
2026 ലെ ഫൊക്കാന സാഹിത്യ അവാർഡ് (സ്പെഷ്യൽ ജൂറി പുരസ്കാരം) ഈ സമാഹാരത്തിനാണ് ലഭിച്ചത്. കാലദേശാന്തരങ്ങളെ ഭേദിക്കുന്ന കഥയുടെ മാന്ത്രികത ഈ കഥകളിലുണ്ട്. ഒരു മാലകെട്ടുകാരൻ പലനിറത്തിലുള്ള പൂക്കളുപയോഗിച്ച് പലരീതിയിൽ മാലകളുണ്ടാക്കുന്നു. പൂക്കൾ പോലെ കഥാപാത്രങ്ങൾ നമുക്കു ചുറ്റുമുണ്ട്. മാല കോർക്കുന്നതുപോലെ അവയെ അടുക്കിവെയ്ക്കുകമാത്രമാണ് കഥാകൃത്തിൻ്റെ പണി.
സാധാരണ പകൽ സമയത്താണ് ആകാശത്ത് മഴവില്ലിനെ കാണാൻ സാധിക്കുന്നത്. ഇത് രാമഴവില്ലാണ്, രാത്രിയിൽ അപൂർവ്വമായി മാത്രം കാണുന്ന മഴവില്ല്. സൂര്യപ്രകാശത്തിന് പകരം ചന്ദ്രപ്രകാശം അന്തരീക്ഷത്തിലെ ജലകണികകളിൽ തട്ടി പ്രതിഫലിച്ചുണ്ടാകുന്ന അപൂർവ്വ പ്രതിഭാസമാണ് രാമഴവില്ല്. (ഇംഗ്ലീഷിൽ Moonbow അല്ലെങ്കിൽ Lunar Rainbow എന്ന് വിളിക്കുന്നു) പകൽ സമയത്തുണ്ടാകുന്ന സാധാരണ മഴവില്ലുകൾ പോലെ തന്നെയാണ് ഇതിന്റെയും ഘടന.
എങ്ങനെയാണ് കഥ പിറവിയെടുക്കുന്നത്? ലിപികൾ ഉണ്ടാകുന്നതിനും മുൻപ്, ആദിമ മനുഷ്യൻ ഗുഹാജീവികളായി തുടരുന്ന കാലത്ത്, അവൻ വേട്ടയാടിക്കൊണ്ടുവന്ന മൃഗത്തിൻ്റെ മാംസം പങ്കുവെയ്‌ക്കുമ്പോൾ ഗുഹാഭിത്തികളിൽ അവൻ കല്ലുകൊണ്ടും പച്ചിലകൊണ്ടും കോറിയിട്ട ചിത്രങ്ങളിൽ അതിഭാവുകത്വം നിറച്ച് വിവരിച്ചപ്പോൾ കഥ പിറവിയെടുത്തു. അന്ന് കഥയ്ക്ക് ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു. താൻ ചെയ്ത പ്രവൃത്തി മഹത്തരവും അപകടം പിടിച്ചതുമാണ്, അതുപോലെ താൻ കരുത്തനാണ് എന്നും മറ്റുള്ളവരെ ധരിപ്പിക്കാനായിരുന്നു അത്.
എന്തിനാണ് കഥയെഴുതുന്നത്? എന്ന് കഥാകൃത്ത് സ്വയം ചോദിക്കുന്നു. കഥ തനിക്ക് പ്രാണവായു പോലെയാണ്. തന്നിലുള്ള കഥ തീരുന്നകാലത്താണ് തൻ്റെ കഥയും തീരുന്നത്. ആത്മസംതൃപ്തിക്കുവേണ്ടിയാണ് എഴുതുന്നതെന്ന് ഒറ്റവാചകത്തിൽ ഉത്തരം കുറിക്കാമെങ്കിലും, ഇത് ഒരു നിയോഗമായി കഥാകാരൻ കാണുന്നു. പുതുതായൊന്നും സൃഷ്ടിക്കപ്പെടുന്നില്ല. പകരം ചുറ്റുമുള്ളവയിൽ നിന്നും പ്രചോദനമുൾക്കൊണ്ടു കൊണ്ട് ഉൾപ്രേരിതമായ ഉൾവിളിയിലലിഞ്ഞ് പ്രകൃതിക്ക്, സമയത്തിന്, കാലത്തിനു വഴങ്ങികൊടുക്കുന്നു, അത്രേയുള്ളൂ.
തിരകൾ നിറച്ച കൈത്തോക്ക് അരയിൽ തിരുകി തൻ്റെ ശത്രുവിനെ കണ്ടു പിടിച്ച് നശിപ്പിക്കാൻ വേണ്ടി ഒരുവൻ പോകുന്ന ആകാംഷാഭരിതമായ യാത്രയാണ് 'ശത്രു' എന്ന കഥ. തനിക്ക് ജന്മം നൽകിയ അമ്മയുടെ അടുത്തേക്ക് ആദ്യം ചെന്നെങ്കിലും താനൊരു നിമിത്തം മാത്രമാണെന്ന അമ്മയുടെ വാദം ശരിയാണെന്നവനു തോന്നി. പിന്നെ ജന്മത്തിന് കാരണമായ പിതാവിൻ്റെ അടുത്തേക്കും സഹോദരങ്ങളുടെ അടുത്തേക്കും സുഹൃത്തുക്കളുടെ അടുത്തേക്കും ഒക്കെ ശത്രുവിനെ തേടി പോകുന്നുണ്ട്. അവരൊന്നും തൻ്റെ ശത്രുക്കളല്ലെന്ന് അവർ നിരത്തിയ ന്യായങ്ങളിൽ നിന്ന് അവന് ബോധ്യമാകുന്നുണ്ട്. അവരൊന്നും ഒരാളുടെ ശത്രുക്കളല്ലെന്ന് വായനക്കാർക്കും സംശയമില്ലാതെ ഉറപ്പിക്കാനാകും. തീർച്ചയായും കഥയുടെ അവസാനം അയാൾ തൻ്റെ ശത്രുവിനെ കണ്ടെത്തുകയും വെടിവെച്ച് കൊല്ലുകയും ചെയ്യുന്നുണ്ട്.
ചിട്ടിക്കമ്പനി പൂട്ടിപ്പോയതു കൊണ്ട് അവിടെ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന അറുപത്തിയഞ്ചുകാരന് കുടുംബം പുലർത്താൻ ഒരു പുതിയ ജോലി കണ്ടു പിടിക്കേണ്ടി വന്നു. വാട്ടർ തീം പാർക്കിൽ ഏഴടി ഉയരത്തിലുള്ള പീഠത്തിൽ കയറി ഏതോ രാജാവിൻ്റെ പ്രതിമയായി നിൽക്കുന്നതായിരുന്നു അയാൾക്ക് കിട്ടിയ പുതിയ ജോലി. അവിടെ കയറി ചിരിക്കാതെ, കരയാതെ, മിണ്ടാതെ, അനങ്ങാതെ നിന്ന് ജോലി ചെയ്തു. ആ നിൽപ്പിൽ ഒരിക്കലും കാണാൻ പാടില്ലാത്തതൊക്കെ കണ്ട് പ്രതിമയായിപ്പോയ ഒരു ഹതഭാഗ്യൻ്റെ കഥയാണ് 'പ്രതിമ'. കാഴ്ചകളൊക്കെ കണ്ടിട്ടും പ്രതികരിക്കാനാവാതെ നിശ്ചലമായി പോകുന്ന ഒരു ജനതയുടെ കഥകൂടിയാണിത്. പ്രതിമകളെയാണ് എല്ലാ മുതലാളിമാർക്കും ഭരണാധികാരികൾക്കും വേണ്ടത്.

'കമ' എന്നൊരക്ഷരം മിണ്ടരുത് എന്ന ശൈലി മലയാളികൾക്കിടയിൽ ഒരക്ഷരം പോലും സംസാരിക്കരുത്, പൂർണ്ണമായി മിണ്ടാതിരിക്കുക എന്ന അർത്ഥത്തിലാണ് സാധാരണയായി ഉപയോഗിക്കുന്നത്. കേൾക്കുമ്പോൾ 'ക', 'മ' എന്നീ രണ്ടക്ഷരങ്ങളായി തോന്നാമെങ്കിലും ഇതിനു പിന്നിൽ കൗതുകകരമായ വ്യാഖ്യാനങ്ങളുണ്ട്. ചുരുക്കത്തിൽ, ഭാഷാശാസ്ത്രപരമായി നോക്കിയാൽ 'കമ' എന്നത് ഒരൊറ്റ അക്ഷരമല്ല, മറിച്ച് മുഴുവൻ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു കോഡ് വാക്കാണ്.
കൃഷ്ണണനുണ്ണി തൊട്ടിലിൽ കിടക്കുമ്പോഴാണ് ആദ്യമായി അത് കേൾക്കുന്നത്. അതു ഇത്തിരി ക്രൂരമായ ഭാഷയിൽ, "കമാന്നു മിണ്ടിപ്പോയാൽ കൊന്നുകളയും അസത്തെ" എന്ന്. കുഞ്ഞിനെ നോക്കാനും വീട്ടുപണിക്കുമായി വന്ന ജാനുവിൽ നിന്നുമാണ് അത് കേട്ടത്. കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ട് പിടിക്കപ്പെടും മുൻപേ മിണ്ടാപ്രാണിക്ക് താക്കീത് കൊടുക്കാൻ വേലക്കാരി പോലും മറന്നില്ല. കൃഷ്ണനുണ്ണിയോടൊപ്പം കമയുടെ ലോകം വലുതാകുന്നതാണ് 'കമ' യുടെ കഥ. കൃഷ്ണനുണ്ണിയോടൊപ്പം നമ്മുടെ ജീവിതത്തിലും ഒളിഞ്ഞും മറഞ്ഞും 'കമ' കൾ പതിയിരുന്ന ഇടങ്ങൾ നമുക്കും ഓർത്തെടുക്കാനാവും. അങ്ങനെ വിജയത്തെ കമയുടെ വിജയമായി വിമർശനാത്മകമായി ആഘോഷിക്കുന്നു.
'ഒടിഞ്ഞ കസേരകൾ' എന്ന കഥ കസേരകളിയുടെ രഹസ്യം വെളിപ്പെടുത്തിക്കൊണ്ടാണ് തുടങ്ങുന്നത്. കസേരകളിയിൽ അവസാനത്തെ ഒരു കസേരയും സ്വന്തമാക്കുന്ന ആളാണ് വിജയിക്കുന്നത്. കൂടെ കളിക്കുന്നവരെല്ലാം ആ രഹസ്യം അറിഞ്ഞാൽ പിന്നെ എങ്ങനെയാ എനിക്ക് വിജയിക്കാനാവുക. അതിനാൽ ആ വിജയതന്ത്രം മറ്റാർക്കും പറഞ്ഞു തരില്ല.
വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നത്തിൽ കസേരകളിയിൽ വിജയിച്ചെങ്കിലും അവസാനം ഇരുന്ന കസേര പഴക്കം ചെന്ന കസേര ആയിരുന്നതിനാലായിക്കണം അയാൾ കസേരയോടൊപ്പം നിലം പൊത്തിയത്. പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്നത് കഥയിലും സത്യമാവുകയാണ്. അൻപത്തി അഞ്ച് വയസ്സ് എന്നത് വാർദ്ധക്യത്തിൻ്റെ വാതിൽ മാത്രമാണെങ്കിലും മുൻപേ ഓടിയെത്തുന്ന പുതുതലമുറ ഇളകിയ കസേരയൊക്കെ എടുത്ത് ഉപയോഗശൂന്യമായ സാധങ്ങൾ ഉപേക്ഷിക്കുന്ന ഇടത്തേക്ക് മാറ്റിവെക്കുന്നത് കണ്ണാലെ കാണേണ്ടി വരും. ഭൂമിയിൽ എന്നും പുതിയ കസേരകൾ ഉണ്ടാക്കപ്പെടുകയും അതിലേക്ക് പുതിയ പുതിയ ആളുകൾ വരികയും ചെയ്തു കൊണ്ടിരിക്കും. കഥാനായകന് തൻ്റേതായ ഒരു കസേരയുമായി സ്വന്തം ഭൂമിയിലേക്ക് എരിഞ്ഞു തീരാനായി യാത്ര ചെയ്യാനാവുന്നത് ഭാഗ്യമായി കാണാം.
അഞ്ചുകൊല്ലം മുൻപ് നിയമ പരമായി വേർപിരിഞ്ഞു പോയ ഭാര്യ ആനി ഒരു ദിവസം രാത്രി ഏകദേശം 9.30 ന് പഴയ ഭർത്താവ് ഒറ്റയ്‌ക്ക് താമസിക്കുന്ന വീട്ടിലേക്ക് വരുന്നിടത്താണ് 'രാമഴവില്ല് ' എന്ന കഥ ആരംഭിക്കുന്നത്. അവൾ ഇന്ന് മറ്റൊരാളുടെ ഭാര്യയാണ്, മറ്റൊരു കുടുംബത്തിൽ നിന്നും തികച്ചും സന്തോഷം അനുഭവിക്കുന്നവൾ. പക്ഷേ എന്താണ് അവളുടെ ആഗമനോദ്ദേശം എന്നു മനസ്സിലായില്ല. ആനി ആവശ്യപ്പെട്ടപ്രകാരം പഴയഭാര്യയ്ക്ക് അയാൾ ചായ ഇട്ടു കൊടുക്കുന്നുണ്ട്. ഒരു പക്ഷെ ഒരു തിരിച്ചുവരവിനുള്ള കളമൊരുക്കുകയാണോ എന്ന് ആർക്കും സംശയം തോന്നും. അവൾ അടുത്തു നിന്നപ്പോൾ പഴയതു പോലെ ഒന്നു കെട്ടിപ്പിടിക്കണമെന്നും ചേർത്തു നിർത്തി ചുംബിക്കണമെന്നും പൊട്ടിക്കരയണമെന്നും മൊക്കെയുള്ള ആഗ്രഹം അയാൾക്ക് ഉണ്ടായെങ്കിലും അതൊക്കെ അയാൾത്തന്നെ മുളയിലേ നുള്ളിക്കളഞ്ഞു.
അവൾ വന്നു പോയി പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അവളുടെ പുതിയ ഭർത്താവ് മിഥുൻ ആദ്യമായി ഫോൺ വിളിച്ചത്. അപ്പോഴാണയാൾ അറിയുന്നത് അവർ തമ്മിലുള്ള ബന്ധം ഒരു വർഷം മുൻപേ പിരിഞ്ഞെന്ന്. ആനി പത്തു മിനിറ്റ് മുൻപ് ഇവിടെ വന്നു എന്നു പറഞ്ഞത് മിഥുന് വിശ്വാസമായില്ല, ആനി പത്തു മിനിറ്റ് മുൻപ് അവിടെ അയാളോടൊപ്പം ഉണ്ടായിരുന്നെന്നാണ് മിഥുൻ അവകാശപ്പെട്ടത്. നിങ്ങൾ ഇപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടോ അതോ സെഡേഷനുള്ള മരുന്നുകൾ തുടരുന്നുണ്ടോ എന്ന് മിഥുൻ ചോദിച്ചപ്പോൾ ദേഷ്യത്തിൽ ഫോൺ കട്ടുചെയ്തു.
ആ രാത്രിയിൽ ജേഷ്ഠൻ്റെ ഫോൺ കോൾ വന്നപ്പോഴാണ് മേൽപ്പറഞ്ഞതൊന്നും അല്ല യഥാർത്ഥ കഥയെന്ന് വായനക്കാർക്ക് മനസ്സിലാകുന്നത്. കഥയുടെ കാമ്പ് അറിയുമ്പോൾ വായനക്കാരൻ ഒന്നും ചെയ്യുവാനാകാതെ ഒരു നിമിഷമെങ്കിലും തരിച്ചിരുന്നു പോകും. അത്ര ഭ്രമാത്മകമായ വഴികളിലൂടെയാണ് രാമഴവില്ല് നമ്മെ നയിക്കുന്നത്.
മേൽ പറഞ്ഞ അഞ്ചുകഥകൾ കൂടാതെ എലിക്കെണി, അതേവഴി, പെങ്ങൾ, പൊകേറ, മുടിയേറ്റ്, ഛായാപ്രവേശം, ഒരു പെഴ്സിൽ ഒതുക്കാനാവാത്ത ചില നഗ്നസത്യങ്ങൾ, കുപ്പായങ്ങൾ തുടങ്ങിയ ഭാവനയുടെ അഗാധതകളിലെ വന്യവും ഏകാന്തവുമായ തലങ്ങൾ സമ്മാനിക്കുന്ന കഥകളും ഈ സമാഹാരത്തിലുണ്ട്. ഓരോ കഥകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. മിക്ക കഥകളുടെ കഥാപരിസരം പ്രത്യേകം എടുത്തു പറയുന്നില്ലെങ്കിലും അതൊക്കെ എവിടെയും നടക്കാവുന്ന കഥയാണ്. ഭൂമിയുടെ ഏത് കോണിലിരുന്ന് വായിച്ചാലും അത് തൻ്റെ വളരെ അടുത്ത് നടക്കുന്നതായി വാനനക്കാരന് അനുഭവിക്കാനാവും എന്നത് ഈ കഥകളുടെ പ്രതേകതയാണ് .
പുസ്തകത്തിന് അവതാരികയോ പഠനമോ ഒന്നും ഇല്ലാത്തതിനാൽ മുൻവിധികളില്ലാതെ കഥയിലേക്ക് നേരിട്ട് കയറാനാവും. ഈ പുസ്തകം നല്ല കഥകൾ ഇഷ്ടപ്പെടുന്ന വായനക്കരെ നിരാശപ്പെടുത്തില്ല എന്നുറപ്പ്. 13 കഥകളുടെ ഈ സമാഹാരം ആലപ്പുഴയിൽ നിന്നുള്ള ഫേബിയൻ ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 88 പേജുകളുള്ള ഈ പുസ്തകത്തിൻ്റെ വില 150 രൂപയാണ്.

ഫിലിപ്പ് തോമസ്
ആലപ്പുഴ ജില്ലയിലെ നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ വിളയിൽ നാടക നടനും എഴുത്തുകാരനുമായ മത്തായി തോമസിൻ്റെയും (തോമസ് നൂറനാട്) സാറാമ്മ തോമസിൻ്റെയും മകൻ. അടൂർ ഗവ. ബോയ്സ് ഹൈസ്കൂൾ, സെൻ്റ് സിറിൾസ് കോളേജ് അടൂർ, അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പഠനം.
നഗരത്തിലെല്ലാവർക്കും സുഖമാണ് (1997), പാതാളക്കരണ്ടി (2013), ഐസ് ക്രീമിൻ്റെ കഥ (2022), രാമഴവില്ല് (2025) എന്നീ കഥാസമാഹാരങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാതിരാക്കുയിൽ ആകാശത്തേക്കു ചൊരിയുന്ന ആയിരം ഗദ്ഗദങ്ങൾ (2023) എന്ന കഥാസമാഹാരത്തിൻ്റെ എഡിറ്ററായിരുന്നു. ഭ്രമ്ശം എന്ന നോവൽ ഉടൻ പ്രസിദ്ധീകരിക്കും.
സാഹിതി മാസികയുടെ മുഖ്യപത്രാധിപരായിരുന്നു. 1997 ൽ രോഗങ്ങൾ പൂക്കുന്ന കുട്ടനാട് എന്ന ഡോക്യുമെൻ്റെറിക്ക് സംസ്ഥാനതല പുരസ്കാരം ലഭിച്ചു. കഥകൾക്കും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പത്തുവർഷം ദുബായിൽ ജോലി ചെയ്തു. 2018 മുതൽ അമേരിക്കയിലുണ്ട്. അമേരിക്കയിലെ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളിലൊക്കെ സജീവമാണ്. കുടുംബസമേതം ന്യൂയോർക്കിൽ താമസിക്കുന്നു.
ഭാര്യ :- ബിജി, മകൾ :- ദിയ
email :- paperpenandphilipthomas@gmail.com