Image

മാധ്യമ സ്വാതന്ത്ര്യവും പാവം മെസ്സിയും (സനില്‍ പി. തോമസ്)

Published on 17 September, 2026
മാധ്യമ സ്വാതന്ത്ര്യവും  പാവം മെസ്സിയും (സനില്‍ പി. തോമസ്)

രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച ലിയണല്‍ മെസിക്കായി അര്‍ജന്റീന യാത്രയയപ്പ് മത്സരം ഒരുക്കുന്നു. ബെനിനെതിരെ ഒക്ടോബര്‍ ആറിനു നിശ്ചയിച്ചിരിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്ന അര്‍ജന്റീന ടീമില്‍ മെസിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് മെസി വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. മുന്‍ നായകനെ ആദരിച്ച് യാത്രയയ്ക്കാന്‍ രാജ്യം തയ്യാറായിരിക്കുന്നു. ഫിഫയുടെ സെപ്റ്റംബര്‍- ഒക്ടോബര്‍ സൗഹൃദ മത്സര വിന്‍ഡോയില്‍ പെടുന്നതായിരിക്കും ഈ മത്സരം എന്നു കരുതാം.

അര്‍ജന്റീന ഇതിഹാസത്തെ ആദരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇങ്ങ് കേരളത്തില്‍ മെസിയുടെ പേരില്‍ വിവാദം തുടരുകയാണ്. അത് മാധ്യമ സ്വാതന്ത്ര്യത്തില്‍ വരെ എത്തിനില്‍ക്കുന്നു. കഷ്ടം എന്നല്ലാതെ എന്തുപറയുവാന്‍. പാവം മെസ്സി ഇതുവല്ലതും അറിഞ്ഞിട്ടുണ്ടായിരിക്കുമോ? സത്യത്തില്‍ മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നു എന്ന പേരിലല്ല തട്ടിപ്പ് നടന്നത്. മെസി ഉള്‍പ്പെട്ട അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിച്ച് ഓസ്‌ട്രേലിയയുമായി പ്രദര്‍ശന മത്സരം സംഘടിപ്പിക്കുമെന്ന് പറഞ്ഞാണ് പറ്റിച്ചത്. മെസിയെ മാത്രമായി കൊണ്ടുവരുവാന്‍ അത്ര ബുദ്ധിമുട്ടില്ല. കൊല്‍ക്കത്തയിലും ഹൈദരാബാദിലും മുംബൈയിലുമൊക്കെ മെസിയെ എത്തിച്ച സത്താദ്രു ദത്തയെപ്പോലൊരു പ്രമോട്ടറെ കണ്ടെത്തിയാല്‍ മതി.

പക്ഷേ, അര്‍ജന്റീന, ഓസ്‌ട്രേലിയ ടീമുകളെ കേരളത്തിലെത്തിക്കാന്‍ ഫിഫയുടെയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെയും അനുമതി വേണം. ഇവരാരും ഇക്കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ല. എന്നാല്‍ അര്‍ജന്റീനക്കായി ഏതാണ്ട് 126 കോടി രൂപ വിദേശത്തേക്ക അയച്ചെന്നും ഇതിന്റെ പേരില്‍ 207 കോടിയോളം രൂപ സ്‌പോണ്‍സറുടെ അക്കൗണ്ടില്‍ എത്തിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതു സംബന്ധിച്ച അന്വേഷണമാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസിലും ഉടമകളുടെ വീടുകളിലും റെയ്ഡില്‍ കലാശിച്ചത്.
മേല്‍പ്പറഞ്ഞ റെയ്ഡ് മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും അടിയന്തിരാവസ്ഥക്കാലം ഓര്‍മപ്പെടുത്തിയെന്നുമൊക്കെയായി പ്രചാരണം. ഇടതുപക്ഷം മൂന്നാമതും അധികാരത്തില്‍ വരുമെന്ന് ഉറച്ചു വിശ്വസിക്കുകയും അതനുസരിച്ച് വാര്‍ത്തകളും ചര്‍ച്ചകളും അവതരിപ്പിക്കുകയും ചെയ്ത ചാനലിനെതിരെ നടപടി വരുമ്പോള്‍ ഇടതുപക്ഷം അവര്‍ക്കായി രംഗത്തുവരിക സ്വാഭാവികം. അതു മനസ്സിലാക്കാം.

പക്ഷേ, മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍ പ്രതിഷേധിച്ചത് അല്പം എടുത്തുചാട്ടമായിപ്പോയില്ലേയെന്നു സംശയം. ഒരു വാര്‍ത്ത കൊടുക്കുന്നത് തടയുമ്പോഴാണ് മാധ്യമസ്വാതന്ത്ര്യം തടസ്സപ്പെടുന്നത്. ഇവിടെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. മാത്രമല്ല പ്രസ്തുത ചാനല്‍ യാതൊരു തടസവും കൂടാതെ വാര്‍ത്തകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു സ്ഥാപനത്തില്‍ റെയ്ഡ് നടക്കുമ്പോള്‍ അവിടെയുള്ളവരുടെ ഫോണ്‍ പിടിച്ചുവയ്ക്കുന്നതും പുതിയ സംഭവമല്ല. ഇതിനു മുമ്പ് പലതവണ  മാധ്യമ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിട്ടുണ്ട്. അന്നൊന്നും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍ പരസ്യപ്രതികരണം നടത്തിയതായി ഓര്‍മയില്ല.

ഇതെല്ലാം പോകട്ടെ. പാവം മെസ്സി എന്തു പിഴച്ചു ?. വാര്‍ത്തകള്‍ കേട്ടാല്‍ അല്ലെങ്കില്‍ വായിച്ചാല്‍ തോന്നും മെസിയുടെ പേരില്‍ എന്തോ റെയ്ഡ് നടന്നെന്ന്. പാവം, പാവം മെസ്സി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക