
നെന്മണിക്കുള്ളിൽ (നെൽമണി) കാണപ്പെടുന്നതായി പറയപ്പെടുന്ന ഒരു അപൂർവ്വ രത്നമാണ് നെന്മാണിക്യം.. ഇത് പഴയകാല വിശ്വാസമോ ഐതിഹ്യമോ അനുസരിച്ചുള്ളതാണ് എന്ന് പറയുന്നെങ്കിലും പ്രസിദ്ധമായ 'ഏഴരപ്പൊന്നാന'കൾക്കൊപ്പം സൂക്ഷിച്ചിട്ടുള്ള അതീവ വിലപിടിപ്പുള്ള ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഒരു യഥാർത്ഥ മാണിക്യക്കല്ലിനെ 'നെന്മാണിക്യം' എന്ന് വിളിക്കുന്നു.
നെല്ലിൽ നിന്നും ലഭിക്കുന്നതായി വിശ്വസിക്കപ്പെട്ടിരുന്ന ഒരുതരം വിശിഷ്ട രത്നത്തെയാണ് (gem found in grain) നെന്മാണിക്യം എന്ന് വിളിക്കുന്നത്. ഒരു പുരാതന തറവാടിന്റെ ഐശ്വര്യമായി സൂക്ഷിച്ചിരുന്ന വിശുദ്ധ രത്നം അതായത് നെന്മാണിക്യം നഷ്ടപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കനേഡിയൻ മലയാളി എഴുത്തുകാരനായ ശ്രീ ജോൺ ഇളമത എഴുതിയ നെന്മാണിക്യം എന്ന നോവലിന്റെ ഇതിവൃത്തം.
ഇതിന്റെ കഥ ഒരു പക്ഷെ നോവലിസ്റ്റിന്റെ ഭാവനയിൽ വിരിഞ്ഞതാകാം. എന്നാൽ കഥ നടക്കുന്ന ഭൂതകാലം അങ്ങനെ ഒന്നുണ്ടെന്നു നോവലിൽ വിവരിക്കുന്ന സംഭവങ്ങൾ സാക്ഷ്യം വഹിക്കുന്നു. കൂടാതെ നോവലിൽ പറയുന്ന തറവാട് നോവലിസ്റ്റിന്റെ തന്നെ പഴയതലമുറക്കാരുടെയാണ്. യഥാർത്ഥ സംഭവങ്ങളെ ഭാവനയാക്കി മാറ്റുന്നത് ഒരുതരം മാന്ത്രികവിദ്യയാണ്. (non-fiction to fiction). യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, അതെല്ലാം കേട്ട സന്ദർഭത്തിൽ എന്തുതോന്നി എന്ന നോവലിസ്റ്റിന്റെ കാഴ്ചപ്പാടുകൾ സർഗ്ഗാത്മകതയോടെ മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട് ഈ നോവലിൽ.
നോവലിന്റെ തുടക്കത്തിൽ തന്നെ നമ്മൾ വായിക്കുന്നു നെന്മാണിക്യം കാണുന്നില്ല. കാരണവത്തി കുഞ്ഞാണ്ടമ്മ രാവിലെ എണീറ്റപ്പോൾ നെന്മാണിക്യം സൂക്ഷിക്കുന്ന നിലവറയുടെ പൂട്ട് തുറന്നു കിടക്കുന്നു. അവർ പരിഭ്രാന്തയായി. വായനക്കാരിലും ജിജ്ഞാസ ഉണ്ടാകുന്നു. ആര് കട്ടു? എന്തിനു, എന്തുകൊണ്ട്? അങ്ങനെ അനവധി ചോദ്യങ്ങൾ. എഴുത്തുകാർ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് ശ്രീ ഇളമതയും സ്വീകരിച്ചിരിക്കുന്നത്. ഇതിനെ ഇംഗ്ളീഷിൽ (hook) ഹുക്ക് എന്ന് പറയുന്നു. വായനക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ ഇത് സഹായിക്കുന്നു.

ഈ പുസ്തകം കോട്ടയം നാഷണൽ ബുക്ക് സ്റ്റാൾ 2006 ഇൽ ആദ്യമായി അച്ചടിച്ചിറക്കിയതാണ്. വീണ്ടും കൈരളി ബുക്ക്സ് 2023 ഇൽ ഇത് പുനഃപ്രസാധനം ചെയ്യുകയുണ്ടായി. ഇതിന്റെ കോപ്പി ശ്രീ ഇളമത അന്ന് എന്നെ ഏൽപ്പിച്ചെങ്കിലും ഉടനെ പുസ്തകത്തെക്കുറിച്ച് ഒന്നുമെഴുതാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇത് എഴുതാൻ കാരണം ഇതു വീണ്ടും കൈരളി ബുക്ക്സ് പുനഃ:പ്രസാധനം ചെയ്യുകയുണ്ടായി. കൂടാതെ ഒരു അന്ധവിശ്വാസവും ഇതിനു പ്രേരണ നൽകി. അല്ലെങ്കിലും എഴുതുമായിരുന്നു. ഈ പുസ്തകത്തിലെ പ്രധാന കഥാപാത്രവും കാരണവത്തിയുമായ കുഞ്ഞാണ്ടമ്മയെപ്പറ്റി വായിച്ചപ്പോൾ അവർ ശരിക്കും പരേതയായ സിനിമ താരം തൃശ്ശർക്കാരി ഫിലോമിന ചേച്ചി അവതരിപ്പിക്കുന്ന കഥാപാത്രത്തെപോലെ എനിക്ക് തോന്നി. ഞാൻ അത് ശ്രീ ഇളമതയോട് സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന് അതിൽ കൗതുകം തോന്നി.
ഞാൻ മറ്റു പുസ്തകങ്ങളുടെ പണിയിൽ ആയിരുന്നപ്പോൾ ഒരു വൈകുന്നേരം ഭാര്യ സന്ധ്യാദീപം കൊളുത്തി “വന്നു പ്രാർത്ഥിച്ചോളു” എന്ന് പറഞ്ഞു. അതനുസരിച്ച് പൂജ മുറിയിൽ കയറി പ്രാർത്ഥിച്ചു ഇറങ്ങി വരുമ്പോൾ എന്റെ പുറകിൽ ഒരു കൃസ്ത്യൻ സ്ത്രീ നടന്നുവരുന്നതായി തോന്നി. തിരിഞ്ഞുനോക്കിയപ്പോൾ ഒരു മിന്നായം പോലെ തൃശ്സൂരിലെ പണ്ടത്തെ കൃസ്ത്യൻ കാത്തോലിക് സ്ത്രീകൾ ഉടുക്കുന്ന വേഷത്തിൽ ഒരു സ്ത്രീ. മുഖം വ്യക്തമായില്ല അപ്പോഴേക്കും അവർ അപ്രത്യക്ഷയായി. ഫിലോമിന ചേച്ചിയെപ്പറ്റി ആലോചിച്ചതുകൊണ്ട് അങ്ങനെ തോന്നിയതാകാം എന്ന് സമാധാനിച്ചു. വീണ്ടും എന്റെ എഴുത്ത് മേശക്ക് അരികിൽ വന്നു എന്തോ എഴുതിക്കൊണ്ടിരുന്നപ്പോൾ പുറകിൽ കാൽപെരുമാറ്റം. എഴുതുമ്പോൾ കൊറിക്കാൻ ഭാര്യ ഒരു പക്ഷെ ഡ്രൈ നട്സ് (dry nuts) കൊണ്ടുവരികയാകുമെന്നു കരുതി. പക്ഷെ ആൾ മുന്നിൽ പ്രത്യക്ഷപെടുന്നില്ല. തിരിഞ്ഞുനോക്കിയപ്പോൾ ആരുമില്ല. മനസ്സിരുത്തി പ്രാർത്ഥിച്ചിട്ടുണ്ടാകില്ലെന്ന മുത്തശ്ശിയുടെ വാക്കുകൾ ഓർത്തു. ഈശ്വരനെ മനസ്സിൽ ധ്യാനിച്ചു. അപ്പോൾ വളരെ വ്യക്തമായി ആധികാരികമായി ഒരു ശബ്ദം " നീ അതു എഴുതടാ .. എന്താണ്ടാ താമസം." തനി തൃശ്ശർ ഭാഷയിൽ. ഫിലോമിന ചേച്ചിയുടെ സിനിമകൾ കണ്ടിട്ടുള്ളതുകൊണ്ട് ശബ്ദം പരിചയമാണ്. ഞാൻ ഞെട്ടി എണിറ്റു പുറകോട്ട് നോക്കി. ഒന്നുമില്ല. തോന്നലുകൾ...പക്ഷെ ഈ അനുഭവം ഇടക്കൊക്കെ ആവർത്തിച്ചു. എന്തെഴുതുമ്പോഴും "നീ അത് എഴുതടാ.." എന്ന് കേൾക്കാം. അപ്പോൾ തോന്നി എഴുത്തു ഉടനെ തീർത്തേക്കാം. കനേഡിയൻ മലയാളി നോവലിസ്റ്റ് ശ്രീ ഇളമത ഭാവനയിൽ നിന്നും സൃഷ്ടിച്ച കുഞ്ഞാണ്ടമ്മ ഫിലോമിന ചേച്ചിയായി വരുന്നു. പലപ്പോഴും യഥാർത്ഥ മനുഷ്യസ്വഭാവം നിരീക്ഷിക്കുന്നതിൽ നിന്നുമാണ് മികച്ച കഥാപാത്രസൃഷ്ടി ആരംഭിക്കുന്നത്. കുഞ്ഞാണ്ടമ്മയുടെ ഉൽപ്രേരണകളും ആശങ്കകളും സ്വഭാവരീതികളും മനസ്സിലാക്കുന്ന നോവലിസ്റ്റ് അവരെ ജീവസ്സുറ്റ കഥാപാത്രമായി സൃഷ്ടിച്ചിരിക്കുകയാണ്.
നെന്മാണിക്യം എങ്ങനെ കളവു പോയി? ഞാനും ഉത്കണ്ഠകുലനായി. വായന തുടർന്നു. തുടർന്നുള്ള അധ്യായങ്ങൾ വായിക്കുമ്പോൾ അതിനുള്ള ഉത്തരം കിട്ടുന്നില്ല. വായനക്കാരിൽ ആകാംക്ഷ ജനിപ്പിക്കുന്ന ഒരു വിവരം തുടക്കത്തിൽ നൽകികൊണ്ട് നോവലിസ്റ്റ് ഒരു ഇടവേള (interlude) എടുക്കുന്നു. ഇടവേളകൾ പല നോവലിസ്റ്റുകളും ഉപയോഗിക്കുന്ന രീതിയാണ്. ഇത് ഉപയോഗപ്രദമാണെങ്കിലും ഇടവേളകൾ കഥയുടെ ആവേശകരമായ ആക്കം തടസ്സപ്പെടുത്താറുണ്ട്. എന്നാൽ നോവലിസ്റ്റ് ഈ നോവലിൽ പ്രധാന ഇതിവൃത്തവുമായോ കഥാപാത്രങ്ങളുമായോ തീരെ ബന്ധമില്ലാത്ത ഒരു ഇടവേള (interlude) അല്ല ഉൾപെടുത്തിയിരിക്കുന്നത്.
ഇടവേളയിൽ നോവലിസ്റ്റ് കുഞ്ഞാണ്ടമ്മയുടെ തറവാടിന്റെ ഒരു ചരിത്രം നൽകുകയാണ്. അച്ചാരമ്മ എന്ന ആ വീട്ടിലെ വേലക്കാരിയിലൂടെ തറവാടിന്റെ ചരിത്രം വിവരിക്കുമ്പൾ അന്ന് നിലനിന്നിരുന്ന സാമുദായിക സാംസ്‌കാരിക വിവരങ്ങൾ പറയുന്നുണ്ട്. ആ വിവരണത്തിലൂടെ എങ്ങനെ നെന്മാണിക്യം ആ തറവാട്ടിൽ എത്തി എന്നും നോവലിസ്റ്റ് വെളിപ്പെടുത്തുന്നു, എന്നിട്ടും അത് മോഷിടിച്ചവൻ ആരെന്നു അറിയാൻ വീണ്ടും വായനക്കാരൻ തുടർന്നുള്ള പേജുകളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു.
പക്ഷെ വിവരണങ്ങൾ നെന്മാണിക്യം കണ്ടുപിടിക്കുന്നതിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നില്ല. ഇവിടെയെല്ലാം തറവാടും അന്നത്തെ സാമൂഹ്യനീതികളും ജീവിതവും തറവാടിനെക്കുറിച്ച് ധാരാളം വിവരങ്ങളും നോവലിസ്റ്റ് നൽകുന്നുണ്ട്. വിവരണങ്ങളിൽ നിന്നും നമ്മൾ വായിക്കുന്നത് പതിനാറാം നൂറ്റാണ്ടിന്റെ കഥകളാണ് എന്ന് ഊഹിക്കാം. കാരണം പറങ്കികൾ വരുന്നതും നമ്മുടെ സുഗന്ധവ്യജ്ഞനങ്ങൾ കൈക്കലാക്കുന്നതും മേലാളർ കീഴാളരോട് പെരുമാറുന്ന വിധവും വിവരിക്കുന്നുണ്ട്. കളവുപോയ നെന്മാണിക്യം എവിടെ എന്ന് അന്വേഷിക്കുന്ന വായനക്കാരന് വിവരണങ്ങൾക്കിടയിൽ ഒരിടത്ത് നെന്മണിക്ക്യം ആ തറവാട്ടിലേക്ക് വന്നത് എങ്ങനെ അറിവ് കിട്ടുന്നുണ്ടു.
നോവലിന്റെ അവസാന ഭാഗങ്ങളിൽ എത്തുമ്പോൾ വായനക്കാരനെ ഞെട്ടിച്ചുകൊണ്ട് മോഷ്ടാവിനെ അവതരിപ്പിക്കുന്നു. ആ തറവാട്ട് മുറ്റത്ത് ആരോ ഉപേക്ഷിച്ചുപോയ ഒരു പെൺകുട്ടി അതിനെ അവർ വീട്ടിലെ വേലക്കാരത്തിയാക്കി നിയോഗിച്ചിരുന്നു. അവൾ അച്ചാരമ്മ, അവളാണ് മോഷ്ടാവ്. നെന്മാണിക്യം കളവുപോയപ്പോൾ കുഞ്ഞാണ്ടമ്മ ഈ വിവരം അറിയിക്കുന്നത് ഇവരെയാണ്. കൂടാതെ വീട്ടിലെ ഉപദേഷ്ടാവ് കുണ്ടുണ്ണി നായരെയും. നിധി മോഷ്ടിച്ചെടുത്തിട്ടും ഇവർ രണ്ടുപേരും ഒന്നുമറിയാതെ അവിടെ ജീവിച്ചുവെന്ന നോവലിസ്റ്റിന്റെ വെളിപ്പെടുത്തൽ അവിശ്വസനീയതയും ആശ്ചര്യവും വായനക്കാരിൽ ഉളവാക്കാം. പ്രസ്തുത വ്യക്തികളുടെ അതുവരെയുള്ള പെരുമാറ്റത്തിൽ ഒന്നിലും നോവലിസ്റ്റ് വായനക്കാരന് സംശയം തോന്നിപ്പിക്കുന്ന ഒരു സൂചന നൽകുന്നില്ല. ഒരു നോവലിന്റെ അവസാനം വരെ ആകാംക്ഷ നിലനിർത്തുന്നതിലൂടെ വായനക്കാരെയും കഥാപാത്രങ്ങളാക്കി കൂടെ കൂട്ടാനും അതുവഴി ആഖ്യാനനുഭവങ്ങളെ കൂടുതൽ അവിസ്മരണീയമാക്കാനും നോവലിസ്റ്റിനു കഴിയുന്നു.
അച്ചാരമ്മ നെന്മാണിക്യം കട്ടെടുത്തിട്ടുണ്ടെന്ന അറിവുമായി എവിടെ നിന്നോ ഒരു കാക്കാലത്തി പ്രത്യക്ഷപ്പെടുന്നത് കഥ അവസാനിപ്പിക്കാനുള്ള നോവലിസ്റ്റിന്റെ രീതിയാണ്. ഇതിനെ ഇംഗളീഷിൽ (Plot Twist) എന്ന് പറയുന്നു കഥയിൽ ഒരു അപ്രതീക്ഷിത മലക്കം മറിച്ചിൽ അതുണ്ടാക്കുന്നു.
കാക്കാലത്തിയുടെ വാക്കു കേട്ട് മോഷിടിച്ച നെന്മണിക്യവുമായി ഒരിക്കലും കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത കൂടപ്പിറപ്പിന്റെ അടുത്തേക്ക് പോയി അവിടെ വച്ച് കുണ്ടുണ്ണി നായരുടെ കയറിൽ ജീവിതം നഷ്ടപ്പെടുന്ന അച്ചാരമ്മ വായനക്കാരെ വിസ്മയാധീനരാക്കുന്നു. കാരണം അവരെ അങ്ങനെ ഒരു കഥാപാത്രമായി വായനക്കാരന് അതുവരെ വായിച്ച അറിവിൽ നിന്നും ചിന്തിക്കാൻ കഴിയുകയില്ല. അതുകൊണ്ട് നോവലിന്റെ അവസാന ഭാഗം ഒരു മായാജാലം പോലെ നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നതായി അനുഭവപ്പെടാവുന്നതാണ്. ജീവിതത്തിൽ എന്തും സംഭവിക്കാം. Life rarely wraps up neatly with a bow" .ജീവിതത്തിലെ കാര്യങ്ങൾ എപ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ ഭംഗിയായിട്ടോ പൂർണ്ണതയോടെയോ അവസാനിക്കാറില്ല".
ശ്രീ ജോൺ ഇളമതക്ക് ഭാവുകാശംസകൾ!!
ഈ പുസ്തകത്തിന്റെ കോപ്പിക്കായി കൈരളി ബുക്ക്സ് Thalikkavu Rd, Thalikkavu, Manjapalam, Kannur, Kerala 670001-Phone: (0497) 276 1200, 860 690 56 31 Email: kairalibooksknr@gmail.com ബന്ധപ്പെടുക.
ശുഭം