയുടെ സ്ഥാനത്ത് ആഫ്രിക്കന്‍ ഒച്ചുകളാണ്!'' ഗുരു കൂവള്ളൂര്‍ അനുസ്മരിക്കുന്നു. ''എന്റെ വല്ല്യപ്പന്റെ അമ്മയെ ''അമ്മാമ്മ'' എന്നു വിളിച്ചിരുന്നത്. അവരെ കാണാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ഇന്നും അമ്മാമ്മയെ നന്നായി ഓര്‍ക്കുന്നു.''

Thomas Philip Kulangara, owner of Kulangara Tharavadu.
വിശാലമായ പാടങ്ങളില്‍ എല്ലാത്തരം കാര്‍ഷികവിളകളും നാണ്യവിളകളുമുള്ള അതിസമ്പന്നമായ തറവാടായിരുന്നു കുളങ്ങര. ഗുരു കൂവള്ളൂരിന്റെ അമ്മയുടെ അപ്പന്‍, കുളങ്ങര കൊച്ചേട്ടനായിരുന്നു ആ പ്രദേശത്തെ ഏറ്റവും സമ്പന്നന്‍. ''എന്റെ ചെറുപ്പത്തില്‍ കൊച്ചേട്ടന്റെ കൈയില്‍ മാത്രമേ നൂറിന്റെ നീല നോട്ട് കണ്ടിട്ടുള്ളൂ,'' തൊണ്ണൂറിനടുത്തു വയസ്സ് പ്രായമുള്ള താഴത്തുവെട്ടത്ത് ജോസഫ് ചേട്ടന്‍ സാക്ഷ്യപ്പെടുത്തി. ''അക്കാലത്ത് ഏഴായിരം രൂപയ്ക്ക് കൊച്ചേട്ടന്‍ ഒരു പറമ്പ് വാങ്ങി എന്നറിഞ്ഞ് മരങ്ങാട്ടുപിള്ളിക്കാര്‍ മൂക്കത്തു വിരല്‍വെച്ചു!''
ഗുരു കൂവള്ളൂരുമായി കുളങ്ങര തറവാട്ടിലേക്കുള്ള യാത്രയില്‍ വളരെ അല്‍ഭുതകരമായാണ് ഇദ്ദേഹത്തെ കണ്ടുമുട്ടിയത്. താന്‍ ബാല്യത്തില്‍ കൂട്ടുകാരോടൊത്ത് കളിക്കാനും പശുക്കളെ തീറ്റാനും പോകുമായിരുന്ന പാലക്കാട്ടുമലയിലുള്ള താഴത്തുരുത്തിയില്‍ പുരയിടവും അതിനു മുകളിലെ മൂത്തേടത്തുകാവും കാണാന്‍ പോകുന്ന സമയം. പഴയ നാട്ടുവഴികളൊക്കെ മാറി ടാര്‍ ചെയ്ത റോഡുകള്‍ വന്നു. കുറെ ചെന്നപ്പോള്‍ വഴി തെറ്റിയോ എന്നു സംശയം. വഴിയേ നടന്നുപോകുന്ന ഒരു വയോധികനെ കണ്ട് ഡ്രൈവര്‍, ശശിമോന്‍ മുള്ളുകാലായില്‍ എന്ന ചെറുപ്പക്കാരന്‍ വണ്ടി നിറുത്തി.
''ചേട്ടാ, മൂത്തേടത്തു കാവിലേക്കുള്ള വഴി ഏതാ?'' ഗുരുവിന്റെ ചോദ്യം. അതുകേട്ട് അദ്ദേഹം വഴി പറഞ്ഞുകൊടുത്തു.
''ചേട്ടന്‍ ആ വഴിക്കാണോ?''
''അതെ. പക്ഷേ, ഞാന്‍ ഒന്നു നടക്കാനിറങ്ങിയതാണ്. രാവിലെയും വൈകിട്ടും ഒരോമൈല്‍ ദൂരമെങ്കിലും നടന്നില്ലെങ്കില്‍ കൈയും കാലും ആടുകയില്ല,'' ചേട്ടന്‍ പറഞ്ഞു. ഗുരു പക്ഷേ, വിട്ടില്ല.
''ചേട്ടന് തിരികെ നടക്കാമല്ലോ. ഇപ്പോള്‍ വണ്ടിയിലേക്ക് കയറ്. തിരികെ ഞാന്‍ കൊണ്ടുവന്നാക്കാം.''
''അതു വേണ്ട മോനേ.. ഞാന്‍ നടന്നുകൊള്ളാം. നിങ്ങള്‍ ഞാന്‍ പറഞ്ഞ വഴിക്ക് പോയാല്‍ മതി,'' വയോധികന്‍ വണ്ടിയില്‍ കയറാന്‍ മടിച്ചു.
ഗുരുവുണ്ടോ വിടുന്നു! സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ച് അദ്ദേഹത്തെ വണ്ടിയില്‍ കയറ്റി. ശശി വണ്ടി വിട്ടു. അതോടെ, ഇന്റര്‍വ്യൂപോലുള്ള സംസാരവും തുടങ്ങി. ഊരും പേരുമൊക്കെ പരസ്പരം ചോദിച്ചറിഞ്ഞു. കുളങ്ങര കൊച്ചേട്ടന്റെ ചെറുമകനാണ് ഈ മനുഷ്യന്‍ എന്നറിഞ്ഞതോടെ ചേട്ടന്റെ ഭാവം മാറി. ''കൊച്ചിനെ ഞാന്‍ ചെറുപ്പത്തിലേ കണ്ടിട്ടുണ്ട്. കൊച്ചിന്റെ അമ്മയെയും അറിയാം,'' അദ്ദേഹം ഓര്‍മകളുടെ കെട്ടഴിച്ചു. സമ്പന്നമായ കുളങ്ങര തറവാടിന്റെയും ആഢ്യരില്‍ ആഢ്യനായ കൊച്ചേട്ടന്റെയും കഥകള്‍!

Guru Koovalloor with Cousin George Kuilangara .
''മകളെ കെട്ടിക്കാനോ മറ്റാവശ്യങ്ങള്‍ക്കോ പണം ആവശ്യമായാല്‍ മരങ്ങാട്ടുപിള്ളിക്കാര്‍ ആദ്യം കൊച്ചേട്ടന്റെ അടുത്തേക്കാകും വരിക,'' ജോസഫ് ചേട്ടന്‍ ഓര്‍മിക്കുന്നു. ''ഒന്നുകില്‍, തട്ടില്‍പുറത്തുനിന്ന് ഏതാനും ചാക്ക് ചുക്ക് എടുത്ത് കൊടുത്തിട്ട് വിറ്റ് പണമാക്കിക്കോളാന്‍ പറയും. ചിലര്‍ പറമ്പു വിറ്റ് പണം വാങ്ങാനാകും വരിക. ആദ്യമൊക്കെ അടുക്കാതെ തഞ്ചത്തില്‍ നില്‍ക്കുമെങ്കിലും ആദായവിലയ്ക്ക് നല്ല നിലമോ പറമ്പോ കിട്ടിയാല്‍ വാങ്ങും. ഇരുകൂട്ടര്‍ക്കും ഉപകാരമായ ഇടപാട്!''
ഗുരു കൂവള്ളൂരുമൊത്തുള്ള യാത്രകളില്‍ സംഭവിക്കുന്ന അല്‍ഭുതങ്ങളില്‍ ആദ്യത്തേതായിരുന്നു ഈ സംഭവം. ഈ വയോധികനെ ഗുരു നിര്‍ബന്ധപൂര്‍വം വണ്ടിയില്‍ കയറ്റിയില്ലായിരുന്നെങ്കില്‍ ഈ ഓര്‍മകള്‍ ആ മനുഷ്യനോടൊപ്പം മണ്‍മറഞ്ഞുപോയേനേ. ''കുളങ്ങര കൊച്ചേട്ടന്റെ കൈയില്‍ മാത്രമേ ഞാന്‍ നൂറിന്റെ നീലനോട്ട് കണ്ടിട്ടുള്ളൂ,'' എന്ന ഒരൊറ്റ വാചകത്തിലൂടെ ജോസഫ് ചേട്ടന്‍ ആ പ്രമാണിയുടെ കൃത്യമായ ഒരു ചിത്രം വരച്ചിട്ടു! ഈ സംഭവം നടന്ന 2024 ജൂണ്‍ മാസത്തിനുശേഷം അദ്ദേഹം മരിച്ചുപോയി.
പിന്നീട്, തിരക്കേറിയ ചില യാത്രകളില്‍, ഒന്നിനും സമയം തികയുകയില്ല എന്ന് കരുതി ഞാന്‍ തിരക്കുകൂട്ടിയപ്പോഴൊക്കെ, ഉദ്ദേശിച്ചതിലും അധികം കാര്യങ്ങള്‍ നടത്തിയ ഗുരു എന്നെ അല്‍ഭുതപ്പെടുത്തി. പ്രപഞ്ചത്തിലെ നിഗൂഢശക്തികളുമായും കാലചക്രത്തിന്റെ അവിരാമമായ തിരിച്ചിലുമായും മഹത്തായ യോഗവിദ്യവഴി നിരന്തരം സമ്പര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അല്‍ഭുതപ്രതിഭാസമാണ് ഗുരു തോമസ് കൂവള്ളൂര്‍!
കുത്തനെയുള്ള പാലക്കാട്ടുമലയിലൂടെ വണ്ടി വളരെ വിഷമിച്ചാണ് കയറിയത്. ഉച്ചിയിലെ മൂത്തേടത്തുകാവ് വിജനമായിരുന്നു. ബാല്യകാലസ്മരണകളുടെ സമൃദ്ധിയില്‍ ഗുരുവിന്റെ ഓര്‍മകള്‍ ഏഴു പതിറ്റാണ്ട് പിന്നാക്കം പോയി. ഇന്നു കാണുന്ന റബര്‍ എസ്റ്റേറ്റുകള്‍ ആ ഓര്‍മകളില്‍ ഇല്ല. എങ്ങും ഫലവൃക്ഷങ്ങള്‍ മാത്രം! ഇടയ്ക്ക് ഇഞ്ചിപ്പാടങ്ങള്‍, കപ്പത്തോട്ടങ്ങള്‍, കാപ്പിച്ചെടികള്‍ പൂത്ത് നറുസുഗന്ധം പരത്തുന്ന കുന്നിന്‍ ചെരിവുകള്‍, കാച്ചിലും ചേമ്പും ചേനയും വാഴയും നിറഞ്ഞു നില്‍ക്കുന്ന പുരയിടങ്ങള്‍, കയറു കെട്ടിയുണ്ടാക്കിയ പന്തലുകളില്‍ പീച്ചിലും പാവലും പടവലയും പയറും വിളഞ്ഞുകിടക്കുന്ന സമൃദ്ധിയുടെ ഓണക്കാലം...!
''മൂത്തേടത്തു മനവകയാണ് ഈ കാവ്,''ഗുരു വിശദീകരിച്ചു. എന്നിട്ട് കുന്നിന്റെ മറ്റേച്ചെരിവിലെ മന ചൂണ്ടിക്കാട്ടി. ''അമേരിക്കയില്‍ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് ഇപ്പൊഴത്ത കാരണവര്‍ കുഞ്ചു തിരുമേനി.''ഗണിതത്തിലും കംപ്യൂട്ടര്‍ ശാസ്ത്രത്തിലും അസാമാന്യപ്രതിഭയായിരുന്നു ഡോ. ശങ്കരന്‍ ത്രിവിക്രമന്‍ നമ്പൂതിരി എന്ന കുഞ്ചു തിരുമേനി. ഈ സംഭാഷണം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടപ്പോള്‍ അദ്ദേഹം യു.എസിലെ ഡാലസില്‍ 92-ാം വയസ്സില്‍ അന്തരിച്ചു. ''നമ്പൂതിരി സമുദായപരിഷ്‌കരണ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ഇദ്ദേഹം 1936ല്‍ യു.എസിലെത്തുകയും വിവിധ സര്‍വകലാശാലകളില്‍ പ്രൊഫസാറാകുകയും ചെയ്യുകയുണ്ടായി. ഭാര്യ സരസ്വതി അന്തര്‍ജനം ടെക്‌സസ് സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നു. ജോര്‍ജ് കുളങ്ങരയ്ക്ക് ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്‌പോണ്‍സറായത് ഡോ. നമ്പൂതിരിയാണ്. എന്റെ വീട്ടില്‍ താമസിച്ച് എന്നോടൊപ്പമായിരുന്നു അപ്പൊഴത്തെ യാത്രകള്‍,'' ഗുരു കൂവള്ളൂര്‍ ഓര്‍മിച്ചു.
തെല്ലുമാറിയാല്‍ പാലക്കാട്ടുമല ദേവസ്വംവക നരസിംഹമൂര്‍ത്തി ക്ഷേത്രം. രണ്ടു നേരം പൂജാദികര്‍മങ്ങളുള്ള സാമാന്യം വലിയ ക്ഷേത്രമാണ്. പണ്ടുകാലത്ത് വൃക്ഷനിബിഡമായ വനമായിരുന്നു ഈ കാവിനും ക്ഷേത്രത്തിനുമൊക്കെ ചുറ്റുവട്ടത്ത് എന്ന് ജോസഫ് ചേട്ടന്‍ പറഞ്ഞു. ''റബര്‍ വന്നതോടെ പ്രകൃതിയൊക്കെ മാറി. പണ്ട് ആഹാരത്തിന് അങ്ങാടിയില്‍ പോകേണ്ട ആവശ്യമില്ലായിരുന്നു. ഇന്ന് എല്ലാം വില കൊടുത്തു വാങ്ങണം.'' ഗുരുവിന്റെ അപ്പന്റെ സുഹൃത്തായ കംപൗണ്‍ഡര്‍ മണിസാറിന്റെ സഹപാഠിയാണ് ജോസഫ് ചേട്ടന്‍ എന്ന അറിവ് മറ്റൊരല്‍ഭുതമായി!

Steps to the Front Yard of Old Kulangara Tharavadu.
സന്തോഷ് 'പൊക്കിക്കൊണ്ടുപോയ'കുളങ്ങര തറവാട്
കുളങ്ങര തറവാട്ടു വളപ്പിലേക്ക് ചെല്ലുമ്പോള്‍ കാണുന്നത് പ്രൗഢമായ ഒരു ഇരുനില കോണ്‍ക്രീറ്റ് കെട്ടിടമാണ്. ഈ തറവാട്ടില്‍ ജനിച്ചു വളര്‍ന്ന് ലോകപ്രസിദ്ധനായിത്തീര്‍ന്ന ഗുരുവിനെ സ്വീകരിക്കാന്‍ ഒരു മധ്യവയസ്‌കന്‍ ഇറങ്ങിവന്നു - തോമാച്ചന്‍; തറവാട്ടിലെ ഇന്നത്തെ കാരണവര്‍. ഗുരുവിന്റെ അമ്മാവന്‍ പീലിപ്പോസിന്റെ ആറു മക്കളില്‍ നാലാമനാണ് 63 കാരനായ തോമാച്ചന്‍. ''എന്റെ ചെറുപ്പത്തില്‍ വാവച്ചന്‍ ചേട്ടന്‍ മലബാറിലായിരുന്നു,'' അദ്ദേഹത്തിന്റെ ഓര്‍മകള്‍. ''കോളജുകുമാരനായ തോമസ് ജെ. കൂവള്ളൂരാണ് എന്റെ മനസ്സില്‍ സജീവമായി ഇപ്പൊഴും നില്‍ക്കുന്നത്.''
തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, കാപ്പി, ധാരാളം ഇഞ്ചി, കുരുമുളക് തുടങ്ങിയവ വിളഞ്ഞുനില്‍ക്കുന്ന വിശാലമായ തൊടികളാണ് ഗുരുവിന്റെയും തോമാച്ചന്‍ ചേട്ടന്റെയും ബാല്യകാലസ്മരണകളിലെ കുളങ്ങര തറവാട്ട് പരിസരം. ''എനിക്ക് വീതമായി പതിനെട്ട് ഏക്കര്‍ കിട്ടി. കപ്പയും വാഴയും ഇഞ്ചിയും തുടര്‍ന്ന് കൃഷി ചെയ്യുന്നുണ്ട്. പ്രധാനകൃഷി റബറാണ് ഇപ്പോള്‍,'' തോമാച്ചന്‍ ചേട്ടന്‍ പറയുന്നു. ''നെല്‍കൃഷി പൂര്‍ണമായി നിറുത്തി. കൊയ്ത്തുയന്ത്രത്തിനെതിരെ ഇവിടെ വലിയ സമരങ്ങള്‍ നടന്നു. എന്നാലോ, പണിക്കാരെ കിട്ടാനുമില്ല!''
ഓരോമാസവും രണ്ടുമൂന്നു ലോഡ് തേങ്ങ ലഭിക്കുമായിരുന്നു, ഈ പുരയിടത്തില്‍നിന്ന്. ''തേങ്ങ മുഴുവന്‍ തട്ടിന്‍പുറത്ത് കയറ്റിയിടും. അപ്പോള്‍ മുളച്ചുപോകുകയില്ല. വര്‍ഷത്തിലൊരിക്കലാണ് വില്‍പ്പന,'' ഗുരു വ്യക്തമാക്കി. ''തറവാട്ടിനു പിന്നില്‍ വിശാലമായ കാപ്പിത്തോട്ടം ഉണ്ടായിരുന്നു. അതിനിടയിലാണ് കുട്ടികള്‍ 'വെളിക്കിരിക്കുക'. ഏതു സമയവും പത്തുപന്ത്രണ്ട് കുട്ടികള്‍ വീട്ടിലുണ്ടാകും. ഞങ്ങളെല്ലാവരും പന്തിഭോജനംപോലെ നിരന്നിരുന്നാണ് ആഹാരം കഴിക്കുക. വല്ല്യമ്മ എല്ലാവര്‍ക്കും സ്‌നേഹപൂര്‍വം വിളമ്പിത്തരും.''
തറവാട്ടിലെ സമൃദ്ധിയില്‍നിന്ന് നെല്ലും കായ്കറിക്കൂട്ടങ്ങളും, കെട്ടിച്ചുവിട്ട പെണ്‍മക്കളുടെ വീടുകളിലേക്ക് കൊടുത്തുവിടുമായിരുന്നു കുളങ്ങര കൊച്ചേട്ടന്‍ എന്ന ഹൃദയാലു. ''എന്റെ അപ്പന് ഭാഗംവെപ്പില്‍ നെല്‍പ്പാടങ്ങള്‍ കിട്ടിയില്ല. പൊതുവെ, നീതിപൂര്‍വകമായിരുന്നില്ല ഭാഗംവെപ്പ്,'' ഗുരു കൂവള്ളൂര്‍ തന്റെ പിതാവിന്റെ തറവാട്ടില്‍ നടന്ന ഒരു അനീതി ചൂണ്ടിക്കാട്ടുന്നു. ''ഇതറിഞ്ഞ അമ്മാവന്‍മാരും അപ്പൂപ്പനും ആവശ്യത്തിനു നെല്ല് കൂവള്ളൂര്‍ക്ക് കൊടുത്തുവിടുമായിരുന്നു. ഏതാണ്ട് മൂന്നു കിലോമീറ്റര്‍ നടന്ന്, പാലാറോഡ് മുറിച്ചുകടന്ന് തലച്ചുമടായാണ് നെല്ല് എത്തിക്കുക. അമ്മാവന്‍മാര്‍ക്ക് വലിയ സ്‌നേഹമായിരുന്നു എന്റെ അമ്മയോട്.''
കുളങ്ങര തറവാട്ടില്‍ ഭാഗംവെപ്പ് നടന്നപ്പോള്‍ വളരെ വിചിത്രമായ ഒരു സംഭവമുണ്ടായി. ജോര്‍ജ് കുളങ്ങരയുടെ മകനും വലിയ സഞ്ചാരിയും 'സഫാരി ടിവി ചാനല്‍' സ്ഥാപകനുമായ സന്തോഷ് ഒരു ആവശ്യം മുന്നോട്ടുവെച്ചു: ''തറവാട് എനിക്കു തന്നേക്കാമോ? ഞാനത് ഭദ്രമായി വേറൊരിടത്ത് സ്ഥാപിച്ച് കാത്തുകൊള്ളാം.''
ആവശ്യത്തോട് ആര്‍ക്കും എതിര്‍പ്പുണ്ടായില്ല. 2007 ലായിരുന്നു സംഭവം. ''അറയ്ക്കല്‍ തങ്കപ്പന്‍ ആശാരി എന്ന ഒരു വിദഗ്ധപണിക്കാരനെ സന്തോഷ് ഏര്‍പ്പാടു ചെയ്തു. അദ്ദേഹം ആറേഴു പണിക്കാരുമായി ഒരു ദിവസം എത്തി,'' തോമാച്ചന്‍ ചേട്ടന്‍ ആ സംഭവം വിവരിക്കുന്നു. ''ആശാരിയും പണിക്കാരും ആദ്യം ചെയ്തത് ഓരോഭാഗത്തിനും ഓരോനമ്പര്‍ ഇടുകയാണ്. പിന്നെ ഓരോന്നായി സൂക്ഷ്മതയോടെ ഇളക്കി മാറ്റി. കേടായ ചില മരഭാഗങ്ങള്‍ മാത്രം ഉപേക്ഷിക്കേണ്ടിവന്നു. നാലുകെട്ടും എട്ടുകെട്ടുമൊക്കെ പൊളിച്ച് പരിചയമുള്ള പണിക്കാരാണ് വന്നത്.''
മൊത്തം നാലു ലോറി നിറയെ സാധനങ്ങള്‍ ഉണ്ടായിരുന്നു. തറവാടിന്റെ തറമാത്രം ബാക്കിയായി. വലിയ കരിങ്കല്‍പ്പാളികള്‍കൊണ്ട് നിര്‍മിച്ച തറ! അതിപ്പൊഴും യാതൊരു കേടുമില്ലാതെ പുതിയ വീടിനു പിന്നില്‍ നിലനില്‍ക്കുന്നു. ബാക്കി, ''അറയും നിരയും അടക്കം സാമഗ്രികളെല്ലാം വൈക്കത്തെ ചെമ്പ് എന്ന ഗ്രാമത്തില്‍ സന്തോഷ് വാങ്ങിയ വിശാലമായ പറമ്പിലേക്ക് കൊണ്ടുപോയി. അവിടെ ഒരു വര്‍ഷംകൊണ്ട് പഴയതിലും ഭംഗിയായി പുനഃസ്ഥാപിച്ചു! കാലാനു സൃതമായ ചില മാറ്റങ്ങള്‍ വരുത്തിയായിരുന്നു ഈ പണി.''
ഇതടക്കം നിരവധി പുരാതനഗൃഹങ്ങള്‍ അടങ്ങിയ ഒരു റിസോര്‍ട്ടാണ് സന്തോഷ് ജോര്‍ജ്് കുളങ്ങര അവിടെ നിര്‍മിച്ചിരിക്കുന്നത്. ആദ്യം സ്ഥാപിച്ചത് കുളങ്ങര തറവാടായിരുന്നു. ''ഉല്‍ഘാടനത്തിന് ഞാന്‍ പോയി. വലിയ പരിപാടിയായിരുന്നു അന്ന്,'' തോമാച്ചന്‍ ചേട്ടന്‍ ഓര്‍മിക്കുന്നു.
സന്തോഷ് ''പണിപഠിച്ച'' ക്യാമറ
സഫാരി ചാനലിനായി ലോകത്തിന്റെ ഒട്ടുമിക്ക മുക്കിലും മൂലയിലും വീഡിയോ ക്യാമറയുമായി സഞ്ചരിച്ച സന്തോഷ് ജോര്‍ജ് കുളങ്ങര തന്റെയീ ''പണിയായുധത്തില്‍'' ഹരിശ്രീ കുറിച്ച സംഭവത്തിന് നമ്മുടെ കഥാപുരുഷനുമായി ബന്ധമുണ്ട്. 1990കളുടെ തുടക്കത്തില്‍ ഗുരു കൂവള്ളൂര്‍ ഒരു അത്യാധുനിക വീഡിയോ ക്യാമറ വാങ്ങി- ജാപ്പനീസ് നിര്‍മിത പാനസോണിക്. പ്രസ്തുത ക്യാമറ വാങ്ങിയത് ഏഷ്യാനെറ്റ് യു.എസ്.എ.യുടെ ഡയറക്ടര്‍ രാജു പള്ളത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. അത്രമാത്രം വിലകൂടിയ ക്യാമറ അന്ന് നിലവിലുണ്ടായിരുന്നില്ല. രാജു പള്ളത്ത് തോമസിന്റെ ഭാര്യയുടെ കസിന്റെ ഭര്‍ത്താവായിരുന്നതിനാല്‍ ഏറ്റവും നല്ല ക്യാമറാ നോക്കി വാങ്ങി. ഡിജിറ്റല്‍ സംവിധാനമുള്ള ക്യാമറാ. സന്തോഷിന്റെ പിതാവ് ജോര്‍ജ് കുളങ്ങരയെ ടെക്‌സസില്‍ ''ഫൊക്കാന'' യോഗത്തിന് കൊണ്ടുപോയപ്പോള്‍ ഫ്‌ളൈറ്റില്‍വെച്ച് പാലാഴിപോലത്തെ ആകാശ ക്കാഴ്ചകള്‍ ഒപ്പിയെടുത്ത അതേക്യാമറ. ''അക്കാലത്ത് അത്തരം വീഡിയോഗ്രഫിക്ക് നിയന്ത്രണം ഇല്ലായിരുന്നു,'' ഗുരു ചൂണ്ടിക്കാട്ടി.
അടുത്ത തവണ നാട്ടില്‍ വന്നപ്പൊഴും ഗുരു കൂവള്ളൂ രിന്റെ കൈവശം ആ ക്യാമറ ഉണ്ടായിരുന്നു. തറവാട്ടില്‍ പൂപ്പല്‍ബാധ ഭയന്ന് ജോര്‍ജ് കുളങ്ങരയുടെ വീട്ടിലായിരുന്നു അദ്ദേഹം അത്യാധുനികമായ ഈ വീഡിയോ ക്യാമറ സൂക്ഷിച്ചിരുന്നത്. ഇരുപതുകളിലെത്തിയിരുന്ന സന്തോഷ് ഈ സുവര്‍ണാവസരം ശരിക്കും വിനിയോഗിച്ചു. പാനസോണിക് വീഡിയോ ക്യാമറയുമായി ആ ചെറുപ്പക്കാരന്‍ കിട്ടിയ സമയം ശരിക്കും മുതലാക്കി. ഈ അനുഭവമാണ് അയാളെ ഈ ജനപ്രിയ പരിപാടി വിജയകരമായി നടത്താന്‍ പ്രാപ്തനാക്കിയത് എന്നുവേണം ഊഹിക്കാന്‍.
കുളങ്ങര തറവാട് പൊളിച്ചു കൊണ്ടുപോയെങ്കിലും തെക്കിനി നിലനിറുത്തി. പണ്ടൊക്കെ വലിയ ഭവനങ്ങള്‍ക്ക് അനുബന്ധമായി തെക്കിനി, വടക്കിനി, കിഴക്കിനി, പടിഞ്ഞാറെപ്പുര തുടങ്ങിയ പേരുകളില്‍ ചെറിയ ഗൃഹങ്ങള്‍ ഉണ്ടാകുമായിരുന്നു. അടുക്കള ഒഴികെയുള്ള മുറികളായിരിക്കും അവയില്‍. ''അപ്പാപ്പന്‍ 1981 ല്‍ മരിച്ചപ്പോള്‍ ഈ തെക്കിനിയിലാണ് കൊണ്ടുവന്നു കിടത്തിയത്. അതിന്റെ ഓര്‍മ നിലനിറുത്തണമെന്ന് ഞങ്ങള്‍ക്കെല്ലാം ആഗ്രഹമുണ്ടായിരുന്നു,'' ഗുരു കൂവള്ളൂര്‍ വ്യക്തമാക്കി.
തെക്കിനിക്കു പിന്നില്‍ ഒരു കുളമുണ്ട്, കൂവള്ളൂര്‍ക്കുളംപോലെ പുകള്‍പെറ്റതല്ലെങ്കിലും പ്രധാന്യമര്‍ഹിക്കുന്നതായ കുളങ്ങരക്കുളം. അതില്‍നിന്ന് തെക്കോട്ട് പോകുന്ന ഒരു ചാല്‍ അതിര്‍ത്തിയും കടന്ന് അയല്‍ക്കാരന്റെ തൊടിയിലേക്ക് പോകുന്നു. കൃഷി നനയ്ക്കുന്നതി നാവശ്യമായ വെള്ളം ഇപ്പൊഴും അതില്‍നിന്നു കിട്ടും. ഗുരു കൂവള്ളൂരിന്റെയും ബാല്യകാലസുഹൃത്തുക്കളുടെയും കേളീരംഗങ്ങളി ലൊന്നായിരുന്നു ഈ കുളം.
കുളങ്ങര തറവാട്ടില്‍ എല്ലാവര്‍ക്കും വലിയ ആനന്ദത്തിനു കാരണമായിക്കൊണ്ട് ഒരു ജനനം നടന്നു - 1949 ജൂണ്‍ 18ന്. കുളങ്ങര കൊച്ചേട്ടന്റെ നാലാമത്തെ മകളും കൂവള്ളൂര്‍ ജോസഫിന്റെ ഭാര്യയുമായ മേരിയുടെ ആദ്യപ്രസവം! ഊര്‍ജസ്വലനും തേജസ്വിയുമായ ഒരു ആണ്‍കുട്ടിക്ക് മേരി ജന്മം നല്‍കി. തങ്ങളുടെ പൂര്‍വീകര്‍ക്ക് യേശു ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കാന്‍ കടന്നുവന്ന അപ്പോസ്തലന്റെ തിരുനാമംതന്നെ മാതാപിതാക്കള്‍ അവനു കൊടുത്തു- തോമസ്!
Read More: https://www.emalayalee.com/writer/114