Image

പകരക്കാരനില്ലാത്ത രാഹുൽ (കാഴ്ചപ്പാടുകള്‍:എം.കെ നാരായണമൂർത്തി)

Published on 18 September, 2026
പകരക്കാരനില്ലാത്ത രാഹുൽ (കാഴ്ചപ്പാടുകള്‍:എം.കെ നാരായണമൂർത്തി)

 മാറ്റങ്ങളെ വായിച്ചെടുത്ത് രാഷ്ട്രീയ പരിപാടികളാക്കുകയാണ് രാഹുൽഗാന്ധി ചെയ്യുന്നത്.കോൺഗ്രസ്സിലെ മറ്റ് നേതാക്കൾക്ക് ഇത് ഇപ്പോഴും പിടികിട്ടിയിട്ടില്ല.

ഏതൊരു ജനാധിപത്യസംവിധാനത്തിന്റേയും സൗന്ദര്യവും ശക്തിയും അതിന്റെ പ്രതിപക്ഷമാണ്.പ്രതിപക്ഷത്തിന്റെ സൂക്ഷ്മമായ നിരീക്ഷണത്തിലും തിരുത്താനുള്ള ശ്രമങ്ങളിലുമാണ് ജനാധിപത്യം അർത്ഥവത്താകുന്നത്.ഇന്നത്തെ ഇന്ത്യയിൽ ആ ജോലി അതിന്റെ ഉത്തരവാദിത്വത്തോടെ ചെയ്യുന്നത് ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി മാത്രമാണ്.താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ നിന്നു കൊണ്ട് മോ‍ഡി സർക്കാർ കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകളെ വെറുതെ വിമർശിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്.ഇടപെടാവുന്നയിടങ്ങളിലെല്ലാം വ്യക്തിപരമായി തന്നെ ഇടപെട്ടു കൊണ്ടാണ് രാഹുൽ ഗാന്ധി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്.പെല്ലറ്റ് തറച്ച് കണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ട ചെറുപ്പക്കാരനേയും കൂട്ടി പാർലമെന്റ് സ്ട്രീറ്റിലെ പോലീസ് സ്റ്റേഷനിൽ ചെന്ന് ആറു മണിക്കൂർ കുത്തിയിരുപ്പ് ,സമരം നടത്താൻ രാഹുൽഗാന്ധിയുടെ ഉന്നതമായ ജനാധിപത്യബോധം കൊണ്ടും കർമ്മശേഷി കൊണ്ടുമാണ്.രാജ്യത്തെ പ്രതിപക്ഷ നേതാവിന് വേറെ ജോലിയില്ലേയെന്ന ബാലിശമായ ചോദ്യമാണ് ജനാധിപത്യബോധം തീരെയില്ലാത്ത സംഘപരിവാരം ചോദിച്ചത്.രാജ്യത്തെ പ്രതിപക്ഷ നേതാവിന് ഇത്തരത്തിൽ ഇടപെടാനുള്ള സമയം കണ്ടെത്താനാകുമെന്ന് രാജ്യത്തിന് കാണിച്ചു കൊടുക്കാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞുവെന്നത് ഒട്ടും കുറച്ച് കാണേണ്ട കാര്യമല്ല.ബി.ജെ.പി ഭരണത്തിൽ വന്നിട്ട് കേവലം പന്ത്രണ്ട് വർഷങ്ങളേ ആയിട്ടുള്ളൂ.അതിന്റേതായ പോരായ്മകൾ അതിന്റെ നേതാക്കൾക്കും അണികൾക്കും വേണ്ടുവോളം ഉണ്ട്.രാഷ്ട്രീയ പ്രവർത്തനം,രാജ്യതന്ത്രം,ജനങ്ങളോടുള്ള കടമ മുതലായവയൊന്നും ശരിയായി മനസ്സിലാക്കാൻ ബി.ജെ.പിയുടെ ജനപ്രതിനിധികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.അതു കൊണ്ട് അവർ ഇത്തരം ജൽപ്പനങ്ങൾ നടത്തിക്കൊണ്ടേയിരിക്കും.വനിതാസംവരണ ബില്ലിനെ വളച്ചൊടിച്ച് അവതരിപ്പിച്ച് പാർലമെന്റിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം രാഹുൽഗാന്ധി ഏറ്റെടുക്കണമെന്നാണ് ബി.ജെ.പി വക്താവ് സമൃതി ഇറാനി ആവശ്യപ്പെട്ടിരിക്കുന്നത്.വിദ്യാര്‍ഥി  സമൂഹവുമായി രാഹുൽ ഗാന്ധി നേരിട്ടു സംവദിക്കുന്നത് മോഡിയുടെ പരീക്ഷ പേ ചർച്ച പോലെ ആകാതിരിക്കുന്നത് ആ പരിപാടിയിൽ അദ്ദേഹം കാണിക്കുന്ന ആത്മാർത്ഥത കൊണ്ടാണ്.രാജ്യത്തെ യുവതലമുറയെ കൈയ്യിലെടുക്കാൻ ബി.ജെ.പി ചുമതലപ്പെടുത്തിയിരിക്കുന്നവരിൽ കേരളത്തിന്റെ ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേറും ഉണ്ടെന്ന് കാണുമ്പോഴാണ് എത്ര അപഹാസ്യമായ രീതിയിലാണ് ഓരോ വിഷയത്തേയും ബി.ജെ.പി നേതൃത്വം സമീപിക്കുന്നതെന്ന് ബോധ്യമാകുന്നത്.കേരളത്തിലെ സ്വന്തം അണികളുമായി പോലും ശരിയായി ആശയവിനിമയം ചെയ്യാൻ സാധിക്കാത്തയാളാണ് രാജീവ് ചന്ദ്രശേഖറെന്നത് പലവുരു തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്.

തങ്ങളുടെ കഴിവുകേടുകളെ കുറിച്ച് മതിയായ ധാരണയില്ലാത്തതാണ് സംഘപരിവാരത്തിന്റെ എല്ലാക്കാലത്തേയും പ്രശ്നം.നിരവധി തവണ ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പെഴുതിയ സവർക്കറേയും മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് നാണമില്ലാതെ നിറയൊഴിക്കാൻ കഴിഞ്ഞ ഗോഡ്സേയേയും ആരാധിക്കാൻ മാത്രമുള്ള ബൗദ്ധികശേഷിയെ സംഘപരിവാരത്തിനുള്ളൂ.മനുസ്മൃതിയിലെ സ്ത്രീവിരുദ്ധ പ്രരാമർശങ്ങളെ നിശിതമായി വിമർശിച്ച രാഹുൽഗാന്ധി മറ്റു മതങ്ങളിലെ സ്ത്രീകളെ കുറിച്ച് പറയാത്തത് എന്തുകൊണ്ടാണെന്നാണ് വിശ്വഹിന്ദുപരിഷത്തിന്റെ ഒരു നേതാവ് വിലപിക്കുന്നത്.രാജ്യം നേരിടുന്ന വിലക്കയറ്റം,തൊഴിലില്ലായ്മ,സ്കൂളുകളുടെ ശോച്യാവസ്ഥ തുടങ്ങിയവയെ കുറിച്ച് പറയുമ്പോൾ ഏറ്റവും വിഷലിപ്തമായ ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞാണ് ഇത്രകാലം സംഘപരിവാരം പിടിച്ചു നിന്നത്.പുതിയ കാലത്ത് ഇനിയത് നടക്കുമെന്ന് തോന്നുന്നില്ല.ജെൻസീ-ആൽഫാ ജനറേഷനുകളോട് മതം പറഞ്ഞും കൈയ്യിൽ ചരടു കെട്ടിയും ഇടപെടാൻ അവർ നിന്നു കൊടുക്കില്ല. അവരുടെ ലോകം ഡിജിറ്റലാണ്.അവരുടെ മുന്നിൽ പുരോഗമനപരമായ ഒരുപാട് പ്രത്യയശാസ്ത്രങ്ങളും ശാസ്ത്രത്തിന്റേതായ ലോകവും തുറന്ന് കിടപ്പുണ്ട്.ഗോമൂത്രത്തിന്റെ വൈശഷ്യം പറയുമ്പോൾ അവർ ഉള്ളിൽ ചിരിക്കും.സി.ജെ.പി സമരം വിജയിച്ചതിന്റെ മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്.ജെൻസീയുടെ മാതാപിതാക്കളുടെ നിലപാടിലുണ്ടായ മാറ്റമാണത്.കഴിഞ്ഞ പ്രാവശ്യം ബി.ജെ.പിക്ക് വോട്ടു ചെയ്ത ആ തലമുറയും മാറി ചിന്തിച്ചു തുടങ്ങിയെന്നതിന്റെ വ്യക്തമായ തെളിവാണ് ബീഹാറിലെ ബങ്കൂര അസംബ്ളി മണ്ഡലത്തിൽ പ്രശാന്ത് കിഷോർ നേടിയ വിജയം.ബി.ജെ .പി ശക്തി കേന്ദ്രമാണെന്ന് അവർ വിശ്വസിച്ചിരുന്ന മണ്ഡലമാണ് ബങ്കൂര.ഇത്തരം മാറ്റങ്ങളെ വായിച്ചെടുത്ത് രാഷ്ട്രീയ പരിപാടികളാക്കുകയാണ് രാഹുൽഗാന്ധി ചെയ്യുന്നത്.കോൺഗ്രസ്സിലെ മറ്റ് നേതാക്കൾക്ക് ഇത് ഇപ്പോഴും പിടികിട്ടിയിട്ടില്ല.കോൺഗ്രസ്സ് പ്രവർത്തക സമിതിയിൽ എത്ര നേതാക്കൾ ജന്തർമന്തറിലെ സമരസ്ഥലത്തേയ്ക്ക് പോയി എന്ന് രാഹുലിന് തന്നെ ചോദിക്കേണ്ടി വന്നതും ഈ ഘട്ടത്തിലാണ്.മല്ലികാർജ്ജുൻ ഖാർഗ്ഗേ പ്രസംഗിച്ച സ്ഥലത്ത് പുണ്യവെള്ളം തളിച്ചതിനെതിരെ കോൺഗ്രസ്സിലെ ഒരു നേതാവും വേണ്ടവിധത്തിൽ പ്രതികരിക്കാത്തതിൽ തനിക്ക് ദുഖമുണ്ടെന്ന് ഖാർഗ്ഗേയ്ക്ക് തന്നെ തുറന്നു പറയേണ്ടി വന്നു.രാഹുൽ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാൻ കേരളത്തിലുൾപ്പടെയുള്ള നേതാക്കൾ തയ്യാറായാൽ ബി.ജെ.പി അധികം താമസിയാതെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തുടച്ചെറിയപ്പെടും.

കേരളത്തിലെ സി.പി.എമ്മിനെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് ശപഥം എടുത്തിരിക്കുകയാണ് പിണറായി വിജയൻ.അഹങ്കാരത്തിന്റേയും ധാർഷ്ട്യത്തിന്റേയും സ്വരം വെടിയാൻ പിണറായി വിജയന് സാധിക്കില്ലെന്നതാണ് സി.പി.ഐയ്ക്ക് നേരെയുള്ള അദ്ദേഹത്തിന്റെ കടന്നാക്രമണം.എൽ.ഡി.എഫ് അല്ല താനൊപ്പിട്ടാൽ വേറൊരു സി.പി.എമ്മുകാരൻ നിയമസഭയിലെ പ്രതിപക്ഷ ഉപപദവിയിലേക്ക് വരുമെന്നൊക്കെ തെരഞ്ഞെടുപ്പിന് മുമ്പ് പറയുമ്പോൾ കേൾക്കാനുള്ള സുഖമൊന്നും ഇപ്പോൾ പറയുമ്പോഴില്ല.പിണറായിയുടെ താൻ പോരിമയും എം.വി ഗോവിന്ദന്റെ വിദൂഷകവേഷവുമാണ് തെരഞ്ഞെടുപ്പിൽ സ്വന്തം അണികൾ പോലും വോട്ടു എതിർചേരിയിലേക്ക് മാറ്റി ചെയ്തതിന്റെ കാരണമെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.എൽ.ഡി.എഫിലെ വലിയകക്ഷി സി.പി.എമ്മാണ്.പക്ഷേ പിണറായി വിജയനല്ല.കേവലമൊരു പാർട്ടി മെമ്പർ എന്നതിനപ്പുറം മറ്റൊന്നുമല്ലാത്ത പിണറായി വിജയനെ ഇരിക്കുന്ന കൊമ്പ് മുറിക്കാനുള്ള ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ ത്യാഗപൂർണ്ണമായ ജീവിതം നയിക്കുന്ന ഇടതു നേതാക്കൾ ഇടപെടേണ്ടി വന്നേക്കാം.ബംഗാളിൽ ഇപ്പോൾ യുജനനേതാക്കൾ പാർട്ടി സംഘടിപ്പിക്കുന്ന പരിപാടികളിൽ തങ്ങളുടെ മുൻഗാമികൾ ചെയ്ത തെറ്റുകൾക്ക് മാപ്പു ചോദിച്ചു കൊണ്ടാണ് പ്രസംഗം ആരംഭിക്കുന്നത്.അതൊരു തുറന്നു പറച്ചിലും സത്യസന്ധമായ രാഷ്ട്രീയ സമീപനവുമാണ്.തങ്ങളെ ആരും പിടിച്ചു തിന്നാൻ പോകുന്നില്ലെന്ന് അവർ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.മാത്രമല്ല അവർ സംസാരിക്കുന്നത് സാധാരണക്കാരന്റെ ഭാഷയിലാണ്.ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂടുതൽ ഏകോപനം ആവശ്യമാണെന്ന് ഒരു അഭിമുഖത്തിൽ സി.പി,എമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി ഈ ലേഖകനോട് തന്നെ പറഞ്ഞതാണ്.അത്തരമൊരു ഏകോപനത്തിന് തുരങ്കം വയ്ക്കുന്ന സമീപനം പിണറായി വിജയനിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്.നാണവും മാനവും ഉണ്ടെങ്കിൽ സി.പി.ഐ കേരളത്തിലെ എൽ.ഡി.എഫ് ബാന്ധവം ഉപേക്ഷിക്കണം.ഭരണപരമായി യാതൊരു പ്രസക്തിയുമില്ലാത്ത പ്രതിപക്ഷപദവി ആലങ്കാരികമായി മാത്രം ആവശ്യപ്പെടുമ്പോൾ അതിനെ തൃണവൽഗണിക്കുന്ന പിണറായിയുടെ നിലപാട് കേരളസംസ്ഥാനത്തിന്റെ സെക്രട്ടറിയ്ക്ക് താങ്ങാൻ കഴിയുമായിരിക്കാം.പക്ഷേ അതിനെതിരെ ശക്തമായി പ്രതികരിച്ചില്ലെങ്കിൽ ആ പാർട്ടിയെ സ്നേഹിക്കുന്ന സാധാരണ പ്രവർത്തകന് നേതൃത്വത്തോടുള്ള താൽപര്യം ഇല്ലാതാക്കും.സ്വതവേ സാത്വിക സ്വഭാവം പുലർത്തുന്ന ബിനോയ്വിശ്വത്തിനോട് എനിക്ക് പറയാനുള്ളത് ഇത്രയേയുള്ളൂ.ചില തീരുമാനങ്ങൾ കടുത്തതാണെങ്കിൽ പോലും സ്വീകരിക്കുക തന്നെ വേണം.വെളിയം ഭാർഗ്ഗവനും സി.കെ.ചന്ദ്രപ്പനുമൊക്കെ അത് കാണിച്ചു തന്നതാണ്.നിങ്ങൾ സി.പി.എമ്മുമായി നല്ല ബന്ധത്തിൽ പോകണമെന്നത് ഇന്നിന്റെ ആവശ്യമാണ്.അത് സി.പി.എമ്മിലെ ബഹുഭൂരിപക്ഷത്തിനും അറിയാം.എന്നാൽ അതിന്റെ അർത്ഥം രാഷ്ട്രീയത്തിൽ സമ്പൂർണ്ണ പരാജയമായി നിൽക്കുന്ന പിണറായി വിജയന്റെ വൃത്തികെട്ട ധാർഷ്ട്യത്തിന് അടിയറവ് പറയണമെന്നല്ല.പിണറായിയും ഗോവിന്ദനും ഒക്കെ നരേന്ദ്രമോഡിയെ പോലെ വൃദ്ധരാഷ്ട്രീയത്തിന്റെ വക്താക്കൾ മാത്രമാണ്.മറ്റൊരു തൊഴിലും അറിയാത്തത് കൊണ്ട് ഇപ്പോഴും അധികാര ചിഹ്നങ്ങളിൽ രമിക്കുന്നവരാണ് അവർ.ആ രോഗത്തിന് ഷോക്ക് ചികിൽസയാണ് ആവശ്യമെങ്കിൽ അത് നൽകാൻ സി.പി.ഐയുടെ കേരളഘടകം  തയ്യാറാകണം.

അതുപോലെ സി.പി.എം പത്രസ്വാതന്ത്ര്യത്തെ കുറിച്ച് ഇനിയധികം പറയരുത്.തൊഴിൽ സ്വാതന്ത്ര്യത്തെ കുറിച്ചും.ഒരുതരത്തിലും ഉപദ്രവകരമല്ലാത്ത ഒരു ലേഖനത്തിന്റെ പേരിലാണ് ദേശാഭിമാനി പത്രത്തിന്റെ ഞായറാഴ്ച പേജിന്റെ ചുമതലക്കാരനായിരുന്ന വളരെ സീനിയറായ മാധ്യമപ്രവർത്തകൻ കെ.ആർ അജയന്റെ രാജി ദേശാഭിമാനി ചോദിച്ചു വാങ്ങിയത്.കള്ളൻ വിജയനെന്ന് തലക്കെട്ട് വന്ന ലേഖനം അത് എഴുതിയ ആൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട് നമ്മളെല്ലാവരും വായിച്ചതാണ്.ആ ലേഖനം നൽകാൻ തീരുമാനിച്ചതാണ് അജയൻ ചെയ്ത തെറ്റ്.ഒരാൾക്ക് സ്വയം കള്ളനെന്ന് തോന്നിയാൽ പിന്നെയാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.പിണറായി ഭക്തരുടെ ഈ മൗഢ്യത്തിന് ഒരു പ്രസ്ഥാനം കാലത്തോട് കണക്കു പറയേണ്ടി വരും.എന്നെ കണ്ടാൽ കിണ്ണം കട്ടവനാണോ എന്ന് തോന്നി തുടങ്ങിയെങ്കിൽ അതിന് വേണ്ടത് തൊലിപ്പുറത്തെ അഭ്യാസങ്ങളല്ല.ഒരു മുതിർന്ന മാധ്യമപ്രവർത്തകനെ അവഹേളിച്ചു കൊണ്ടുമല്ല.നാണംകെട്ട ന്യായങ്ങൾ നിരത്തി കേരളത്തിലെ പൊതുസമൂഹത്തെ വിഡ്ഢികളാക്കാൻ എം.സ്വരാജിനെ പോലുള്ളവരെ രംഗത്തിറക്കി അയാളുടെ രാഷ്ട്രീയ ജീവിതത്തിൽ കൂടി കരിവാരി തേച്ചിരിക്കുകയാണ് ഇപ്പോൾ പിണറായിയും കൂട്ടരുമെന്നത് പറയാതെ വയ്യ.

ദിമാഗി നക്സലുകൾ എന്ന നമ്മുടെ പ്രധാനമന്ത്രിയുടെ പദപ്രയോഗത്തിലെ വീണ്ടുവിചാരമില്ലായ്മ കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം.മാവോ ചിന്തകളുള്ള നാട്ടിൽ ജീവിക്കുന്നവരെയാണ് നരേന്ദ്രമോഡി ദിമാഗി നക്സലുകൾ എന്ന് വിളിച്ചിരിക്കുന്നത്.ഈ വാക്കു തന്നെ അദ്ദേഹത്തിന്റെ കണ്ടുപിടുത്തമാണ്.ഇന്ത്യയിൽ ജീവിക്കുന്നവർ എന്തുചിന്തിക്കണമെന്ന് നാഗ്പൂരിൽ തീരുമാനിക്കുമെന്ന വിളിച്ചു പറയലാണിത്.ഇതിലെ വളരെ രസകരമായ ഒരു വശമുണ്ട്.മാവോയുടെ ആശയങ്ങൾ പിൻപറ്റുന്ന ചൈനീസ് ഭരണകൂടം നമ്മുടെ വടക്കുകിഴക്കൻ അതിർത്തിയിൽ കൂടുതൽ സ്ഥലങ്ങൾ കൈയ്യേറി കൊണ്ടിരിക്കുന്നു.ന്യൂഡൽഹിയ്ക്ക് യാതൊരു മിണ്ടാട്ടവും ഇക്കാര്യത്തിൽ ഇല്ല.ഈ മാസം ചൈനീസ് പ്രസിഡണ്ട് ഇന്ത്യ സന്ദർശിക്കുന്നുമുണ്ട്.അതിർത്തിയിൽ ചൈനീസ് പട്ടാളം നമ്മുടെ ഭൂപ്രദേശം കൈയ്യേറി കൊണ്ടിരിക്കുമ്പോൾ നയതന്ത്ര തലത്തിലെങ്കിലും ചർച്ചകൾ നടത്താൻ ഇന്ത്യൻ സർക്കാരിന് കഴിയുന്നില്ലെന്ന പരിഹാസം അന്താരാഷ്ട്ര മാധ്യമങ്ങൾ പരിഹാസപൂർവ്വം ഉയർത്തി കഴിഞ്ഞു.രാജ്യം പ്രധാന പ്രശ്നങ്ങൾ നേരിടുമ്പോൾ ഇത്തരം ഉണ്ടയില്ലാവെടി പൊട്ടിക്കുന്നത് മോഡിയുടെ ഒരു രീതിയാണ്.സി.ജെ.പി പ്രതിഷേധങ്ങൾക്കിടയിൽ അർദ്ധരാത്രി വന്ന് വീഡിയോ റീൽസിട്ടതും കോളേജ് കുട്ടികൾ ക്ളാസ്സ് കട്ടു ചെയ്ത് നടക്കുന്നത് പോലെ പാർലമെന്റിൽ കയറാതെ ഒളിക്കുന്നതും നരേന്ദ്ര മോഡിയെന്ന സ്വയം പ്രഖ്യാപിത വിശ്വഗുരുവിനെ എത്രത്തോളം ഭയം കീഴടക്കിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.അമിത്ഷായേയും മോഡിയേയും ഇപ്പോൾ ഭരിക്കുന്നത് ഭയമാണ്.സ്വന്തം ജനതയെ അഭിമുഖീകരിക്കാനുള്ള ഭയം.ഏതുഘട്ടത്തിലും പാർലമെന്റിൽ ഉത്തരം പറയാൻ ബാധ്യതയുള്ള ഭരണഘടനാ പദവിയിൽ ഇരിക്കുന്നവരാണിവർ,രാജ്യത്തെ പ്രതിനീധികരിക്കുന്ന എം,പിമാരുടെ ചോദ്യങ്ങൾക്ക് ഇവർ ഉത്തരം പറഞ്ഞെ മതിയാകൂ.ഭരണഘടന അതു അനുശാസിക്കുന്നു.ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ താരതമ്യേന ജൂനിയറായ കിരൺ റിജ്ജുവിനെ കാര്യങ്ങൾ ഏൽപ്പിച്ച് ഇവർ രണ്ടു പേരും മുങ്ങിയപ്പോൾ കളിയാക്കപ്പെട്ടത് പാർലമെന്ററി ജനാധിപത്യമാണ്.എല്ലാപേരെയും എല്ലാക്കാലവും പറ്റിക്കാമെന്ന് ഇനിയെങ്കിലും മോഡിയും അമിത്ഷായും മോഹൻഭാഗവതും മനസ്സിലാക്കണം.അല്ലെങ്കിൽ ശിഷ്ടകാലം ദുരിതമയമായിരിക്കും.
 

Join WhatsApp News
പ്രിൻസ് തോപ്രാംകുടി 2026-09-18 16:22:18
"ഇമലയാളിയിൽ " ഈയിടെ വരുന്ന ലേഖനങ്ങളിൽ വച്ചു നല്ല കഴമ്പുള്ള ലേഖനം . ഇതു പ്രസിദ്ധീകരിക്കുന്ന പത്രാധിപർക്കു പ്രത്തേക അഭിനന്ദനങ്ങൾ. മോദിയെയും അമിട്ടു ഷായേയും വിമർശിച്ചാൽ അത് രാജ്യദ്രോഹ കുറ്റമായി പ്രകീർത്തിക്കുന്ന സംഘികൾ കേരളത്തിൽ ഇല്ലാത്തതു നമ്മുടെയൊക്കെ ഭാഗ്യം . അല്ലെങ്കിൽ ഇദ്ദേഹത്തിനെ പട്ടടയലിക്കടുത്തേനേ ഇതുനെ മുൻപേ . ജനാധിപത്യത്തിന്റെ ഓരോ വിരോധഭാസങ്ങള് ! പ്രിൻസ് തോപ്രാംകുടി
എ. സി. ജോർജ് 2026-09-19 02:01:36
ഈ ലേഖന കർത്താവിനോട് യോജിക്കുന്നു. പുരോഗമന ചിന്തകനായ പ്രിൻസ് തോപ്രാംകുടിയോടും യോജിക്കുന്നു. . ഇത്തരം വസ്തുനിഷ്ഠമായ സ്വതന്ത്രമായ കാഴ്ചപ്പാടും ലേഖനവും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഈ മലയാളിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക