Image

കൊഴിഞ്ഞ നീലാംബര പൂക്കൾ (കഥ: ശ്രീകുമാർ ഭാസ്കരൻ)

Published on 18 September, 2026
കൊഴിഞ്ഞ നീലാംബര പൂക്കൾ (കഥ: ശ്രീകുമാർ ഭാസ്കരൻ)

“എടോ വൈശാഖ്, നാളെ നമുക്കൊരു ഗെസ്റ്റുണ്ട്, ഒരാഴ്ചത്തേക്ക് ഇവിടെക്കാണും. ജോലി അന്വേഷിച്ചു വരുന്നതാണ്. ഒരു കൃഷ്ണകുമാർ. കായംകുളത്തുകാരൻ. പ്രിയയുടെ സഹോദരനാണ്.”
ഞാൻ ടെറസ്സിൽ സായാഹ്നം ആസ്വദിച്ചുകൊണ്ടു  നിൽക്കുകയായിരുന്നു. അപ്പോഴാണ്        സണ്ണി  മാത്യു എന്ന സാം അണ്ണൻ അങ്ങോട്ടു വന്നത്. 
സണ്ണി മാത്യു, കാൺപൂർ ഡി. എ. വി. കോളേജിലെ ഗവേഷണ വിദ്ധ്യാർത്ഥിയായിരുന്നു. ഞാൻ  ആ കോളേജിലെ പി. ജി. സ്റ്റുഡന്റ്. ഞങ്ങൾ കാൺപൂർ ഐ. ഐ. ടി. ക്ക് സമീപം ഒരു ചെറിയ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു അപ്പോൾ. 
“പ്രിയയെ അറിയുമോ തനിക്ക്?”. അണ്ണൻ എന്നോടു ചോദിച്ചു. 
“സലീമിന്റെ...“ ഞാൻ  അർദ്ധോക്തിയിൽ നിർത്തി.  
“അഹ്. അതേ.” അണ്ണൻ പറഞ്ഞു.  
അപ്പോൾ സെപ്റ്റംബർ മാസമായിരുന്നു. ഞാൻ സ്വെറ്റർ ഇട്ടുതുടങ്ങി. സാധാരണ ഇവിടെ ആളുകൾ ഒക്ടോബറിലെ സ്വെറ്ററിൽ കേറുകയുള്ളൂ. 
എന്നാൽ എനിക്ക് തണുപ്പ് ഒരു വലിയ പ്രശ്നമാണ്. ചൂട് എങ്ങനേയും സഹിക്കാം. പക്ഷേ തണുപ്പ് അതുപോലെ പറ്റില്ല. 
സെപ്റ്റംബർ ആകുമ്പോഴേക്കും, സായാഹ്നത്തിൽ കാൺപൂർ അതിന്റെ അന്തരീക്ഷം നേർത്ത മഞ്ഞുകവചം കൊണ്ട് മൂടും. സുഖകരമായ ഒരു കാലവസ്ഥയാണത്. 
മിക്കവാറും ദിവസങ്ങളിൽ വൈകിട്ട് അഞ്ചുമണിയാകുമ്പോൾ ഞാൻ ഞങ്ങളുടെ വീടിന്റെ  ടെറസ്സിൽ കയറും. അഞ്ച് ഇരുപതിന് വരുന്ന ട്രെയിൻ കാണാൻ. 
ട്രെയിൻ എന്നും എനിക്ക് ഒരു ഹരമായിരുന്നു. കാൺപൂരിലെ ട്രെയിൻ കാഴ്ച വിശേഷപ്പെട്ടതാണ്. റെയിൽവേ ട്രാക്ക് ഞങ്ങളുടെ വീടിന് മുന്നിൽക്കൂടിയാണ് പോകുന്നത്. മാത്രമല്ല ഏകദേശം മൂന്നു കിലോമീറ്ററോളം നേർരേഖ പോലെ നീണ്ടു കിടക്കുന്ന ട്രാക്കാണത്. 
ട്രെയിൻ ദൂരെ നിന്നും പുക തുപ്പി വരുന്നത് കാണാൻ നല്ല രസമാണ്. ആ ട്രാക്ക് ആഗ്രയ്ക്കുള്ളതാണ്. ഗ്രാമവഴി എന്നു പറയാം. അതിലൂടെ പോകുന്ന ട്രെയിനുകളിൽ രാത്രി പത്തുമണിക്ക് പോകുന്ന ഒരു ഡീസൽ എഞ്ചിൻ ഒഴികെ ബാക്കി എല്ലാം കൽക്കരി ട്രെയിനുകളാണ്. അതും പഴയ ടൈപ്പ് എഞ്ചിൻ. ട്രെയിനിന്റെ മുൻഭാഗം കറുത്ത് ഉരുണ്ടുകൂർത്ത് വലിയൊരു മിസൈൽ പോലെ തോന്നിക്കും. 
ട്രെയിനിന്റെ മുകളിലായിരിക്കും യാത്രക്കാർ. അകത്തു നിറയെ പാൽപാത്രങ്ങളും വിറകു കെട്ടുകളുമായിരിക്കും. ട്രെയിൻ സാവകാശമാണ് സഞ്ചരിക്കുക. മുകളിൽ ഇരിക്കുന്നവർക്ക്  ആ വേഗതയിൽ തമാശകൾ പറഞ്ഞ് പ്രകൃതിഭംഗി ആസ്വദിച്ചിരിക്കാം. ട്രെയിൻ യാത്രക്കാർ ആരുംതന്നെ ടിക്കറ്റെടുക്കുന്നവരല്ല. അതെല്ലാം സൌജന്യ യാത്രക്കാരാണ്. കർഷകരാണ്. അവർക്കു വേണ്ടി ഇന്ത്യൻ റയിൽവേ  നൽക്കുന്ന സേവനമാണ് ആ ട്രെയിൻ.  
“സലീം-പ്രിയ പ്രണയ ജോഡിയെപ്പറ്റി തനിക്കെങ്ങനെ അറിയാം?”. അണ്ണൻ ചോദിച്ചു. “കേട്ടിട്ടുണ്ട്. കൂടുതൽ ഒന്നും അറിഞ്ഞുകൂടാ” ഞാൻ പറഞ്ഞു. 
“അതൊരു വലിയ കഥയാണ്.” അണ്ണൻ പറഞ്ഞു. 
“ഒറ്റ എപ്പിസോഡായി പറഞ്ഞു തീർക്കണം.” ഞാൻ പറഞ്ഞു. 
“സലീം. നിങ്ങളുടെ സുപ്പർ സീനിയർ. പി. ജി. കെമിസ്ട്രി.”  
“അറിയാം”. ഞാൻ പറഞ്ഞു. 
“എങ്ങനെ?”. അണ്ണൻ ചോദിച്ചു. 
“സതീഷ് പറഞ്ഞിട്ടുണ്ട്. നീലാംബരപ്പൂക്കൾ...” ഞാൻ പറഞ്ഞു. 
സതീഷ് എന്റെ സീനിയർ ആയിരുന്നു. പി. ജി. സെക്കൻഡ്  ഇയർ പരീക്ഷയ്ക്ക് ഒരു പേപ്പർ കോപ്പി അടിച്ചതുകൊണ്ട്, ആ പേപ്പർ വീണ്ടും എഴുതേണ്ടി വന്നു. 
സതീഷ് അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിൽ ആയിരുന്നു. എന്നിട്ടും ഒരു ദുർബല നിമിഷത്തിൽ പരീക്ഷയ്ക്ക് കോപ്പിയടിച്ചു. ആ സമയത്ത് ചെക്കിങ്ങിന് വന്ന എക്സാം സ്ക്വാഡ് സതീശന്റെ തുണ്ട് പൊക്കി. പിന്നെ പേപ്പറിൽ യു. എഫ്. എം. അടിച്ചു അഥവാ അൺ ഫെയർ മീൽ.  
യു.  എഫ്.  എം. അടിച്ച പേപ്പർ പിന്നെ പകുതി മാർക്കിട്ടാണ് വാല്യൂ ചെയ്യുന്നത്. പിന്നെ ആ പേപ്പർ എത്ര നന്നായി എഴുതിയാലും ജയിക്കുക ബുദ്ധിമുട്ടാണ്. യു.  എഫ്.  എം. അടിച്ചതുകൊണ്ടു തോറ്റുപോയ ആ പേപ്പർ എഴുതാനാണ് സതീഷ് വീണ്ടും കാൺപൂരിൽ വന്നത്. സതീഷ് ഞങ്ങളുടെ കൂടെയാണ് അന്ന് താമസിച്ചത്. അന്ന് സതീഷ് പഴയ കഥകളൊക്കെ എന്നോടു പറഞ്ഞിരുന്നു. 
സതീശൻ നല്ലൊരു ഗായകനാണ്. നല്ല കറുപ്പ് നിറമാണ്. അതുകൊണ്ട് സതീഷിനെ കാലാപത്തർ എന്നു കൂട്ടുകാർ കളിയാക്കി വിളിക്കുമായിരുന്നു. സതീഷൻ ഒരു തൊട്ടാപ്പൊട്ടിയാണ്. മൃദുലഹൃദയത്തിന് ഉടമ. ചെറിയകാര്യം മതി പെട്ടെന്ന് പിണങ്ങും. ആളുകളോട് അത്ര പെട്ടെന്ന് യോജിച്ചു പോകുന്ന ടൈപ്പ് ആയിരുന്നില്ല. പക്ഷേ  എന്തോ എന്നോട് വളരെ പെട്ടെന്ന് സതീഷ് ഇണങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ നല്ലൊരു സ്നേഹബന്ധം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു. 
ഗായകനായിരുന്നുവെങ്കിലും ആരെങ്കിലും വെറുതെ ആവശ്യപ്പെട്ടാൽ സതീഷ്   പാടുമായിരുന്നില്ല. എന്നാൽ സലീം ആവശ്യപ്പെട്ടാൽ സതീഷ് മടികൂടാതെ പാടുമായിരുന്നു. കാരണം സതീഷിനെ സീനിയർ ആയിരുന്ന സലീം നന്നായി റാഗ് ചെയ്തിട്ടുണ്ട്. ആ ഒരു ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സലീമിനു വേണ്ടി സതീഷ് പാടിയിരുന്നത്.
സലീം-പ്രിയ പ്രണയ ജോഡികൾ ചില സായാഹ്നങ്ങളിൽ മോത്തിജി പാർക്കിൽ  ഒത്തുകൂടും. അപ്പോൾ അവിടെ ഗായകനായി സതീഷ് ഉണ്ടാകും. അവർക്കായി യേശുദാസ് ആലപിച്ച ‘നീലാംബരപ്പൂക്കൾ തോരണം ചാർത്തിയ..’ എന്ന ഹിറ്റ് പ്രണയഗാനം സതീഷ് പാടും. അങ്ങനെ കാമുകീ കാമുകന്മാർക്ക് വേണ്ടി വാടക ഗായകനായി പോയ ഒരുപാട് അനുഭവം സതീഷിനുണ്ട്. ആ അനുഭവം സതീഷ് എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ പ്രിയ എന്നു പറയുന്ന വ്യക്തി എനിക്ക് പരിചിതയാണ്. ഞാൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും.
“സലീമിന്റെ മുംതാസ് ആയിരുന്നു പ്രിയ. നേഴ്സ്. കായംകുളത്തുകാരി ബ്രാഹ്മിൺ”. അണ്ണൻ പറഞ്ഞു.  
     “പ്രിയ അടിസ്ഥാനപരമായി നഴ്സിംഗ് പഠിച്ച വ്യക്തിയല്ല. അവർ ബി. എസ്. സി. മാത്സ് ആയിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു. പി. ജി. പഠനം പ്രിയയുടെ ലക്ഷ്യമായിരുന്നെങ്കിലും അത് സാധിച്ചില്ല. പിതാവ് ഒരു ഊരാൺമ ക്ഷേത്രത്തിലെ   ശാന്തിക്കാരൻ. അമ്മ നേരത്തെ മരിച്ചു പോയിരുന്നു. ഒരു അനുജൻ. അവൻ ഇപ്പോൾ ഡിഗ്രി കഴിഞ്ഞു. പിതാവിന്റെ തുച്ഛമായ വരുമാനത്തിന് ഒരു പരിഹാരം എന്ന നിലയ്ക്കാണ് പ്രിയ കാൺപൂരിലെത്തുന്നത്. 
കായംകുളത്ത് പ്രിയയുടെ അയൽക്കാരിയായ ഒരു എൽസി ഉണ്ടായിരുന്നു. ഇവിടെ കാൺപൂരിൽ നേഴ്സായി. അഞ്ചു വർഷം മുൻപ് എൽസി ഒരു ക്രിസ്തുമസിന് നാട്ടിൽപ്പോയി തിരിച്ചു വരുമ്പോൾ  കൂടെ പ്രിയയും ഉണ്ടായിരുന്നു. പ്രിയ ഇവിടെ ഒരു ഹോസ്പിറ്റലിൽ നേഴ്സായി കയറി. ജോലി ചെയ്ത് ജോലി പഠിച്ചു. 
സലീം കൊല്ലംകാരനാണ്. പ്രിയ കായംകുളത്തുകാരിയും. യാദൃശ്ചികമായി മോത്തിജി പാർക്കിൽ വച്ചാണ് അവർ കണ്ടുമുട്ടുന്നത്. 
കാൺപൂരിൽ പഠിക്കുന്ന പി. ജി. വിദ്ധ്യാർത്ഥികളും ജോലി ചെയ്യുന്ന നേഴ്സുന്മാരും   എല്ലാ ഞായറാഴ്ചയും വൈകിട്ട് മോത്തിജി പാർക്കിൽ വരും. ഉല്ലാസമാണ് ലക്ഷ്യം.  അവിടെ വെച്ച് പുതിയ സൌഹൃദങ്ങളും പ്രണയങ്ങളും മുളപൊട്ടും. അതിൽ അപൂർവ്വം ചിലത് വിവാഹ ബന്ധത്തിലെത്തും. മോത്തിജി പാർക്കിൽ വെച്ചുണ്ടായ പരിചയമാണ് സലീം-പ്രിയ പ്രണയ ബന്ധത്തിന് കാരണം.  
“സലീം-പ്രിയ ക്രൌഞ്ചമിഥുനങ്ങൾ സജീവമായി പിന്നീട് മുന്നോട്ട് പോയോ?” ഞാൻ ചോദിച്ചു. 
“അതിനെ ഒരു ഫ്ലർട്ടിംഗ് ലവ് എന്നു പറഞ്ഞു കൂടാ. കാരണം സലീം വളരെ സിൻസിയർ ആയിരുന്നു. ഒപ്പം പക്വമതിയും. ഒരു ടൈംപാസ് പ്രേമം ആയിരുന്നില്ല അവരുടേത്. സലീമിന്റെ കുടുംബം തികച്ചും യാഥാസ്ഥിതികമായ ഒരു മുസ്ലിം കുടുംബമായിരുന്നു. ഫാദർ ഒരു കോൺട്രാക്ടർ. അവൻ ഒരേയൊരു മകൻ. നല്ല പൈസ ഉള്ള കുടുംബം. 
സലീം ഒരു സൽസ്വഭാവിയായിരുന്നു. ദുശ്ശീലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വല്ലപ്പോഴും ഇവിടെ ഞങ്ങൾ നടത്തിയിരുന്ന മദ്യക്കമ്പനിയിൽ അവൻ സജീവമായി പങ്കെടുക്കും. എല്ലാവർക്കും സെർവ്വ് ചെയ്യും. പക്ഷേ അവൻ ഒരിക്കലും കഴിച്ചിട്ടില്ല. 
അവൻ നന്നായി പാടുമായിരുന്നു. കാണാൻ വളരെ സുന്ദരനുമായിരുന്നു. രസകരമായ കാര്യം സലീം ഒരിക്കലും പ്രിയയുടെ മുന്നിൽ വെച്ച് പാട്ടു പാടിയിട്ടില്ല. സലീമിന് അവന്റെ കഴിവിനെപ്പറ്റി വേണ്ടത്ര മതില്ലാത്തതുകൊണ്ടുള്ള അപകർഷതാബോധം കൊണ്ടാകണം. അവൻ ഒരു ഗായകനാണെന്നുപോലും ഒരുപക്ഷേ പ്രിയയ്ക്ക് അറിയാമായിരുന്നില്ല. 
സലീമിന്റെ കൂടെ ചില ഞായറാഴ്ചകളിൽ പ്രിയ ഇവിടെ വന്നിട്ടുണ്ട്. അന്ന് ഞങ്ങൾക്ക് പ്രിയ കിഴങ്ങുകറി ഉണ്ടാക്കിത്തരും. നമ്മുടെ പഴയ നാടൻ ചായക്കടയിൽ പാലപ്പത്തിന്റെ കൂടെ കൊടുക്കുന്ന കറിയുണ്ടല്ലോ. തേങ്ങയരച്ചുവെച്ച കറി.  അതേ കറി. ഞങ്ങൾ അതിനെ അപ്പക്കറി എന്നു വിളിച്ചു. പ്രിയ വരുമ്പോൾ മാത്രമേ ഞങ്ങൾ തേങ്ങ അരച്ച കറി കഴിക്കുമായിരുന്നുളളു. 
ഞങ്ങൾക്ക് അപ്പക്കറി കഴിക്കണമെന്നു തോന്നുമ്പോൾ സലീമിനോട് പറയും. അപ്പോൾ അവൻ പ്രിയയെ വിളിച്ചുകൊണ്ടു വരും. 
അങ്ങനെ ഞങ്ങൾ എല്ലാവരുമായിട്ടും പ്രിയയ്ക്ക് നല്ല പരിചയമാണ്. പ്രിയ സ്ട്രിക്റ്റ് വെജിറ്റേറിയനാണ്. സലീം നോൺ വെജിന്റെ ആളും. പക്ഷേ അവന് വെജിറ്റേറിയനും നല്ല താല്പര്യമായിരുന്നു. ഞങ്ങൾ അപൂർവ്വമായി മാത്രമേ ഇവിടെ നോൺ പാചകം ചെയ്തിട്ടുളളു.
ഒരിക്കൽ പ്രിയയുടെ ജൻമദിനം ഞങ്ങൾ ഇവിടെ അഘോഷിച്ചിട്ടുണ്ട്. കേക്കിനു പകരം പ്രിയ ഇവിടെ ഉണ്ടാക്കിയ കിണ്ണനപ്പം മുറിച്ച്. കേക്ക് അല്പം നോൺ ആണല്ലോ.  
രണ്ടു വർഷം പെട്ടെന്ന് കടന്നു പോയി. സലീം പി. ജി. കഴിഞ്ഞ് നാട്ടിലേക്ക് പോയി. അന്ന് ഫോൺ വ്യാപകമല്ലാത്ത കാലം. ഇൻലൻഡിൽ കത്തെഴുതിയിരുന്ന കാലം. സലീമിനെപ്പറ്റി പിന്നീട് ഞങ്ങൾക്ക്  വിവരം ഒന്നും ഉണ്ടായിരുന്നില്ല.  
സലീം നാട്ടിലെത്തിയതിനു ശേഷം താമസിയാതെ ഒരു എയ്ഡഡ് മുസ്ലിം മനേജുമെന്റ് ഹൈയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി കയറി. ഡിഗ്രി കഴിഞ്ഞ് അവൻ ബി. എഡ്. ചെയ്തിരുന്നു. അതിന് ശേഷമാണ്. ഇവിടെ പി. ജി. ചെയ്യാൻ വന്നത്. 
നാട്ടിലെത്തി ഏഴുമാസം കഴിഞ്ഞ് ഒരു കത്തു മാത്രമേ അവൻ നമുക്കയച്ചുളളു. പക്ഷേ അതിൽ പ്രിയയെപ്പറ്റി അവൻ ഒന്നും ചോദിച്ചിരുന്നില്ല. 
പിന്നെ ഒരു എട്ടുമാസം കഴിഞ്ഞപ്പോൾ അവന്റെ ഒരു കല്യാണക്കുറി ഞങ്ങൾക്ക്  കിട്ടി. പക്ഷേ ഇവിടുന്നാരും അവന്റെ കല്യാണത്തിന് പോയില്ല. കല്യാണം നാട്ടിലായിരുന്നല്ലോ. 
പ്രിയയുമായുള്ള ബന്ധത്തിന് എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല. പിന്നെ പ്രിയയെ മോത്തിജി പാർക്കിൽ കണ്ടിട്ടില്ല. പിന്നീട് രണ്ടു വർഷത്തിന് ശേഷം ഇപ്പോഴാണവളെ ഞാൻ കാണുന്നത്. 
പ്രിയ കോളേജിൽ വന്നിരുന്നു. അനുജൻ വരുന്നുണ്ട്. അവന് ഒരു അക്കോമെഡേഷൻ ഇവിടെ കൊടുക്കണം എന്നു പറയാൻ.” അണ്ണൻ പറഞ്ഞു. പിന്നെ ഒരു നിമിഷം കഴിഞ്ഞ് അണ്ണൻ തുടർന്നു. 
“പ്രിയയുടെ  സഹോദരനാണ് കൃഷ്ണകുമാർ. വിപ്ലവവീര്യം തുളുമ്പുന്ന ഒരു കലാല രാഷ്ട്രീയ പ്രവർത്തകൻ. കൃഷ്ണകുമാറിനെ പഠിപ്പിച്ച് ജോലിക്കാരനാക്കി കുടുംബപ്രാരാബ്ധത്തിന് ഒരു പരിഹാരം കാണണം എന്നതാണ് പ്രിയയുടെ ഇപ്പോഴത്തെ ആഗ്രഹം. പ്രായമെത്തിയ ശാന്തിക്കാരനായ അച്ഛന് ഒരു വിശ്രമജീവിതം. അത് പ്രിയയുടെ ഒരു ലക്ഷ്യമാണ്. അവളുടെ അനുജൻ കൃഷ്ണകുമാർ നാളെ വരും” അണ്ണൻ പറഞ്ഞു. 
പിന്നെ ഒരു നിമിഷം കഴിഞ്ഞ്  പെട്ടെന്ന് എന്തോ ഓർത്തപോലെ അണ്ണൻ എന്നോടു പറഞ്ഞു.
“എടോ വൈശാഖ് പ്രിയയുടെ പ്രണയത്തെപ്പറ്റി ഞാനാരോടും പറഞ്ഞിട്ടില്ല. താനാരോടും പറയരുത്.” 
അതു കേട്ടപ്പോൾ ഞാൻ ചിരിച്ചുപോയി. പിന്നെ ‘പറയില്ല’ എന്ന് ഞാൻ അണ്ണന്  വാക്കു കൊടുത്തു. കൃഷ്ണകുമാർ പ്രിയയുടെ പ്രണയത്തെപ്പറ്റി അറിയരുത് എന്നാണ് അണ്ണൻ  ഉദ്ദേശിച്ചത്. അത് എനിക്കു മനസ്സിലായി. 
അടുത്ത ദിവസം വൈകിട്ട് അഞ്ചരയോടുകൂടി പ്രിയ കൃഷ്ണകുമാറുമായി ഐ. ഐ.  ടി. യിലെ ഞങ്ങളുടെ വീട്ടിൽ എത്തി. അന്ന് റപ്തിസാഗർ രണ്ടു മണിക്കൂർ മാത്രമേ താമസിച്ചുള്ളൂ. താമസിച്ചെത്തുന്ന കാര്യത്തിൽ കേഴ്വികേട്ട ട്രെയിനാണ് കൊച്ചിൻ ഖൊരഖ് പൂർ റപ്തിസാഗർ എക്സ്പ്രെസ്.  
ഒരിക്കൽ എന്റെ ഒരു ബന്ധു കാൺപൂർ വരുമെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തെ കൂട്ടാൻ റയിൽവെ  സ്റ്റേഷനിൽ പോയ എനിക്ക് ട്രെയിൻ വരുന്നതും കാത്ത് ഇരുപത്തിയാറ്  മണിക്കൂർ  റയിൽവെ സ്റ്റേഷനിൽ ഇരിക്കേണ്ട ഗതികേടുണ്ടായിട്ടുണ്ട്. അതാണ് റപ്തിസാഗർ. 
ഞങ്ങളുടെ വീട്ടിലെത്തിയ വിപ്ലവത്തീപന്തം കൃഷ്ണകുമാർ ഞാൻ പ്രതീക്ഷിച്ച രീതിയിൽ ഉള്ള ഒരാളായിരുന്നില്ല. വെളുത്തു മെലിഞ്ഞ ഒരു രൂപം. ചെറിയ ഒരു ഊഷാൻ താടി. അവൻ ഷർട്ടൂരിയാൽ എടുത്തു കാണുന്ന രണ്ടു കാര്യങ്ങൾ, നട്ടെല്ലിനോടൊട്ടിയ വയറും എഴുന്നു നിൽക്കുന്ന വാരിയെല്ലുമായിരുന്നു. 
ആ രൂപം അത്ര ദയനീയമായിരുന്നു. ഒരുമാതിരി സൊമാലിയൻ കുട്ടികളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ളത്ര ദയനീയമായ രൂപം. 
ഞങ്ങളുടെ വീട്ടിലെത്തിയ പ്രിയ ആദ്യമായി ആ വീട്ടിൽ വരുന്നവളെപ്പോലെ അവിടമാകെ ചുറ്റിനടന്നു കണ്ടു. ഒപ്പം കൃഷ്ണകുമാറും. വീടിന്റെ എല്ലാ മുറിയും പരിസരവും അണ്ണൻ പ്രിയയെ കൊണ്ടുനടന്നു കാണിച്ചു. ഞങ്ങളുടെ കിച്ചൺ  കണ്ട് പ്രിയ ഞെട്ടി. 
‘ഇത്ര ചെറുതോ കിച്ചൺ’ എന്ന് അവൾ അത്ഭുതം കൂറി. 
‘കാര്യമായ പാചക പരിപാടികൾ ഞങ്ങൾക്കില്ല’ എന്ന് അതിനു സമാധാനമായി അണ്ണൻ പറഞ്ഞു. 
അവരുടെ രണ്ടു പേരുടേയും അഭിനയവൈഭവം കണ്ട് ഞാൻ മിഴിച്ചു നിന്നു. ആദ്യമായി ഞങ്ങളുടെ വീട്ടിലെത്തിയ ഒരാളെപ്പോലെ തന്നെ പ്രിയ പെരുമാറി. അണ്ണൻ  പ്രിയക്കൊപ്പം നിന്നു. അവരുടെ അഭിനയം വല്ല സിനിമയിലും ആയിരുന്നു എങ്കിൽ  തീർച്ചയായും ഒരു ഒസ്കാർ പുരസ്കാരം കിട്ടിയേനെ. 
അവരുടെ പെർഫോമൻസ് കണ്ടുനിൽക്കാനുള്ള ശേഷി എനിക്കില്ലാത്തതുകൊണ്ട്  ഞാൻ ടെറസിലേക്ക് പോയി. 
അര മണിക്കൂർ കഴിഞ്ഞപ്പോൾ അണ്ണൻ എന്നെ വിളിച്ചു. 
ഞാൻ താഴെ എത്തുമ്പോൾ അണ്ണൻ, ‘തനിക്ക് വിരോധമില്ലെങ്കിൽ പ്രിയയെ ബഡാ ചൌരയിലുള്ള ഹോസ്പിറ്റലിൽ കൊണ്ടാക്കാമോ’ എന്നു ചോദിച്ചു. 
സമയം അപ്പോൾ ആറരയേ ആയിട്ടുണ്ടായിരുന്നുള്ളൂ. കാൺപൂരിനെ സംബന്ധിച്ച് ഏതു പാതിരാത്രിയിലും സ്ത്രീകൾക്ക് ധൈര്യമായി റോഡിലൂടെ സഞ്ചരിക്കാം. അവരെ ആരും ശല്യം ചെയ്യില്ല. ആരെങ്കിലും ശല്യം ചെയ്താൽ പിന്നെ അവന്റെ പൊടിപോലും കാണുകയില്ല. അത്രമാത്രം സ്ത്രീകൾ ബഹുമാനിക്കപ്പെടുന്ന സ്ഥലമാണ് കാൺപൂർ. കാരണം വീട്ടമ്മ എന്നത് വെറും ഒരു പേരല്ല അവിടെ. അക്ഷരാർത്ഥത്തിൽ അത് അങ്ങനെ തന്നെയാണ്. 
കാൺപൂരിൽ പൊതുവേ കാണുന്ന ഒരു രീതി, ഏതെങ്കിലും ഫംഗ്ഷന് വീട്ടുകാരെല്ലാവരും കൂടെ എവിടെയെങ്കിലും പോയാൽ ആ വീടിന്റെ താക്കോൽ വീട്ടമ്മയുടെ അരയിൽ ചുറ്റിക്കെട്ടിയിരിക്കുന്ന മഞ്ഞ നൂലിൽ കാണും. അതാണ് കാൺപൂരിന്റെ സംസ്കാരം. 
അങ്ങനെയുളളിടത്ത് വൈകിട്ട് അറരയ്ക്ക് പ്രിയയെ അനുഗമിക്കാമോ എന്ന്  അണ്ണൻ എന്നോടു ചോദിച്ചതിന്റെ യുക്തി എനിക്കു മനസ്സിലായില്ല. എങ്കിലും ഞാൻ  സമ്മതിച്ചു. 
ജട്ക വണ്ടിയിൽ എനിക്ക് എതിരായി ഇരിക്കുന്ന പ്രിയയുടെ മുഖത്ത് നോക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. നോക്കിയാൽ, ലോഹ്യം പറഞ്ഞാൽ  പ്രിയയുടെ പ്രണയരഹസ്യം എന്റെ വായിൽ നിന്ന് പുറത്തു വരുമോ എന്നു ഞാൻ ഭയപ്പെട്ടു. 
യാത്രയ്ക്കിടയിൽ ചിലപ്പോൾ ഞാൻ പ്രിയയെ നോക്കുമ്പോൾ അവൾ എന്നെ നോക്കി ചിരിക്കും. ഞാൻ തിരിച്ച് ഒന്നു ചിരിച്ചു എന്നു വരുത്തിയിട്ട് പുറത്തേക്ക് നോക്കിയിരിക്കും. 
എന്തിനേറെപ്പറയുന്നു. അന്ന് പതിനഞ്ചു കിലോമീറ്റർ, ഏതാണ്ട് മുക്കാൽ  മണിക്കൂർ നേരത്തെ യാത്രയിൽ, ഗ്രാൻഡ് ട്രങ്ക് റോഡിന്റെ ഇരുവശത്തേയും സൌന്ദര്യം ഞാൻ നന്നായി ആസ്വദിച്ചു.  
അടുത്ത ദിവസം ഞാൻ കോളേജിൽ നിന്നു വരുമ്പോൾ കൃഷ്ണകുമാർ വീട്ടിൽ ഉണ്ട്. ‘നാളെ മുതൽ ജോലി തെണ്ടാൻ പോകുന്നു’ എന്ന് അവൻ എന്നോടു പറഞ്ഞു. 
ഒപ്പം ‘ഞാൻ ഇന്ന് ഐ. ഐ. ടി. യിൽ പോയി ഇൻലൻഡ് വാങ്ങി, വീട്ടിലേക്ക്  കത്തെഴുതാൻ’ എന്നും പറഞ്ഞു. അല്പം കഴിഞ്ഞ് അവൻ എന്നോടു പറഞ്ഞു. 
“ഞാൻ ഐ. ഐ. ടി. യിൽ മുണ്ടുടുത്താണ് പോയത്”. 
എന്തോ ധീരകൃത്യം ചെയ്തതുപോലെയുള്ള ഒരു പ്രസ്താവന. അവനിലെ വിപ്ലവത്തീപന്തം അണഞ്ഞിട്ടില്ല എന്ന് എനിക്കു തോന്നി. അത് വകതിരിവില്ലാതെ ആളിക്കത്തുകയാണ്. 
ഐ. ഐ. ടി. ഒരു പ്രത്യേക ലോകമാണ്. കേന്ദ്ര ഗവൺമെന്റിന്റെ പ്രത്യേക പരിരക്ഷ കിട്ടുന്ന വിദ്ധ്യാഭ്യാസ - ഗവേഷണ കേന്ദ്രം. രാജ്യത്തിന്റെ അഭിമാന കേന്ദ്രങ്ങളിൽ ഒന്ന്. രാജ്യത്തെ എറ്റവും സമർത്ഥരായ കുട്ടികൾ എത്തുന്ന സ്ഥലം. അന്ന് അവിടെ ധാരാളം വിദേശികളും ഉണ്ടായിരുന്നു.  ഗവേഷണത്തിനും മറ്റുമായി. 
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലേയും കുട്ടികൾ അവിടെ പഠിക്കുന്നു. കേരളം ഉൾപ്പെടെ. ഞങ്ങൾ  ഐ. ഐ. ടി. യിൽ ഓണമാഘോഷിക്കാൻ പോയിട്ടുണ്ട്. അവിടുത്തെ കേരളാ സ്റ്റുഡൻറ്സ് ക്ഷണിച്ചിട്ട്. അന്ന് അവിടെ ഏതാണ്ട് മുപ്പതോളം മലയാളികൾ പഠിക്കുന്നുണ്ടായിരുന്നു.  
പൊതുവേ ഐ. ഐ. ടി. യിൽ എല്ലാവരും പാൻസാണ് ധരിക്കുന്നത്. സായാഹ്നങ്ങളിൽ ട്രൌസർ ധരിച്ചവരേയും അവിടെ കാണാം. അവർ ഓടാനോ കളിയ്ക്കാനോ പോകുന്നവരായിരിക്കും. മുണ്ടും കൈലിയുമൊന്നും ഐ. ഐ. ടി. യിൽ  കണ്ടിട്ടില്ല.
ഞങ്ങൾ അടുത്തുള്ള ചന്തയിൽ പോകുമ്പോൾ തനി മലയാളികളെപ്പോലെ മുണ്ടോ കൈലിയോ ഉടുത്ത് മടക്കിക്കുത്തി പോകാറുണ്ട്. ഒരു അഭിമാനം അല്ലെങ്കിൽ ഒരു ധിക്കാരം എന്ന നിലയിൽ. അങ്ങനെ ചന്തയിൽ ചെല്ലുന്ന നമുക്ക് ഒരു ബഹുമാനം അവിടെ കിട്ടാറുണ്ട്. കാരണം നമ്മൾ  മദ്രാസ്സികൾ ആണെന്ന് അവിടുത്തുകാർക്ക്  പെട്ടെന്ന് മനസ്സിലാകും. 
കാൺപൂരിൽ വരുന്ന മദ്രാസ്സി വിദ്ധ്യാർത്ഥികൾ എല്ലാം പി. ജി. ചെയ്യുന്നവരോ ഗവേഷകരോ ആയിരിക്കും. അത് അവിടുത്തുകാർക്ക് അറിയാം. കൈലി മടക്കിക്കുത്തി ചെല്ലുന്ന നമ്മളോട് അവർ വിദ്ധ്യാഭ്യാസമുള്ളവർ എന്ന നിലയിൽ ഒരു പ്രത്യേക ബഹുമാനം  കാണിക്കും.  
ഇത് ചന്തയിലെ കാര്യം. എന്നാൽ ഐ. ഐ. ടി. യിൽ ആരും മുണ്ടുടുത്ത് പോകാറില്ല. കാരണം അവിടെ ധാരാളം വിദേശികൾ ഉള്ളതുകൊണ്ട് ആ രീതിയിലുള്ള വസ്ത്രധാരണം വിദേശികളിൽ നമ്മെപ്പറ്റിയുള്ള മതിപ്പ് ഇല്ലാതാക്കും. അതു നമ്മുടെ സംസ്ഥാനത്തിന് കുറച്ചിലാണ്. 
ഈ ഒരു വകതിരിവ് കൃഷ്ണകുമാറിന് ഇല്ലാതെപോയി. ഞാൻ അവന്റെ ധീരത കേട്ടിട്ട്  ഒന്നുമാത്രം പറഞ്ഞു. 
“നാടോടുമ്പോൾ നടുവേ ഓടണം കൃഷ്ണകുമാർ. ഇല്ലങ്കിൽ നമ്മൾ പരിഹാസ്യരാവും”. 
അവനതിന്റെ അർഥം മനസ്സിലായോ എന്തോ. അറിയാവുന്നവനോട് പറയേണ്ട കാര്യമില്ല, അറിയാൻ വയ്യാത്തവനോട് പറഞ്ഞിട്ടും കാര്യമില്ല. അതുകൊണ്ട് അവനോട് കൂടുതൽ ഒന്നും പറയാൻ ഞാൻ മെനക്കെട്ടില്ല. 
അന്നു വൈകിട്ട് ഞാൻ ഞങ്ങളുടെ വീടിന്റെ ടെറസ്സിൽ സായാഹ്നം ആസ്വദിച്ചുകൊണ്ട് നിൽ ക്കുമ്പോൾ കൃഷ്ണകുമാർ എന്റെ അടുത്തു വന്നു. എന്നിട്ട് ചോദിച്ചു. 
“ചേട്ടാ ഉച്ചയ്ക്ക് കാണുന്ന സ്വപ്നം ഫലിക്കുമോ?”.
ഞാൻ അവനെ സംശയത്തോടെ നോക്കി. അപ്പോൾ അവൻ പറഞ്ഞു. 
“ചേട്ടാ. ഞാൻ ഇന്ന് ഉച്ചയ്ക്ക് ഉറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടു. ഞാൻ ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നു.” 
എനിക്കത് കേട്ടപ്പോൾ തമാശയാണ് തോന്നിയത്. ഞാൻ അവനോടു പറഞ്ഞു.   
“വെളുപ്പിനെ കാണുന്ന സ്വപ്നം ഫലിക്കുമെന്ന് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. ‘സ്വപ്നങ്ങൾ ചിലർക്ക് ചില കാലമൊത്തിടും’ എന്ന കവി വചനം ഓർത്തുകൊണ്ട് ഞാൻ അവനോട് പറഞ്ഞു.  
“നീ ഇപ്പോൾ ഒരു ട്രെയിൻ യാത്ര കഴിഞ്ഞു വന്നതല്ലേയുളളൂ. ആ  ഓർമ്മയാകും സ്വപ്നത്തിൽ നീ കണ്ടത്.”
ഞാൻ അവനെ അങ്ങനെ അശ്വസിപ്പിച്ചു.  
അടുത്ത ദിവസം ഞാൻ കോളേജിൽ നിന്നും വരുമ്പോൾ കൃഷ്ണകുമാർ വീട്ടിൽ ഇല്ല. 
ഒരു മണിക്കൂർ കഴിഞ്ഞ് അവൻ വന്നു. ഞാൻ ടെറസ്സിൽ നിൽക്കുകയായിരുന്നു. കുളി കഴിഞ്ഞ് അവൻ എന്റെ അരുകിൽ വന്ന് അന്നത്തെ വിശേഷങ്ങൾ പറഞ്ഞു. 
അന്ന് അവൻ ചക്കേരിയിലുള്ള ആറ് കമ്പനിയിൽ പോയി അവന്റെ ബയോഡേറ്റ സമർപ്പിച്ചു. ചക്കേരിയിലാണ് തെർമൽ പവ്വർ പ്ലാന്റുള്ളത്. പിന്നെ വൈകിട്ട് ഒരു ജെട്ക വണ്ടിയിൽ കയറി ഞങ്ങൾ താമസിക്കുന്ന കല്യാൺപൂരിലേക്ക് പോന്നു. 
“നീ ഉച്ചയ്ക്ക് എന്തു കഴിച്ചു” ഞാൻ അവനോടു ചോദിച്ചു. 
“പക്കവടയും ബർഫിയും.  ഇവിടെ ചോറ് കിട്ടുന്ന ഹോട്ടലുകൾ ഇല്ലല്ലോ.” അവൻ പറഞ്ഞു. 
“പുറത്തു നിന്നും ചൂടുള്ളതു മാത്രമേ വാങ്ങിക്കഴിക്കാവൂ. തെരുവിൽ കാണുന്ന മധുര പലഹാരങ്ങൾ വാങ്ങിക്കഴിക്കരുത്. വൃത്തിയുടെ കാര്യത്തിൽ ഇവിടുത്തെ തെരുവു കച്ചവടക്കാർ അല്പം പുറകിലാണ്. അതുകൊണ്ട് ഭക്ഷണം പുറത്തുനിന്നും കഴിക്കുമ്പോൾ  സൂക്ഷിക്കണം. 
ഇവിടുത്തുകാർക്ക് അത് പ്രശ്നമല്ല. ഇവർക്ക് പ്രതിരോധശക്തി കൂടുതലാണ്. പക്ഷേ ദിവസേന രണ്ടുനേരം അനുഷ്ഠാനം പോലെ കുളിക്കുന്ന നമുക്കങ്ങനെയല്ല. നമുക്ക് പ്രതിരോധശക്തി കുറവാണ്. ദൂരെക്കൂടെ പോകുന്ന രോഗാണു ഓട്ടോ പിടിച്ചു വന്ന് നമ്മുടെ മണ്ടേൽ കേറും. അതുകൊണ്ട് പുറമെ നിന്ന്  ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കണം.” ഞാൻ  അവനോടു പറഞ്ഞു. 
അങ്ങനെ പറയാനേ എനിക്കും പറ്റുമായിരുന്നുള്ളൂ. ചോറ് പൊതി കെട്ടികൊടുത്തയയ്ക്കാനുള്ള സംവിധാനം നമുക്കും ഇല്ലായിരുന്നു. 
ഞാൻ കോളേജിൽ പോകുമ്പോൾ രാവിലെ എട്ടരയ്ക്ക് കടലക്കറി കൂട്ടി ചോറു കഴിച്ചാൽ പിന്നെ വൈകിട്ട് നാലരയ്ക്ക് റൂമിൽ വന്നിട്ടേ ഉച്ചഭക്ഷണം കഴിക്കുമായിരുന്നുള്ളൂ. ഉച്ച സമയത്ത് മാങ്ങാണ്ടിവെള്ളം എന്ന് ഞങ്ങൾ വിളിക്കുന്ന സാധനം, വലിയ മൺകലത്തിൽ മൂപ്പെത്താത്ത മാങ്ങ ഇട്ട് പുഴുങ്ങി നമ്മൾ ആവശ്യപ്പെടുന്ന സമയത്ത് ചൂടോടെ അതിലൊന്നെടുത്ത് ചെറിയ ഒരു പാത്രത്തിലിട്ട് മരക്കുറ്റികൊണ്ട് കുത്തിയുടച്ച് പൾപു  പരുവത്തിലാക്കി ഒരു ഗ്ലാസ്സിലേക്ക് പകർന്ന് അതിന്റെ മുകളിൽ അല്പം മസാലപ്പൊടി വിതറിത്തരുന്ന സാധനം, അതാണ് മാങ്ങാണ്ടിവെള്ളം. അതു മാത്രമേ വല്ലപ്പോഴും വാങ്ങി കുടിക്കുമായിരുന്നുളളു. 
കാൺപൂരിൽ രോഗങ്ങൾ എപ്പോൾ വേണമെങ്കിലും പിടിപെടാം. മുൻകാല അനുഭവങ്ങൾ ഞങ്ങളെ അത് പഠിപ്പിച്ചിട്ടുണ്ട്. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാൻ കൃഷ്ണകുമാറിനോട് ‘സൂക്ഷിക്കണം’ എന്ന് ഉപദേശിച്ചത്. 
പക്ഷേ ആ ഉപദേശം അല്പം വൈകിപ്പോയി. 
അടുത്ത ദിവസം വൈകിട്ട് ഞാൻ കോളേജിൽ നിന്നും വരുമ്പോൾ കൃഷ്ണകുമാർ    ടൊയിലറ്റിലാണ്. അതിൽ അതിശയോക്തിയില്ല. പക്ഷേ ടൊയിലറ്റിൽ നിന്നും തീർത്തും അവശനായാണ് കൃഷ്ണകുമാർ മുറിയിലേക്ക് വന്നത്. വന്നപാടെ അവിടെയുണ്ടായിരുന്ന കസേരയിൽ വീഴുന്നതുപോലെ കൃഷ്ണകുമാർ ഒടിഞ്ഞുകുത്തി ഇരുന്നു. തികച്ചും അവശനായി. 
എനിക്കൊന്നും മനസ്സിലായില്ല. 
“എന്തു പറ്റി.” ഞാൻ ആകാംഷയോടെ തിരക്കി. 
“ഇനി എന്തു പറ്റാൻ. ഇന്ന് ഇതിപ്പോ നാല്പത്തിയാറാമത്തെ തവണയാണ് ഞാൻ           ടൊയിലറ്റിൽ പോകുന്നത് ചേട്ടാ.”
വളരെ ക്ഷീണിതമായ സ്വരത്തിൽ കൃഷ്ണകുമാർ പറഞ്ഞു. 
“എന്തെങ്കിലും കഴിച്ചോ?”. ഞാൻ ചോദിച്ചു. 
അവൻ ഏറുകൊണ്ട നായെപ്പോലെ ദയനീയമായി എന്നെ നോക്കി. ഈ പരുവത്തിൽ ഞാനെങ്ങനെ കഴിക്കും എന്ന മറുചോദ്യം ആ നോട്ടത്തിൽ ഉണ്ടായിരുന്നു. കൃഷ്ണകുമാറിൽ ഡീഹൈട്രേഷന്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു അപ്പോൾ.  
പെട്ടെന്ന് ഞാൻ അടുക്കളയിൽപ്പോയി റീഹൈട്രേഷൻ സൊലൂഷൻ പോലെ ഒന്ന് ഉണ്ടാക്കി. അല്പം വെള്ളം തിളപ്പിച്ചാറ്റി അതിൽ ഒരു ടീസ്പൂൺ പഞ്ചസാരയും അല്പം ഉപ്പും കൂടി ഇട്ട് ഇളക്കി കൃഷ്ണകുമാറിന് കൊടുത്തു. പിന്നെ അത് സാവകാശം കുടിക്കാൻ പറഞ്ഞു. 
പിന്നെ കുറച്ച് അരിയിട്ട് നന്നായി വേയിച്ചുടച്ച് കഞ്ഞിയാക്കി അവനു കൊടുത്തു. വളരെ പേടിച്ച് കൃഷ്ണകുമാർ അത് അല്പം കഴിച്ചു. അപ്പോഴും കൃഷ്ണകുമാറിന്റെ ടൊയിലറ്റിൽ പോക്ക് നിലച്ചിരുന്നില്ല. അത് നാൽപ്പത്തിയേഴ്, നാൽപ്പത്തിയെട്ട് എന്ന നിലയിൽ പുരോഗമിച്ചു കൊണ്ടിരുന്നു. 
സന്ധ്യയ്ക്ക് സാം അണ്ണൻ വന്ന ഉടനെ ഞങ്ങൾ കൃഷ്ണകുമാറിനെ ലഖംപൂർ ഹോസ്പിറ്റലിലേക്ക് മാറ്റി. 
അവിടെ അവർ കൃഷ്ണകുമാറിന് ഗ്ലൂക്കോസ് ട്രിപ്പ് കൊടുത്ത് കിടത്തി. മലയാളി നേഴ്സുമാർ ധാരാളം ഉള്ള ഹോസ്പിറ്റലാണ് ലഖംപൂർ ഹോസ്പിറ്റൽ. 
ഇടയ്ക്ക് നേഴ്സുമാർ പൊടിയരിക്കഞ്ഞി കൊണ്ടു വന്ന് കൃഷ്ണകുമാറിന് കൊടുക്കും. 
ലഖംപൂർ ഹോസ്പിറ്റൽ വലിയ ചിലവേറിയ ഒന്നാണ്. കാര്യമായ ട്രീറ്റ്മെന്റ് ഇല്ലെങ്കിലും. അവിടുത്തെ ഓരോ മിനിറ്റും വളരെ വിലയേറിയതാണ്. 
കൃഷ്ണകുമാറിന്റെ ഹോസ്പിറ്റലിൽ ആക്കിയിട്ട് ആ വിവരം ഞാൻ ബഡാചൌരയിൽ  പോയി പ്രിയയെ അറിയിച്ചു. പിന്നെ അവിടെയുള്ള കൂട്ടുകാരേയും കണ്ട് വിവരം അറിയിച്ചു. 
അത് അനിവാര്യമാണ്. കാരണം ഹോസ്പിറ്റൽ കേസ് പലപ്പോഴും നമ്മുടെ കൈയ്യിൽ ഒതുങ്ങില്ല. അപ്പോൾ രോഗിയെ ഹോസ്പിറ്റലിൽ നിന്നും ഇറക്കിക്കൊണ്ടുവരാൻ കൂട്ടുകാരുടെ സഹായം വേണ്ടിവരും. 
ഹോസ്പിറ്റലിൽ ആക്കി മൂന്നാംനാൾ കൃഷ്ണകുമാറിന് അല്പം ആശ്വാസം തോന്നി. അപ്പോൾ ഞങ്ങൾ കൃഷ്ണകുമാറിനെ ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ കൊണ്ടുവന്നു. 
മൂന്നു ദിവസം കൊണ്ട് എണ്ണൂറ് രൂപ ഹോസ്പിറ്റൽ ബില്ലായി. അന്ന് ഞങ്ങളുടെ വീട്ടുവാടക നാനൂറ്റി അൻപത് രൂപയായിരുന്നു.  
ഹോസ്പിറ്റൽ ബില്ലിനാവശ്യമായ തുക പ്രിയയുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. ഞാൻ ബഡാചൌരയിലെ എന്റെ സുഹൃത്തുക്കളെ പോയിക്കണ്ടു. നിമിഷങ്ങൾക്കുള്ളിൽ അവർ  ആവശ്യമായ തുക സംഘടിപ്പിച്ചു തന്നു. 
വീട്ടിൽ വന്നതിന് ശേഷം കൃഷ്ണകുമാറിന് പൊടിയരിക്കഞ്ഞി വെച്ചുകൊടുത്തു തുടങ്ങി. പൊടിയരി ലഖംപൂർ ഹോസ്പിറ്റലിലെ മലയാളി നേഴ്സുമാർ തന്നയച്ചിരുന്നു. ഞാൻ രണ്ടു ദിവസം കോളേജിൽ പോക്ക് വേണ്ടെന്ന് വെച്ചു. 
കൃഷ്ണകുമാറിന് സ്വന്തമായി കഞ്ഞി വെച്ചുകഴിക്കാനുള്ള ആരോഗ്യം ആയി എന്നു തോന്നിയപ്പോൾ ഞാൻ കോളേജിൽ പോക്ക് പുനരാരംഭിച്ചു. 
അങ്ങനെ നാലുനാൾ കഴിഞ്ഞ് ഒരു വൈകിട്ട് ഞാൻ കോളേജിൽ നിന്നും വരുമ്പോൾ കൃഷ്ണകുമാർ എന്നെ കാത്തിരിക്കുകയായിരുന്നു. ഒരു വലിയ തീരുമാനം എന്നെ അറിയിക്കാൻ.  
“ചേട്ടാ ഞാൻ നാട്ടിലേക്ക് മടങ്ങിപ്പോകുന്നു. ചാവുന്നത് നാട്ടിൽ കിടന്നാകാം. ഇവിടെവെച്ചു വേണ്ടല്ലോ” അവൻ പറഞ്ഞു. 
“നീ നന്നായി ആലോചിച്ചിട്ടു തന്നെയാണോ ഈ തീരുമാനം എടുത്തത്.” ഞാൻ അവനോടു ചോദിച്ചു.  
“കൂടുതൽ ആലോചിക്കാനൊന്നുമില്ല ചേട്ടാ. എന്റെ ആരോഗ്യനിലയ്ക്ക് പറ്റിയതല്ല കാൺപൂർ. ഇപ്പോൾ ഇവിടെ നിങ്ങളുളളതു കൊണ്ട് ഞാൻ രക്ഷപ്പെട്ടു. എനിക്ക്  ഒരു ജോലി ശരിയായി ഞാൻ ഒറ്റയ്ക്ക് താമസം തുടങ്ങുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ എന്നെ ആര് രക്ഷിക്കും. സംശയിക്കണ്ട ഞാൻ കുഴിയിൽ പോകും. അതുകൊണ്ട് നാട്ടിലേക്ക് തിരിച്ചു പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. ഒന്നുമല്ലെങ്കിലും അവിടെ എന്റെ അപ്പനുണ്ടല്ലോ.” 
“പ്രിയ എന്തു പറഞ്ഞു?.” ഞാൻ അവനോടു ചോദിച്ചു. 
“ചേച്ചിയോട് പറയണം. നാളെ.” അവൻ പറഞ്ഞു. 
“അവന്റെ തീരുമാനം ഉചിതമാണ് വൈശാഖ്”. കൃഷ്ണകുമാറിന്റെ തീരുമാനം സാം അണ്ണനെ അറിയിച്ചപ്പോൾ അണ്ണന്റെ മറുപടി അതായിരുന്നു. 
“അവൻ തിരിച്ചു നാട്ടിലേക്ക് പോകുന്നതാണ് നല്ലത്. അവനു പറ്റിയ മണ്ണല്ല കാൺപൂർ. ജീവനല്ലേ പ്രധാനം. നാട്ടിൽ അവന് എന്തെങ്കിലും ചെറിയ പണി കിട്ടും. ഡിഗ്രിക്കാരനല്ലെ. ഒന്നും പറ്റിയില്ലെങ്കിൽ എവിടെയെങ്കിലും മുട്ടു ശാന്തിയായി ജോലിചെയ്ത് അവനു കഴിഞ്ഞു പോകാം. അവന് അപ്പനെ സഹായിച്ചിട്ടുള്ള പരിചയമുണ്ടല്ലോ. വയസ്സാൻകാലത്ത് നാട്ടിൽ അപ്പന് അവൻ ഒരു സഹായവും ആവും.” 
ഒരു നിമിഷം കഴിഞ്ഞ് അണ്ണൻ എന്നോടു ചോദിച്ചു. 
“വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ജോലി ഇവിടെ ശരിയായാൽ, നിങ്ങൾ ഇവിടെ തുടരാൻ ആഗ്രഹിക്കുമോ വൈശാഖ്?.”
അണ്ണൻ ചോദ്യരൂപേണ എന്നെ നോക്കി. പക്ഷേ ഞാൻ അതിന് മറുപടി പറഞ്ഞില്ല. 
മടക്കയാത്രയ്ക്ക് തീരുമാനം എടുത്തതിന്റെ നാലാംനാൾ കൃഷ്ണകുമാർ നാട്ടിലേക്ക് ട്രെയിൻ  കയറി. കാൺപൂരിനോട് അവൻ വിടപറഞ്ഞു. എന്നന്നേക്കുമായി. 
അങ്ങനെ അവൻ കണ്ട ഉച്ചസ്വപ്നം ഫലിച്ചു. 
രണ്ടാഴ്ച കഴിഞ്ഞ് ഒരു സായാഹ്നത്തിൽ ഞാൻ ടെറസ്സിൽ നിൽക്കുമ്പോൾ അണ്ണൻ കോളേജിൽ നിന്നും വരുന്നത് കണ്ടു. അന്ന് അണ്ണൻ പതിവിന് വിപരീതമായി അല്പം നേരത്തെ എത്തി. 
ഞാൻ ദൂരേക്ക് നോക്കി നിൽക്കുകയായിരുന്നു. അഞ്ച് ഇരുപതിന് വരുന്ന കൽക്കരിവണ്ടി കാണാൻ. 
കാൺപൂർ തണുത്തു തുടങ്ങിയിരുന്നു അപ്പോൾ. മഞ്ഞുകാലത്തിന്റെ തുടക്കമാണ്.        സായാഹ്നത്തിൽ നേരത്തെ സൂര്യൻ കൂടണഞ്ഞിരുന്നു. സന്ധ്യ അതിന്റെ കരിമ്പടം പതുക്കെ അന്തരീക്ഷത്തിലൂടെ വലിച്ചു മൂടിക്കൊണ്ടിരുന്നു. 
അണ്ണൻ കുളി കഴിഞ്ഞ് ടെറസ്സിൽ എത്തി. എന്നിട്ടു പറഞ്ഞു. 
“ഇന്ന് ഞാൻ കോളേജിൽ നിന്നും വരുംവഴി പ്രിയയെ യാദൃച്ഛികമായി കണ്ടു. ബഡാചൌരയിൽ  വെച്ച്. അവൾ എന്നെ വിളിച്ചു കൊണ്ടുപോയി റാപ്സടി കോഫി കഫേയിൽ നിന്ന് ഒരു കപ്പാശ്ചിനോ വാങ്ങിത്തന്നു. 
അവൾ എന്തെങ്കിലും പറയും എന്നു ഞാൻ കരുതി. പക്ഷേ ഒന്നും പറഞ്ഞില്ല. കുറച്ചു നേരം ദൂരേക്ക് നോക്കി കാപ്പി കുടിച്ചുകൊണ്ടിരുന്നു. പിന്നെ പെട്ടെന്ന് ടേബിളിലേക്ക് ചാഞ്ഞ് മുഖം പൊത്തിക്കരഞ്ഞു”. 
അണ്ണൻ നിശ്ശബ്ദനായി. അല്പംകഴിഞ്ഞ് ആത്മഗതം എന്ന വണ്ണം അണ്ണൻ  പറഞ്ഞു. 
“ജീവിതത്തിൽ ഒരുപാട് പ്രതീക്ഷ വെച്ചുപുലർത്തിയ പെൺകുട്ടി. രക്ഷപ്പെടാൻ  അവൾ പരമാവധി ശ്രമിച്ചു. പല പ്രകാരത്തിൽ. പക്ഷേ അവിടെയെല്ലാം വിധി ഒരു വില്ലനെപ്പോലെ അവൾക്ക് കുറുകെ നിന്നു. എങ്കിലും അവൾ സ്വയം കൈവിട്ടില്ല. അവസാനം അവളുടെ അനിയനിലൂടെയെങ്കിലും രക്ഷപ്പെടാമെന്ന് അവൾ കരുതി. പക്ഷേ അവളുടെ അനിയനും...” അണ്ണൻ ഒരു നിമിഷം മൂകനായി. പിന്നെ പതുക്കെപ്പറഞ്ഞു. 
“അവളുടെ എല്ലാ പ്രതീക്ഷയും തെറ്റിപ്പോയിട്ടുണ്ടാവും. പാവം. നമുക്കെന്തു ചെയ്യാൻ  കഴിയും?.” 
‘നമുക്കെന്തു ചെയ്യാൻ കഴിയും’. അണ്ണന്റെ ആ ചോദ്യംതന്നെ ഞാൻ എന്നോടു ചോദിച്ചു. മനസ്സിൽ. 
എനിക്കുത്തരം ഉണ്ടായിരുന്നില്ല. ഞാൻ മൂകനായിരുന്നു. അണ്ണൻ നിശ്ശബ്ദം താഴേയ്ക്കിറങ്ങിപ്പോയി. 
ഞാൻ ദൂരേക്ക് നോക്കി. 
ദൂ.....രെ ചുമച്ച് കിതച്ച് അന്തരീക്ഷത്തിലേക്ക് കറുത്ത പുക കാറിത്തുപ്പിക്കൊണ്ട് ആ വണ്ടി വരുന്നുണ്ടായിരുന്നു. അഞ്ച് ഇരുപതിനുള്ള കൽക്കരിത്തീവണ്ടി.

*****************


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക