
വാഷിംഗ്ടൺ : ഈ ദശകത്തിന്റെ മദ്ധ്യത്തിൽ നടന്ന യു എസ് ജന പ്രതിനിധി സഭയുടെ റീഡിസ്ട്രിക്ടിങ് കോൺഗ്രഷണൽ ഡിസ്ട്രിക്ടുകളുടെ അതിർത്തികൾ പുന:നിര്ണയിച്ചപ്പോൾ ഓരോ പത്ത് വോട്ടർമാരിൽ ഒരാൾക്ക് വീതം പുതിയ ഡിസ്ട്രിക്ടുകൾ ലഭിച്ചു എന്ന് 'പ്രൊട്ടക്ട് ഡെമോക്രസി'യുടെ പുതിയ പഠനത്തിൽ കണ്ടെത്തി.
2024 ലെ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന തങ്ങളുടെ മണ്ഡലത്തിന് പകരം അവർക്ക് 2026 നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ പുതിയ മണ്ഡലങ്ങളായിരിക്കും ഉണ്ടാവുക. പഴയ മണ്ഡലങ്ങളുമായി ഇഴുകി ചേർന്ന രാഷ്ട്രീയ നേതാക്കൾക്ക് പുതിയ മണ്ഡലത്തിൽ പോയി പ്രവർത്തിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. സാധാരണ ഗതിയിൽ വീട് വീടാന്തരം കയറി ഇറങ്ങാത്ത സ്ഥാനാർത്ഥികൾക്ക് ഇത് വലിയ പ്രശ്‍നം ആവില്ല. എന്നാൽ തങ്ങളുടെ പ്രചാരണ കമ്മിറ്റികളെ പുന:സംഘടിപ്പിക്കേണ്ടി വരും. മണ്ഡലവുമായി കൂടുതൽ പരിചയം ഉള്ളവരെ തങ്ങളുടെ കമ്മിറ്റികളിൽ ഉൾപെടുത്തേണ്ടി വരും. ഓരോ നിയോജക മണ്ഡലത്തിലും നാലിൽ ഒന്നിലധികം പുതിയ വോട്ടർമാർ ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. മൂന്നു കോടി 48 ലക്ഷത്തിൽ അധികം വോട്ടർമാരുടെ മണ്ഡലങ്ങൾക്കാണ് സ്ഥാനചലനം ഉണ്ടാവുക.
ഇത് റീഡിസ്ട്രിക്ടിങ്ങിന്റെ പേരിൽ കുറെ നാളായി നടന്നു വരുന്ന ഡെമോക്രറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളുടെ ഏറ്റുമുട്ടലുകളുടെ പരിണിതഫലമായി നിരീക്ഷകർ കരുതുന്നു. പുതിയ കോൺഗ്രഷണൽ മാപ്പുകൾ പൊതു താൽപര്യങ്ങൾക്കോ, ഭുമിശാസ്ത്രപരമായ പരിഗണനകൾക്കോ വില കൽപ്പിക്കാതെ രാഷ്ട്രീയ താല്പര്യങ്ങൾ മാത്രം മുൻ നിർത്തി സൃഷ്ടിച്ചതാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇത് രാഷ്ട്രീയ പണ്ഡിതന്മാർക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി വളരെയധികം ചാർജ്ഡ് ആയി കരുതുന്ന ഒരു വിഷയം ഒരു പാർട്ടിക്ക് മാത്രം അനുകൂലമായ ഒരു തീരുമാനത്തിൽ ഒതുങ്ങുന്നത് സ്വീകാര്യമല്ല എന്ന് വിമർശകർ പറയുന്നു. വളരെ പ്രധാനമായി ഉയരുന്ന ചോദ്യം നിലവിലെ ജനപ്രതിനിധികൾ ഏത് നിയോജക മണ്ഡലത്തെയാണ് ഇപ്പോൾ പ്രതിനിധീകരിക്കുന്നത് എന്നതാണ്. അവർ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്നതും വലിയ പ്രശ്നമായി അവശേഷിക്കുന്നു.
'ഏകപക്ഷീയമായ' ഈ മണ്ഡല പുനഃസംഘടന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ടെക്സസിലെ റിപ്പബ്ലിക്കൻ നേതാക്കളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് എന്ന് ഡെമോക്രറ്റിക് നേതാക്കൾ ആരോപിച്ചു. ഇതെ തുടർന്ന് വളരെ പെട്ടെന്ന് തന്നെ ഡെമോക്രറ്റിക് നേതാക്കൾ അവർ നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളിൽ റീഡിസ്‌ട്രിക്‌ടിംഗ് നടപടികൾ ആരംഭിച്ചു. ഇപ്പോൾ ഈ സംസ്ഥാനങ്ങളിൽ ഡെമോക്രറ്റുകളെ അനുകൂലിക്കുന്ന രീതിയിൽ ഉള്ള മണ്ഡലങ്ങളാണ് ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ.
പ്രൊട്ടക്ട് ഡെമോക്രസി തുടർന്ന് അഭിപ്രായപ്പെട്ടത് ഇത്തരം നയ പരിപാടികൾ രാഷ്ട്രീയ സംവിധാനങ്ങൾ ദുഷ്കരമാക്കി തീർക്കും എന്നാണ്.
മിസോറി സംസ്ഥാനത്തിലെ റീഡിസ്ട്രിക്ടിങ് യു എസ് സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല. പ്രൊട്ടക്ട് ഡെമോക്രസിയുടെ റിപ്പോർട്ട് അവസാനിക്കുന്നത് ഒരു പുതിയ ഇലക്ട്‌റൽ ഘടന ആവശ്യപ്പെട്ടു കൊണ്ടാണ്. ഒൻപത് സംസ്ഥാനങ്ങൾ റീഡിസ്ട്രിക്റ്റിംഗിന് പുതിയ മാപ്പുകൾ വരക്കുവാൻ കക്ഷി ചായ്‌വില്ലാത്ത കമ്മീഷനുകളെ നിയോഗിച്ചു. ഈ നടപടികൾ യു എസ് കോൺഗ്രസിൽ വലിയ ചർച്ചകൾക്ക് വഴി തെളിക്കും. എന്നാൽ ഇതിന് ബദലായി വേറെ പോംവഴികൾ ഒന്നും ഇല്ല എന്നും നിരീക്ഷകർ പറയുന്നു.