
അമേരിക്കൻ മലയാളികളുടെ സംഘടനാപരമായ ആവശ്യങ്ങൾക്കൊപ്പം അവരുടെ സാമൂഹികവും തൊഴിൽപരവും വിദ്യാഭ്യാസപരവുമായ വിഷയങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുക എന്നതാണ് ഫൊക്കാനയുടെ പുതിയ ജനറൽ സെക്രട്ടറി സന്തോഷ് നായരുടെ കണക്കുകൂട്ടൽ. യുവജനങ്ങളെയും വനിതകളെയും സംഘടനയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി പങ്കാളികളാക്കുക, മെഡിക്കൽ കാർഡ് പദ്ധതി വിപുലീകരിക്കുക, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുക, ഇമിഗ്രേഷൻ വിഷയങ്ങളിൽ വിദഗ്ധ സഹായം ലഭ്യമാക്കുക, വിവിധ മേഖലകളിൽ മികവ് തെളിയിച്ച അമേരിക്കൻ മലയാളികളെ ആദരിക്കുക തുടങ്ങിയ പദ്ധതികളാണ് പുതിയ ഭരണസമിതി മുന്നോട്ടുവയ്ക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരെയും ഒരുമിച്ച് ചേർത്തുകൊണ്ട് ഐക്യത്തോടെയും സുതാര്യതയോടെയും സംഘടനയെ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനറൽ സെക്രട്ടറി വ്യക്തമാക്കുന്നു...
തിരഞ്ഞെടുപ്പിലെ വിജയത്തെ എങ്ങനെ കാണുന്നു?
ആദ്യം തന്നെ എല്ലാവർക്കും നന്ദി പറയുകയാണ്. ഇത്തവണ ഞങ്ങളുടെ പാനലിലെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ ഞങ്ങൾ മുന്നോട്ടുവച്ച പ്രധാന ആശയം ‘ഒറ്റയ്ക്ക് ഒരു വോട്ടില്ല, പാനലിന് വോട്ട്’ എന്നതായിരുന്നു. അത് പ്രവർത്തകരും അംഗങ്ങളും ഏറ്റെടുത്തു. പാനലിലെ എല്ലാവരും വിജയിച്ചതിൽ അതിന്റെ പങ്ക് വലുതാണ്.
പ്രചാരണത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ഞങ്ങളുടെ ടീമിന് ശക്തമായ ആത്മവിശ്വാസമുണ്ടായിരുന്നു. വിവിധ മേഖലകളിലെ വോട്ടർമാരുമായി നേരിട്ട് സംസാരിച്ചിരുന്നു. അവരുടെ പ്രതികരണങ്ങളിൽ നിന്ന് സംഘടനയ്ക്കുള്ളിലെ പിന്തുണയും വിശ്വാസവും മനസ്സിലാക്കാൻ കഴിഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം ‘ഐക്യവും സുതാര്യതയും’ എന്ന ആശയം എങ്ങനെയാണ് പ്രവർത്തനതലത്തിൽ നടപ്പാക്കുക?
സംഘടനയിൽ വ്യക്തിവിരോധങ്ങൾക്ക് സ്ഥാനമില്ല. ഞങ്ങൾക്കെതിരെ മത്സരിച്ചവരുൾപ്പെടെ സംഘടനയ്ക്കുവേണ്ടി പ്രവർത്തിക്കാൻ താൽപര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യും.
വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. അവയിൽ എല്ലാവരെയും ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരു ജനാധിപത്യ പ്രക്രിയയാണ്. ഞങ്ങൾ അതിനെ ‘സ്പോർട്സ്മാൻ സ്പിരിറ്റോടെ’ ആണ് കണ്ടത്. അതുകൊണ്ട് മത്സരിച്ച എല്ലാവരെയും ബഹുമാനിച്ചുകൊണ്ടാണ് മുന്നോട്ട് പോയത്.
സുതാര്യതയ്ക്കും വലിയ പ്രാധാന്യമുണ്ട്. 49 അംഗങ്ങളുള്ള ദേശീയ കമ്മിറ്റിയിലെ എല്ലാവരെയും അറിയിച്ചുകൊണ്ടാണ് തീരുമാനങ്ങൾ എടുക്കുന്നത്. അംഗസംഘടനകളെയും അവശ്യമായ എല്ലാ കാര്യങ്ങൾ അറിയിക്കും.
സംഘടനയുടെ വെബ്സൈറ്റിലൂടെ പ്രവർത്തനങ്ങളും സാമ്പത്തിക വിവരങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ സുതാര്യമായി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മുൻഗണന നൽകുന്ന പദ്ധതികൾ ഏതൊക്കെയാണ്?
അമേരിക്കൻ മലയാളികൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നത് പുതിയ ഭരണസമിതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
അമേരിക്കൻ മലയാളി സമൂഹത്തിൽ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന നിരവധി ആളുകളുണ്ട്. മെഡിക്കൽ, ഐടി, ബിസിനസ്, മാധ്യമം, സാമൂഹിക പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മലയാളികളെ കണ്ടെത്തി ആദരിക്കാനുള്ള പദ്ധതിയുണ്ട്. ഏകദേശം 100 പ്രമുഖ മലയാളികളെ ആദരിക്കാനാണ് ഉദ്ദേശിക്കുന്നത്.
മലയാളഭാഷയുടെ പ്രോത്സാഹനത്തിനും കൂടുതൽ ശ്രദ്ധ നൽകും. ഭാഷയ്ക്കായി ഫൊക്കാന നേരത്തെ നടത്തിയിരുന്ന പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനാണ് ലക്ഷ്യം.

യുവജനങ്ങൾക്കായി എന്താണ് പദ്ധതികൾ?
യുവജനങ്ങളെ ഫൊക്കാനയുടെ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. യുവജനങ്ങൾക്കായി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പും കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
കരിയർ സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ, വിവിധ പ്രൊഫഷണൽ മേഖലകളെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ എന്നിവ സംഘടിപ്പിക്കും. പ്രത്യേകിച്ച് മെഡിസിൻ പോലുള്ള മേഖലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷാ നടപടികൾ, പഠനസാധ്യതകൾ, കരിയർ അവസരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഗൈഡൻസ് നൽകും.
യുവാക്കൾ സംഘടനയുടെ ഭാവി നേതൃത്വത്തിലേക്ക് കടന്നുവരണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.
വനിതകളുടെ പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്തും?
വനിതകളുടെ പങ്കാളിത്തത്തിന് പ്രത്യേക പ്രാധാന്യം നൽകും. വിവിധ റീജിയനുകളിലെ വിമൻസ് ഫോറങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ്.
വനിതകളുടെ അഭിപ്രായങ്ങൾ കേട്ടശേഷം അവർക്ക് താൽപര്യമുള്ള മേഖലകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാനുള്ള അവസരം നൽകും.
പ്രത്യേകിച്ച് നഴ്സിംഗ് മേഖലയിലുള്ള മലയാളി വനിതകളുടെ അനുഭവങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനും പ്രൊഫഷണൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.
മുൻ ഭരണസമിതി നടപ്പാക്കിയ മെഡിക്കൽ കാർഡ് പോലുള്ള പദ്ധതികൾ വിപുലീകരിക്കുമോ?
തീർച്ചയായും. മുൻ ഭരണസമിതി നടപ്പാക്കിയ മെഡിക്കൽ കാർഡും എയർപോർട്ട് പ്രിവിലേജ് കാർഡും വളരെ പ്രധാനപ്പെട്ട പദ്ധതികളാണ്. അതിന് നേതൃത്വം നൽകിയവരെ ഞങ്ങൾ അഭിനന്ദിക്കുന്നു.
മെഡിക്കൽ കാർഡ് കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. കേരളത്തിലെ വിവിധ ജില്ലകളിലുള്ള പ്രവാസി മലയാളികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതി വിപുലീകരിക്കണം.
അമേരിക്കയിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് അപ്രതീക്ഷിതമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ആവശ്യമായ സഹായം ലഭിക്കുന്ന തരത്തിലുള്ള സംവിധാനവും ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു.
ജനുവരിയിൽ നടക്കാനിരിക്കുന്ന ഫൊക്കാനയുടെ കേരള കൺവെൻഷനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ജനുവരി 11, 12, 13 തീയതികളിലാണ് കേരള കൺവെൻഷൻ നടത്താൻ ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. മന്ത്രിമാരെയും ജനപ്രതിനിധികളെയും മറ്റ് പ്രമുഖരെയും പരിപാടിയിലേക്ക് ക്ഷണിക്കും.
‘ഓപ്പറേഷൻ തൂഫാന്’ ഐക്യദാർഢ്യം ഉൾപ്പെടെ നിരവധി പരിപാടികൾ കൺവെൻഷന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നുണ്ട്. യുവതലമുറയെ കേന്ദ്രീകരിച്ചുള്ള പരിപാടികൾക്ക് പ്രത്യേക പ്രാധാന്യമുണ്ടാകും. സ്കൂൾ, കോളജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.
സാഹിത്യ സമ്മേളനം, സ്കോളർഷിപ്പ് വിതരണം, ഭാഷാ-സാംസ്കാരിക പരിപാടികൾ തുടങ്ങി നിരവധി പരിപാടികളും കൺവെൻഷന്റെ ഭാഗമായി ഉണ്ടാകും.
കൊച്ചിയിലെ ബോൾഗാട്ടി മേഖലയിലുള്ള ഒരു വേദിയാണ് നിലവിൽ പരിഗണിക്കുന്നത്. സ്ഥലം സന്ദർശിച്ച് അന്തിമ തീരുമാനം എടുക്കും.

അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളിൽ ഫൊക്കാനയ്ക്ക് എന്ത് പങ്ക് വഹിക്കാനാകും?
ഇന്ന് അമേരിക്കൻ മലയാളികൾ നേരിടുന്ന പ്രധാന വിഷയങ്ങളിൽ ഇമിഗ്രേഷൻ, വിദ്യാർത്ഥികളുടെ ഭാവി, ആരോഗ്യപരമായ ആശങ്കകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ഇമിഗ്രേഷൻ സംബന്ധമായ സംശയങ്ങൾക്ക് വിദഗ്ധരായ മലയാളി അഭിഭാഷകരുടെ സഹായം ലഭ്യമാക്കാനുള്ള സംവിധാനമുണ്ടാക്കാൻ ശ്രമിക്കും. പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും പുതിയതായി അമേരിക്കയിലെത്തുന്നവർക്കും ആവശ്യമായ നിയമപരമായ മാർഗനിർദേശം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
കേരളത്തിൽ നിന്ന് വിസിറ്റിംഗ് വിസയിൽ അമേരിക്കയിലെത്തുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ സഹായിക്കാൻ ഡോക്ടർമാരുടെ ഒരു നെറ്റ്‌വർക്ക് രൂപീകരിക്കാനും ശ്രമിക്കും. കഴിയുന്നത്ര സൗജന്യമായോ കുറഞ്ഞ ചെലവിലോ വിദഗ്ധ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം.
നാല് പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തന പരിചയം പുതിയ ഉത്തരവാദിത്തത്തിൽ എങ്ങനെ പ്രയോജനപ്പെടും?
അത് എന്റെ വലിയൊരു സമ്പത്തായാണ് ഞാൻ കാണുന്നത്. 1970-കളുടെ മധ്യകാലം മുതൽ പൊതുരംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ആളുകളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങൾ,അതിർത്തി തർക്കങ്ങൾ തുടങ്ങി സാമൂഹികവും സംഘടനാപരവുമായ വിഷയങ്ങൾ വരെ പലതിലും ഇടപെടേണ്ടി വന്നിട്ടുണ്ട്.
പൊതുപ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ആളുകളെ കേൾക്കുക എന്നതാണ്. ആരെങ്കിലും സഹായം തേടി വന്നാൽ എന്ത് ചെയ്യണം, ആരുമായി ബന്ധപ്പെടണം, എങ്ങനെ ഒരു പരിഹാരത്തിലേക്ക് എത്തിക്കാം എന്നൊക്കെ അനുഭവത്തിലൂടെ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പൊതുപ്രവർത്തനം സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകുന്നതു മാത്രമല്ല. ആവശ്യമുള്ള ഒരാൾക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുന്നതും സഹായം എത്തിക്കുന്നതും അതിന്റെ ഭാഗമാണ്.
സത്യസന്ധത, നീതി, ധാർമികത എന്നിവയ്ക്ക് പൊതുപ്രവർത്തനത്തിൽ വലിയ പ്രാധാന്യമുണ്ട്. പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല, ആളുകൾക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രവർത്തിക്കേണ്ടത്.

പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പുമായുള്ള പ്രവർത്തന ബന്ധത്തെ എങ്ങനെ കാണുന്നു?
ഞങ്ങൾ തമ്മിൽ വളരെ നല്ല ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണകാലം മുതൽ തന്നെ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാനയിലെ ഏറ്റവും പരിചയസമ്പന്നരായ പ്രവർത്തകരിൽ ഒരാളാണ്. സംഘടന എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്.
അദ്ദേഹത്തിന്റെ ഫൊക്കാനയിലെ സംഘടനാപരമായ പരിചയവും എന്റെ പൊതുപ്രവർത്തന പരിചയവും ഒരുമിപ്പിച്ചുകൊണ്ട് സംഘടനയ്ക്ക് പുതു ഊർജ്ജം നൽകാനാകുമെന്നാണ് പ്രതീക്ഷ.
തിരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങളിൽ ആദ്യം പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്നവ എന്തൊക്കെയാണ്?
ഇതിനകം തന്നെ ആറോളം കമ്മിറ്റികളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ കണക്ട് അതിൽ പ്രധാനപ്പെട്ടതാണ്. സംഘടനയുടെ പ്രവർത്തനങ്ങളും അക്കൗണ്ടുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ വെബ്സൈറ്റിലൂടെ ലഭ്യമാക്കും.
സാഹിത്യ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ പ്രഗത്ഭരായ ആളുകളെ ഉൾപ്പെടുത്തി അതിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകും.
മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ടും പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ കാര്യങ്ങൾ ഓരോന്നായി സമയബന്ധിതമായി നടപ്പാക്കാനാണ് ശ്രമം.

രണ്ട് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ ഒരു ജനറൽ സെക്രട്ടറിയെന്ന നിലയിൽ തന്റെ പ്രവർത്തനത്തിന്റെ വിജയം എങ്ങനെ വിലയിരുത്തും?
മലയാളി സമൂഹത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി സത്യസന്ധമായി പ്രവർത്തിക്കുന്ന ജനറൽ സെക്രട്ടറി എന്ന നിലയിൽ അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
എന്നെ വിലയിരുത്തേണ്ടത് ഞാനല്ല, സമൂഹമാണ്. എല്ലാവരെയും ഒരുമിച്ച് നിർത്തി, പരാതികൾക്ക് ഇടയില്ലാത്ത രീതിയിൽ, ഫൊക്കാനയെ കൂടുതൽ ശക്തമായ സംഘടനയായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞോ എന്നതാണ് പ്രധാനപ്പെട്ടത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പ് പരാതികളില്ലാതെ പൂർത്തിയായത് ശ്രദ്ധേയമായിരുന്നു. അതിനെ എങ്ങനെ കാണുന്നു?
ഞങ്ങൾ തിരഞ്ഞെടുപ്പിനെ തുടക്കം മുതൽ തന്നെ ‘സ്പോർട്സ്മാൻ സ്പിരിറ്റോടെ’ ആണ് കണ്ടതെന്ന് പറഞ്ഞല്ലോ. മത്സരിച്ച എല്ലാവരെയും ബഹുമാനിച്ചു. വ്യക്തിപരമായ ആക്ഷേപങ്ങളോ വൈരാഗ്യങ്ങളോ ഉണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പ് ദിവസം പോലും പല സ്ഥാനാർഥികളും പരസ്പരം സൗഹൃദത്തോടെ സംസാരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അത് സംഘടനയ്ക്കും അംഗങ്ങൾക്കും നല്ല സന്ദേശമാണ് നൽകുന്നത്.
സ്കോളർഷിപ്പ് പദ്ധതിയുടെ നടപടികൾ ആരംഭിച്ചോ?
വെബ്സൈറ്റ് പൂർണമായി പ്രവർത്തനസജ്ജമായ ശേഷം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കും. സെപ്റ്റംബർ 20ന് പാസിംഗ് ഓവർ സെറിമണിക്ക് ശേഷമുള്ള ഘട്ടത്തിൽ വെബ്സൈറ്റ് സംവിധാനം കൂടുതൽ വ്യക്തമായി ലഭിക്കും. തുടർന്ന് കേരള കൺവെൻഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും മറ്റ് നടപടികളും ആരംഭിക്കും.
അമേരിക്കൻ മലയാളികൾക്ക് ആവശ്യമായ വിവരങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനായി ഒരു ടോൾ ഫ്രീ നമ്പർ ആരംഭിക്കുന്ന പദ്ധതിയും ഉണ്ട്.
അടുത്ത രണ്ട് വർഷത്തെ ഫൊക്കാനയെ എങ്ങനെ കാണുന്നു?
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനകളിലൊന്നെന്ന നിലയിൽ ഫൊക്കാനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്.
അമേരിക്കൻ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങൾക്കും കേരളത്തിലെ സമൂഹത്തിന്റെ ആവശ്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളായിരിക്കും അടുത്ത രണ്ട് വർഷം നടത്തുക. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളാണ് പുതിയ നേതൃത്വത്തിനൊപ്പമുള്ളത്.
ആ കൂട്ടായ്മയുടെ ശക്തി ഉപയോഗിച്ച് ഫൊക്കാനയെ കൂടുതൽ സജീവവും ജനകീയവുമായ സംഘടനയായി മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം. സംഘടനയുടെ പേരിനും പാരമ്പര്യത്തിനും അഭിമാനം നൽകുന്ന പ്രവർത്തനങ്ങളായിരിക്കും അടുത്ത രണ്ട് വർഷം ഉണ്ടാകുക.