
ഹൂസ്റ്റൺ: രാജ്യസഭാംഗവും കേരള കോൺഗ്രസ് (എം) ചെയർമാനുമായ ജോസ് കെ. മാണിക്കും ഭാര്യ നിഷാ ജോസിനും സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ കോർപ്പറേറ്റ് ഓഫീസിൽ ഹൃദ്യമായ സ്വീകരണം നൽകി. ചേംബർ കുടുംബവുമായി ഏറെ അടുത്ത ബന്ധമുള്ള ജോസ് കെ. മാണിക്ക് ഇതിനുമുൻപും ചേംബർ സ്വീകരണം നൽകിയിട്ടുണ്ട്. ഇത്തവണയും വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങ് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര കൂട്ടായ്മയായി മാറി.
സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ്, ഫോമാ (FOMAA), പ്രവാസി കേരള കോൺഗ്രസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ സ്വീകരണം സംഘടിപ്പിച്ചത്. വിവിധ സാമൂഹിക, സാംസ്കാരിക, ബിസിനസ് സംഘടനകളുടെ പ്രതിനിധികളും ചേംബർ അംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചേംബർ ഫിനാൻസ് ഡയറക്ടർ സണ്ണി കാരിക്കൽ എം.സിയായി പരിപാടികൾ നിയന്ത്രിച്ചു. നിശ്ശബ്ദ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ചേംബർ സെക്രട്ടറി ബ്രൂസ് കൊളമ്പേൽ സ്വാഗതം ആശംസിച്ചു.

ചേംബർ പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ട് അധ്യക്ഷ പ്രസംഗം നിർവഹിച്ചു. ജോസ് കെ. മാണിയുടെ രാഷ്ട്രീയ-പൊതുപ്രവർത്തനത്തെയും, കേരളത്തിന്റെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന പിതാവ് കെ. എം. മാണിയുടെ പാരമ്പര്യം അദ്ദേഹം മുന്നോട്ടുകൊണ്ടുപോകുന്നതിലെ പ്രയാണത്തെയും ഡോ. കാക്കനാട്ട് അനുസ്മരിച്ചു. കർഷകരുടെയും കാർഷിക മേഖലയുടെയും ഉന്നമനത്തിനായി ജോസ് കെ. മാണി നടത്തുന്ന ഇടപെടലുകളും കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും അധ്യക്ഷൻ എടുത്തുപറഞ്ഞു. വിദ്യാഭ്യാസം, കൃഷി, സാമ്പത്തിക വികസനം എന്നീ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തുടർന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, പ്രവാസി കേരള കോൺഗ്രസ് പ്രതിനിധി തോമസ് ചെറുകര, സ്റ്റാഫോർഡ് മേയർ കെൻ മാത്യു, ചേംബർ വൈസ് പ്രസിഡന്റ് ജോമോൻ ഇടയാടിയിൽ, ഷാജി എഡ്വേർഡ്, ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ, ഫോമാ മുൻ പ്രസിഡന്റ് ബേബി ഊരാളിൽ, ജെയിംസ് വെട്ടിക്കാനാൽ, നേർകാഴ്ച ചീഫ് എഡിറ്റർ സൈമൺ വാലച്ചേരി എന്നിവർ ജോസ് കെ. മാണിക്കും നിഷാ ജോസിനും ആശംസകളും അനുമോദനങ്ങളും നേർന്നു.

ചടങ്ങിന്റെ ഭാഗമായി ഡോ. ജോർജ് കാക്കനാട്ടിന്റെ “വിശ്വാസത്തിന്റെ 7 വാതിലുകൾ” എന്ന പുതിയ പുസ്തകം ചടങ്ങിൽ പരിചയപ്പെടുത്തി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ സെക്രട്ടറി അനിൽ ആറന്മുളയാണ് പുസ്തകപരിചയം നിർവഹിച്ചത്. വിശ്വാസം, തീർത്ഥാടനം, ആത്മീയാനുഭവം, ചരിത്രം എന്നിവ ഇഴചേർത്തുള്ള വ്യക്തിപരമായ യാത്രാവിവരണമാണ് ഈ കൃതി. വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ പുണ്യസ്ഥലങ്ങളിലൂടെയുള്ള യാത്രകളെ അഗാധമായ ആത്മീയ ചിന്തകളുമായി ബന്ധിപ്പിക്കുന്നതാണ് ഈ പുസ്തകം.
തന്റെ പ്രസംഗത്തിൽ നിഷാ ജോസ് സാമൂഹിക സേവന രംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. വിശേഷിച്ചും സ്തനാർബുദ ബോധവൽക്കരണ പ്രവർത്തനങ്ങളും ജീവകാരുണ്യ സംരംഭങ്ങളും, നിർധനരും പിന്നോക്കം നിൽക്കുന്നവരുമായ മനുഷ്യർക്ക് ആശ്വാസമേകുന്ന വിവിധ പദ്ധതികളും അവർ വിശദീകരിച്ചു.

തങ്ങളെ ഹൃദയപൂർവ്വം സ്വീകരിച്ച സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിനും, ഭാരവാഹികൾക്കും, അംഗങ്ങൾക്കും, ഹൂസ്റ്റണിലെ പ്രവാസി സമൂഹത്തിനും ജോസ് കെ. മാണി നന്ദി രേഖപ്പെടുത്തി. ചേംബർ കുടുംബവുമായി തനിക്കുള്ള ദീർഘകാല ബന്ധം അദ്ദേഹം ഓർത്തെടുത്തു. കേരളത്തിലെ വിവിധ വികസന-വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കോഴയിലെ സയൻസ് സിറ്റി പദ്ധതി, കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (IIMC) ശാഖ തുടങ്ങിയ സുപ്രധാന പദ്ധതികളും കൃഷി, വിദ്യാഭ്യാസം, സാമ്പത്തിക വികസനം എന്നീ മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ താൻ നടത്തുന്ന ശ്രമങ്ങളും അദ്ദേഹം വിശദീകരിച്ചു.

ചേംബർ ജോയിന്റ് സെക്രട്ടറി സോണി ജോസഫ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ സംബന്ധിച്ച വിശിഷ്ടാതിഥികൾക്കും, ജോസ് കെ. മാണിക്കും നിഷാ ജോസിനും, സഹസംഘടനകളുടെ ഭാരവാഹികൾക്കും, ചേംബർ അംഗങ്ങൾക്കും സദസ്സിലുണ്ടായിരുന്ന എല്ലാവർക്കും അദ്ദേഹം കൃതജ്ഞത അറിയിച്ചു.
വിവിധ സംഘടനകളുടെ പ്രതിനിധികളും ബിസിനസ്-സാമൂഹിക രംഗത്തെ പ്രമുഖരും ചേംബർ അംഗങ്ങളും അണിനിരന്ന ചടങ്ങ് സൗഹൃദത്തിന്റെയും ഊഷ്മള കൂട്ടായ്മയുടെയും വേദിയായി മാറി. സമൃദ്ധമായ അത്താഴവിരുന്നോടെ പരിപാടികൾ സമാപിച്ചു.