Image

ഓർമ്മകളിൽ പ്രിയപ്പെട്ട റജി ചെറിയാൻ; വേർപാട് ഏഴുവർഷം തികയുന്നു (ഫിലിപ്പ് ചെറിയാൻ)

Published on 15 September, 2026
ഓർമ്മകളിൽ പ്രിയപ്പെട്ട റജി ചെറിയാൻ; വേർപാട് ഏഴുവർഷം തികയുന്നു (ഫിലിപ്പ് ചെറിയാൻ)

ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് കേവലം രക്തബന്ധങ്ങൾക്കും അപ്പുറമുള്ള വലിയൊരു ആത്മബന്ധം ബാക്കിവെച്ചുകൊണ്ടാണ്.  എനിക്ക് റജി ചെറിയാൻ അങ്ങനെ ഒരാളായിരുന്നു. സഹോദരതുല്യമായ സ്നേഹവും, അതിലുപരി ജീവിതത്തിൽ എപ്പോഴും വിശ്വസിക്കാൻ കഴിയുന്ന സൗഹൃദവും നൽകിയ പ്രിയപ്പെട്ടവൻ. 
കോഴഞ്ചേരി സ്വദേശിയായ റജി, അറ്റ്ലാന്റയിലെ മലയാളി സമൂഹത്തിനിടയിൽ ഏവർക്കും പ്രിയങ്കരനായിരുന്നു.

വർഷങ്ങൾ എത്ര കഴിഞ്ഞാലും മായാതെ നിൽക്കുന്ന ചില ഓർമ്മകളുണ്ട്. 💭 ദിവസവും രാവിലെ ജിമ്മിൽ പോകുന്നതിന് തൊട്ടുമുമ്പ് എന്നെ വിളിച്ച് സൗഹൃദം പുതുക്കുന്ന ആ ശീലം ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്.  മൂന്ന് തവണ എന്റെ വീട്ടിൽ വന്ന് താമസിച്ചപ്പോഴും, പ്രിയപ്പെട്ടവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒരുപോലെ കൂടെനിന്നപ്പോഴും ആ മനസ്സിലെ സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. എവിടെയും ഓടിയെത്തുന്ന, ഏത് കാര്യത്തിലും സഹായിക്കാൻ മുന്നിൽ നിൽക്കുന്ന ആ മനസ്സ് റജിയുടെ മാത്രം പ്രത്യേകതയായിരുന്നു. 

അറ്റ്ലാന്റയിലെ സാമൂഹിക-സംഘടനാ രംഗങ്ങളിൽ എന്നും സജീവമായിരുന്നു അദ്ദേഹം. 2019-ലെ സംഘടനാരംഗത്തെ സങ്കീർണ്ണമായ ഇലക്ഷൻ സമയത്ത് എന്റെ സ്കൂൾ മേറ്റായിരുന്ന നടൻ തമ്പി ആന്റണിയുടെ അളിയൻ വിൻസെന്റ് ബോസും ഫിലിപ്പ് ചാമത്തിലുമെല്ലാം എന്നെ പലവട്ടം സന്ദർശിച്ചതും, അന്നത്തെ സ്ഥാനാർത്ഥി നിർണ്ണയങ്ങളും വോട്ടിംഗുമെല്ലാം ഓർത്തെടുക്കുകയാണ്. ചിലപ്പോഴൊക്കെ സംഘടനയ്ക്കുള്ളിലോ കുടുംബങ്ങളിലോ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം, അത് സ്വാഭാവികമാണ്. എന്നാൽ ചില പരാജയങ്ങൾ മനുഷ്യരെ എങ്ങനെ ബാധിക്കുമെന്ന് നമ്മൾ ചിന്തിക്കുന്നതിനുമപ്പുറമായിരിക്കും. റെജിയുടെ അപ്രതീക്ഷിത വേർപാട് ഇന്നും ഇന്നലെയെന്നപോലെ എന്നെ വേട്ടയാടുന്ന ഒന്നാണ്.

അറ്റ്ലാന്റ മലയാളി അസോസിയേഷന്റെ (AMMA) ഫണ്ട് ശേഖരണത്തിനായി 'പൂരം മെഗാ ഷോ' നടത്തുവാൻ മുന്നിട്ടിറങ്ങിയത് റജിയായിരുന്നു. പരിപാടിയുടെ 50% ചെലവുകളും സ്വന്തം ചുമതലയിൽ ഏറ്റെടുത്ത് അതിനായി സജീവമായി പ്രവർത്തിക്കവേയാണ്, അപ്രതീക്ഷിതമായി റജി നമ്മെ വിട്ടുപിരിയുന്നത്. 
എന്നാൽ ആ ഷോ ഉപേക്ഷിക്കപ്പെടാതെ, അദ്ദേഹത്തിന്റെ ഓർമ്മയോടുള്ള ആദരവായി ആ ചുമതല പൂർണ്ണമായി ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കാൻ പ്രിയസുഹൃത്ത് ജോസ് എന്ന് നാമെല്ലാം സ്നേഹപൂർവ്വം വിളിക്കുന്ന മാത്യു വര്ഗീസ്  മുന്നോട്ടുവന്നു. സുഹൃത്തുക്കളുടെ ആ ഒരുമയും പിന്തുണയും റജിയോടുള്ള വലിയൊരു സ്നേഹാദരമായിരുന്നു. ഡൊമിനിക് ചാക്കോനാലിനെയും ജെയിംസിനെയും ഇവിടെ ഓർമ്മിക്കുന്നു. ഷോ വൻ വിജയം. 

സംഘടനാ രംഗത്ത് ഉയർന്ന നേതൃത്വസ്ഥാനങ്ങളിലേക്ക് വരെ എത്തുവാൻ തക്ക ശേഷിയും ജനപ്രിയതയും ഉള്ള വ്യക്തിത്വമായിരുന്നു റജിയുടേത്. വരും തലമുറകൾക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം. നമ്മെ വിട്ടുപിരിഞ്ഞ അദ്ദേഹത്തെ പ്പോലുള്ള നല്ല മനുഷ്യരെ ഓർക്കുമ്പോൾ ഇംഗ്ലീഷ് കവി John Donneൻ്റെ പ്രശസ്തമായ ഈ വരികൾ മനസ്സിന്റെ താളുകളിൽ തെളിഞ്ഞുനിൽക്കുന്നു:

"Death, be not proud, though some have called thee
Mighty and dreadful, for thou art not so..."

മരണം എന്നത് കേവലം ഒരു താൽക്കാലിക ഉറക്കം മാത്രമാണ്. ആ ശാന്തമായ വിശ്രമത്തിനു ശേഷം നമ്മൾ നിത്യവും ശാശ്വതവുമായ മറ്റൊരു ലോകത്തേക്ക് ഉണരുക തന്നെയാണ് ചെയ്യുന്നത്. അതിനാൽ മരണം ഒരു അവസാനമല്ല, മറിച്ച് അടുത്തൊരു ജീവിതഘട്ടത്തിലേക്കുള്ള സമാധാനപരമായ ഉണർവാണ്. 2019 ലെ ഇലെക്ഷൻ കൂടി പ്രതിപാലിച്ചാലേ ഈ കുറുപ്പ് പൂർണമാകൂ. 

റജി ചെറിയാൻ ഒരു സ്ഥാനാർഥി ആയിരുന്നു. മൂന്നു തവണ എന്നോടൊപ്പം വീട്ടിൽ ഉണ്ടായിരുന്നതും ഇലെക്ഷനുമായി ബന്ധപെട്ടു തന്നെ. എന്റെ ഭാര്യ നാട്ടിലായതിനാൽ, എനിക്കിവിടെ അദ്ദേഹം പാകം ചെയ്ത ആഹാരവും കഴിക്കാനുള്ള അവസരം കിട്ടി. അദ്ദേഹം നല്ലൊരു കുക്ക് ആയിരുന്നു എന്ന് എത്രപേർക്കറിയാം. ഫിലിപ്പ് ചാമത്തിൽ ഞങ്ങളുടെ സ്വകാര്യ സംഭാഷണത്തിൽ പറയാറുണ്ട്, ഫോമയിലൂടെ  കുറെ നല്ല സുഹൃത്തുക്കളെ കിട്ടിയെന്നു. അന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എനിക്കും പ്രറയാനുള്ളതും അത് തന്നെ, കുറെ നല്ല സുഹൃത്തുക്കൾ. ഓരോട്ടിന് പരാജയപെടെണ്ടി വന്ന റെജിക്ക്, ആ തോൽവി താങ്ങാവുന്നതിനും അപ്പുറം. രണ്ടുമൂന്നു മാസങ്ങൾക്കു ശേഷം എന്റെ മകന്റെ വിവാഹത്തിന് പങ്കെടുത്തതാണ് ഞങ്ങൾ തമ്മിൽ അവസാനം കാണുന്നത്. 
ഒടുവിൽ ഒന്നും കൂടെക്കൊണ്ടുപോകാനില്ലാത്ത ഈ ജീവിതവഴിയിൽ, റജിയെപ്പോലുള്ള നല്ല സുഹൃത്തുക്കളുടെ ഓർമ്മകൾ തരുന്ന വെളിച്ചം എപ്പോഴും കൂടെയുണ്ടാകും. 
പ്രിയപ്പെട്ട റെജിക്ക് ആദരാഞ്ജലികൾ... 
 

ഓർമ്മകളിൽ പ്രിയപ്പെട്ട റജി ചെറിയാൻ; വേർപാട് ഏഴുവർഷം തികയുന്നു (ഫിലിപ്പ് ചെറിയാൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക