
സറേ: കാനഡയില്‍ ഇന്ത്യന്‍ വംശജയായ ഹിന്ദു സ്ത്രീ രാജ് തിവാന തന്റെ വാടകക്കാരെ ബീഫ് പാകം ചെയ്യുന്നതില്‍ നിന്ന് തടയുന്നതായി അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് പിന്നില്‍ മറ്റൊരു കഥ. വൈറല്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിന് ബീഫ് പാകം ചെയ്യുന്നതുമായോ മതവിവാദവുമായോ ബന്ധമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. താന്‍ ഹിന്ദുവല്ലെന്നും സിഖ് ആണെന്നും മാംസം കഴിക്കാറുണ്ടെന്നും രാജ് തിവാന വ്യക്തമാക്കി.
വൈറല്‍ വീഡിയോയുടെ യാഥാര്‍ഥ്യം കണ്ടെത്തുന്നതിനായി നടത്തിയ റിവേഴ്‌സ് ഇമേജ് പരിശോധനയിലാണ് @tiwanafarmservivor എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതേ സ്ത്രീ ഉള്‍പ്പെട്ട നിരവധി വീഡിയോകള്‍ കണ്ടെത്തിയത്. സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള രൂക്ഷമായ വാക്കുതര്‍ക്കവും സംഘര്‍ഷവും ഉള്‍പ്പെടുന്ന നിരവധി ദൃശ്യങ്ങളാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവയിലൊന്നിലും ബീഫ് പാകം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെക്കുറിച്ച് പരാമര്‍ശമില്ല.
വാടകയെച്ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ ദൃശ്യങ്ങളും അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. മറ്റൊരു വീഡിയോയില്‍ രാജ് തിവാന തന്നെ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. വാടകക്കാര്‍ മാസങ്ങളായി വാടക നല്‍കിയില്ലെന്നും വസ്തുവിന് കേടുപാടുകള്‍ വരുത്തിയെന്നും തുടര്‍ന്ന് അവരെ ഒഴിപ്പിച്ചെന്നും അവര്‍ ആരോപിച്ചു. വിഷയം പോലീസിന്റെയും അഭിഭാഷകരുടെയും പരിഗണനയിലാണെന്നും അവര്‍ വ്യക്തമാക്കി. ഈ വിശദീകരണത്തിലും ബീഫിനെക്കുറിച്ചോ മതപരമായ തര്‍ക്കത്തെക്കുറിച്ചോ യാതൊരു പരാമര്‍ശവുമില്ല.
റെഡ് എഫ്.എം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലും രാജ് തിവാന ബീഫ് വിവാദം തള്ളിക്കളഞ്ഞു. കുട്ടിക്കാലം മുതല്‍ താന്‍ മാംസം കഴിക്കുന്നയാളാണെന്നും അവര്‍ വ്യക്തമാക്കി. സംഭവം റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ റിപ്പോര്‍ട്ടര്‍ പ്രതീക് സിങ് മഹലുമായി നടത്തിയ സംഭാഷണത്തിലും വൈറല്‍ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമായി. വീഡിയോയില്‍ കാണുന്ന സംഘര്‍ഷത്തിന് ബീഫ് പാകം ചെയ്യുന്നതുമായോ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം പാകം ചെയ്യുന്നതുമായോ ബന്ധമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
റിപ്പോര്‍ട്ടറുടെ വിശദീകരണമനുസരിച്ച്, വാടകക്കാര്‍ ഒരു മതിലിനോട് ചേര്‍ന്ന് ഗ്രില്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുകയായിരുന്നു. തീപിടിത്തമുണ്ടാകുമെന്ന ആശങ്കയില്‍ രാജ് തിവാന ഗ്രില്‍ മുന്നോട്ടേക്ക് നീക്കാന്‍ ശ്രമിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. അവര്‍ ഗ്രില്‍ തള്ളിനീക്കിയതിന് പിന്നാലെയാണ് പുരുഷന്മാര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് സറേ പോലീസ് സര്‍വീസ് നല്‍കിയ വിശദീകരണവും വൈറല്‍ അവകാശവാദത്തെ തള്ളുന്നതാണ്. വീഡിയോകളില്‍ കാണുന്നത് തുടരുന്ന ഒരു വീട്ടുടമ - വാടകക്കാരന്‍ സിവില്‍ തര്‍ക്കത്തിന്റെ വിവിധ ഘട്ടങ്ങളാണെന്ന് പോലീസ് വ്യക്തമാക്കി. വീട്ടുടമയും വാടകക്കാരും പലതവണ പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പിന്നീട് ബന്ധപ്പെട്ട വാടകക്കാര്‍ ആ വീട്ടില്‍ താമസിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ഏറ്റവും പ്രധാനമായി, ഈ തര്‍ക്കം മതപരമായി പ്രേരിതമായതാണെന്നോ ബീഫ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണെന്നോ വിശ്വസിക്കാന്‍ യാതൊരു അടിസ്ഥാനവുമില്ല എന്നും സറേ പോലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പോലീസ് പ്രതികരിച്ച സമയത്ത് കുറ്റങ്ങള്‍ ചുമത്തുന്നതിന് അനുമതി ലഭിച്ചിരുന്നില്ലെന്നും അന്വേഷണം തുടരുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംഭവത്തിന്റെ മറ്റൊരു വശവും സമൂഹമാധ്യമ വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു വാടകക്കാരനും സുഹൃത്തും വീട്ടുമുറ്റത്ത് ബാര്‍ബിക്യൂ നടത്തുന്നതിനിടെയാണ് തര്‍ക്കം ആരംഭിച്ചതെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.
ഗ്രില്‍ ഉപയോഗിക്കുന്നതിനെ രാജ് തിവാന എതിര്‍ത്തതായും മതിലില്‍ ഉണ്ടായ തവിട്ടുനിറത്തിലുള്ള പാടുകള്‍ ചൂണ്ടിക്കാട്ടി വീടിന് കേടുപാടുകള്‍ സംഭവിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചതായും ദൃശ്യങ്ങളില്‍ കാണാം. സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് വാടകക്കാരന്‍ വാദിക്കുകയും രാജ് തിവാനയോട് അവിടെനിന്ന് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സുഹൃത്ത് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെച്ചൊല്ലിയും വാക്കേറ്റമുണ്ടായി. അതേ ദിവസത്തെ മറ്റൊരു വീഡിയോയില്‍ രാജ് തിവാന ഗ്രില്ലില്‍നിന്ന് ഭക്ഷണം മാറ്റുന്നതും കാണാം. തങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് വാടകക്കാരന്‍ ആരോപിക്കുമ്പോള്‍, തന്റെ സ്വത്തില്‍ ഇത്തരത്തില്‍ ഭക്ഷണം പാകം ചെയ്യാന്‍ അനുവദിക്കില്ലെന്നും പോലീസിനെ വിളിക്കുമെന്നും അവര്‍ പറയുന്നതായി ദൃശ്യങ്ങളില്‍ കാണാം.
പിന്നീടുള്ള വീഡിയോകളില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമായതായി കാണാം. വീട്ടുടമ അനുമതിയില്ലാതെ വാടകക്കാരന്റെ യൂണിറ്റില്‍ പ്രവേശിച്ചുവെന്നും പൂട്ടുകള്‍ മാറ്റിയെന്നും വാടകക്കാരന്‍ ആരോപിച്ചു. ഒരു വീഡിയോയില്‍ വാടകവീടിന്റെ പ്രവേശന കവാടത്തില്‍ വാതില്‍ കാണാതായതും ദൃശ്യമായി. തന്റെ സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും വാടകക്കാരന്‍ ആരോപിച്ചു. മറ്റൊരു ദൃശ്യത്തില്‍ ചില പുരുഷന്മാര്‍ വാടകക്കാരന്റെ യൂണിറ്റിലേക്ക് പ്രവേശിക്കുന്നതും, അവര്‍ക്ക് അകത്ത് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് വാടകക്കാരന്‍ ചോദ്യം ചെയ്യുന്നതും കാണാം. മൂന്നാം തവണയാണ് തന്റെ യൂണിറ്റില്‍ ആളുകള്‍ കയറിയത് എന്നും വാതില്‍ പൂര്‍ണമായും നീക്കം ചെയ്‌തെന്നും ആരോപിച്ച് വാടകക്കാരന്‍ പോലീസിനായി വീഡിയോ പകര്‍ത്തിയതായും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
തുടര്‍ന്നുള്ള ഒരു സംഭവത്തില്‍ പോലീസ് രാജ് തിവാന്റെ വീട്ടിലെത്തുകയും അവരെ അറസ്റ്റ് ചെയ്യുന്നതായി അറിയിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അറസ്റ്റ് സംബന്ധിച്ച് അവര്‍ ആശയക്കുഴപ്പം പ്രകടിപ്പിക്കുകയും മകളെ വിളിക്കാന്‍ അനുവാദം ചോദിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. തുടര്‍ച്ചയായി വാടക നല്‍കാത്തതും വസ്തുവിന് കേടുപാടുകള്‍ വരുത്തിയതുമാണ് വാടകക്കാരെ ഒഴിപ്പിക്കുന്നതിന് കാരണമെന്നാണ് രാജ് തിവാനയുടെ വാദം. ഞലശെറലിശേമഹ ഠലിമിര്യ ആൃമിരവ വഴിയുള്ള നടപടിക്രമങ്ങളിലൂടെയാണ് വാടകക്കാരെ ഒഴിപ്പിച്ചതെന്നും അവര്‍ പറയുന്നു.
അതേസമയം, വാടകക്കാരന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. രാജ് തിവാനയുടെ വാദങ്ങള്‍ക്കും വാടകക്കാരന്റെ ആരോപണങ്ങള്‍ക്കും പരസ്പരവിരുദ്ധമായ നിരവധി ഭാഗങ്ങളുണ്ട്. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ണമായി ശരിവയ്ക്കുന്ന ഒരു പൊതു വാടകത്തര്‍ക്ക വിധിയും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിനിടെ, സംഭവത്തിലെ സ്ത്രീ ഹിന്ദുവാണെന്നും ബീഫ് പാകം ചെയ്യുന്നതിനെ എതിര്‍ത്തുവെന്നും അവകാശപ്പെട്ടാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ രാജ് തിവാന തന്നെ ഈ അവകാശവാദം നിഷേധിച്ചു.
''ഞാന്‍ സിഖാണ്, ഹിന്ദുവല്ല. ഞാന്‍ തന്നെ മാംസം കഴിക്കുന്നയാളാണ്...'' എന്നായിരുന്നു അവരുടെ പ്രതികരണം. പോലീസ് വിശദീകരണവും മാധ്യമപ്രവര്‍ത്തകന്റെ മൊഴിയും രാജ് തിവാനയുടെ വിശദീകരണവും ഉള്‍പ്പെടെ ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍, വൈറല്‍ വീഡിയോയെ മതപരമായ ബീഫ് വിവാദമായി ചിത്രീകരിക്കുന്നതിന് തെളിവുകളില്ല.
ഒരു സാധാരണ ബാര്‍ബിക്യൂ തര്‍ക്കത്തില്‍നിന്ന് ആരംഭിച്ച വീട്ടുടമവാടകക്കാരന്‍ സംഘര്‍ഷം, ആരോപണങ്ങളും പ്രത്യാരോപണങ്ങളും അറസ്റ്റും വരെ നീണ്ടപ്പോള്‍, അതിന് 'ഹിന്ദു സ്ത്രീ ബീഫ് പാകം ചെയ്യുന്നതിനെ എതിര്‍ത്തു' എന്ന മതപരമായ നിറം നല്‍കുകയായിരുന്നു സോഷ്യല്‍ മീഡിയയിലെ വൈറല്‍ പ്രചാരണം.
വീഡിയോകള്‍ സംഘര്‍ഷത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് കാണിക്കുന്നത്; മുഴുവന്‍ സംഭവവികാസങ്ങളും അവ സ്വതന്ത്രമായി തെളിയിക്കുന്നില്ല. അതിനാല്‍ കാനഡയില്‍ ഇന്ത്യന്‍ വംശജയായ ഹിന്ദു സ്ത്രീ വാടകക്കാരുടെ ബീഫ് പാചകത്തെ എതിര്‍ത്തുവെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതും തെളിവില്ലാത്തതുമാണ്. യഥാര്‍ഥ പശ്ചാത്തലം ഒരു സങ്കീര്‍ണമായ വീട്ടുടമവാടകക്കാരന്‍ തര്‍ക്കമാണ്; മതമോ ബീഫ് പാചകമോ അതിന്റെ കാരണമാണെന്നതിന് തെളിവില്ല.