
മില്‍പിറ്റസ്: അമേരിക്കന്‍ മലയാളി സമൂഹത്തെ ഞെട്ടിച്ച രണ്ട് മലയാളി യുവതികളുടെ കൊലപാതക കേസില്‍ പ്രതിയായ അനില ബേബിയുടെ അഭിഭാഷകന്‍ ഷോണ്‍ എം. ജോര്‍ജ് ആദ്യമായി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഡിസ്‌കവറി രേഖകളും ജില്ലാ അറ്റോര്‍ണി ഓഫീസില്‍ നിന്ന് ലഭിക്കുന്നതിനുള്ള നടപടികളിലാണ് തന്റെ ഓഫീസ് എന്നും, രേഖകളും പൊലീസ് റിപ്പോര്‍ട്ടുകളും വിശദമായി പരിശോധിച്ചശേഷമേ കേസിനെക്കുറിച്ച് വസ്തുനിഷ്ടമായ പ്രതികരണം നടത്താനാകൂ എന്നും അദ്ദേഹം 'ഇ മലയാളി'യോട് പറഞ്ഞു.
തൃശൂര്‍ സ്വദേശിനിയായ അഞ്ജന ഹരിയും തിരുവനന്തപുരം സ്വദേശിനിയായ ആന്‍ മേരി മാത്യുവും കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട സംഭവമാണ് അമേരിക്കന്‍ മലയാളി സമൂഹത്തെ നടുക്കിയത്. ഓഗസ്റ്റ് 28-ന് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ അനില ബേബിക്കെതിരെ രണ്ട് കൊലക്കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. സാന്താ ക്ലാര കൗണ്ടി കോടതിയില്‍ ഹാജരാക്കിയ കേസില്‍ അവര്‍ കുറ്റം സമ്മതിച്ചിട്ടില്ല; കുറ്റം തെളിയുന്നതുവരെ നിയമപരമായി അവര്‍ പ്രതിയെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ്.
അനില ബേബിയുടെ അഭിഭാഷകന്‍ ഷോണ്‍ എം. ജോര്‍ജ് പുറത്തുവിട്ട പ്രസ്താവനയില്‍ കേസിന്റെ യഥാര്‍ഥ വസ്തുതകള്‍ കോടതി നടപടികളിലൂടെയാണ് വ്യക്തമാകേണ്ടതെന്ന് ഊന്നിപ്പറഞ്ഞു. ''ഇത് വളരെ ദുഃഖകരവും ഹൃദയഭേദകവുമായ ഒരു കേസാണ്. നിരവധി ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. അവയ്ക്ക് ഊഹാപോഹങ്ങളുടെയും അടിസ്ഥാനരഹിതമായ സിദ്ധാന്തങ്ങളുടെയും സഹായത്തോടെ ഉത്തരം കണ്ടെത്താന്‍ പലരും ശ്രമിക്കുമെന്ന് ഉറപ്പാണ്...'' അദ്ദേഹം പറഞ്ഞു.
രണ്ട് മനുഷ്യജീവനുകള്‍ ദാരുണമായി നഷ്ടപ്പെട്ടതും മൂന്ന് കുടുംബങ്ങളെ ഈ ദുരന്തം ഗുരുതരമായി ബാധിച്ചതും ചൂണ്ടിക്കാട്ടിയ ജോര്‍ജ്, ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന സാങ്കല്‍പ്പിക സിദ്ധാന്തങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ നിഗമനങ്ങളിലെത്തരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ''ഈ കേസ് പരിഗണിക്കപ്പെടേണ്ട ഉചിതമായ ഏക വേദി കോടതിയാണ്. അവിടെ തെളിവുകളുടെ നിയമപരമായ ചട്ടക്കൂടിനനുസരിച്ചായിരിക്കും കേസ് പരിഗണിക്കപ്പെടുക. അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ നീതി ഉറപ്പാക്കുകയും എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും...'' അദ്ദേഹം വ്യക്തമാക്കി.
കേസിലെ തെളിവുകളും അനുബന്ധ പൊലീസ് റിപ്പോര്‍ട്ടുകളും പൂര്‍ണമായി പരിശോധിച്ചശേഷമേ കൂടുതല്‍ പ്രതികരണം നടത്താനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഷോണിന്റെ പ്രസ്താവനയില്‍ മലയാളി സമൂഹത്തിന്റെ ശ്രദ്ധ നേടിയ മറ്റൊരു പരാമര്‍ശവും ഉണ്ടായിരുന്നു. ''നിങ്ങള്‍ പറഞ്ഞത് ശരിയാണ്; ഞാന്‍ കേരളത്തിലാണ് ജനിച്ചത്...'' എന്നാണ് ഷോണ്‍ എം. ജോര്‍ജ് വ്യക്തമാക്കിയത്. അമേരിക്കയില്‍ മലയാളി സമൂഹം ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന കേസില്‍, പ്രതിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനും കേരളത്തില്‍ ജനിച്ചയാളാണെന്ന വിവരം അദ്ദേഹത്തിന്റെ പ്രൊഫൈലിനെക്കുറിച്ചും കൂടുതല്‍ താല്‍പര്യം സൃഷ്ടിച്ചിട്ടുണ്ട്.
ആരാണ് ഷോണ്‍ എം ജോര്‍ജ്...?
കാലിഫോര്‍ണിയയിലെ മെഴ് സഡ് കൗണ്ടിയില്‍ ക്രിമിനല്‍, ട്രാഫിക് കേസുകള്‍ ഉള്‍പ്പെടെ നിരവധി നിയമകാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള അഭിഭാഷകനാണ് ഷോണ്‍ എം ജോര്‍ജ്. അദ്ദേഹത്തിന്റെ നിയമസ്ഥാപനത്തിന്റെ വിവരണമനുസരിച്ച്, ക്രിമിനല്‍ ഡിഫന്‍സ്, ഇമിഗ്രേഷന്‍, ബിസിനസ് കണ്‍സള്‍ട്ടേഷന്‍, റിയല്‍ എസ്റ്റേറ്റ്, വ്യക്തിപരമായ പരിക്ക് സംബന്ധിച്ച കേസുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം നിയമസേവനം നല്‍കുന്നു.
മുന്‍ ഡിസ്ട്രിക്ട് അറ്റേര്‍ണിയും ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയുമായിരുന്ന ജോര്‍ജിന് പ്രോസിക്യൂഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ചുള്ള നേരിട്ടുള്ള പരിചയമുണ്ട്. നിരവധി കേസുകള്‍ വിചാരണ ഘട്ടത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും നിയമപരമായ ചര്‍ച്ചകളിലൂടെയും ഒത്തുതീര്‍പ്പുകളിലൂടെയും കേസുകള്‍ പരിഹരിക്കുന്നതില്‍ പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ പറയുന്നു. കേസിലെ ഓരോ തെളിവും സൂക്ഷ്മമായി പരിശോധിക്കുകയും ക്ലയന്റിന്റെ വാദം കേള്‍ക്കുകയും നിയമപരമായ സാധ്യതകള്‍ വ്യക്തമായി വിശദീകരിക്കുകയും ചെയ്യുന്നതിലാണ് തന്റെ സമീപനമെന്ന് ജോര്‍ജിന്റെ നിയമസ്ഥാപനം വ്യക്തമാക്കുന്നു.
ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ നേരിടുന്ന ഭയം, അപമാനബോധം, ആശയക്കുഴപ്പം എന്നിവയെക്കുറിച്ചും തന്റെ നിയമസ്ഥാപനത്തിന്റെ പ്രൊഫൈലില്‍ ഷോണ്‍ എം. ജോര്‍ജ് വിശദീകരിക്കുന്നുണ്ട്. ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്തപ്പെട്ടുവെന്നത് മാത്രം അയാള്‍ കുറ്റവാളിയാണെന്ന് അര്‍ഥമാക്കുന്നില്ലെന്നും, തെറ്റായ തീരുമാനമോ പിഴവോ സംഭവിച്ചതുകൊണ്ട് ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേസിലെ വസ്തുതകള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ പരിശോധിക്കപ്പെടണമെന്ന നിലപാടാണ് അനില ബേബിയുടെ അഭിഭാഷകന്റെ ഇപ്പോഴത്തെ പ്രതികരണത്തിന്റെ പ്രധാന സന്ദേശം.
അനില ബേബിക്കെതിരെ രണ്ട് കൊലക്കുറ്റങ്ങള്‍ ചുമത്തിയ സാഹചര്യത്തില്‍ അന്വേഷണം, തെളിവുകളുടെ പരിശോധന, കോടതി നടപടികള്‍ എന്നിവ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ജന ഹരി വാഹനമിടിച്ച് കൊല്ലപ്പെട്ടതായും ആന്‍ മേരി മാത്യു സാന്‍ ജോസിലെ വസതിയില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തപ്പെട്ടതായും അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ സംഭവത്തിന് പിന്നിലെ കൃത്യമായ പ്രേരണ സംബന്ധിച്ച് അന്തിമമായ വിശദീകരണം പുറത്തുവന്നിട്ടില്ല. അതിനാല്‍ കേസുമായി ബന്ധപ്പെട്ട് ഉയരുന്ന വിവിധ ഊഹാപോഹങ്ങള്‍ക്ക് പകരം, അന്വേഷണം പൂര്‍ത്തിയാകുന്നതും തെളിവുകള്‍ കോടതിയില്‍ പരിശോധിക്കപ്പെടുന്നതും കാത്തിരിക്കണമെന്ന അഭിഭാഷകന്റെ അഭ്യര്‍ഥനയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
രണ്ട് ജീവനുകളുടെ ദാരുണമായ നഷ്ടത്തില്‍ വേദനിക്കുന്ന കുടുംബങ്ങള്‍ക്കും സമൂഹത്തിനുമിടയില്‍ നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുമ്പോള്‍, ആ ചോദ്യങ്ങള്‍ക്ക് അന്തിമ ഉത്തരം നല്‍കേണ്ടത് ഊഹാപോഹങ്ങളല്ല, തെളിവുകളും നിയമനടപടികളുമാണ് എന്ന സന്ദേശത്തോടെയാണ് പ്രതിഭാഗം അഭിഭാഷകന്‍ തന്റെ പ്രതികരണം അവസാനിപ്പിക്കുന്നത്.