Image

ലഹരിക്കെതിരെ യുവശബ്ദം ഉയരട്ടെ; ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസണ്‍ 4 രജിസ്‌ട്രേഷന്‍ തുടങ്ങി.

പി.ആര്‍.ഒ.: മെര്‍ളിന്‍ മേരി അഗസ്റ്റിന്‍ Published on 19 September, 2026
ലഹരിക്കെതിരെ യുവശബ്ദം ഉയരട്ടെ; ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസണ്‍ 4 രജിസ്‌ട്രേഷന്‍ തുടങ്ങി.

10 ലക്ഷം കാഷ് പ്രൈസുകള്‍; 1 ലക്ഷം ഗ്രാന്‍ഡ് പ്രൈസ്; സൗജന്യ പ്രസംഗപരിശീലനവും മെന്റ്റെറിംഗും; വേള്‍ഡ് മലയാളി ഫെഡറേഷന്റ്റെ സജീവ സഹകരണത്തോടെ ആഗോള മത്സരം; ഇത്തവണ മുതല്‍ സബ് ജൂനിയര്‍ വിഭാഗവും

ഫിലാഡല്‍ഫിയ: ലോകമെമ്പാടുമുള്ള മലയാളി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രസംഗശേഷി, ഭാഷാപാടവം, ആശയവിനിമയ മികവ്, ആത്മവിശ്വാസം, നേതൃത്വഗുണങ്ങള്‍ എന്നിവ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഓര്‍മ്മ ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരം സീസണ്‍ 4 (2026-27)- ന്റ്റെ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 15-ന് ആരംഭിച്ചു. ഡിസംബര്‍ 15 വരെ നീളുന്ന ആദ്യ റൗണ്ടില്‍ പങ്കെടുക്കുന്നവര്‍ രജിസ്‌ട്രേഷനോടൊപ്പം മൂന്നു മിനിറ്റില്‍ കവിയാത്ത പ്രസംഗവീഡിയോ സമര്‍പ്പിക്കണം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമാണ് മത്സരം.

മൂന്ന് ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മത്സരാര്‍ത്ഥികളെ കണ്ടെത്തി, ഓരോ ഘട്ടത്തിലും സൗജന്യ പ്രസംഗപരിശീലനവും മെന്റ്റെറിംഗും നല്‍കി അവരുടെ കഴിവുകള്‍ കൂടുതല്‍ മികവുറ്റതാക്കിയ ശേഷമാണ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ മികച്ച പ്രതിഭകള്‍ 2027 ഓഗസ്റ്റ് 7-ന് പാലായില്‍ നടക്കുന്ന ഓണ്‍-സ്റ്റേജ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്ക്കുക. സബ് ജൂനിയര്‍ വിഭാഗത്തിന്റ്റെ ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായിരിക്കും. ഒരു വര്‍ഷത്തോളം നീളുന്ന പരിശീലന-മത്സര പരമ്പരയായാണ് സീസണ്‍ 4 വിഭാവനം ചെയ്തിരിക്കുന്നത്.

സീസണ്‍ 4-ന്റ്റെ പ്രധാന പ്രത്യേകതകളിലൊന്ന് ഓര്‍മ്മ ഇന്റര്‍നാഷണലും വേള്‍ഡ് മലയാളി ഫെഡറേഷനും (WMF) കൈകോര്‍ക്കുന്ന വിപുലമായ ആഗോള സഹകരണമാണ്. ലോകത്തിന്റ്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിന്റ്റെ അവസരങ്ങളും സൗജന്യ പരിശീലനവും ഈ വര്‍ഷത്തെ സാമൂഹിക സന്ദേശവും എത്തിക്കുകയാണ് ഈ സഹകരണത്തിന്റ്റെ പ്രധാന ലക്ഷ്യം. ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറം മലയാളി യുവതലമുറയെ ഒരേ പരിശീലന-മത്സര വേദിയില്‍ ബന്ധിപ്പിക്കുന്ന ആഗോള സംരംഭമായി സീസണ്‍ 4-നെ കൂടുതല്‍ വിപുലപ്പെടുത്താനും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു.

'ഓപ്പറേഷന്‍ തൂഫാന്‍'-ന് പിന്തുണ; ഇത്തവണ പ്രസംഗവേദി ലഹരിക്കെതിരെ: യുവതലമുറയെ ബാധിക്കുന്ന ലഹരിവിപത്തിനെതിരെ ശക്തമായ സാമൂഹിക സന്ദേശം ഉയര്‍ത്തിക്കൊണ്ടാണ് ഓര്‍മ്മ സീസണ്‍ 4 സംഘടിപ്പിക്കുന്നത്. കേരള സര്‍ക്കാരിന്റ്റെ 'ഓപ്പറേഷന്‍ തൂഫാന്‍' ലഹരിവിരുദ്ധ പ്രചാരണത്തിന് പിന്തുണ നല്‍കിക്കൊണ്ട് ലഹരിവിരുദ്ധ ബോധവത്കരണമാണ് ഈ വര്‍ഷത്തെ മത്സരത്തിന്റ്റെ മുഖ്യ സാമൂഹിക ദൗത്യം. ലഹരിക്കെതിരെയുള്ള സന്ദേശം ഒരു മത്സരവിഷയത്തില്‍ മാത്രം ഒതുക്കാതെ, വിദ്യാര്‍ത്ഥികളുടെ ശബ്ദത്തിലൂടെ കുടുംബങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.

സീസണ്‍ 4-ന്റ്റെ ലഹരിവിരുദ്ധ ദൗത്യത്തിനും യുവജന ശാക്തീകരണ ലക്ഷ്യത്തിനും ദേശീയ-സംസ്ഥാന തലങ്ങളിലെ പ്രമുഖരില്‍നിന്ന് ശക്തമായ പിന്തുണയും ആശംസയും ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ 'വാഗ്മിത്വത്തിലേക്ക് ഒരു ചുവട്' എന്ന പേരില്‍ ആരംഭിച്ച സീസണ്‍ 4 പ്രചാരണത്തിന് മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന്‍ തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല, വിദ്യാഭ്യാസമന്ത്രി ശ്രീ. റോജി എം. ജോണ്‍, ജലവിഭവവകുപ്പു മന്ത്രി അഡ്വ. മോന്‍സ് ജോസഫ് എന്നിവരും വിവിധ ഘട്ടങ്ങളിലായി പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചും സന്ദേശങ്ങള്‍ നല്‍കിയും സംരംഭത്തിന് പിന്തുണയും ആശംസയും അറിയിച്ചു.

ലോകപ്രശസ്ത പ്രഭാഷകനും പാര്‍ലമെന്റേറിയനും എഴുത്തുകാരനുമായ ഡോ. ശശി തരൂര്‍ ഒന്നാം സീസണ്‍ മുതല്‍ ഓര്‍മ്മയുടെ ഈ സംരംഭത്തെ പ്രത്യേക സന്ദേശങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചുവരികയാണ്. സീസണ്‍ 4-ലും പ്രത്യേക സന്ദേശത്തിലൂടെ തന്റ്റെ ശക്തമായ പിന്തുണയും ആശംസയും അറിയിച്ച അദ്ദേഹം, യുവജനങ്ങളുടെ പ്രസംഗ-ആശയവിനിമയ കഴിവുകള്‍ വളര്‍ത്താനുള്ള ഓര്‍മ്മയുടെ ശ്രമത്തോടുള്ള തുടര്‍ച്ചയായ പിന്തുണ വീണ്ടും ഉറപ്പിച്ചു.

ഈ ലഹരിവിരുദ്ധ ദൗത്യത്തെ കേന്ദ്രീകരിച്ചാണ് ആദ്യ റൗണ്ടിലെ വിഷയങ്ങളും നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വിഭാഗത്തിലെ വിഷയം 'Choose Dreams, Choose Life, Say No to Drugs' എന്നതും മലയാളം വിഭാഗത്തിലെ വിഷയം ''സ്വപ്നങ്ങള്‍ തിരഞ്ഞെടുക്കാം, ജീവിതം തിരഞ്ഞെടുക്കാം, നാശത്തിന്റ്റെ ലഹരി ഉപേക്ഷിക്കാം'' എന്നതുമാണ്. മത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന ഭാഷയിലെ വിഷയത്തെ ആസ്പദമാക്കിയുള്ള മൂന്നു മിനിറ്റില്‍ കവിയാത്ത പ്രസംഗവീഡിയോയാണ് ഗൂഗിള്‍ ഫോമിലൂടെ ആദ്യ റൗണ്ടിലേക്ക് സമര്‍പ്പിക്കേണ്ടത്.

സീസണ്‍ 4-ല്‍ ആദ്യമായി സബ് ജൂനിയര്‍ വിഭാഗം ഉള്‍പ്പെടുത്തിയതാണ് മറ്റൊരു പ്രധാന പുതുമ. നിലവില്‍ പഠിക്കുന്ന ഗ്രേഡ് അടിസ്ഥാനമാക്കി 4 മുതല്‍ 6 വരെ ഗ്രേഡുകളിലുള്ളവര്‍ സബ് ജൂനിയര്‍ വിഭാഗത്തിലും, 7 മുതല്‍ 10 വരെ ഗ്രേഡുകളിലുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും, 11-ാം ഗ്രേഡ് മുതല്‍ ഡിഗ്രി അവസാനവര്‍ഷം വരെയുള്ള വര്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാം. മൂന്നു വിഭാഗങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും മത്സരിക്കാം.

സബ് ജൂനിയര്‍ വിഭാഗത്തിന്റ്റെ ഫൈനല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മത്സരങ്ങളും ഓണ്‍ലൈനായിരിക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ വിവിധ റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരില്‍നിന്ന് ഫൈനലിസ്റ്റുകളെ കണ്ടെത്തി പാലായിലെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കും.

വിജയികളെ മാത്രം കണ്ടെത്തുന്ന ഒരു സാധാരണ പ്രസംഗമത്സരം എന്നതിലുപരി, മത്സരാര്‍ത്ഥികളുടെ കഴിവുകള്‍ കണ്ടെത്തി മികച്ച ആശയവിനിമയശേഷിയുള്ള യുവതലമുറയെ വളര്‍ത്തുക എന്നതാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റ്റെ തുടക്കം മുതലുള്ള പ്രധാന സവിശേഷത. ഓര്‍മ്മ ടാലന്റ് പ്രമോഷന്‍ ഫോറം ചെയര്‍മാന്‍ ജോസ് തോമസിന്റ്റെ നേതൃത്വത്തിലാണ് സീസണ്‍ 4-ന്റെ മത്സര-പരിശീലന പദ്ധതികള്‍ ഏകോപിപ്പിക്കുന്നത്.

ഒരു വേദിയില്‍ കയറി മികച്ച പ്രസംഗം നടത്താന്‍ കുട്ടികളെ പരിശീലിപ്പിക്കുക എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതിന്റ്റെ ലക്ഷ്യം. അവര്‍ എവിടെ ജീവിച്ചാലും, ഏതു തൊഴില്‍മേഖല തിരഞ്ഞെടുത്താലും, സ്വന്തം അറിവും ആശയങ്ങളും വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ കഴിയുന്ന മികച്ച ആശയവിനിമയക്കാരായി അവരെ വളര്‍ത്തുക എന്ന വിശാലമായ കാഴ്ചപ്പാടാണ് പരിശീലനത്തിനു പിന്നിലുള്ളത്.

മത്സരത്തോടൊപ്പം ഓരോ ഘട്ടത്തിലും സൗജന്യ പ്രസംഗപരിശീലനവും മെന്ററിംഗും നല്‍കുന്ന പരിശീലനാധിഷ്ഠിത മാതൃകയാണ് ഓര്‍മ്മയുടെ ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസില്ല; പരിശീലനവും മെന്ററിംഗും സൗജന്യമാണ്. പ്രസംഗത്തിന്റ്റെ ഉള്ളടക്കവും ഘടനയും, ഭാഷാപാടവം, ആശയവിനിമയശേഷി, ശബ്ദനിയന്ത്രണം, അവതരണ മികവ്, ശരീരഭാഷ, ആത്മവിശ്വാസം, സ്റ്റേജ് പ്രസന്‍സ്, ചിന്താശേഷി, നേതൃത്വഗുണങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പരിശീലനം കേന്ദ്രീകരിക്കുന്നത്. സിനര്‍ജി കണ്‍സള്‍ട്ടന്‍സിയിലെ ഡോ.ബെന്നി കുര്യന്‍, സോയി തോമസ് എന്നിവര്‍ പ്രസംഗപരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ജോര്‍ജ് കരുണയ്ക്കല്‍, പ്രൊഫ. ടോമി ചെറിയാന്‍ എന്നിവര്‍ മെന്റര്‍മാരായി മത്സരാര്‍ത്ഥികളുടെ തുടര്‍വളര്‍ച്ചയ്ക്കും പരിശീലന പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നു.

മലയാളികള്‍ ഇന്ന് ലോകത്തിന്റ്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. കേരളത്തിലെ പുതിയ തലമുറയും പഠനത്തിനും തൊഴിലിനും ജീവിതത്തിനുമായി കൂടുതല്‍ ആഗോള അവസരങ്ങളിലേക്കാണ് മുന്നേറുന്നത്. അറിവും വിദ്യാഭ്യാസവും സാങ്കേതിക-തൊഴില്‍ വൈദഗ്ധ്യവും അവര്‍ക്കുള്ള വലിയ ശക്തികളാണ്. അതോടൊപ്പം, തങ്ങള്‍ക്കുള്ള അറിവും ആശയങ്ങളും മറ്റുള്ളവരിലേക്ക് ഫലപ്രദമായി എത്തിക്കാനുള്ള സംസാര-ആശയവിനിമയ ശേഷി കൂടി പരിശീലനത്തിലൂടെ മൂര്‍ച്ചപ്പെടുത്താനായാല്‍, ഏതു രാജ്യത്തും ഏതു തൊഴില്‍മേഖലയിലും അവരുടെ ഭാവിക്ക് അത് വലിയൊരു മുതല്‍ക്കൂട്ടാകും. അതുകൊണ്ടുതന്നെ പ്രസംഗപരിശീലനത്തെ ഒരു മത്സരത്തിനുള്ള തയ്യാറെടുപ്പായി മാത്രമല്ല, ജീവിതത്തിനും കരിയറിനും നേതൃത്വത്തിനുമുള്ള പരിശീലനമായാണ് ഓര്‍മ്മ കാണുന്നത്. യുവതലമുറയുടെ ഭാവിയെ ഗൗരവത്തോടെ കാണുന്ന മാതാപിതാക്കളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസമൂഹവും പ്രത്യേകം ശ്രദ്ധിക്കേണ്ട യുവജന ശാക്തീകരണ സംരംഭം കൂടിയാണിത്.

സീസണ്‍ 4-ല്‍ വിവിധ വിഭാഗങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് ആകെ ?10 ലക്ഷം രൂപയുടെ കാഷ് പ്രൈസുകളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളുമാണ്. സീനിയര്‍ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രതിഭയ്ക്ക് നല്‍കുന്ന 'ORMA Orator of the Year 2026' ഗ്രാന്‍ഡ് പ്രൈസായി അറ്റോര്‍ണി ജോസഫ് കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ?1,00,000 കാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.

സീനിയര്‍ വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ഓരോന്നിലും ഒന്നാം സമ്മാനം ?50,000 വീതമാണ്. ഓരോ ഭാഷയിലും ?30,000 വീതം രണ്ട് രണ്ടാം സമ്മാനങ്ങള്‍, ?20,000 വീതം മൂന്ന് മൂന്നാം സമ്മാനങ്ങള്‍, ?10,000 വീതം നാല് നാലാം സമ്മാനങ്ങള്‍, ?5,000 വീതം അഞ്ച് അഞ്ചാം സമ്മാനങ്ങള്‍ നല്‍കും.

ജൂനിയര്‍ വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ഓരോന്നിലും ഒന്നാം സമ്മാനം ?25,000 വീതമാണ്. ഓരോ ഭാഷയിലും ?15,000 വീതം രണ്ട് രണ്ടാം സമ്മാനങ്ങള്‍, ?10,000 വീതം മൂന്ന് മൂന്നാം സമ്മാനങ്ങള്‍, ?5,000 വീതം നാല് നാലാം സമ്മാനങ്ങള്‍, ?3,000 വീതം അഞ്ച് അഞ്ചാം സമ്മാനങ്ങള്‍ നല്‍കും.

പുതുതായി ആരംഭിക്കുന്ന സബ് ജൂനിയര്‍ വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ഓരോന്നിലും, ഒന്നാം സമ്മാനം ?15,000, രണ്ടാം സമ്മാനം ?10,000, മൂന്നാം സമ്മാനം ?5,000 എന്നിങ്ങനെയാണ് സമ്മാനത്തുക. കൂടാതെ ?2,000 വീതമുള്ള അഞ്ച് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.

ഒന്നാം സീസണില്‍ 428 പേരും, രണ്ടാം സീസണില്‍ 1,160 പേരും പങ്കെടുത്ത ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗമത്സരം മൂന്നാം സീസണോടെ 1,680 പേരോടെ കൂടുതല്‍ വിപുലമായ ആഗോള വിദ്യാര്‍ത്ഥി പങ്കാളിത്തത്തിലേക്ക് വളര്‍ന്നു. ആദ്യ മൂന്ന് സീസണുകളിലായി 3,500-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മയുടെ അന്താരാഷ്ട്ര പ്രസംഗവേദിയുടെ ഭാഗമായി.

ഓണ്‍ലൈന്‍ മത്സരങ്ങള്‍, പരിശീലന സെഷനുകള്‍, അസൈന്‍മെന്റ്റെകള്‍, വ്യക്തിഗത ഫീഡ്ബാക്ക്, വിവിധ റൗണ്ടുകള്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പടിപടിയായി വളര്‍ത്തുന്ന രീതിയാണ് മുന്‍ സീസണുകളിലും പിന്തുടര്‍ന്നത്. അതിന്റ്റെ തുടര്‍ച്ചയായി കൂടുതല്‍ വിപുലമായ പരിശീലനവും ആഗോള പങ്കാളിത്തവും സാമൂഹിക ദൗത്യവും ഉള്‍പ്പെടുത്തിയാണ് നാലാം സീസണ്‍ മുന്നോട്ടുപോകുന്നത്.

ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ അഡൈ്വസറി ബോര്‍ഡില്‍ നീതിന്യായം, ശാസ്ത്രം, വിദ്യാഭ്യാസം, കല, പരിശീലനം തുടങ്ങിയ മേഖലകളിലെ പ്രമുഖര്‍ അംഗങ്ങളാണ്. കേരള ഹൈക്കോടതി മുന്‍ ജസ്റ്റിസ് ഡോ. നാരായണ കുറുപ്പ്, DRDO Aero Systems മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടെസ്സി തോമസ്, Arcadia University USA പ്രസിഡന്റ് ഡോ. അജയ് നായര്‍, കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ്, എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, Holy Family University അക്കാദമിക് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട്, ഡോ. വിപിന്‍ വി. റോള്‍ഡന്റ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ആന്‍ഡ് പെര്‍ഫോമന്‍സ് കോച്ച്, മെന്റലിസ്റ്റ് നിപിന്‍ നിരവത്ത്, ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് എന്നിവരാണ് അഡൈ്വസറി ബോര്‍ഡിലുള്ളത്.

സീസണ്‍ 4-ന്റെ രാജ്യാന്തര സംഘാടന പ്രവര്‍ത്തനങ്ങളില്‍ നാഷണല്‍ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍, ഓര്‍മ്മ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറര്‍ റോഷിന്‍ പ്ലാമൂട്ടില്‍, ഓര്‍മ്മ ടാലന്റ് പ്രമോഷന്‍ ഫോറം ചെയര്‍മാന്‍ ജോസ് തോമസ്, പബ്ലിക് ആന്‍ഡ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് ചെയര്‍ വിന്‍സെന്റ് ഇമ്മാനുവല്‍, മീഡിയ ചെയര്‍ അരുണ്‍ കോവാട്ട്, പി.ആര്‍.ഒ. മെര്‍ളിന്‍ മേരി അഗസ്റ്റിന്‍ എന്നിവരും വിവിധ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നു. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓര്‍മ്മ കേരള ചാപ്റ്റര്‍ പ്രസിഡന്റ്റെ കുര്യാക്കോസ് മണിവയലില്‍, എബി ജെ. ജോസ്, ഷാജി അഗസ്റ്റിന്‍ ആറ്റുപുറം എന്നിവര്‍ നേതൃത്വം നല്‍കുന്ന ടീമും സജീവമായി രംഗത്തുണ്ട്. WMF സ്ഥാപക ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന്റ്റെയും ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ആനി ലിബുവിന്റ്റെയും നേതൃത്വത്തിലുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്റ്റെ ലോകവ്യാപക ശൃംഖലയും സീസണ്‍ 4-ല്‍ ശക്തമായി പങ്കുചേരുന്നു.

സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 15, 2026 വരെയാണ് ആദ്യ റൗണ്ട്. തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ വിവിധ ഘട്ടങ്ങളിലെ മത്സര-പരിശീലന പ്രക്രിയയിലൂടെ മുന്നേറും. ഈ ഒരു വര്‍ഷത്തെ യാത്രയുടെ പരിസമാപ്തിയായി ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ മികച്ച പ്രതിഭകള്‍ 2027 ഓഗസ്റ്റ് 7-ന് പാലാ, കേരളത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്ക്കും.

ഒരു മൂന്നു മിനിറ്റ് പ്രസംഗവീഡിയോയില്‍ തുടങ്ങി, മത്സരത്തിന്റ്റെയും പരിശീലനത്തിന്റ്റെയും മെന്ററിംഗിന്റ്റെയും വിവിധ ഘട്ടങ്ങള്‍ കടന്ന് പാലായിലെ സ്വപ്നവേദിയിലേക്കെത്താവുന്ന ഒരു യാത്രയാണ് ഓര്‍മ്മ WMF-നോടു ചേര്‍ന്ന് സീസണ്‍ 4-ല്‍ ലോകമെമ്പാടുമുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നത്. ലഹരിക്കെതിരെ യുവശബ്ദങ്ങള്‍ ഉയര്‍ത്തുന്നതിനൊപ്പം, അവര്‍ നാളെ ലോകത്തിന്റ്റെ ഏതു ഭാഗത്തും ഏതു തൊഴില്‍മേഖലയിലും എത്തിയാലും സ്വന്തം അറിവും ആശയങ്ങളും ആത്മവിശ്വാസത്തോടെ പങ്കുവയ്ക്കാന്‍ കഴിയുന്ന മികച്ച ആശയവിനിമയക്കാരും നേതാക്കളുമായി വളരാന്‍ സഹായിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യവും ഈ സംരംഭത്തിനുണ്ട്.

രജിസ്‌ട്രേഷന്‍: സെപ്റ്റംബര്‍ 15 - ഡിസംബര്‍ 15, 2026 | ആദ്യ റൗണ്ട്: 3 മിനിറ്റ് പ്രസംഗവീഡിയോ | ഭാഷകള്‍: മലയാളം, ഇംഗ്ലീഷ് | രജിസ്‌ട്രേഷന്‍ ഫീസ്: ഇല്ല | പരിശീലനവും മെന്റ്റെറിംഗും: സൗജന്യം | ഗ്രാന്‍ഡ് ഫിനാലെ: ഓഗസ്റ്റ് 7, 2027 - പാലാ, കേരളം.


കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റ്റെ ഔദ്യോഗിക വെബ്‌സൈറ്റ്  www.ormaspeech.org സന്ദര്‍ശിക്കാം. വാട്‌സ്ആപ്പ്: +1 412 656 4853 | +91 7907810571.
 

ലഹരിക്കെതിരെ യുവശബ്ദം ഉയരട്ടെ; ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസണ്‍ 4 രജിസ്‌ട്രേഷന്‍ തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക