
സമയം... അതൊരു പ്രശ്നം തന്നെയാണ്. എന്തിനും ഏതിനും സമയമില്ലാത്ത കാലം. എല്ലാവരും ഓട്ടത്തിലാണ്. എവിടേക്കാണെന്നറിയില്ല... എന്തിനാണെന്നറിയില്ല... പക്ഷേ എല്ലാവരും ഓടുന്നു. അക്കൂട്ടത്തിൽ ഞാനും ഓടുന്നു.
രാവിലെ അലാറം അടിക്കുന്നതിന് മുമ്പേ മനസ്സ് ഉണരും. “ഇന്ന് ഒരുപാട് കാര്യങ്ങളുണ്ട്...” കണ്ണ് തുറന്ന നിമിഷം മുതൽ ഓട്ടം തുടങ്ങും. പ്രഭാതഭക്ഷണം ഉണ്ടാക്കാൻ സമയമില്ല. കുട്ടികളെ സ്കൂളിൽ വിടാൻ സമയമില്ല. കുളിച്ചൊരുങ്ങാൻ സമയമില്ല. പ്രഭാതഭക്ഷണം കഴിക്കാൻ സമയമില്ല. ഓഫീസിൽ സമയത്ത് എത്താൻ സമയമില്ല.
ഓഫീസിലെത്തിയാലോ? ജോലി തീർക്കാൻ സമയമില്ല. മീറ്റിംഗിന് സമയമില്ല. മീറ്റിംഗിൽ ഇരിക്കുമ്പോൾ മറ്റൊരു മീറ്റിംഗിനുള്ള തിരക്ക്. ഉച്ചഭക്ഷണം പോലും സ്വസ്ഥമായി കഴിക്കാൻ സമയമില്ല. വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങുമ്പോൾ, വഴിയിൽ പരിചയമുള്ള ഒരാളെ കണ്ടാൽ ഒന്ന് നിൽക്കാനും സംസാരിക്കാനും സമയമില്ല. ചിലപ്പോൾ... ഒന്ന് ചിരിക്കാൻ പോലും സമയമില്ല.
കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ സമയമില്ലാത്തതിനാൽ ഓൺലൈൻ വഴി ഓർഡർ ചെയ്യും.
വീട്ടിലെത്തിയാൽ? കുട്ടികളോട് സംസാരിക്കാൻ സമയമില്ല. ഭാര്യയോട് ഒന്ന് മനസ്സുതുറന്ന് സംസാരിക്കാൻ സമയമില്ല. അച്ഛനെയും അമ്മയെയും വിളിക്കാൻ സമയമില്ല. അത്താഴം ഉണ്ടാക്കാൻ സമയമില്ല.
ദിനപത്രം മേശപ്പുറത്ത് കിടക്കും, പക്ഷേ വായിക്കാൻ സമയമില്ല. ടിവി ഓൺ ആയിരിക്കും, കാണാൻ സമയമില്ല. മൊബൈൽ കൈയിലുണ്ടാകും. പക്ഷേ അടുത്തിരിക്കുന്ന മനുഷ്യനെ കാണാൻ സമയമില്ല. അങ്ങനെയൊരു ദിവസം.
പതിവിലും കൂടുതൽ തിരക്കുള്ള ദിവസം. തീർക്കാനുള്ള ജോലികളുടെ നീണ്ട പട്ടികയുമായി അയാൾ ഓഫീസിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. സുഹൃത്തായിരുന്നു.
“എടാ... നീ എന്ത് പണിയാ കാണിച്ചത്? ഇന്നലെ പാർട്ടിക്ക് വരാതിരുന്നതെന്താ?” കമ്പ്യൂട്ടറിൽ നിന്ന് കണ്ണെടുക്കാതെ അയാൾ പറഞ്ഞു: “സോറി ഡാ... സമയം കിട്ടിയില്ല. നിനക്കറിയാമല്ലോ എന്റെ തിരക്ക്...”
വാക്കുകൾ പൂർത്തിയാകുന്നതിന് മുമ്പേ ഫോൺ കട്ട് ചെയ്തു. അയാൾക്ക് അതിൽ വലിയ വിഷമമൊന്നും തോന്നിയില്ല. “അവനൊക്കെ മനസ്സിലാകും...”
അൽപസമയം കഴിഞ്ഞപ്പോൾ വീണ്ടും ഫോൺ. അടുത്ത ബന്ധുവായിരുന്നു. എടാ... എന്താ ശനിയാഴ്ച ലക്ഷ്മിയുടെ കല്യാണത്തിന് വരാതിരുന്നത്? സോറി ... സമയം കിട്ടിയില്ല. നിങ്ങൾക്കു അറിയാമല്ലോ എന്റെ തിരക്ക്... അവിടെയും വാക്കുകൾ പൂർത്തിയാകുന്നതിന് മുമ്പേ ഫോൺ കട്ട് ചെയ്തു.
അയാൾ വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു. “സമയം കിട്ടിയില്ല...” എത്ര എളുപ്പത്തിലാണ് നമ്മൾ ഈ വാക്കുകൾ പറയുന്നത്! ഒരു ദിവസം തന്നെ എത്ര തവണ? സുഹൃത്തിനോട്, ബന്ധുവിനോട്, ഭാര്യയോട്, കുട്ടികളോട്, അച്ഛനോട്, അമ്മയോട്, ഒടുവിൽ സ്വന്തം മനസ്സിനോട് പോലും. സമയം കിട്ടിയില്ല എന്ന് വാക്ക് ഉപയോഗിക്കുന്നു...
എന്നത്തെ പോലെ അന്നും രാത്രി വീട്ടിലെത്തുമ്പോൾ സമയം ഏറെ വൈകിയിരുന്നു. വീട്ടിൽ എല്ലാവരും ഉറങ്ങിയിരുന്നു. മേശപ്പുറത്ത് അയാൾക്കായി ഭക്ഷണം മൂടിവച്ചിരുന്നു. അയാൾ പതുക്കെ അത് തുറന്നു.
തണുത്ത ഭക്ഷണം. അതിനരികിൽ ഒരു ചെറിയ കുറിപ്പ്. “അച്ഛാ, ഇന്ന് സ്കൂളിൽ എനിക്ക് സമ്മാനം കിട്ടി.
നാളെ കാണിക്കാം. ഗുഡ് നൈറ്റ്.” മകൻ എഴുതിയതായിരുന്നു.
അയാൾ ആ കുറിപ്പ് കുറച്ചുനേരം നോക്കി നിന്നു. അപ്പോഴാണ് കിടപ്പുമുറിയിൽ നിന്ന് ഭാര്യയുടെ ശബ്ദം കേട്ടത്. “നാളെ മോന്റെ സ്കൂളിൽ പോകണം... മറക്കല്ലേ.” അയാൾ ഒന്നും പറഞ്ഞില്ല. കിടക്കയിൽ കിടന്നെങ്കിലും ഉറക്കം വന്നില്ല. മകൻ എഴുതിയ ആ ചെറിയ കുറിപ്പ് അയാളുടെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞു. “നാളെ കാണിക്കാം...”
അടുത്ത ദിവസം രാവിലെ മകൻ സ്കൂളിലേക്ക് പോകാൻ തയ്യാറായി. “അച്ഛാ... ഇന്നലെ കിട്ടിയ സമ്മാനം കാണണോ?” അയാൾ ഫോൺ താഴെ വച്ചു. “കാണിക്കെടാ...” മകൻ ഓടിപ്പോയി ബാഗിൽ നിന്ന് ഒരു ചെറിയ ട്രോഫി എടുത്തുകൊണ്ടുവന്നു. “ഇത് എനിക്ക് കിട്ടിയതാണ്.” അയാൾ മകനെ നോക്കി ചിരിച്ചു.
“വളരെ നന്നായിട്ടുണ്ട്...”
മകൻ കുറച്ചുനേരം അച്ഛനെ നോക്കി നിന്നു. പിന്നെ പതുക്കെ ചോദിച്ചു: “അച്ഛന് ഇന്ന് സമയമുണ്ടോ സ്കൂളിൽ വരുവാൻ ?” ആ ചോദ്യം അയാളുടെ ഹൃദയത്തിൽ എവിടെയോ തട്ടി. “അച്ഛന് ഇന്ന് സമയമുണ്ടോ?” അയാൾക്ക് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. ഇന്ന് അച്ഛന് പകരം അമ്മവരും എന്ന പതിവ് പല്ലവി ആവർത്തിച്ച് അയാൾ രക്ഷപെട്ടു.
അമ്മ അസുഖമായപ്പോഴും അയാളെ പലവട്ടം വിളിച്ചു—“മോനേ, നിന്നെയൊന്ന് കാണണം” എന്ന് മാത്രം പറഞ്ഞു. പക്ഷേ ഓരോ തവണയും ഒരേ മറുപടി—“ഇപ്പോൾ നല്ല തിരക്കാണ്, പിന്നെ വരാം.” അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഒടുവിൽ, അമ്മയെ കാണാൻ എത്തിയപ്പോൾ അവിടെ കാത്തിരുന്നത് അമ്മയുടെ ജീവനില്ലാത്ത ശരീരമായിരുന്നു. അമ്മയെ കാണാൻ അവന് സമയമുണ്ടായില്ല… പക്ഷേ അമ്മയുടെ അവസാന യാത്ര കാണാൻ സമയം കണ്ടെത്തേണ്ടിവന്നു. കാരണം, അവൻ എപ്പോഴും തിരക്കിലായിരുന്നു.
വർഷങ്ങൾ കടന്നു. അയാളുടെ മകൻ വളർന്നു. പഠനം പൂർത്തിയാക്കി. ജോലി കിട്ടി. മറ്റൊരു നഗരത്തിലേക്ക് പോയി.
മകനെ കാണുവാൻ അച്ഛന് കൊതിയായി . അടുത്ത ആഴ്ച വീട്ടിലേക്ക് വരുമോ എന്ന് ചോദിക്കുന്നു ” മകന്റെ മറുപടി അയാളെ വല്ലാതെ വേദനിപ്പിച്ചു. എനിക്ക് സമയമില്ല. എനിക്ക് വളരെ അധികം ജോലികൾ തീർക്കാനുണ്ട് . പിറ്റേ ആഴ്ച വരുമോ . അതിനും അവൻ മറുപടി നൽകിയില്ല.
കാലത്തിന്റെ ഈ കണക്ക് തീർക്കൽ പ്രകൃതിയുടെ വലിയൊരു നിയമമാണ്, നമ്മൾ ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും തിരിച്ചുവരുന്നത് പോലെ തോന്നും.
അന്നുരാത്രി അയാൾക്ക് ഉറങ്ങാനായില്ല. കുട്ടികൾ ആയിരുന്നപ്പോൾ അവരുടെ കൂടെ സമയം ചിലവഴിച്ചില്ല . അയാൾ തന്റെ പഴയ ജീവിതത്തെ ഓർത്തു. എത്രയോ ചടങ്ങുകൾ നഷ്ടപ്പെട്ടു. എത്രയോ സുഹൃത്തുക്കളുടെ ക്ഷണങ്ങൾ നിരസിച്ചു. എത്രയോ കുടുംബസംഗമങ്ങൾ ഒഴിവാക്കി. അമ്മ വിളിച്ചപ്പോൾ... “പിന്നെ വിളിക്കാം... ഇപ്പോൾ തിരക്കാണ്.” അച്ഛൻ സംസാരിക്കാൻ ശ്രമിച്ചപ്പോൾ... “അച്ഛാ, പിന്നെ സംസാരിക്കാം... ഒരു മീറ്റിംഗിലാണ്.” ഭാര്യ എന്തെങ്കിലും പറയാൻ വന്നപ്പോൾ... “ഇപ്പോൾ സമയം ഇല്ല...” മകൻ എന്തെങ്കിലും കാണിക്കാൻ വന്നപ്പോൾ... “പിന്നെ കാണാം...” അങ്ങനെ... അങ്ങനെ എല്ലാം പിന്നാക്കി ...
“പിന്നെ” എന്ന വാക്കിന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കെ, ജീവിതത്തിലെ എത്രയോ “ഇപ്പോൾ”കൾ അയാൾക്ക് നഷ്ടപ്പെട്ടു! അയാൾ ജനൽ തുറന്നു. പുറത്ത് പുലർച്ചെ. ആകാശം പതുക്കെ വെളുത്തുവരുന്നു.
അയാൾ സ്വയം ചോദിച്ചു: “എനിക്ക് ശരിക്കും സമയം ഇല്ലായിരുന്നോ?” ഉത്തരം മനസ്സ് തന്നു.
“സമയം ഉണ്ടായിരുന്നു... പക്ഷേ മുൻഗണനകളില്ലായിരുന്നു.” സുഹൃത്തിന് അഞ്ച് മിനിറ്റ് കൊടുക്കാൻ സമയമുണ്ടായിരുന്നു. അമ്മയ്ക്ക് ഒരു ഫോൺ ചെയ്യാൻ രണ്ട് മിനിറ്റ് സമയമുണ്ടായിരുന്നു. മകനോടൊപ്പം ഇരിക്കാൻ പത്ത് മിനിറ്റ് സമയമുണ്ടായിരുന്നു. ഭാര്യയോട് ഒന്ന് മനസ്സുതുറന്ന് സംസാരിക്കാൻ അരമണിക്കൂർ സമയമുണ്ടായിരുന്നു.
പക്ഷേ...അവയെല്ലാം “പിന്നെ” എന്ന വാക്കിന് കൈമാറുകയായിരുന്നു. അയാൾ പഴയ ഒരു ഫോട്ടോ എടുത്തു. അതിൽ അച്ഛനും അമ്മയും, ഭാര്യയും, ചെറിയ മകനും... എല്ലാവരും ചിരിച്ചുകൊണ്ട് നിൽക്കുന്നു. അയാൾ ഫോട്ടോയിൽ വിരൽ കൊണ്ട് മകന്റെ മുഖം തൊട്ടു. പതുക്കെ പറഞ്ഞു: “അന്ന് നിനക്കായി സമയം കണ്ടെത്തിയിരുന്നെങ്കിൽ...” വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
കണ്ണുകൾ നിറഞ്ഞു. നമ്മൾ പലപ്പോഴും പറയാറുണ്ട്: “ഒരു ദിവസം സമയം കിട്ടുമ്പോൾ എല്ലാം ചെയ്യാം.”
പക്ഷേ... സമയം കിട്ടുന്ന ഒരു ദിവസം ഒരിക്കലും വരില്ല. കാരണം ജീവിതം നമ്മളോട് ചോദിക്കുന്നത്,
“നിനക്ക് എത്ര സമയം ഉണ്ടായിരുന്നു എന്നല്ല. “നിനക്കുണ്ടായിരുന്ന സമയത്തിൽ നീ ആരെ സ്നേഹിച്ചു?”
“ആരോടൊപ്പം ഇരുന്നു?” “ആരുടെ കണ്ണീരൊപ്പി?” “ആരുടെ ചിരിയിൽ പങ്കുചേർന്നു?”എന്നാണ്.
നമ്മുടെ പഴയ തലമുറയെ നോക്കൂ. അവർക്കും ഒരു ദിവസം 24 മണിക്കൂർ തന്നെയായിരുന്നു. അവർ ജോലി ചെയ്തു. കുടുംബം നോക്കി. അയൽക്കാരെ കണ്ടു. സുഹൃത്തുക്കളെ വിളിച്ചു. ബന്ധുക്കളുടെ വീട്ടിൽ പോയി.
വിരുന്നുകൾ നടത്തി. കത്തുകൾ എഴുതി. അച്ഛനെയും അമ്മയെയും നോക്കി. കുട്ടികളോടൊപ്പം കളിച്ചു.
വൈകുന്നേരങ്ങളിൽ വീടിന്റെ മുറ്റത്ത് ഇരുന്നു സംസാരിച്ചു. അവർക്ക് എല്ലാത്തിനും സമയം ഉണ്ടായിരുന്നു.
കാരണം... അവർ ജീവിതത്തെ “തീർക്കേണ്ട ജോലികളുടെ പട്ടിക”യായി കണ്ടിരുന്നില്ല. അവർ ജീവിതത്തെ ജീവിക്കേണ്ട ഒരു അവസരമായി കണ്ടിരുന്നു. നമുക്ക് സമയം കുറവല്ല. നമ്മുടെ ശ്രദ്ധ ചിതറിയതാണ്.
നമ്മുടെ മുൻഗണനകൾ മാറിയതാണ്. ഒരു ദിവസത്തിന്റെ 24 മണിക്കൂർ കൂട്ടാൻ നമുക്ക് കഴിയില്ല.
പക്ഷേ ആ 24 മണിക്കൂറിൽ എന്തിനൊക്കെ സമയം നൽകണം എന്ന് തീരുമാനിക്കാൻ നമുക്ക് കഴിയും. ഒരു ഫോൺ വിളിക്കാം. ഒരു സുഹൃത്തിനെ കാണാം. അമ്മയോട് സംസാരിക്കാം. അച്ഛന്റെ അരികിൽ കുറച്ചുനേരം ഇരിക്കാം. ഭാര്യയുടെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാം. മക്കൾ പറയുന്ന ചെറിയ കഥകൾ കേൾക്കാം.
വഴിയിൽ കണ്ട പരിചയക്കാരനോട് ഒന്ന് ചിരിക്കാം.
കാരണം... നമ്മൾ മാറ്റിവയ്ക്കുന്ന ആ ചെറിയ നിമിഷങ്ങളായിരിക്കും ഒരുനാൾ നമ്മുടെ ഏറ്റവും വലിയ ഓർമ്മകൾ. “സമയം കിട്ടുമ്പോൾ ജീവിക്കാം” എന്ന് പറഞ്ഞ് കാത്തിരുന്നാൽ, ജീവിതം തന്നെ ഒരുനാൾ നമ്മളോട് പറയും—“സോറി... നിനക്കായി കാത്തുനിൽക്കാൻ എനിക്ക് ഇനി സമയമില്ല.”
അതുകൊണ്ട്... ചെയ്യെണ്ടുന്ന കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യുക. നഷ്‌ടപ്പെടുത്തുന്ന സമയങ്ങൾ ഒരിക്കലും തിരികെ ലഭിക്കാത്ത നിമിഷങ്ങളാണ്. കാലം മുന്നോട്ട് പോകും... ഘടികാരത്തിലെ സൂചികൾ വീണ്ടും വീണ്ടും ചുറ്റും...പക്ഷേ കടന്നുപോയ ഒരു നിമിഷത്തെ തിരികെ വിളിച്ചുവരുത്താൻ നമുക്ക് കഴിയില്ല.
ഒരു നാൾ നമ്മൾ മനസ്സിലാക്കും— ജീവിതത്തിൽ സമയം ഒരിക്കലും കുറവായിരുന്നില്ല മറിച്ചു
നമ്മൾ ജീവിക്കാൻ മറന്നുപോയതായിരുന്നു.