
മാംഗോ ഫോണില്‍ തുടങ്ങി മുട്ടില്‍ മരംമുറി കേസിലൂടെയും മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള വിവാദ പദ്ധതിയിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞ അഗസ്റ്റിന്‍ സഹോദരന്മാരെ വീണ്ടും നിയമനടപടികള്‍ പിന്തുടരുന്നു. അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ ഇപ്പോള്‍ ജാമ്യം നിഷേധിക്കപ്പെട്ട് വയനാട്ടിലെ മാനന്തവാടി ജയിലിലാണ്. ലഹരിക്കെതിരെ പൊരുതുന്നവര്‍ എന്ന് കൊട്ടിഗ്‌ഘോഷിക്കുന്ന ഒരു ചാനലിന്റെ മുതലാളിതന്നെ മദ്യക്കേസില്‍ അകത്താവുന്നത് അത്യപൂര്‍വമായ സംഭവമാണ്. വാര്‍ത്തകളും വ്യാജ വാര്‍ത്തകളും സൃഷ്ടിച്ച് എയറിലിട്ട് വില്‍ക്കുന്നവരുടെ ഉടമതന്നെ സ്വയം യഥാര്‍ത്ഥ വാര്‍ത്തയുടെ കേന്ദ്രബിന്ദുവായതാണ് കൗതുകം.
നിയമാനുസൃതമായി കൈവശം വയ്ക്കാവുന്നതിലും അധികം മദ്യം സൂക്ഷിച്ചെന്ന അബ്കാരി കേസിലാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അദീന ബിജു 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിന് പിന്നാലെ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളി. വയനാട്ടിലെ കുടുംബവീട്ടില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 67 ലിറ്റര്‍ വിദേശമദ്യവും വൈനും കണ്ടെത്തിയെന്നാണ് എക്‌സൈസ് വിഭാഗത്തിന്റെ ആരോപണം. വ്യക്തിഗത ആവശ്യത്തിനായി നിയമപരമായി അനുവദിച്ച പരിധിയെക്കാള്‍ കൂടുതലാണിതെന്നാണ് അധികൃതരുടെ നിലപാട്.
കേരള അബ്കാരി നിയമത്തിലെ 55(1), 55(എ), 58 വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിയമ വിരുദ്ധമായ ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വില്‍പ്പന, അനധികൃത മദ്യകൈവശംവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസിലും അഗസ്റ്റിന്‍ സഹോദരന്മാരുടെ വീടുകളിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയതിന് പിന്നാലെയാണ് ആന്റോയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.
മെസ്സിയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമും കേരളത്തിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന, എന്നാല്‍ പിന്നീട് നടക്കാതെപോയ ഫുട്‌ബോള്‍ പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളും വഞ്ചനാരോപണങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായിരുന്നു എസ്.ഐ.ടി. പരിശോധന. പരിപാടിയുടെ പ്രധാന വാണിജ്യ പങ്കാളിയായിരുന്നു ആന്റോയുടെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി.
അഗസ്റ്റിന്‍ സഹോദരന്മാരുടെ പേരുകള്‍ വിവാദങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. 2016 ഫെബ്രുവരിയില്‍ കേരളത്തിന്റെ സ്വന്തം സ്മാര്‍ട്ട് ഫോണ്‍ എന്ന അവകാശവാദത്തോടെ അവതരിപ്പിച്ച 'മാംഗോ ഫോണ്‍' പുറത്തിറക്കാനിരിക്കെയാണ് ആന്റോയും സഹോദരന്‍ ജോസുകുട്ടിയും ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായത്. കൊച്ചിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി ആസ്ഥാനമായ 'എം ഫോണ്‍ ഇലക്‌ട്രോണിക്‌സ് ആന്റ് ടെക്‌നോളജീസ്' എന്ന കമ്പനിയാണ് ഫോണ്‍ അവതരിപ്പിച്ചത്. ഐഫോണിന് കേരളത്തിന്റെ മറുപടിയെന്ന നിലയില്‍ കമ്പനി വലിയ പ്രചാരണം നടത്തിയിരുന്നു.
എന്നാല്‍ ഫോണിന്റെ ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വന്ന അറസ്റ്റ് വലിയ വാര്‍ത്തയായി. കളമശേരി പൊലീസ് ഉന്നയിച്ച ആരോപണമനുസരിച്ച്, നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ പണയപ്പെടുത്തിയിരുന്ന വസ്തു വീണ്ടും പണയംവച്ച് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് കോടികളുടെ വായ്പ നേടുകയായിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ചെന്ന ആരോപണവും ഉയര്‍ന്നു. ബാങ്ക് ഓഫ് ബറോഡ നല്‍കിയ പരാതിയില്‍ ഏകദേശം 2.68 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ചിരുന്നെങ്കിലും, സമാന രീതിയില്‍ മറ്റ് ബാങ്കുകളില്‍നിന്നും പണം സമാഹരിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചിരുന്നു.
മാംഗോ ഫോണ്‍ വിവാദത്തിന് മുമ്പുതന്നെ അഗസ്റ്റിന്‍ സഹോദരന്മാരുടെ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി പരാതികള്‍ ഉയര്‍ന്നിരുന്നു. പത്തടിപ്പാലത്തെ ഏഷ്യ മോട്ടോര്‍ വര്‍ക്ക്‌സ് ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ടും നിരവധി പരാതികള്‍ ഉണ്ടായതായി പൊലീസ് രേഖകളില്‍ പറയുന്നു. 2016 മാര്‍ച്ചില്‍ കളമശേരി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ടായിരുന്നുവെന്നും കര്‍ണാടകയിലും സമാനമായ പരാതി ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. കൊടകിലെ പ്ലാന്റേഷനില്‍നിന്ന് മരങ്ങള്‍ വില്‍ക്കാമെന്ന് വാഗ്ദാനം ചെയ്ത് മംഗളൂരു സ്വദേശിയില്‍നിന്ന് 1.5 കോടി രൂപ വാങ്ങിയെന്നായിരുന്നു കര്‍ണാടകയിലെ പരാതിയിലെ ആരോപണം. ഇതില്‍ ഏകദേശം പകുതി തുക തിരികെ നല്‍കിയെങ്കിലും 75 ലക്ഷം രൂപ ബാക്കിയുണ്ടായിരുന്നുവെന്നാണ് ആരോപണം.
വാഹനം വാങ്ങുന്നതിനായി എറണാകുളത്തെ ഐ.സി.ഐ.സി.ഐ ബാങ്കില്‍നിന്ന് ഏകദേശം ഒരു കോടി രൂപ വായ്പയെടുത്തതായും പൊലീസ് പറഞ്ഞിരുന്നു. പിന്നീട് വാഹനം കോടതി ഉത്തരവിനെ തുടര്‍ന്ന് പിടിച്ചെടുത്തു. കാനറ ബാങ്കിനും 60 ലക്ഷത്തിലേറെ രൂപ നല്‍കാനുണ്ടായിരുന്നുവെന്ന അവകാശവാദവും ഉയര്‍ന്നിരുന്നു. ട്രക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി ട്രക്ക് നല്‍കിയില്ലെന്ന പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്തെ അനില്‍കുമാര്‍ നല്‍കിയ പരാതിയില്‍ 16 ലക്ഷം രൂപയുടെ ഇടപാടാണ് ആരോപിച്ചത്. മുവാറ്റുപുഴയിലെ ഒരു നിര്‍മാണ കമ്പനിയില്‍നിന്ന് ട്രക്കിനായി 17 ലക്ഷം രൂപ വാങ്ങിയെങ്കിലും വാഹനം നല്‍കിയില്ലെന്ന പരാതിയിലും ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം, ചില കേസുകളില്‍ പരാതിക്കാരുമായി പിന്നീട് ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് കോടതികള്‍ നടപടികള്‍ അവസാനിപ്പിച്ചിട്ടുമുണ്ട്.
2021-ല്‍ വയനാട്ടിലെ മുട്ടില്‍ സൗത്ത് പ്രദേശത്ത് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍നിന്ന് സംരക്ഷിത റോസ്‌വുഡ് മരങ്ങള്‍ അനധികൃതമായി മുറിച്ചുകടത്തിയെന്ന കേസാണ് അഗസ്റ്റിന്‍ സഹോദരന്മാരെ വീണ്ടും നിയമനടപടികളുടെ കേന്ദ്രത്തിലെത്തിച്ചത്. വഞ്ചന, മോഷണം, വ്യാജരേഖ നിര്‍മാണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വയനാട്ടില്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത 46 കേസുകളില്‍ 42 കേസുകളില്‍ സഹോദരന്മാര്‍ പ്രതികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. സൂര്യ ടിംബേഴ്‌സ് ഉടമയായ റോജി അഗസ്റ്റിന്‍ അനധികൃതമായി മുറിച്ച മരങ്ങള്‍ എറണാകുളത്തെ തടി ഡിപ്പോയിലേക്ക് എത്തിക്കാന്‍ ഇടപെട്ടുവെന്നാണ് വനംവകുപ്പിന്റെ ആരോപണം. മുട്ടില്‍ മേഖലയില്‍നിന്ന് മുറിച്ച ഏകദേശം 202 ക്യുബിക് മീറ്റര്‍ റോസ്‌വുഡ് ഇതുവരെ പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇതിനുപുറമെ അനധികൃതമായി മുറിച്ച മരങ്ങള്‍ ഉള്‍പ്പെട്ട ഇടപാടില്‍ 1.4 കോടി രൂപയുടെ വഞ്ചന നടന്നുവെന്ന പരാതിയിലും സഹോദരന്മാര്‍ക്കെതിരെ കേസ് നിലവിലുണ്ട്. മരങ്ങള്‍ വാങ്ങുന്നതിനായി അഡ്വാന്‍സായി തുക കൈപ്പറ്റിയ ശേഷം നിയമാനുസൃത രേഖകള്‍ നല്‍കാതിരിക്കുകയും മരം കൈമാറുകയും ചെയ്തുവെന്നാണ് പരാതിക്കാരന്റെ ആരോപണം. ആദ്യം ക്രിമിനല്‍ വിശ്വാസവഞ്ചനയും വഞ്ചനയും ചുമത്തിയെങ്കിലും പിന്നീട് ഹൈക്കോടതി ക്രിമിനല്‍ വിശ്വാസവഞ്ചനാ വകുപ്പ് ഒഴിവാക്കി; വഞ്ചനാ ആരോപണം നിലനിറുത്തുകയായിരുന്നു.
അഗസ്റ്റിന്‍ സഹോദരന്മാരുടെ പേരുകള്‍ വീണ്ടും ദേശീയ ശ്രദ്ധയിലെത്തിയത് ലോക ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തോടെയാണ്. 2025-ല്‍ കൊച്ചിയില്‍ അര്‍ജന്റീന ടീമിന്റെ മത്സരം സംഘടിപ്പിക്കാനുള്ള നീക്കമാണ് പിന്നീട് വിവാദമായത്. പിണറായി സര്‍ക്കാരാണ് പദ്ധതിക്ക് പിന്തുണ നല്‍കിയത്. അന്നത്തെ കായികമന്ത്രി വി അബ്ദുറഹിമാന്‍ കേരളത്തിന്റെ കായിക-ടൂറിസം മേഖലകള്‍ക്ക് വലിയ ഉണര്‍വുണ്ടാക്കുന്ന പദ്ധതിയായി ഇതിനെ അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവാകില്ലെന്നും അവകാശപ്പെട്ടിരുന്നു.
എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നടപടിക്രമങ്ങളെയും സാമ്പത്തിക ഇടപാടുകളെയും ചുറ്റിപ്പറ്റി നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു.ടെന്‍ഡറോ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റോ ക്ഷണിക്കാതെയാണ് സ്‌പോണ്‍സറെ തിരഞ്ഞെടുത്തതെന്ന ആരോപണം ഉള്‍പ്പെടെ ഉയര്‍ന്നു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി (എ.ഐ.എഫ്.എഫ്) കരാറുണ്ടാക്കിയതായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ലിമിറ്റഡ് (ആര്‍.ബി.സി) അവകാശപ്പെട്ടെങ്കിലും കരാറിന്റെ തീയതിയും സര്‍ക്കാര്‍ അനുമതിയുടെ സമയക്രമവും അന്വേഷണവിധേയമായി.
ഫിഫ, എ.ഐ.എഫ്.എഫ് അനുമതികള്‍, ധനകാര്യ വകുപ്പിന്റെ പരിശോധന, ഫണ്ടിന്റെ ഉറവിടം, സാമ്പത്തിക ക്ലോഷര്‍ എന്നിവയുമായി ബന്ധപ്പെട്ടും അന്വേഷണസംഘം ചോദ്യങ്ങള്‍ ഉന്നയിച്ചു. ആര്‍.ബി.സി ഏകദേശം 1.45 കോടി അമേരിക്കന്‍ ഡോളര്‍ (ഏകദേശം 126 കോടി രൂപ) അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകൃത കളക്ഷന്‍ ഏജന്റിന് കൈമാറിയതായി അവകാശപ്പെട്ടു. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 210 കോടി രൂപ വരുമെന്നായിരുന്നു കണക്ക്. സ്റ്റേഡിയം ക്രമീകരണങ്ങളും അഞ്ച് കോടി രൂപയുടെ സുരക്ഷാ നിക്ഷേപം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ പരിധിയില്‍ വന്നു. അവസാനം ഏറെ കൊട്ടിഘോഷിച്ച മത്സരം നടന്നില്ല. അതിന് സംഘാടകര്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ കുറ്റപ്പെടുത്തി.
കായിക വകുപ്പിന്റെയും ജി.എസ്.ടി വകുപ്പിന്റെയും പരിശോധനകളില്‍ കണ്ടെത്തിയതായി പറയുന്ന ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പി. പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ആന്റോ അഗസ്റ്റിനെയും ആര്‍.ബി.സിയെയും പ്രതികളാക്കി വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളില്‍ കളമശേരി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16-ന് എസ്.ഐ.ടി അഞ്ച് സ്ഥലങ്ങളില്‍ പരിശോധന നടത്തി. രേഖകള്‍, ഡിജിറ്റല്‍ ഉപകരണങ്ങളിലെ വിവരങ്ങള്‍, വിദേശ കറന്‍സി, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ആരോപണങ്ങള്‍ നിഷേധിച്ച ആന്റോ അഗസ്റ്റിന്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ, സെപ്റ്റംബര്‍ 17-ന്, നിയമാനുസൃത പരിധിയില്‍ കൂടുതലായി മദ്യം കൈവശംവച്ചെന്ന അബ്കാരി കേസില്‍ ആന്റോയെ എക്‌സൈസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാംഗോ ഫോണിന്റെ ലോഞ്ച് ദിനത്തിലെ അറസ്റ്റ് മുതല്‍ മുട്ടില്‍ മരംമുറി വിവാദവും മെസ്സി വരുമെന്ന പ്രഖ്യാപനവും ഒടുവില്‍ അബ്കാരി കേസിലെ അറസ്റ്റും വരെ അഗസ്റ്റിന്‍ സഹോദരന്മാരുടെ പേരുകളെ പിന്തുടരുന്ന ക്രിമിനല്‍ വിവാദങ്ങളുടെ എപ്പിസോഡുകള്‍ വീണ്ടും ബ്രേക്കിങ് ന്യൂസുകളായിരിക്കുകയാണ്.