
സിനിമാ പ്രേമിയും സംഗീതാസ്വാദകനുമായി പൊതുസമൂഹത്തില്‍ 'കാക്കിക്കുള്ളിലെ കലാകാരന്‍' എന്ന പ്രതിച്ഛായ സൃഷ്ടിച്ച മുന്‍ എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി ഇനി അഴിക്കുള്ളിലേക്ക്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോട്ടയം വിജിലന്‍സ് പ്രത്യേക കോടതി തച്ചങ്കരിക്ക് നാല് വര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയുമാണ് ഇന്ന് വൈകിട്ടോടെ വിധിച്ചത്. 36 വര്‍ഷം നീണ്ട പൊലീസ് സര്‍വീസിനുശേഷം വിരമിച്ച മുന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിലെ വിവാദങ്ങള്‍ക്ക് കറുത്ത അധ്യായം കുറിച്ചിരിക്കുകയാണ് കോടതി.
2013-ല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കോട്ടയം വിജിലന്‍സ് പ്രത്യേക കോടതി നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. കോട്ടയം എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് (വിജിലന്‍സ്) കെ.വി രജനീഷാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.കെ. ശ്രീകാന്ത് ഹാജരായി.
2003 ജനുവരി മുതല്‍ 2007 ജൂലൈ വരെയുള്ള പരിശോധനാ കാലയളവില്‍ ഔദ്യോഗിക വരുമാനത്തിന് അനുപാതമില്ലാത്ത വിധം 64.70 ലക്ഷം രൂപയുടെ സ്വത്ത് തച്ചങ്കരി സമ്പാദിച്ചെന്നാണ് വിജിലന്‍സ് കേസ്. പരിശോധനയില്‍ ഇത്രയും തുകയ്ക്കുള്ള ചെലവുകളും സ്വത്തുസമ്പാദനവും കണ്ടെത്തിയെങ്കിലും അതിനനുസരിച്ചുള്ള നിയമാനുസൃത വരുമാനം വ്യക്തമാക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
പരിശോധനാ കാലയളവില്‍ വരവില്‍ക്കവിഞ്ഞ് 135.80 ശതമാനം സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തിയത്. 2007-ല്‍ തച്ചങ്കരിക്ക് ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചതിനു പിന്നാലെയാണ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്ന സമയത്ത് അദ്ദേഹം സംസ്ഥാന പൊലീസ് ഉപമേധാവിയായി സ്ഥാനക്കയറ്റം നേടിയിരുന്നു.
സര്‍വീസിലിരിക്കെ വീടുകള്‍, ഫ്‌ളാറ്റുകള്‍, ഭൂമിയുള്‍പ്പെടെയുള്ള സ്വത്തുവകകള്‍ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നാരോപിച്ച് ബോബി കുരുവിള നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. ആഭ്യന്തരവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറിയെയടക്കം നിരവധി പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുന്‍ അഡീഷണല്‍ ഡി.ജി.പി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍, തച്ചങ്കരിയുടെ സഹോദരി എന്നിവരെയാണ് പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചത്.
സ്വത്തുവകകള്‍ കുടുംബവിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്നും കേസ് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് തച്ചങ്കരി നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു. കുറ്റപത്രം നിലനില്‍ക്കുമെന്ന് കണ്ടെത്തിയായിരുന്നു നടപടി. കേസില്‍ ജൂണ്‍ 30-നകം വിധി പറയണമെന്ന് ഹൈക്കോടതി നേരത്തെ വിജിലന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് വിധി പ്രസ്താവിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടിനല്‍കുകയായിരുന്നു.
കേസിന്റെ വിചാരണയ്ക്കിടെ ഔദ്യോഗിക പദവിയിലിരിക്കെ ഉപയോഗിച്ചിരുന്ന മൂന്ന് നക്ഷത്രചിഹ്നം പതിച്ച ബോര്‍ഡുള്ള സ്വകാര്യ കാറില്‍ തച്ചങ്കരി കോട്ടയം വിജിലന്‍സ് കോടതിയിലെത്തിയതും വലിയ വിവാദമായിരുന്നു. വിധിക്ക് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് തച്ചങ്കരി അറിയിച്ചു. ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദന ഉണ്ടായിരുന്നെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ കേസില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
വിവാദങ്ങളിലൂടെ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന തച്ചങ്കരി കേവലം ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല. കാക്കിക്കുള്ളില്‍ ഒരു കലാകാരനെയും സംഗീതജ്ഞനെയും സിനിമാപ്രേമിയെയും ഒളിപ്പിച്ചുവെച്ച വേറിട്ട വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കെ തന്നെ ഭക്തിഗാന രചയിതാവായും സംഗീത സംവിധായകനായും അദ്ദേഹം ശ്രദ്ധേയനായി. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് വരികളും ഈണവും നല്‍കി. 'രക്ഷണീയ ദിവ്യബലി', 'ആത്മാവില്‍ നിറയണേ' തുടങ്ങിയ ശ്രദ്ധേയമായ ആല്‍ബങ്ങള്‍ക്ക് പിന്നില്‍ തച്ചങ്കരിയുടെ സംഗീതസാന്നിധ്യമുണ്ടായിരുന്നു. ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം നല്‍കിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട രേഖകളും അദ്ദേഹത്തെക്കുറിച്ചുള്ള മുന്‍കാല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്.
സംഗീതത്തില്‍ ഒതുങ്ങിനിന്നില്ല അദ്ദേഹത്തിന്റെ കലാജീവിതം. സിനിമാ നിര്‍മാണ-വിതരണ രംഗത്തും അദ്ദേഹം സജീവമായിരുന്നു. 1990-കളില്‍ പുറത്തിറങ്ങിയ മലയാള സിനിമകളുടെ നിര്‍മാണത്തിലും ഓഡിയോ കാസറ്റ് വിതരണത്തിലും പ്രവര്‍ത്തിച്ചു. 'റിയല്‍ മ്യൂസിക്' എന്ന പേരില്‍ സ്വന്തമായി ഓഡിയോ കമ്പനിയും നടത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറായിരുന്ന കാലത്തും തച്ചങ്കരി നിരവധി വേറിട്ട നടപടികളിലൂടെ ജനശ്രദ്ധ നേടി. ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയതും സ്വന്തം പിറന്നാള്‍ ദിനത്തില്‍ കണ്ടക്ടറായി ജോലി ചെയ്ത് യാത്രക്കാരില്‍ നിന്ന് കളക്ഷന്‍ എടുത്തതുമെല്ലാം അന്ന് വലിയ വാര്‍ത്തയായി.
കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. സിവില്‍ സപ്ലൈസ് എംഡിയായാണ് ആദ്യ നിയമനം. പിന്നീട് കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി, മാര്‍ക്കറ്റ്‌ഫെഡ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റ്, കെ.എസ്.ആര്‍.ടി.സി, കെ.എഫ്.സി തുടങ്ങിയ സ്ഥാപനങ്ങളിലും അദ്ദേഹം ചുമതല വഹിച്ചു. 1987-ലാണ് ഇന്ത്യന്‍ പൊലീസ് സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2023 ജൂലൈ 31-ന് 36 വര്‍ഷത്തെ പൊലീസ് സേവനത്തിനുശേഷം വിരമിക്കുമ്പോള്‍ പൊലീസ് വകുപ്പിന് കീഴിലുള്ള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡി.ജി.പിയായിരുന്നു.
ഔദ്യോഗിക ജീവിതത്തിലെ ഉയര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും പുറമെ വ്യക്തിജീവിതത്തില്‍ തച്ചങ്കരിയെ ഏറ്റവും അധികം തളര്‍ത്തിയ സംഭവം ഭാര്യ അനിതയുടെ വിയോഗമായിരുന്നു. 2019-ല്‍ ക്യാന്‍സര്‍ ബാധിച്ചാണ് അനിത മരിച്ചത്. ഭാര്യയുടെ മരണം തന്നെ മാനസികമായി ഏറെ തളര്‍ത്തിയതായി തച്ചങ്കരി വിവിധ അവസരങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വശത്തേക്കാണ് വിരല്‍ചൂണ്ടുന്നത്: ''വെട്ടിപ്പിടിക്കാന്‍ വേണ്ടി ഓടിയ ഓട്ടത്തിനിടയില്‍ സ്വന്തം കുടുംബത്തെ ശ്രദ്ധിക്കാന്‍ പറ്റിയില്ല...''
ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് പിയാനോയില്‍ ഉന്നത ബിരുദം നേടിയ അനിതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതപങ്കാളി. മേഘയും കാവ്യയും ഇവരുടെ മക്കളാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത കലയന്താനിയില്‍ ജനിച്ച ടോമിന്‍ ജെ തച്ചങ്കരി സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരിയിലായിരുന്നു ഉന്നതപഠനം നടത്തിയത്. ചെറുപ്പം മുതലേ പഠനത്തിലും സംഗീതത്തിലും ഒരുപോലെ താല്‍പര്യം പ്രകടിപ്പിച്ച അദ്ദേഹം പിന്നീട് ഇന്ത്യന്‍ പൊലീസ് സര്‍വീസിലെത്തി. വിവധ വേഷങ്ങളില്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട തച്ചങ്കരിയുടെ ജീവിതത്തില്‍ ഇപ്പോള്‍ കോടതി വിധിയും ചേര്‍ന്നിരിക്കുന്നു. ഒരുകാലത്ത് അധികാരത്തിന്റെ ഉന്നത ഇടനാഴികളില്‍ നിറഞ്ഞുനിന്നിരുന്ന തച്ചങ്കരിയുടെ ജീവിതത്തില്‍ അവസാനം ജയില്‍ വാസവും വന്നു ചേര്‍ന്നിരിക്കുന്നു.