
പത്മരാജന്റെ സംവിധാനത്തിൽ 1988-ൽ പുറത്തിറങ്ങിയ ക്ലാസിക് സിനിമയാണ് 'അപരൻ'. വെറുമൊരു 'Look-alike' കഥ എന്നതിനപ്പുറം, മനുഷ്യന്റെ വ്യക്തിത്വം, ധാർമ്മികത, മനഃശാസ്ത്രപരമായ ഇരട്ടത്താപ്പുകൾ എന്നിവയെ വിശകലനം ചെയ്യുന്ന ഒരു ചിത്രമായി ഇത് ഇന്നും നിലനിൽക്കുന്നു. "ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ആരാണ്? സമൂഹം കാണുന്ന ബാഹ്യവ്യക്തിത്വമാണോ അതോ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന അപരനാണോ?" എന്ന പ്രധാന ചോദ്യമാണ് ഈ സിനിമ മുന്നോട്ടുവെക്കുന്നത്.
ഈ സിനിമയെ ഇന്നും സജീവമായ ചർച്ചാവിഷയമായി നിലനിർത്തുന്നത് അതിലെ അവസാന രംഗമാണ്. വിശ്വനാഥനാണ് (ജയറാം) കൊല്ലപ്പെട്ടതെന്ന് കരുതി അദ്ദേഹത്തിന്റെ വീട്ടുകാർ അന്ത്യകർമ്മങ്ങൾ നടത്തുന്നു. ചിതയൊരുക്കി മടങ്ങിപ്പോകുന്ന പിതാവ് കേശവപിള്ളയുടെ (മധു) അടുക്കലേക്ക് ആരും കാണാതെ വിശ്വനാഥൻ എത്തുന്നു. കൊല്ലപ്പെട്ടത് താനല്ലെന്നും,തന്റെ അപരനായ ഉത്തമനാണെന്നും അയാൾ വ്യക്തമാക്കുന്നു. എങ്കിലും ആ സത്യം ആരോടും വെളിപ്പെടുത്തേണ്ടതില്ലെന്നും, താൻ ഇനി 'ഉത്തമൻ' ആയി ജീവിക്കാൻ പോവുകയാണെന്നും അയാൾ അച്ഛനോട് പറയുന്നു. ഉത്തമന്റെ പക്കൽ നിന്ന് തട്ടിയെടുത്ത പണം പെങ്ങളുടെ വിവാഹത്തിനായി അച്ഛനെ ഏൽപ്പിച്ച ശേഷം അയാൾ അവിടെനിന്ന് മടങ്ങുന്നു. മടങ്ങുന്നതിനിടയിൽ, ഉത്തമന്റെ കത്തിയമരുന്ന ചിതയിലെ കനലുകളിലേക്ക് നോക്കി അയാൾ ചിരിക്കുന്ന രംഗത്തോടെയാണ് സിനിമ അവസാനിക്കുന്നത്. ഈ ചിരിയാണ് സിനിമയിലെ ഏറ്റവും വലിയ സങ്കീർണ്ണതയും, പ്രേക്ഷകരെ വീണ്ടും വീണ്ടും ആലോചിപ്പിക്കുന്ന നിഗൂഢതയും.
അവസാന രംഗത്തെക്കുറിച്ച് സാധാരണയായി ഉയരാറുള്ള രണ്ട് വാദങ്ങൾ ഇവയാണ്:
1. മരിച്ചത് വിശ്വനാഥനാണ്: കൊല്ലപ്പെട്ടത് വിശ്വനാഥനാണെന്നും ഉത്തമന് മാത്രമേ ഇത്രയും ക്രൂരമായി ആ ചിതയിലേക്ക് നോക്കി ചിരിക്കാൻ കഴിയൂ എന്നും ഒരു വിഭാഗം പ്രേക്ഷകർ വിശ്വസിക്കുന്നു.
2. മരിച്ചത് ഉത്തമനാണ്: തനിക്ക് ഇത്രയും ദ്രോഹം ചെയ്യുകയും സ്വന്തം ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെടാൻ കാരണമാകുകയും ചെയ്ത ഒരുവൻ കൊല്ലപ്പെട്ടതിന്റെ ആശ്വാസവും, പ്രതീക്ഷിച്ചതിലും വലിയ തുക കൈക്കലാക്കാൻ സാധിച്ചതിന്റെ സന്തോഷവുമാണ് വിശ്വനാഥനെ ആ ചിതയിൽ നോക്കി ചിരിക്കാൻ പ്രേരിപ്പിച്ചത്. അതിനാൽ മരിച്ചത് ഉത്തമൻ തന്നെയാണെന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു.
എന്നാൽ ഈ രണ്ടു വാദങ്ങളെയും പൂർണ്ണമായി നിരാകരിക്കാതെ തന്നെ സിനിമ നൽകുന്ന ആഴത്തിലുള്ള ചില മാനങ്ങൾ പരിശോധിക്കാം.
കുടുംബം, സമൂഹം, സംസ്കാരം, മതം, നിയമം, സാമ്പത്തിക സാഹചര്യം തുടങ്ങിയവ ചേർന്നാണ് നമ്മൾ ഓരോരുത്തരും ഒരു വ്യക്തിത്വം നിർമ്മിച്ചെടുക്കുന്നത്. സമൂഹം നമ്മോട് ചില കാര്യങ്ങൾ "നല്ലത്" എന്നും ചിലത് "ചീത്ത" എന്നും പഠിപ്പിക്കുന്നു. ഈ മൂല്യങ്ങളിലൂടെ സമൂഹത്തിൽ ജീവിക്കാൻ ഉതകുന്ന രീതിയിൽ സൃഷ്ടിക്കപ്പെട്ട 'സിവിലൈസ്ഡ് സെൽഫ്' (Civilized self) ആണ് വിശ്വനാഥനെങ്കിൽ, മനസ്സിന്റെ അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങളും സ്വാർത്ഥതയും പ്രതിഫലിപ്പിക്കുന്ന 'സെക്കൻഡ് സെൽഫ്' (Second self) ആണ് ഉത്തമൻ. വിശ്വനാഥൻ നാം ആകാൻ ആഗ്രഹിച്ച മനുഷ്യനും, ഉത്തമൻ നമുക്ക് ആകാൻ കഴിയുമായിരുന്ന മനുഷ്യനുമാണ്. ഈ അർത്ഥത്തിൽ വിശ്വനാഥനും ഉത്തമനും ഒരാൾ തന്നെയാണ്. സിനിമയിലെ പ്രധാനപ്പെട്ട മൂന്ന് രംഗങ്ങളിലൂടെ പത്മരാജൻ ഈ സൂചന നൽകുന്നുണ്ട്:
• സീൻ 1 (കായൽക്കരയിലെ പ്രതിബിംബം): നഗരത്തിൽ തനിക്കൊരു അപരനുണ്ടെന്ന് അറിഞ്ഞ് നാട്ടിലെത്തുന്ന വിശ്വനാഥൻ, ആകുലനായി കായൽക്കരയിലിരിക്കുമ്പോൾ തന്റെ പ്രതിബിംബം ജലാശയത്തിൽ കാണുന്നു. തനിക്ക് ഉള്ളിലുള്ള ദ്വന്ദ വ്യക്തിത്വത്തെ പെരുമാറ്റങ്ങളിലൂടെ മറയ്ക്കാൻ കഴിഞ്ഞേക്കാം, എന്നാൽ ബാഹ്യരൂപത്തെ മറയ്ക്കാൻ കഴിയില്ലെന്ന് അയാൾ തിരിച്ചറിയുന്നു. കായലിലേക്ക് കല്ലെറിയുമ്പോൾ ഇളകിമറിയുന്ന പ്രതിബിംബം അയാളുടെ ഉള്ളിലെ ആന്തരിക സംഘർഷങ്ങളെയാണ് കാണിക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം, ഈ രൂപത്തെ മറയ്ക്കാൻ അയാൾ താടി വളർത്തുന്നതായി സിനിമയിലെ സംഭാഷണങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്.
• സീൻ 2 (കണ്ണാടിയും ചിരിയും): പണ്ട് തനിക്ക് അഭിമാനക്ഷതമേൽപ്പിച്ച അതേ നഗരത്തിലേക്ക് ഒരു പുതിയ ജോലിക്കായി വിശ്വനാഥൻ വീണ്ടും എത്തുന്നു. എന്നാൽ അവിടെയും അപരന്റെ പ്രവർത്തികൾ അയാളെ വേട്ടയാടുകയും ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഒടുവിൽ അപരനെ നേരിട്ട് കണ്ടെത്താൻ അയാൾ തീരുമാനിക്കുന്നു. അപരന്റെ വേഷവിധാനങ്ങൾ ധരിച്ച് അവന്റെ താവളം അന്വേഷിച്ചു പോകുന്നതിനു മുൻപായി വിശ്വനാഥൻ കണ്ണാടിയിൽ നോക്കുന്ന ഒരു രംഗമുണ്ട്. അപ്പോൾ സ്വന്തം ഓഫീസിന്റെ മുൻപിൽ വെച്ച് കുര്യച്ഛായനെ (കെ.പി.എ.സി സണ്ണി) നോക്കി ഉത്തമൻ ചിരിക്കുന്ന അതേ ചിരി വിശ്വനാഥന്റെ മുഖത്തും തെളിയുന്നു. വിശ്വനാഥനും ഉത്തമനും ഒന്നാണെന്ന് ശക്തമായി സൂചിപ്പിക്കുന്ന രംഗമാണിത്.
• സീൻ 3 (ക്ലൈമാക്സ് രംഗം): കത്തിയമർന്ന ചിതയ്ക്ക് മുന്നിൽ നിന്നുള്ള വിശ്വനാഥന്റെ ചിരി സിനിമയിലെ ഏറ്റവും സങ്കീർണ്ണമായ സന്ദർഭമാണ്. മരിച്ചത് ആരാണെന്ന കാര്യത്തിൽ പ്രേക്ഷകരെ പൂർണ്ണമായും ആശയക്കുഴപ്പത്തിലാക്കുകയാണ് സംവിധായകൻ ചെയ്യുന്നത്. അതുവരെ താൻ നൽകിയ സൂചനകളിലൂടെ സഞ്ചരിച്ച പ്രേക്ഷകനെ ക്ലൈമാക്സിൽ എത്തുമ്പോഴേക്കും സംവിധായകൻ അമ്പരപ്പിക്കുന്നു. ആ ചിരിയുടെ യഥാർത്ഥ അർത്ഥം തേടി സിനിമയുടെ തുടക്കത്തിലേക്ക് വീണ്ടും സഞ്ചരിക്കാൻ പ്രേക്ഷകൻ നിർബന്ധിതനാകുന്നു.
ചിരിക്ക് പിന്നിലെ നിഗൂഢത
നമ്മളിൽ ഓരോരുത്തരിലും ഒരു അപരനുണ്ട്. നന്മയെന്നും തിന്മയെന്നും സമൂഹം നിർവ്വചിച്ചിട്ടുള്ള കാര്യങ്ങളുടെ പിന്നാലെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന രണ്ടു വ്യക്തിത്വങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് നമ്മളിൽ മാറിമറിയാം. സിനിമയിൽ, നന്മ നിറഞ്ഞ നാട്ടിൻപുറത്തിന്റെ പരിലാളനകളിൽ വളർന്ന വിശ്വനാഥനെയും, കാപട്യങ്ങൾ നിറഞ്ഞ നഗരത്തെ പ്രതിനിധീകരിക്കുന്ന ഉത്തമനെയും രണ്ടു വ്യത്യസ്ത പശ്ചാത്തലങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
അവരുടെ വസ്ത്രധാരണത്തിലും ഇത് പ്രകടമാണ്. വെളുത്ത വസ്ത്രങ്ങൾ വിശ്വനാഥന്റെ നിഷ്കളങ്കതയെ സൂചിപ്പിക്കുമ്പോൾ, ഇരുണ്ട നിറങ്ങൾ ധരിക്കുന്ന ഉത്തമൻ ഉപഭോക്തൃ സംസ്കാരത്തിൽ എന്തും പണം കൊടുത്ത് വാങ്ങാമെന്ന് കരുതുന്ന, അതിനായി കൊല്ലാനും മടിക്കാത്തയാളാണ്. ഉത്തമനെ നേരിട്ട് കാണിക്കാതെ തന്നെ അയാളുടെ കാറിന്റെ നിറം, നമ്പർ പ്ലേറ്റിലെ '666' എന്ന നമ്പർ എന്നിവയിലൂടെ അയാൾ ഒരു ചെകുത്താന്റെ പ്രതീകമാണെന്ന കഥാപാത്ര നിർമ്മിതി കൃത്യമായി നടത്തുന്നു.
സാധാരണ സിനിമകളിൽ നന്മ തിന്മയ്ക്കുമേൽ വിജയിക്കുകയും നായകൻ നന്മയുടെ പ്രതീകമായി നിലനിൽക്കുകയുമാണ് പതിവ്. എന്നാൽ ഇവിടെ വിശ്വനാഥൻ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത് തന്റെ സ്വന്തം 'വിശ്വനാഥൻ' എന്ന ഐഡന്റിറ്റിയാണ്. കാരണം, ആ ഐഡന്റിറ്റി തനിക്ക് തിരിച്ചടികൾ മാത്രമാണ് നൽകിയത്. നാട്ടിൻപുറത്തെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്ന് മാറി, കുറുക്കുവഴികളിലൂടെ പണം കണ്ടെത്തി സ്വന്തം കാമുകിയോടൊപ്പം കഴിയാൻ ഉത്തമന്റെ ഐഡന്റിറ്റിയാണ് നല്ലതെന്ന തിരിച്ചറിവ് അയാൾക്കുണ്ടാകുന്നു.
അതുകൊണ്ട്, 'വിശ്വനാഥൻ' എന്ന ബാധ്യതയായ സ്വത്വത്തെ തന്നെയാണ് അയാൾ ആ ചിതയിൽ കത്തിക്കുന്നത്. അതുവരെ അനുഭവിച്ച ആശയക്കുഴപ്പങ്ങളിൽ നിന്നും വേദനകളിൽ നിന്നും മുക്തനായ (liberated) ഒരാളുടെ ആനന്ദമാണ് ആ ചിരിയിൽ തെളിയുന്നത്.
സിനിമയിൽ ശബ്ദവും സംഭാഷണങ്ങളും വന്നതോടെ സിനിമയുടെ യഥാർത്ഥ 'വിഷ്വൽ ലാംഗ്വേജ്' മരിച്ചുവെന്ന് ചില ചലച്ചിത്ര നിരീക്ഷകർ പറയാറുണ്ട്. സംഭാഷണങ്ങൾക്കും പാട്ടുകൾക്കും അമിത പ്രാധാന്യം ലഭിച്ചപ്പോൾ വിഷ്വലുകളിലൂടെ കഥ പറയുന്ന രീതി മലയാളത്തിൽ കുറഞ്ഞു വന്നു. കഥ കേൾക്കുന്നതുപോലെ സിനിമ കാണുകയും കഥ കഴിയുമ്പോൾ സിനിമ മറക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് പ്രേക്ഷകരും മാറി. വിഷ്വലുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് തന്നെ, സാധാരണക്കാരായ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ സിനിമ നിർമ്മിക്കുക എന്നത് ഏതൊരു സംവിധായകനും വലിയൊരു വെല്ലുവിളിയാണ്. അവിടെയാണ് പത്മരാജനെപ്പോലുള്ള ലോകനിലവാരമുള്ള സംവിധായകരുടെ പ്രസക്തി. ലോകസിനിമകളിൽ മാത്രം കണ്ടുവന്നിരുന്ന ഇത്തരം സങ്കീർണ്ണമായ കഥാകഥന രീതിയെ മലയാള സിനിമയ്ക്ക് സമ്മാനിച്ച പത്മരാജൻ എന്ന മാസ്റ്റർ ക്രാഫ്റ്റ്‌സ്മാന് പ്രണാമം!