
ഇരുപതാമത് ഏഷ്യന്‍ ഗെയിംസ് 19 മുതല്‍ ഒക്ടോബര്‍ നാലു വരെ ജപ്പാനിലെ ഐച്ചി -നഗായയില് നടക്കുകയാണ്. ഇന്ത്യന്‍ സംഘത്തില്‍ പലരും മത്സര നഗരങ്ങളില്‍ എത്തിക്കഴിഞ്ഞു. കാലാവസ്ഥയും ഭക്ഷണവും താമസവുമൊക്കെയായി, പൊരുത്തപ്പെടാനുള്ള അവസരങ്ങള്‍ സായ് ഇന്ത്യയില്‍ തന്നെ ഒരുക്കിയിരുന്നു. പക്ഷേ, ഏതെങ്കിലും ഇന്ത്യന്‍ താരം ഏഷ്യന്‍ ഗെയിംസ് വേളയില്‍ ഉത്തേജകത്തിനു പിടിക്കപ്പെടുമോയെന്ന ആശങ്കയില്ലാതില്ല.
ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനും ഈയാഴ്ച തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിനുമായുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ 13 കായികതാരങ്ങളാണ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടത്. ദീപക്, മുകുള്‍ ദഹിയ, ദീപന്‍ഷു(ഗുസ്തി), സൂര്യഭാനു പ്രതാപ്സിങ്( വുഷു), അഭിഷേക് പാല്, തേജസ് ഷിർസെ (അത്ലറ്റിക്സ്) എന്നിവര്‍ പിടിക്കപ്പെട്ടത് ഏഷ്യന്‍ ഗെയിംസ് തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിലാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ കേന്ദ്ര കായികമന്ത്രി പറഞ്ഞത് 2024 ല്‍ ഇന്ത്യയില്‍ 260 ഡോപ് കേസുകള്‍ പോസിറ്റീവ് ആയി റിപ്പോര്‍ട്ട് ചെയ്തെന്നാണ്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) 2024 ല്‍ 7466 സാമ്പിളുകള്‍ പരിശോധിച്ചതിലാണ് 260 കേസുകള്‍ പോസിററീവ് ആയത്. അതിനു മുമ്പ് 2019 ല്‍ 224 പോസിറ്റീവ് ഫലങ്ങള്‍ വന്നതായിരുന്നു റെക്കോര്‍ഡ്. 2023 ല്‍ 213 പോസിറ്റീവ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
2024 ല്‍ ഉത്തേജക ഉപയോഗം കണ്ടെത്തിയതില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്നായിരുന്നു കൂടുതലും, 76 പേര്. ദാരോദ്വഹനം(43), ഗുസ്തി(29), ബോക്സിങ്(17) എന്നിവയായിരുന്നു അടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യയിലെ ഉത്തേജക ഉപയോഗത്തിലെ 'ഹൈ റിസ്ക്' ചൂണ്ടിക്കാട്ടി അത്ലററിക്സ് ഇന്റഗ്രിറ്റി യൂണിറ്റ്, അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയെ കാറ്റഗറി 'ബി' യില്‍ നിന്ന് 'എ' യിലേക്കു മാറ്റിയത് അടുത്തിടെയാണ്.
2022 നും 25നും മധ്യേ അത്ലറ്റിക്സില് ഉത്തേജക പരിശോധന പോസിറ്റീവ് ആയതില്‍ ഇന്ത്യക്ക് ലോകത്ത് രണ്ടാം സ്ഥാനമായിരുന്നെന്ന് എ. ഇ.യു. വ്യക്തമാക്കിയിരുന്നു. അതില്‍ 2024 , 25 വർഷങ്ങൾ മാത്രമെടുത്താല്‍ ഇന്ത്യ ആദ്യ സ്ഥാനത്തായിരുന്നത്രെ. 'എ' വിഭാഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഉടനെ കഴിയുമെന്നാണ് അത്ലറ്റിക്സ് ഫെഡറേഷന്റെ അവകാശവാദം.
ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനു തൊട്ടുമുമ്പും ഗ്ലോസ്ഗോയില്‍ ടീം എത്തിക്കഴിഞ്ഞും സംഭവിച്ചതത്രയും ആശങ്ക ഉയര്‍ത്തുന്നു. 2022 ലെ വെള്ളി മെഡല്‍ ജേത്രി തൂലികാ മാനിനെ(ജൂഡോ) നാഡ സസ്പെന്‍ഡ് ചെയ്തു. ജൂഡോയില്‍ തന്നെ അരുണ്‍കുമാര്‍ പരിശോധനയില്‍ പരാജയപ്പെട്ടു. ദാരോദ്വഹത്തില് ദില്‍ബാഗ് സിങ്ങിനെ ഗ്ലാസ്ഗോയില്‍ നിന്നു മടക്കി അയച്ചു. ഇതോടെ ദാരോദ്വഹനത്തില്‍ ഇന്ത്യയുടെ ക്വോട്ട 16 ല്‍ നിന്ന് 11 ആയി കുറഞ്ഞു.
യഥാര്‍ത്ഥ ഭീഷണി ഇതൊന്നുമല്ല. 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഹമ്മദാബാദിന് അനുവദിച്ചു കഴിഞ്ഞു. യൂത്ത് ഒളിംപിക്സിന് ഇന്ത്യ ശ്രമിക്കുന്നുണ്ട്. 2036 ലെ ഒളിംപിക്സിനു ആതിഥേയത്വം വഹിക്കുവാനും ഇന്ത്യ സജീവമായി രംഗത്തുണ്ട്. 1947 ആകുമ്പോള്‍, അതായത് സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിവേളയില്‍ സ്പോര്‍ട്സില്‍ ഇന്ത്യയെ ലോകത്തില്‍ ആദ്യ അഞ്ചില്‍ എത്തിക്കണമെന്ന ലക്ഷ്യം കേന്ദ്ര സര്‍ക്കാറിനുണ്ട്. ഈ കുതിപ്പില്‍ ഉത്തേജകം വിലങ്ങുതടിയാകരുത് 'നാഡ' യില്‍ കൂടുതല്‍ ജീവനക്കാര്‍ വേണമെന്നും ഈ ഏജന്‍സിക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകരുതെന്നും ആവശ്യം ശക്തമാണ്.