
റോക്ക്ലാൻഡ്: ന്യൂ യോർക്കിലെ ആദ്യ ഇടവകകളിൽ ഒന്നായ റോക്ക്ലാൻഡ് തിരു കുടുംബ ദേവാലയത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാൾ ഈ വർഷവും ഭക്തി നിർഭരമായ വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. നാട്ടിലെ തിരുനാളുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കൊടി തോരണങ്ങളും മുത്തുകുടകളും ദീപാലങ്കാരങ്ങളും ചെണ്ടമേളവും വെടിക്കെട്ടും ആഘോഷമായ പ്രദക്ഷിണവും ഉൾപ്പെടെ തനത് കേരളീയ പാരമ്പര്യത്തിന്റെ ചാരുത നിറഞ്ഞതായിരുന്നു ആഘോഷങ്ങൾ.

സെപ്റ്റംബർ ഒന്നാം തീയതി മുതൽ എട്ടാം തീയതി വരെ എല്ലാ ദിവസവും പരിശുദ്ധ ദിവ്യ കാരുണ്യ ആരാധന, ജപമാല , വിശുദ്ധ കുർബ്ബാന, മാതാവിന്റെ നൊവേന എന്നീ തിരു കർമ്മങ്ങളോടെയാണ് തിരുനാളിനുള്ള ആത്മീയ ഒരുക്കങ്ങൾ നടന്നത് . എട്ടാം തീയതി വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഭക്തി നിർഭരമായ ജപമാല റാലിയും സംഘടിപ്പിച്ചു.

സെപ്റ്റംബർ 11 വെള്ളിയാഴ്ച ഇടവക വികാരി റെവ. ഫാ. സ്റ്റീഫൻ കണിപ്പിള്ളിൽ കൊടിയേറ്റിയതോടെ തിരുന്നാളിന് ഔദ്യോഗിക തുടക്കമായി. തുടർന്ന് ഫാ. ജേക്കബ് തെക്കേത്തോട്ടത്തിൽ ദിവ്യ ബലി അർപ്പിച്ചു. സെപ്റ്റംബർ 12 ശനിയാഴ്ച ഫാ. മെൽവിൻ പോളിന്റെ മുഖ്യ കർമ്മികത്വത്തിൽ ദിവ്യ ബലിയും ലദീഞ്ഞും അർപ്പിക്കപ്പെട്ടു . വെള്ളി ശനി ദിവസങ്ങളിൽ തിരു കർമ്മങ്ങൾക്ക് ശേഷം പള്ളിയിൽ തന്നെ തയ്യാറാക്കിയ സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

മുഖ്യ തിരുന്നാൾ ദിനമായ ഞായറാഴ്ച ഫാ. മെൽബിൻ ജോസഫ് പേഴത്തിങ്കൽ എം. സി .ബി.സ്സിന്റെ മുഖ്യ കർമികത്വത്തിൽ അർപ്പിക്കപ്പെട്ട ആഘോഷമായ പാട്ട് കുർബ്ബാന നടന്നു. ഫാ. ജോബി ജോസഫ് പൂച്ചുക്കണ്ടത്തിൽ, ഫാ. വിൻസെന്റ് പുന്നതാനത്ത്, ഫാ. റോയ് ചേട്ടാണിയിൽ, ഫാ. സെബാസ്റ്റ്യൻ ഇല്ലിക്കൽ സി. എം.ഐ എന്നിവർസഹകർമ്മികരായിരുന്നു.
തുടർന്ന് ലദീഞ്ഞും വിശുദ്ധരുടെ തിരു സ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണവും നടന്നു. സൺഡേ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ടാബ്ലോകൾ പ്രദക്ഷിണത്തിന് ആത്മീയവും ഭക്തി നിർഭരവുമായ ചാരുത പകർന്നു. ഗിന്നസ് റെക്കോർഡ് ജേതാക്കളായ ജോയ്സ് വെട്ടവും ശിഷ്യരും അവതരിപ്പിച്ച പഞ്ചാരി മേളം താള ലയ വിസ്മയമായി മാറി.

ഇടവക വികാരി ഫാ. സ്റ്റീഫൻ കണിപ്പിള്ളിൽ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കൈക്കാരൻമാരായ ലിജോ ജോൺ, അനിൽ ആന്റണി, ലീനു വയലുങ്കൽ ,പാരിഷ് കൌൺസിൽ അംഗങ്ങളൾ, വിവിധ തിരുനാൾ കമ്മറ്റികൾ, സൺഡേ സ്കൂൾ അധ്യാപകർ തുടങ്ങിയവർ ആഘോഷ പരിപാടികളുടെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ചു.

വിഭവസമൃദ്ധമായ സ്നേഹവിരുന്നിനുശേഷം വർണാഭമായ വെടിക്കെട്ടോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചത്. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും കേരളീയ പാരമ്പര്യത്തിന്റെയും മനോഹരമായ സംഗമമായി തിരുനാൾ ആഘോഷങ്ങൾ മാറി.