Image

ഭൂമിയിലെ വാടകക്കാരൻ (സിനിമ : Le Locataire (1976 ) -മാത്യു സണ്ണി കെ.

Published on 16 September, 2026
ഭൂമിയിലെ വാടകക്കാരൻ (സിനിമ : Le Locataire (1976 ) -മാത്യു സണ്ണി കെ.

"ഞാനൊരു കൂടാണ്; എന്നിലടയ്ക്കാൻ ഒരു പക്ഷിയെ തിരയുകയാണ്."
- ഫ്രാൻസ് കാഫ്ക.

റൊമാൻ പൊളാൻസ്കി സംവിധാനം ചെയ്ത 'ലെ ലോക്കാതേർ ' (Le Locataire / The Tenant) എന്ന വിഖ്യാത സൈക്കോളജിക്കൽ ത്രില്ലറിനെ കാഫ്കയുടെ ഈ ദാർശനിക വാക്യത്തിൻ്റെ  അത്യുജ്ജ്വലമായ ചലച്ചിത്രാവിഷ്കാരമെന്ന് പറയാം.

അദൃശ്യമായ നിയമങ്ങളാൽ ബന്ധിതമായ ശൂന്യമായൊരു കൂടാണ് ഈ ഭൂമി; അതിലെ   ശാസനകൾക്കനുസരിച്ച് ജീവിക്കാൻ ഒരു  വാടകക്കാരനെ അത് നിരന്തരം അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു എന്ന  യാഥാർത്ഥ്യമാണ് ഈ ചിത്രം പ്രേക്ഷകന് മുൻപിൽ തുറന്നിടുന്നത്.

ചിത്രത്തിന്റെ പ്രാരംഭദൃശ്യം തന്നെ വരാനിരിക്കുന്ന മഹാദുരന്തത്തിന്റെ സൂചനകൾ നമുക്ക് നൽകുന്നുണ്ട്. ആ  കെട്ടിടത്തിന്റെ മുറ്റത്തുനിന്നും ജനാലകളിലൂടെ വൃത്തത്തിൽ ചലിക്കുന്ന  ക്യാമറ, ഫ്രെയിമുകളിൽ തളയ്ക്കപ്പെട്ട പ്രതിമകളെപ്പോലെ നിശ്ചലരായ മനുഷ്യരെ നിർവികാരമായി  ഒപ്പിയെടുക്കുന്നു. നിർജീവമായ ഒരു  അപ്പാർട്ടുമെൻ്റ് , തന്റെ  ഇരയെ കാത്തിരിക്കുന്ന ഒരു ഭീകരസത്വമായി പരിണമിക്കുന്ന കാഴ്ച ഇവിടെ തുടങ്ങുന്നു.

പാരീസിലെത്തുന്ന ട്രെൽക്കോവ്സ്കി എന്ന കുടിയേറ്റക്കാരൻ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്കെടുക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. തുടർന്നങ്ങോട്ട് ആ വാടകമുറി ജീവനുള്ള ഒരു അസ്തിത്വമായി മാറിക്കൊണ്ട് നായകനെ വല്ലാതെ ശ്വാസംമുട്ടിക്കുന്നു.  നിശബ്ദതയിലൂടെയാണ് അത് ആദ്യമായി അവനെ വേട്ടയാടുന്നത്. സ്വന്തം മുറിയിലൂടെ സ്വതന്ത്രമായി നടക്കാൻ പോലുമാകാതെ കഷ്ടപ്പെടുന്നു. തറയിലെ പലകകളുടെ ഞരക്കങ്ങളും പൈപ്പിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദവുംപോലും ട്രെൽക്കോവ്സ്കിയോട് ക്രോധം പ്രകടിപ്പിക്കുന്നതായി   അനുഭവപ്പെടുന്നു. ഒടുവിൽ ജീവിക്കാൻ അവകാശമില്ലാത്ത ഒരുവനെപ്പോലെ, സ്വന്തം ശ്വാസനിശ്വാസങ്ങളെപ്പോലും ഭയന്ന്  ആ മുറിക്കുള്ളിൽ ചുരുണ്ടുകൂടുന്നു.

ഒരു മനുഷ്യനെ അപ്പാർട്ട്മെന്റ് എങ്ങനെയാണ് കാർന്നുതിന്നുന്നത് എന്നതിന്റെ ഏറ്റവും ശക്തമായ രൂപകമാണ് ചുമരിലെ ദ്വാരത്തിൽ ഒളിപ്പിച്ചുവെച്ച പല്ല്. ഇരയെ വിഴുങ്ങിയിട്ട് അവശിഷ്ടങ്ങൾ തുപ്പിക്കളയുന്ന ഒരു ഹിംസ്രജന്തുവിനെപ്പോലെ, മുൻ വാടകക്കാരിയായ സിമോണിന്റെ ഒരു അവശിഷ്ടം ആ അപ്പാർട്ട്മെൻ്റ്  അതിന്റെ ചുമരിനുള്ളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്നു. സ്വന്തം പല്ല് നഷ്ടപ്പെടുമ്പോൾ, ആ കെട്ടിടം തന്നെയും വിഴുങ്ങിത്തുടങ്ങിയെന്ന് നായകൻ തിരിച്ചറിയുന്നു.

മുൻ താമസക്കാരി സിമോനെയും ആ അപ്പാർട്ട്മെന്റ് ശ്വാസം മുട്ടിച്ചിരുന്നു; ആ പീഡനം സഹിക്കവയ്യാതെയാണ് അവൾ ജനലിലൂടെ  ചാടി ആത്മഹത്യ ചെയ്യുന്നത്. പുതിയ വാടകക്കാരനായ ട്രെൽക്കോവ്സ്കിയെ തന്റെ  വ്യക്തിത്വം സ്ഥാപിക്കാൻ ആ വാസ്തുവിദ്യ തെല്ലും അനുവദിക്കുന്നില്ല. പകരം, അവിടെയുള്ള ഭാരമേറിയ അലമാരയും അതിനുള്ളിലെ സിമോണിന്റെ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും ഉപയോഗിച്ച് ആ മുറി അയാളെയും  പഴയ വാടകക്കാരിയായി വാർത്തെടുക്കുന്നു. മുറിക്കുള്ളിലെ ഓരോ നിർജീവ വസ്തുവും ട്രെൽക്കോവ്സ്കിയെ സിമോൺ ആക്കി മാറ്റാൻ ഗൂഢാലോചന നടത്തുന്നത് കണ്ടിരിക്കുക അതീവ  ഭീതി ദായകമാണ്.

പുറത്തിറങ്ങിയാലും ഇവിടെ   രക്ഷയില്ല. സിമോൺ പോയിരുന്ന കഫേയിൽ എത്തുമ്പോൾ, അയാൾക്ക്  താല്പര്യമില്ലെങ്കിൽ കൂടി അവൾ സ്ഥിരമായി കഴിച്ചിരുന്ന പ്രഭാതഭക്ഷണം  മുന്നിലേക്ക് നീക്കിവെക്കുന്നു.  പതിവ്  ഗോലോയ്സ് സിഗരറ്റുകൾക്ക് പകരം സിമോൻ  വലിച്ചിരുന്ന മാൾബറോ വലിക്കാൻ  നിർബന്ധിതനാകുന്നു. ക്രമേണ അയാളുടെ ഇഷ്ടങ്ങളും ശീലങ്ങളും ശബ്ദവും വരെ സിമോണിന്റേതായി മാറുന്നു.

Je est un autre : ഞാൻ എന്നത്  മറ്റൊരാളാണ് ;
ആർതർ റിംബോയുടെ  വിഖ്യാത വരികളുടെ ഭീകരത നായകൻ തിരിച്ചറിയുന്ന നിമിഷങ്ങൾ ഉണ്ടു്. ഒരിക്കൽ ഉറക്കമുണർന്നപ്പോൾ, തന്റെ മുഖത്ത് ആരോ മേക്കപ്പ് ചെയ്തിരിക്കുന്നത്  കാണുന്നു. സ്വയം അറിയാതെ സിമോണിന്റെ വസ്ത്രങ്ങളും വിഗ്ഗും ചെരുപ്പുകളും അയാൾ  അണിയാൻ തുടങ്ങുന്നു. അപ്പോഴാണ് ആ ഭയാനകമായ സത്യം  തിരിച്ചറിയുന്നത്: വ്യവസ്ഥിതി അയാളെ കൊല്ലാൻ ശ്രമിക്കുകയായിരുന്നില്ല, മറിച്ച് അയാളെ പൂർണ്ണമായും സിമോൺ ആക്കി മാറ്റുകയായിരുന്നു.

എതിർവശത്തുള്ള ശുചിമുറിയാണ് അപ്പാർട്ട്മെന്റിന്റെ കണ്ണുകളായി വർത്തിക്കുന്നത്. എപ്പോഴും ട്രെൽക്കോവ്സ്കിയെ നിരീക്ഷിക്കാൻ അവിടെ അദൃശ്യനായ ഒരാളുണ്ട്. മുറിക്കുള്ളിൽ താൻ ഒരിക്കലും ഏകാകിയല്ല എന്ന നിരന്തരമായ ഭയം ആ കെട്ടിടം അത്യന്തം  സൃഷ്ടിക്കുന്നു. ഒളിഞ്ഞുനോട്ടങ്ങൾ നിറഞ്ഞ ആ കെട്ടിടത്തിന്റെ ഘടന ഒരു തുറന്ന ജയിൽ  പോലെയാണ് അനുഭവപ്പെടുന്നത്. നായകൻ അവിടെ ഒറ്റയ്ക്കായിരുന്നില്ല; അയാളെ നിരന്തരം നിരീക്ഷിക്കുന്ന അയൽക്കാരും കെട്ടിടമുടമ മോൺസിയർ സിയും പ്രതിനിധീകരിക്കുന്നത് നായകനെ ശ്വാസംമുട്ടിക്കുന്ന അസഹിഷ്ണുത നിറഞ്ഞ സാമൂഹിക വ്യവസ്ഥിതിയെയാണ്. സൗഹൃദങ്ങളും സംഗീതവും സ്വതന്ത്രമായ കാലൊച്ചകളും മറ്റും ആ വ്യവസ്ഥിതിക്ക്  അസഹനീയവും.

ചിത്രത്തിന്റെ ക്ലൈമാക്സിൽ, അപ്പാർട്ട്മെന്റ് അതിന്റെ യഥാർത്ഥ ഭീകരരൂപം പുറത്തെടുക്കുന്നു. ചതുരാകൃതിയിലുള്ള ആ മുറ്റം ഒരു വലിയ നാടകവേദിയായും  ചുറ്റുമുള്ള ജനാലകൾ ഗാലറികളായും രൂപാന്തരപ്പെടുന്നു. അവിടെയുള്ള അയൽക്കാരെല്ലാം ഒരുമിച്ചുകൂടി അയാളെ താഴേക്ക് ചാടാൻ പ്രേരിപ്പിച്ച് കയ്യടിക്കുകയാണ്. ലോകം എന്ന വ്യവസ്ഥിതിക്ക് വഴങ്ങാത്തവനെ ആ വ്യവസ്ഥിതി തന്നെ ആത്മഹത്യയിലേക്ക് തള്ളിയിട്ട് ആഘോഷിക്കുന്നതിന്റെ ഏറ്റവും ഭീതിദായകമായ  ദൃശ്യം.

ആരുമില്ലാത്ത, സർവ്വസ്വവും നഷ്ടപ്പെട്ട അയാൾ  വീണ്ടും ആ പഴയ അപ്പാർട്ട്മെന്റിലേക്ക് തന്നെ വലിച്ചെറിയപ്പെടുകയും സിമോണിനെപ്പോലെ താഴേക്ക് പതിക്കുകയും ചെയ്യുന്നു. ഒടുവിൽ ആശുപത്രിയിലെ കിടക്കയിൽ മുഖം മുഴുവൻ ബാൻഡേജ് ചുറ്റി കിടക്കുമ്പോൾ, തന്നെ കാണാൻ വരുന്ന പഴയ ട്രെൽക്കോവ്സ്കിയെ അയാൾ കാണുന്നു. താനിപ്പോൾ പൂർണ്ണമായും സിമോൺ ആയി മാറി എന്ന അന്തിമമായ തിരിച്ചറിവിൽ, അയാളുടെ തൊണ്ടയിൽ കുരുങ്ങിക്കിടന്ന ഭയം ഒരു അമാനുഷികമായ നിലവിളിയായി പുറത്തേക്ക് തെറിക്കുന്നു.

ശ്വാസംമുട്ടിക്കുന്നതും ഭയം നിറഞ്ഞതുമായ അപ്പാർട്ട്മെന്റിലെ ഇടങ്ങളെ പോളാൻസ്കി തികഞ്ഞ ചലച്ചിത്രഭാഷയിലൂടെയാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്:
സിനിമയുടെ തുടക്കം മുതൽ തന്നെ വളരെ ഇടുങ്ങിയ ഇടനാഴികളിലൂടെയും ചെറിയ മുറികളിലൂടെയുമാണ് ക്യാമറ സഞ്ചരിക്കുന്നത്. നായകനോട് ചേർന്നുനിൽക്കുന്ന ക്ലോസ്-അപ്പ് ഷോട്ടുകൾ , അയാൾ അനുഭവിക്കുന്ന വീർപ്പുമുട്ടലിനെ പ്രേക്ഷകരിലേക്കും നേരിട്ടെത്തിക്കുന്നു.  ചെറിയ മുറികൾക്കുള്ളിൽ വൈഡ്-ആംഗിൾ ലെൻസുകൾ ഉപയോഗിച്ചാണ് പല പ്രധാന രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ട്രെൽക്കോവ്സ്കിയുടെ മാനസികനില തെറ്റുന്നതിനനുസരിച്ച്, ചുറ്റുമുള്ള ലോകത്തിന്റെ രൂപവും അസ്വാഭാവികമായി മാറുന്നതായി ഇത് അനുഭവപ്പെടുത്തുന്നു.

ചുരുക്കത്തിൽ, ചലച്ചിത്രത്തിന്റെ സൂക്ഷ്മമായ ദൃശ്യവ്യാകരണത്തിലൂടെ നിർജീവമായ ഒരു വാടകമുറിയെ ജീവനുള്ള ഭീകരസത്വമാക്കി മാറ്റാൻ പോളാൻസ്കിക്ക് കഴിഞ്ഞിട്ടുണ്ട്. ട്രെൽക്കോവ്സ്കിയുടെ വിഭ്രാന്തികളിലേക്ക് വഴുതിവീഴുന്ന മനസ്സിന്റെ ഭൗതികമായ പ്രതിരൂപമാണ് ആ അപ്പാർട്ട്മെന്റിലെ ഓരോ ഫ്രെയിമുകളും.

ചെറിയ മുറികൾക്കുള്ളിൽ വൈഡ് ആംഗിൾ ലെൻസുകൾ  തീർക്കുന്ന വികലമായ ദൃശ്യങ്ങളിലൂടെ  പോളാൻസ്കി നായകന്റെ തകർന്നുകൊണ്ടിരിക്കുന്ന മാനസികനിലയെ കൃത്യമായി വരച്ചുകാട്ടുന്നു. ട്രെൽക്കോവ്സ്കിയുടെ മാനസിക വിഭ്രാന്തികൾ വർദ്ധിക്കുന്നതിനനുസരിച്ച്,  ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണുന്നതിന്റെ അസ്വാഭാവികത ഈ ഫ്രെയിമുകളിൽ എല്ലാം  പ്രകടമാണ്. ഈ ചിത്രത്തിലെ ഭയം പ്രധാനമായും ഉടലെടുക്കുന്നത് മറ്റുള്ളവരുടെ തുറിച്ചുനോട്ടങ്ങളിൽ നിന്നാണ്. നായകന്റെ കാഴ്ചപ്പാടിലൂടെയുള്ള ദൃശ്യങ്ങൾ, താൻ നിരന്തരം നിരീക്ഷിക്കപ്പെടുകയാണെന്ന അയാളുടെ അടങ്ങാത്ത പേടിയെ അരക്കിട്ടുറപ്പിക്കുന്നു.

വ്യക്തിത്വം അഥവാ സ്വത്വം നഷ്ടപ്പെടുന്നതിന്റെ ഏറ്റവും മികച്ച ദൃശ്യരൂപകമായി ചിത്രത്തിൽ കണ്ണാടികളെ ഉപയോഗിച്ചിരിക്കുന്നു. ഒരു രംഗത്തിൽ, തന്റെ ജനാലയിലൂടെ എതിർവശത്തേക്ക് ബൈനോക്കുലറിലൂടെ നോക്കുന്ന നായകൻ, അവിടെനിന്ന് തന്നെത്തന്നെ തിരികെ നോക്കുന്ന സ്വന്തം രൂപത്തെ ദർശിക്കുന്നത് (Doppelgänger effect) സമാനതകളില്ലാത്ത ഒരു ഭയമാണ് സൃഷ്ടിക്കുന്നത്. ചിത്രത്തിന്റെ സിംഹഭാഗവും വളരെ മങ്ങിയ വെളിച്ചത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മുറികൾക്കുള്ളിൽ എപ്പോഴും തളംകെട്ടിനിൽക്കുന്ന നീളമേറിയതും ഇരുണ്ടതുമായ നിഴലുകൾ കേവലമൊരു വെളിച്ചക്കുറവല്ല, മറിച്ച് നായകന്റെ മനസ്സിനെ പൂർണ്ണമായും വിഴുങ്ങാൻ പോകുന്ന ആസന്നമായ അന്ധകാരത്തിന്റെ സൂചനയാണ്.

ഫ്രഞ്ച് സാഹിത്യത്തിലെ 'പാനിക് മൂവ്‌മെന്റ്' എന്ന സർറിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ റോളണ്ട് ടോപോർ  രചിച്ച 'Le Locataire chimérique' എന്ന വിഖ്യാത നോവലിന്റെ അത്യുജ്ജ്വലമായ ചലച്ചിത്രാവിഷ്കാരമാണിത്. നോവലിൽ ഉടനീളമുള്ള ഇരുണ്ട ഹാസ്യവും സ്വത്വനഷ്ടത്തിന്റെ ഭീകരതയും യാതൊരു ചോർച്ചയുമില്ലാതെ അതേപടി സിനിമയിലും നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

'ദ ടെനന്റ്' ലെ  മാനസിക വിഭ്രാന്തി, സ്വത്വനഷ്ടം, ഇടങ്ങളുടെ അന്യവൽക്കരണം എന്നീ  പ്രമേയങ്ങൾ ചിത്രികരിക്കുന്ന കുറെയേറെ  ക്ലാസിക് സിനിമകൾ ഉണ്ട്. മനുഷ്യന്റെ വാസസ്ഥലം അവനെ എങ്ങനെ ഭ്രാന്തിലേക്ക് നയിക്കുന്നു എന്ന് അന്വേഷിക്കുന്ന പോളാൻസ്കിയുടെ തന്നെ വിഖ്യാതമായ 'അപ്പാർട്ട്മെന്റ് ട്രൈലോജി'യിലെ അവസാന ചിത്രമാണിത്. 'റിപ്പൾഷൻ' (Repulsion - 1965), 'റോസ്മേരീസ് ബേബി' (Rosemary's Baby - 1968) എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചിത്രങ്ങൾ. കൂടാതെ, കോയൻ ബ്രദേഴ്സിന്റെ 'ബാർട്ടൺ ഫിങ്ക്' (Barton Fink), ഡാരെൻ അരോനോഫ്സ്കിയുടെ 'ബ്ലാക്ക് സ്വാൻ' (Black Swan), ബ്രാഡ് ആൻഡേഴ്സന്റെ 'ദി മെഷിനിസ്റ്റ്' (The Machinist) 
മറ്റൊരാൾ' (KG ജോർജ് )
അനന്തരം ( അടൂർ ) തുടങ്ങിയ ചിത്രങ്ങളും ഇതേ മാനസിക സംഘർഷങ്ങളെ സമാനമായ ദൃശ്യവ്യാകരണത്തോടെ ആവിഷ്കരിച്ചവയാണ്.

കേവലമൊരു വാടകക്കെട്ടിടത്തെ മനുഷ്യനെ കാർന്നുതിന്നുന്ന സാമൂഹിക വ്യവസ്ഥിതിയുടെയും ഏകാന്തതയുടെയും ഏറ്റവും വലിയ രൂപകമാക്കി  മാറ്റാൻ പോളാൻസ്കിക്ക്   കഴിഞ്ഞിട്ടുണ്ടെന്നതാണു് ഈ സിനിമയെ ശ്രദ്ധേയമാകുന്നത്. അതിവിശാലമായ ഈ ഭൂമി എന്ന  കെട്ടിടത്തിലെ  അദൃശ്യമായ നിയമങ്ങൾക്ക് കീഴ്പ്പെട്ട് ജീവിക്കാൻ വിധിക്കപ്പെട്ട വാടകക്കാരൻ മാത്രമാണ് മനുഷ്യൻ എന്ന അസ്തിത്വവാദപരമായ ആശയത്തെ  ഈ ചിത്രം  കഴിഞ്ഞ 50 വർഷങ്ങളായി നമ്മളെ  ഓർമ്മിപ്പിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക