
വാഷിംഗ്ടൺ ഡി.സി.: കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെ.എ.ജി.ഡബ്ല്യു) സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം ‘സഹ്യാദ്രി’ സെപ്റ്റംബർ 12-ന് ഗെയ്തേഴ്സ്ബർഗ് ഹൈസ്കൂളിൽ വർണാഭമായ പരിപാടികളോടെ അരങ്ങേറി. 1,500-ലേറെ പേർ പങ്കെടുത്ത ആഘോഷം, മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും കേരളത്തിന്റെ സംസ്കാരവും, പാരമ്പര്യവും കുട്ടിയിണക്കിയ അവിസ്മരണീയ അനുഭവമായിരുന്നു.
കെ.എ.ജി.ഡബ്ല്യു പ്രസിഡന്റ് ഡോ. നാരായണൻ ഇല്ലത്തുവളപ്പിൽ, വൈസ് പ്രസിഡന്റ് ഷിബു സാമുവൽ, സെക്രട്ടറി റിനോഷ് ഡാന്റിസ്, ട്രഷറർ റീജ നിരാർ, അസിസ്റ്റന്റ് സെക്രട്ടറി സുനന്ദ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആറുമാസത്തോളം നീണ്ട കൃത്യമായ ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ‘സഹ്യാദ്രി’.

കേരളത്തിന്റെ തനത് പാരമ്പര്യവും ഭംഗിയും വിളിച്ചോതുന്ന രീതിയിലായിരുന്നു വേദിയുടെ അലങ്കാരം. മനോഹരമായ പൂക്കളങ്ങളും നിലവിളക്കുകളും തോരണങ്ങളും അതിഥികളെ സ്വീകരിച്ചു. കസവ് സെറ്റ് മുണ്ടണിഞ്ഞ മലയാളി മങ്കമാരും വിവിധ വർണങ്ങളിലുള്ള പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ പുരുഷന്മാരും ആഘോഷത്തിന് ഓണച്ചായം പകർന്നു.
മഹാബലി തമ്പുരാനെ വരവേറ്റുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ചെണ്ടമേളത്തിന്റെ താളക്കൊഴുപ്പും തിരുവാതിരയുടെ ഭംഗിയും ആഘോഷത്തിന് കൂടുതൽ ആവേശം പകർന്നു. തുടർന്ന് തൂശനിലയിൽ ഇരുപതിലേറെ വിഭവങ്ങളുമായി വിളമ്പിയ വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയിൽ 1300 ലേറെ അതിഥികൾ പങ്കെടുത്തു.
സദ്യയ്ക്ക് ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വിശിഷ്ടാതിഥികളും ചേർന്ന് ഭദ്രദീപം കൊളുത്തി സ്റ്റേജ് പരിപാടികൾക്ക് തുടക്കം കുറിച്ചു.

കെ.എ.ജി.ഡബ്ല്യു പ്രസിഡന്റ് ഡോ. നാരായണൻ ഇല്ലത്തുവളപ്പിൽ ‘അധ്യക്ഷ പ്രസംഗം’ നടത്തി. കമ്മ്യൂണിറ്റി ഐക്യം ശക്തിപ്പെടുത്തുന്നതിന്റെയും മലയാളി പൈതൃകം സംരക്ഷിക്കുന്നതിന്റെയും പുതുതലമുറയെ കേരളത്തിന്റെ സംസ്കാരവുമായി ബന്ധിപ്പിക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
മുൻ മേരിലാൻഡ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡോ. രാജൻ നടരാജൻ ചടങ്ങിൽ ഓണാശംസകൾ നേർന്നു. തലമുറകളിലൂടെ കമ്മ്യൂണിറ്റി ഐക്യവും സാംസ്കാരിക പൈതൃകവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പങ്കുവെച്ചു.
ചലച്ചിത്ര പിന്നണി ഗായകൻ നവനീത് ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത് സംഗീതവിരുന്നിലൂടെ സദസ്സിനെ ആനന്ദത്തിലാഴ്ത്തി.
തിരുവനന്തപുരം RCC-യിൽ ക്യാൻസർ രോഗികൾക്ക് സാന്ത്വന പരിചരണം നൽകുന്ന ‘ആശ്രയ’ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപക ശാന്ത ജോസും ചടങ്ങിൽ പങ്കെടുത്തു. കെ.എ.ജി.ഡബ്ല്യുവിന്റെ ‘താങ്ങും തണലും’ പദ്ധതിയിലൂടെ 2021 മുതൽ ആശ്രയയുടെ പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിറ്റി പിന്തുണ നൽകിവരുന്നു.
കെ.എ.ജി.ഡബ്ല്യുവിന്റെ 11-ാമത് പ്രസിഡന്റ് എം. ജി. മേനോനും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ചടങ്ങിന്റെ മറ്റൊരു പ്രധാന നാഴികക്കല്ലായിരുന്നു കെ.എ.ജി.ഡബ്ല്യുവിന്റെ വാർഷിക പ്രസിദ്ധീകരണമായ ‘കേരള ഡൈജസ്റ്റ് 2026’-ന്റെ ഔദ്യോഗിക പ്രകാശനം. കെ.എ.ജി.ഡബ്ല്യു അംഗങ്ങളുടെ സാഹിത്യ-സർഗാത്മക സൃഷ്ടികൾ ഉൾക്കൊള്ളുന്നതാണ് പ്രസിദ്ധീകരണം.
14 ജില്ലകളിലൂടെയുള്ള സ്നേഹയാത്രയെ ആസ്പദമാക്കി ഒരുക്കിയ തത്സമയ സ്റ്റേജ് പ്രോഗ്രാം സഹ്യാദ്രി ആയിരുന്നു സാംസ്കാരിക പരിപാടികളുടെ പ്രധാന ആകർഷണം
ഗണേഷ് ഭട്ടിന്റെ സംവിധാനത്തിൽ ഇരുനൂറിലേറെ കലാകാരന്മാർ അണിനിരന്ന ‘സഹ്യാദ്രി’, അമേരിക്കയിൽ ജനിച്ച തന്റെ മകൾക്ക് ജന്മനാടായ കേരളത്തെ പരിചയപ്പെടുത്താമെന്ന ഒരച്ഛന്റെ വാഗ്ദാനത്തിൻ്റെ കഥയായിരുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ 14 ജില്ലകളിലൂടെയുള്ള ട്രെയിൻ യാത്രയിലൂടെയാണ് ഈ കഥ വേദിയിൽ മനോഹരമായി ആവിഷ്കരിച്ചത്.

ഓരോ സ്റ്റേഷനിലും ട്രെയിൻ നിർത്തുമ്പോൾ അതത് ജില്ലകളുടെ സാംസ്കാരിക തനിമയും സിനിമയും നാടൻ കലാരൂപങ്ങളും പ്രാദേശിക പ്രത്യേകതകളും വിവിധ കലാപരിപാടികളിലൂടെ അവതരിപ്പിച്ചു. ക്ലാസിക്കൽ നൃത്തങ്ങൾ, നാടോടി നൃത്തങ്ങൾ, മിമിക്രി, ഹാസ്യനാടകങ്ങൾ, സിനിമാറ്റിക് ഡാൻസുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ കഥാതന്തുവിനോട് ചേർത്തിണക്കിയാണ് അവതരിപ്പിച്ചത്.
ഓരോ ജില്ലയുടെയും തനിമയും പ്രാദേശിക തമാശകളും നാടൻ കലകളും യാത്രയുടെ കഥയിലേക്ക് സമന്വയിപ്പിച്ചതാണ് സ്റ്റേജ് അവതരണത്തെ വേറിട്ടതാക്കിയത്.
ആറുമാസത്തോളം നീണ്ട ആസൂത്രണത്തിന്റെയും പരിശീലനത്തിന്റെയും പിന്നിൽ പ്രവർത്തിച്ച എന്റർടെയിൻമെന്റ് ടീമിന്റെ കൂട്ടായ പരിശ്രമമാണ് വേദിയിലെ പരിപാടികൾക്ക് മികവ് പകർന്നത്.
എന്റർടെയിൻമെന്റ് ലീഡ് ശ്യാമ ഗിരീഷന്റെ നേതൃത്വത്തിൽ ഗണേഷ്, മഞ്ജുഷ, സ്മിത, ശരണ്യ, സ്നേഹ, സംഗീത, അഞ്ജു എന്നിവരും മറ്റ് ടീം അംഗങ്ങളും കലാകാരന്മാരോടൊപ്പം ചേർന്ന് പരിപാടികളുടെ ഏകോപനത്തിലും വിജയകരമായ അവതരണത്തിലും നിർണായക പങ്കുവഹിച്ചു.

ആവേശകരമായ വടംവലി മത്സരത്തോടെയാണ് ദിനാഘോഷങ്ങൾക്ക് തിരശ്ശീല വീണത്. വിവിധ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആവേശം നിറഞ്ഞ പോരാട്ടമാണ് അരങ്ങേറിയത്. കാണികളുടെ ആവേശകരമായ പിന്തുണയും മത്സരത്തിന് മാറ്റുകൂട്ടി.
ആംപ്കസ് ഗ്രൂപ്പ് പ്രസിഡന്റ് സലിൽ ശങ്കർ പരിപാടിയുടെ പ്ലാറ്റിനം സ്പോൺസറായി പിന്തുണ നൽകി.
ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും കെ.എ.ജി.ഡബ്ല്യു സെക്രട്ടറി റിനോഷ് നന്ദി അറിയിച്ചു.
എല്ലാ പ്രായത്തിലുമുള്ള മലയാളികൾക്ക് ഒരുമിച്ച് ചേരാനും കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കാനും മികച്ച വേദിയായി ‘സഹ്യാദ്രി’ മാറി. പരമ്പരാഗത ആചാരങ്ങളും ക്രിയാത്മകമായ സ്റ്റേജ് അവതരണങ്ങളും സംഗീതവും നൃത്തവും കലാപരിപാടികളും ഒരുമിച്ചുചേർന്നപ്പോൾ, ഗ്രേറ്റർ വാഷിംഗ്ടൺ മലയാളി സമൂഹത്തിന് ഇത് ഹൃദ്യമായ ഒരു ഓണാനുഭവമായി.
‘സഹ്യാദ്രി 2026’, കേരളത്തിന്റെ ഓർമ്മകളും പാരമ്പര്യവും സംസ്കാരവും അമേരിക്കൻ മണ്ണിൽ പുതുതലമുറയിലേക്ക് കൈമാറുന്ന കെ.എ.ജി.ഡബ്ല്യുവിന്റെ പ്രവർത്തനങ്ങളിലെ മറ്റൊരു മനോഹരമായ അധ്യായമാണ്.